വൈക്കം: ബ്ലോക്ക് പഞ്ചായത്ത് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആത്മഹത്യാ പ്രവണതയ്ക്കെതിരേ മധുരം ജീവിതമെന്ന സന്ദേശമുയർത്തി ആരംഭിക്കുന്ന ബോധവത്കരണ യജ്ഞത്തിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയെ പ്രഖ്യാപിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ വൈക്കം വിജയലക്ഷ്മിയെ ഷാൾ അണിയിച്ച് ആദരിച്ചുകൊണ്ട് ആത്മഹത്യയ്ക്കെതിരായ പോരാട്ടത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാതെ ജീവിതം ഉപേക്ഷിച്ചു പോകാൻ തുനിയുന്നവരെ ഈ മനോഹരതീരത്ത് പിടിച്ചുനിർത്താൻ തന്നെക്കൊണ്ടാവുന്നതൊക്കെ ചെയ്യുമെന്നും ബ്രാൻഡ് അംബാസഡർ സ്ഥാനം ഏറെ സന്തോഷത്തോട ഏറ്റെടുക്കുന്നെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരുപാട് ധനമുള്ളവരുടെ ജീവിതത്തെ അനുകരിക്കാതെ നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ സംതൃപ്തിയുള്ളവരാകാൻ കഴിയണമെന്ന് സദസിനെ ഉദ്ബോധിപ്പിച്ച വിജയലക്ഷ്മി ഒറ്റപ്പെടലിലും കരുത്താർജിക്കാൻ ഉണർത്തുപാട്ടാകുന്ന തന്റെ രണ്ട് ഗാനങ്ങളും ആലപിച്ച് സദസിനെ മാനസികമായി ശക്തിപ്പെടുത്തിയാണ് മടങ്ങിയത്.
വൈക്കം താലൂക്ക് ആശുപത്രി സുപ്രണ്ട് ട്വിങ്കിൾ പ്രഭാകർ, ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.ബി. ഷാഹുൽ എന്നിവർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ശാസ്ത്രീയ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പഠിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതിയിലേക്ക് അടുത്ത ഘട്ടത്തിൽ നീങ്ങണമെന്ന് നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആനന്ദ് ബാബു, എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാസോമൻ, താലൂക്ക് ആശുപത്രിയിലെ മനോരോഗ വിദഗ്ധ ഡോ. ജി.രൂപശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, പി.എസ്. പുഷ്പമണി, പഞ്ചായത്ത് പ്രസിഡന്റുമായ ആരതി രമേശൻ, എസ്. ബിജു, പഞ്ചായത്ത് അംഗം പി.ഡി.ജോർജ്, കൊതവറ കോളജ് എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ റോയി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് പ്ലാൻ കോ- ഓർഡിനേറ്റർ വി.എസ്. രജനി തുടങ്ങിയവർ പ്രസംഗിച്ചു.