പെരിയ: നമ്മുടെ കുറവുകളിലേക്കും പരിമിതികളിലേക്കും മാത്രം ശ്രദ്ധിക്കാതെ കഴിവുകള്‍ കണ്ടെത്തിയും പരിപോഷിപ്പിച്ചും മുന്നേറണമെന്ന് കായികതാരവും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് സീനിയര്‍ മാനേജറുമായ ജോബി മാത്യു.
കേന്ദ്രസര്‍വകലാശാലയില്‍ പുതിയ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള പഠന സമാരംഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 60 ശതമാനം ശാരീരിക പരിമിതിയുള്ള ആളാണ് ഞാന്‍. എന്നിട്ടും കഴിഞ്ഞ 33 വര്‍ഷത്തെ പ്രയത്നത്തില്‍ 32 ലോക മെഡലുകള്‍ രാജ്യത്തിനായി നേടാന്‍ സാധിച്ചു. ശാരീരികമായി നൂറു ശതമാനവും ഭാഗ്യവാന്മാരായ നിങ്ങള്‍ക്ക് എത്രയോ ഉയരത്തിലേക്ക് എത്താന്‍ സാധിക്കും. അധ്യാപകര്‍ പകര്‍ന്നുതന്ന അറിവിന്റെ വെളിച്ചമാണ് എന്റെ വിജയത്തിന്റെ അടിസ്ഥാനം. അറിവ് ഒരിക്കലും നശിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ പ്രഫ.സിദ്ദു പി.അല്‍ഗുര്‍ അധ്യക്ഷതവഹിച്ചു.
ഡോ. പി.സി. ദേശ്മുഖ് വിദ്യാര്‍ത്ഥികളോട് സംവദിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പ്രഫ. വി.ബി.സമീര്‍കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. ആര്. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രഫ. ജോസഫ് കോയിപ്പള്ളി, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, പ്രോക്ടര്‍ പ്രഫ. പി.ശ്രീകുമാര്‍, അസോസിയേറ്റ് പ്രോക്ടര്‍ ഡോ.എസ്.എല്‍.ബാലകൃഷ്ണ എന്നിവര്‍ സംസാരിച്ചു. പരിപാടി ഇന്നു സമാപിക്കും.