കോട്ടയം: എഫ്സിആര്‍എ ഭേദഗതി ക്രൈസ്തവ സഭകളെ വീര്പ്പുമുട്ടിക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
പള്ളികളും വ്യക്തികളെയും സന്ദര്‍ശിക്കുന്നതും ക്രിസ്മസിനും മറ്റും വിരുന്ന് നടത്തുന്നതും സഭാ നേതാക്കള്‍ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം സഭകളുടെ മിഷന് പ്രവര്‍ത്തനങ്ങളെ പ്രയാസപ്പെടുത്തുന്ന സമീപനം എന്തിനാണ് ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ രണ്ടു തരത്തിലുള്ള പ്രവര്‍ത്തനം നടത്തി സഭയെ വീര്‍പ്പ് മുട്ടിക്കുന്ന അവസ്ഥയിലേക്കാണു പോകുന്നത്.
സഭയെ സംബന്ധിച്ച് ആശങ്കയിലാഴ്ത്തുന്ന നിയമമാണണിത്. സഭയ്ക്കു വിദേശത്തുനിന്നു ലഭിക്കുന്ന പണം കര്‍ശനനിയമം പാലിച്ചാണു ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹ്യസേവനങ്ങള്‍, മാനസിക ന്യൂനതയുള്ളവര്‍, വികലാംഗര്‍ എന്നിവരുടെ സംരക്ഷണമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
പുതിയ നിയമം വരുമ്പോൾ വിദേശത്തെ പള്ളികളില്‍നിന്നു നേര്ച്ചപ്പണംപോലും സ്വീകരിക്കാന്‍ പാടില്ലാത്ത അവസ്ഥയുണ്ടാക്കും. അവ ചെലവഴിച്ചുണ്ടാകുന്ന സാമൂഹ്യസേവന പ്രവര്ത്തനമേഖലയെല്ലാം ഏതെങ്കിലും കാരണം പറഞ്ഞ് തടഞ്ഞിട്ട് അതെല്ലാം ഏറ്റെടുക്കാനുള്ള നിയമം ഉണ്ടാക്കുന്നുവെന്നു പറയുന്നത് ആശങ്കയിലാഴ്ത്തുന്നു.
സഭകള്‍ രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. ചെലവഴിക്കുന്ന തുകയ്ക്കു വ്യക്തമായ കണക്കും രേഖകളുമുണ്ട്. ക്രൈസ്തവസമൂഹത്തിനു മാത്രമല്ല എല്ലാ മതവിഭാഗത്തിലെയും സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിലേക്കാണ് സഹായം എത്തുന്നത്. സഭകളുടെ മിഷന് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഭേദഗതിയെന്നും കാതോലിക്കാ ബാവ പറഞ്ഞു.