ഹൂസ്റ്റൺ: മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക അക്കാദമി പുരസ്കാരത്തിന് പ്രശസ്ത നർത്തകിയും ഗുരുവുമായ ഡോ. സുനന്ദ നായർ തെരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം വിഭാഗത്തിലാണ് ഈ ദേശീയ അംഗീകാരം ലഭിച്ചത്.
നിരവധി വർഷങ്ങളായി ഹൂസ്റ്റണിൽ താമസമാക്കിയ മലയാളിയായ സുനന്ദ അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി മാറി. സംഗീത നാടക അക്കാദമി പുരസ്കാരം ഇന്ത്യയിലെ പ്രകടനകലകൾക്കായുള്ള ദേശീയ അക്കാദമിയായ സംഗീത നാടക അക്കാദമി നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതികളിയാണ്.
രാജ്യത്തെ ഏറ്റവും അഭിമാനകരവും പ്രശസ്തവുമായ സാംസ്കാരിക അംഗീകാരങ്ങളിൽ ഒന്നായി ഈ പുരസ്കാരം കണക്കാക്കപ്പെടുന്നു. കലാരംഗത്തെ അസാധാരണമായ സംഭാവനകളെയും ജീവിതസാഫല്യങ്ങളെയും ആദരിക്കുന്നതിനാണ് ഈ ബഹുമതി നൽകുന്നത്.
പത്മഭൂഷൺ ഡോ. കനക് റെലെയുടെ ശിഷ്യപരമ്പരയിൽ വളർന്ന ഡോ. സുനന്ദ നായർ, നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിന്റെ കലാ-അക്കാദമിക് പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന പ്രമുഖ മോഹിനിയാട്ടം ആചാര്യരിൽ ഒരാളാണ്.
ഡോ. കനക് റെലെയുടെ മുതിർന്ന ശിഷ്യയും നളന്ദയിൽ പരിശീലനം നേടിയ ആദ്യകാല വിദ്യാർഥികളിൽ ഒരാളുമായ അവർ, ഈ വർഷം പ്രഫഷണൽ മോഹിനിയാട്ടം കലാകാരിയും അധ്യാപികയുമായി നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കുകയാണ്.
നളന്ദായിൽ (യൂണിവേഴ്സിറ്റി ഓഫ് മുംബൈ) നിന്ന് മോഹിനിയാട്ടത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആദ്യ വിദ്യാർഥിയാണ് സുനന്ദ നായർ. അഞ്ച് ദശാബ്ദത്തിലേറെ നീളുന്ന കലാജീവിതത്തിൽ, അവതാരക, നൃത്തസംവിധായക, ഗവേഷക, ഗുരു എന്നീ നിലകളിൽ സുനന്ദ നായർ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നൃത്തോത്സവങ്ങളിലും സാംസ്കാരിക വേദികളിലും അവർ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ആത്മീയത, ശാസ്ത്രീയത, സൗന്ദര്യാത്മക മികവ് എന്നിവ സമന്വയിക്കുന്ന അവതരണങ്ങളിലൂടെ അവർ ദേശീയ - അന്തർദേശീയ തലത്തിൽ പ്രശസ്തി നേടിയിട്ടുണ്ട്.