കൂത്താട്ടുകുളം: കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച ദീപികയുടെ കൂത്താട്ടുകുളം സബ് ഓഫീസിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ നടക്കും. രാവിലെ ഒമ്പതിനു രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും.
കൂത്താട്ടുകുളം ഹോളി ഫാമിലി ഫൊറോന വികാരി ഫാ. ജെയിംസ് കുടിലിൽ നവീകരിച്ച ഓഫീസിന്റെ വെഞ്ചരിപ്പും യോഗത്തിൽ അനുഗ്രഹപ്രഭാഷണവും നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ മന്ത്രി അനൂപ് ജേക്കബ് ആദരിക്കും.
മുനിസിപ്പൽ ചെയർപേഴ്സൺ റെജി ജോൺ മുഖ്യപ്രഭാഷണം നടത്തും. ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, മുനിസിപ്പൽ കൗൺസിലർ മർക്കോസ് ഉലഹന്നാൻ, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം എന്നിവർ പ്രസംഗിക്കും. കൂത്താട്ടുകുളം എംസി റോഡ് രാമപുരം കവലയിൽ പുൽപ്പാറയിൽ ബിൽഡിംഗിലാണ് ദീപികയുടെ നവീകരിച്ച സബ് ഓഫീസ്. ദീപികയുടെ വാർത്ത, സർക്കുലേഷൻ, പരസ്യ വിഭാഗങ്ങളുടെ സേവനം വായനക്കാർക്കും ഏജന്റുമാർക്കും പൊതുജനങ്ങൾക്കും ഓഫീസിൽ ലഭ്യമാക്കും.
മൂന്നു പേർക്ക് ദീപികയുടെ ആദരം
ദീപികയുടെ കൂത്താട്ടുകുളം സബ് ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തങ്ങളുടെ പ്രവർത്തനമേഖലകളിൽ മികവിന്റെ മുദ്ര പതിപ്പിച്ച മൂന്നു പേർക്ക് ആദരം.
കൂത്താട്ടുകുളത്തെ മത, സാമൂഹ്യ മേഖലയിലെ സേവനസപര്യക്കു ഹോളി ഫാമിലി ഫൊറോന വികാരി ഫാ. ജെയിംസ് കുടിലിൽ, എസ്ആർഎസ് ഐ ഹോസ്പിറ്റൽ പ്രൊപ്രൈറ്ററും ചീഫ് ഓപ്പറേറ്റിംഗ് സർജനുമായ ഡോ. സ്മിത റാണി സിറിയക്, ദേവമാതാ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്മിൻ പഴയകരി എസ്എബിഎസ് എന്നിവർക്കാണു ദീപികയുടെ ആദരം സമർപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി അനൂപ് ജേക്കബ് മൂവരെയും ആദരിക്കും.