സുല്‍ത്താന്‍ ബത്തേരി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോധിപ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി 22 ദിവസം മാത്രം.
ജൂലൈ 27നാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്. സെപ്റ്റംബര്‍ 25 വരെയാണ് അഭിപ്രായങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിന് സാവകാശം.
സംസ്ഥാനത്ത് 131 വില്ലേജുകളിലെ 9,998 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിര്‍ദേശിച്ചത്. വയനാട്ടില്‍ കിടങ്ങനാട്, നൂല്‍പ്പുഴ, അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല, പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശിലേരി വില്ലേജുകളിലെ 952 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
ജനവാസ കേന്ദ്രങ്ങള്‍, കൃഷിഭൂമികള്‍, തോട്ടങ്ങള്‍ എന്നിവ ഇഎസ്എ പരിധിയില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകളും പ്രാദേശിക കൂട്ടായ്മകളും ഉയര്‍ത്തുന്നുണ്ട്. കര്‍ഷകരുടേതടക്കം ഉപജീവനമാര്ഗങ്ങള്ക്കുമേല് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ അനാവശ്യ നിയന്ത്രണം ഉണ്ടാകരുതെന്ന ആവശ്യം ശക്തമാണ്.
കരട് വിജ്ഞാപനത്തിനെതിരേ പരാതി നല്‍കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ജില്ലയിലെ വിവിധ സംഘടനകള്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വില്ലേജ് അടിസ്ഥാനത്തില്‍ കരടിലെ അതിര്‍ത്തി പരിശോധിച്ച് ജനവാസ പ്രദേശങ്ങളും കൃഷിയിടങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തി വ്യക്തമായ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള ഇടപെടലാണ് നടന്നുവരുന്നത്. സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടെയും ഭരണസംവിധാനങ്ങളുടെയും നേതൃത്വത്തില്‍ യോഗ ഉണ്ടാകുന്നില്ല. കരട് വിജ്ഞാപനം അന്തിമമാകുന്നതിനുമുമ്പ് ജില്ലയിലെ ഭൂപ്രകൃതി, ജനസാന്ദ്രത, കൃഷി, ആദിവാസി ജീവിതം, തോട്ടം മേഖല, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ച് പ്രദേശിക തലത്തില്‍ വിശദമായ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
വിജ്ഞാപനം കര്‍ഷകരെ സ്വാഭാവിക
കുടിയിറക്കിലേക്ക് നയിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗം:
ജോണ്സണ് തൊഴുത്തുങ്കല്‍
സുല്‍ത്താന്‍ ബത്തേരി: സാധാരണക്കാരായ കര്‍ഷകരെ സ്വാഭാവിക കുടിയിറക്കിലേക്ക് നയിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് പരിസ്ഥിതി ലോല മേഖല (ഇഎസ്എ)വിജ്ഞാപനമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്‍ ആരോപിച്ചു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി വനമേഖലയില്‍ മാത്രമായി ഇഎസ്എ നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലെ 13 ഉള്‍പ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിനുള്ള
നീക്കം അശാസ്ത്രീയമാണ്. വികസിത രാജ്യങ്ങളുടെ കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ചില പരിസ്ഥിതി സംഘടനകളും സമാഹരിച്ച ഫണ്ട് നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇഎസ്എ വിജ്ഞാപനമെന്ന് ആരോപണമുണ്ട്. വിദേശ താല്പര്യങ്ങള്ക്കായി കര്‍ഷകരെ ബലിയാടാക്കുന്ന നടപടികളില്‍നിന്ന് അധികൃതര്‍ പിന്മാറണം.
പരിസ്ഥിതി സംരക്ഷണത്തില്‍ കേരളത്തിലെ കര്‍ഷകര്‍ എന്നും മുന്‍പന്തിയിലാണ്. കൃഷിയിടങ്ങളിലെ ഫലവൃക്ഷങ്ങളും നാണ്യവിളകളും സ്വാഭാവിക വനങ്ങളുടെ പല ധര്‍മങ്ങളും നിര്‍വഹിക്കുന്നുണ്ട്. വന മേഖല, ജനവാസ മേഖല, കാര്‍ഷിക മേഖല എന്നിവ കൃത്യമായി വേര്‍തിരിക്കാതെ മുഴുവന്‍ വില്ലേജുകളെയും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗികമല്ല.
വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ കര്‍ഷകരുടെ ജീവിതം ദുസഹമാക്കും. ഇഷ്ടാനുസരണം കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും. ഭവന നിര്‍മാണത്തിനും പുതിയ വൈദ്യുതി ലൈനുകള്‍, റോഡുകള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്കും മരങ്ങളുടെ ശാഖകള്‍ മുറിക്കുന്നതിനും ജലസംഭരണത്തിനും മണ്ണിളക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. എന്നിരിക്കേ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂര്‍ണമായും ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും ജോണ്സണ് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്
ആഹ്വാനം ചെയ്ത്
ഫാര്‍മേഴ്സ് റിലീഫ് ഫോറം
സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയായി (ഇഎസ്സെഡ്) പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരേ പ്രതിഷേധത്തിന് ഫാര്‍മേഴ്സ് റിലീഫ് ഫോറം ആഹ്വാനം ചെയ്തു.
കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സര്‍ക്കാരും ജില്ലയിലെ ജനപ്രതിനിധികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സംസ്ഥാന വര്‍ക്കിംഗ് ചെയര്മാന് എ.സി. തോമസ് ആവശ്യപ്പെട്ടു. നിലവില്‍ വലിയ പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അനീതിയാണ്. കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കുന്നതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും. ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിനെതിരേ അടിയന്തരമായി രംഗത്തുവരണമെന്നും ഫാര്‍മേഴ്സ് റിലീഫ് ഫോറം വ്യക്തമാക്കി. സമരങ്ങള്‍ക്ക് ഫാര്‍മേഴ്സ് ഫോറത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും എ.സി. തോമസ് അറിയിച്ചു.
ആക്ഷേപങ്ങള്‍
ബോധിപ്പിക്കുന്നതിന്
കാലപരിധി നീട്ടണമെന്ന്
സുല്‍ത്താന്‍ ബത്തേരി: പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ബോധിപ്പിക്കുന്നതിന് കാലപരിധി നീട്ടണമെന്ന് വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
ജില്ലയില്‍ നൂല്‍പ്പുഴ, കിടങ്ങനാട് ഉള്‍പ്പെടെ 13 വില്ലേജുകള്‍ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ പ്രദേശവാസികളുടെ ആശങ്കകളും അഭിപ്രായങ്ങളും കേള്‍ക്കാന്‍ പ്രത്യേക വേദിയൊരുക്കണം. കരട് വിജ്ഞാപനത്തിന്റെ പരിധിയില്‍ വരുന്ന വില്ലേജുകളിലെ താമസക്കാരില്‍ ഏറെയും കര്‍ഷകരും ആദിവാസികളുമാണ്. ഇവരുടെ ജീവിതത്തെയും കൃഷിയെയും ഉപജീവനത്തെയും ബാധിക്കുന്ന കാര്യമായതിനാല്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച ശേഷമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ.
വിഷയത്തില്‍ പഞ്ചായത്തുകളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നും ജനങ്ങളില്‍നിന്ന് പരാതികളും നിര്‍ദേശങ്ങളും ശേഖരിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് നേതൃത്വം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശ്രീധരന് അമ്പലക്കുണ്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സതീശ് ഗോവിന്ദന്, ബാലകൃഷ്ണന് മാമ്പളൂര്‍, രാജഗോപാല്‍ വെള്ളക്കെട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രക്ഷോഭത്തിനൊരുങ്ങി
കര്‍ഷക കോണ്‍ഗ്രസ്
മാനന്തവാടി: ജില്ലയിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തില്‍ 131 വില്ലേജുകളെ ഇഎസ്എയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജ്ഞാപനം വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വീണ്ടും ആശങ്കയും ഭയവും ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ സര്‍ക്കാരുകള്‍ വനാതിര്‍ത്തി സീറോ പോയിന്റില്‍ നിലനിര്‍ത്തണമെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 131 വില്ലേജുകളെ വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് ആശങ്കയുളവാക്കുന്നതാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ സീറോ പോയിന്റ് നിലനിര്‍ത്തണമെന്ന നിലപാടും കര്‍ഷകന്റെ ഒരുതരി മണ്ണ് പോലും വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനവും സ്വാഗതം ചെയ്യുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളെ അണിനിരത്തി സമരവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, എം.വി. വിന്‍സെന്റ്, ഇ.ജെ. ഷാജി, എം.ഐ. പൗലോസ്, വി.വി. നാരായണ വാര്യര്‍, മൊയ്തു മുതു വോടന്‍, ജോര്‍ജ് അറുവാക്കല് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.