Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.15നും അർധരാത്രി 12.45നും ഇടയിലാണ് വൈദ്യുതി മുടങ്ങാൻ സാധ്യത. മധ്യപ്രദേശിൽ നിന്ന് വൈദ്യുതി ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി. 900 മെഗാവാട്ടിന്റെ വരെ കുറവുണ്ട്.
സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് എന്നാല്‍ ഇരുട്ടാണെന്നും എല്‍ഡിഎഫ് ആണ് വെളിച്ചമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിഷയത്തിൽ യുഡിഎഫ് മൗനത്തിലാണെന്നും എന്ന് വൈദ്യുതി ലഭിക്കുമെന്ന കാര്യത്തില്‍ മന്ത്രിക്ക് ഉത്തരമില്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു.
വൈദ്യുതി ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ കൂരായണ എന്നതാണ് യുഡിഎഫിന്റെ നിലപാടെന്നും കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: എൻടിപിസിയിൽ നിന്ന് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ഇത്രയും വില നൽകി വൈദ്യുതി വാങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും എന്നത് എല്ലാവർക്കും അറിയാമെന്ന് മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിന് മന്ത്രിസഭയുടെ അനുമതിയും വേണം. എല്ലാ വഴികളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. പവർകട്ട് എന്നുവരെ തുടരും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. എത്രയും വേഗത്തിൽ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം : കൂടിയ വിലക്ക് വൈദ്യുതി വാങ്ങുമ്പോൾ അതിന്റെ അധിക ബാധ്യത ജനങ്ങളുടെ മേൽ എത്തില്ലെന്ന് പറയാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
ചൂട് കൂടുന്നതിനനുസരിച്ചു വൈദ്യുതി ഉപഭോഗം കൂടുകയാണ്., യൂണിറ്റിന് 30 രൂപ നൽകിയാണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 30 രൂപ യൂണിറ്റിന് നൽകുക എന്നത് വലിയ ബാധ്യതയാണ്. എന്നാൽ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ പണമല്ല പവറാണ് വേണ്ടത്. അടിയന്തര സാഹചര്യം കണക്കിലെടുത്തു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാനത്ത് പവര്‍ കട്ട് തുടരും. വൈദ്യുതി ഉപയോഗം കൂടുതല്‍ ആയതിനാല്‍ ഒന്നിലേറെ തവണ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉല്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല. ബ്രഹ്മപുരത്ത് 500 മെഗവാട്ട് വൈദ്യുതി സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി നടപ്പാക്കുമെന്നും ജില്ലകളില്‍ സോളാര്‍ എനര്‍ജി സൂക്ഷിച്ചു വയ്ക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു:
ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ട്. ഒരു സമയത്ത് മാത്രം ക്രമീകരിച്ചാല്‍ പോര, കാരണം കൂടുതല്‍ ഷോർട്ടേജ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മെഗാവാള്‍ട്ടിന്റെ ആവശ്യം കൂടി വരികയാണ്. രാത്രി വൈകിയും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതോടെ വൈദ്യുതി ഉപയോഗം കൂടി. എയര്‍ കണ്ടീഷനും ഫാനും ഉപയോഗിക്കുന്നു. അതുകൊണ്ട് ഒന്നിലേറെ തവണ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഉപയോഗം കൂടി, ഉല്പാദനം കുറഞ്ഞു. കല്‍ക്കരിയുടെ ക്ഷാമമുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ കത്ത് എല്ലാ സംസ്ഥാനങ്ങളും കിട്ടിയിരുന്നു. ഇത് പെട്ടെന്ന് ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന ഒരു കാര്യമല്ല. ഇതിനൊരു കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ ടെന്‍ഡര്‍ ക്ഷണിച്ച്, വിതരണത്തിന് സാധ്യതയുള്ള കമ്പനികള്‍ അതില്‍ പങ്കെടുത്ത്, അത് നിശ്ചയിച്ച്, റെഗുലേറ്ററി കമ്മീഷന്റെ അനുവാദം വാങ്ങി, നിരവധി മാസങ്ങള്‍ എടുക്കണം ഒരു കരാറില്‍ ഏര്‍പ്പെടാന്‍.
പെട്ടെന്ന് വാങ്ങുന്ന സംവിധാനമുണ്ട്. ഇന്നത്തേക്ക് വാങ്ങുന്ന സംവിധാനമുണ്ട്, നാളത്തേക്ക് വാങ്ങുന്ന ഡേ എഹെഡ് മാര്‍ക്കറ്റ് ഉണ്ട്, ഇന്ന് തന്നെ വാങ്ങുന്ന റിയല്‍ ടൈം മാര്‍ക്കറ്റ് ഉണ്ട്. എന്നാല്‍ അതിലൊന്നും അവൈലബിലിറ്റി ഇല്ല. കാരണം ഇത് അഖിലേന്ത്യ തലത്തില്‍ തന്നെ ഉല്പാദനം കുറയുകയും ഡിമാന്‍ഡ് കൂടുകയും ചെയ്യുമ്പോള്‍ സപ്ലൈ കുറയും. ഡിമാന്‍ഡ് സപ്ലൈ തിയറി അനുസരിച്ച് ഡിമാന്‍ഡ് കൂടുകയും സപ്ലൈ കുറയുകയും ചെയ്യുമ്പോള്‍ അതില്‍ വില കൂടുതല്‍ ഉണ്ടാകും.
സോളാര്‍ എനര്‍ജി സൂക്ഷിക്കാന്‍ ജില്ലകളില്‍ പുതിയ പദ്ധതി:
നമുക്ക് വിലയക്ക് നിയന്ത്രണമുണ്ട്. ആ നിയന്ത്രണമുള്ള സമയത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി പത്തു രൂപയ്ക്ക് എടുക്കാന്‍ കഴിയുള്ളൂ, പകല്‍ ചെറിയ വക്ക് കിട്ടും. കാരണം പകല്‍ സോളാര്‍ ഉല്പാദിപ്പിക്കുന്നുണ്ട്. പക്ഷേ സോളാര്‍ രാത്രികാലങ്ങളിലേക്ക് സൂക്ഷിച്ചു വച്ച് ഉപയോഗിക്കാനുള്ള സ്കീം ഇല്ല. ആ സ്കീം ആരംഭിക്കാന്‍ വേണ്ടി പ്ലാന്‍ ഇട്ടിട്ടുണ്ട്.
കാസര്‍ഗോഡ് മയലാട്ടിയിലും മുള്ളേരിയിലും കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തും തിരുവനന്തപുരത്തെ പോത്തന്‍കോടും മലപ്പുറം ജില്ലയിലെ അരീക്കോടും ആ പദ്ധതികള്‍ നടന്നുവരികയാണ്. വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ബ്രഹ്മപുരത്ത് ബസ് പദ്ധതി:
എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് ബൃഹത്തായ ഒരു 500 മെഗവാട്ട് വൈദ്യുതി പകല്‍ സമയത്ത് ഉല്പാദിപ്പിച്ച് രാത്രിയിലേക്ക് സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കുന്ന ബസ് പദ്ധതി - ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രൊജക്റ്റ് ബ്രഹ്മപുരത്ത് തുടങ്ങുന്നതിനു വേണ്ടി സ്ഥലം ഒരുങ്ങി, പ്രവര്‍ത്തി എത്രയും വേഗം ആരംഭിക്കും. കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു പദ്ധതി ആയതുകൊണ്ട് മുഖ്യമന്ത്രിയോട് അതിനുവേണ്ടി സമയം ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളുമായിട്ട് മുന്നോട്ടു പോകും.
പുതിയ വൈദ്യുതി പദ്ധതി ഇല്ല:
നമ്മുടെ വൈദ്യുതി ആവശ്യത്തിന്റെ 25% മാത്രമേ കേരളം നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നുള്ളൂ ആന്ധ്രയില്‍ അത് 86% ആണ്. ആന്ധ്രയില്‍ 86% സ്വന്തമായിട്ട് ഉല്പാദിപ്പിക്കുമ്പോള് കേരളം 25% മാത്രമാണ് നമ്മള് സ്വന്തമായിട്ട് ഉല്പാദിപ്പിക്കുന്നത്. ഇന്ന് ഇടുക്കിയിലെ പദ്ധതിക്ക് ശേഷം നമുക്ക് ബൃഹത്തായ ഒരു പദ്ധതി ആരംഭിക്കുന്നതിനു വേണ്ടി സാധിച്ചിട്ടില്ല.
ജലവൈദ്യുതിയാണ് നമ്മള് പ്രധാനമായിട്ടും നമ്മള് ആശ്രയിക്കുന്ന മാര്‍ഗം. പുതിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങുന്നതിനു വേണ്ടി സാധിക്കുന്നില്ല. ഞങ്ങള്‍ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ ചെയര്മാന് ശ്രീ രാജമാണിക്യം ഐഎഎസും ഞാനും കേന്ദ്രമന്ത്രിമാരെ കണ്ട് ഈ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ ഇങ്ങോട്ട് ചോദിച്ചു നിങ്ങള്‍ക്ക് ആണവ വൈദ്യുതി ഉപയോഗിച്ചുകൂടെ എന്ന് ചോദിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ കൂടംകുളം ഉള്‍പ്പെടെ ആണവനിലയം പദ്ധതികള്‍ ഉണ്ട്. അവിടെ നിന്ന് നമ്മള് വൈദ്യുതി വാങ്ങുന്നുണ്ട്, പക്ഷേ കേരളം അതിനെ എതിര്‍ക്കുകയാണ്. പുതിയ ജലവൈദ്യുതി പദ്ധതികള്‍ വരുന്നില്ല ആണവനിലയം നമുക്ക് അനുവദനീയമല്ല. അങ്ങനെയുള്ള പ്രതിസന്ധിയുണ്ട്. അവിടെയാണ് നമുക്ക് ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ ആശ്രയിക്കേണ്ടത്.
465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന പദ്ധതിക്കായി നിയമപോരാട്ടം:
ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, 25 വര്‍ഷക്കാലത്തേക്ക് 4.29 രൂപ നിരക്കില്‍ 465 മെഗവാട്ട് വൈദ്യുതി കിട്ടുന്നതിനുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ടത്. ആ കരാര്‍ അനുസരിച്ച് ഏതാണ്ട് ഏഴെട്ട് വര്‍ഷക്കാലം വൈദ്യുതി നമുക്ക് ലഭിച്ചു.
ഏറ്റവും കൂടിയ ഉപയോഗം വരുമ്പോള്‍ നമുക്ക് ആവശ്യം വരുന്നത് 700, 800, 900 മെഗവാട്ട് ആണ്. അതിന്റെ പകുതി വൈദ്യുതി 465 മെഗവാട്ട് ലഭിക്കുന്ന ഒരു കരാറില്‍ നമ്മള് ഏര്‍പ്പെട്ട്, ഉപയോഗം തുടരുന്ന സമയത്താണ് ആ കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് അത് റദ്ദാക്കപ്പെട്ടത്.
അത് പുനസ്ഥാപിക്കുന്നതിനു വേണ്ടി കേസ് നടത്തിക്കൊണ്ടിരിക്കുകയാണ് സുപ്രീം കോടതിയില്‍. കരാറില്‍ നിന്ന് കേരളം ഔദ്യോഗികമായി പിന്‍വാങ്ങിയപ്പോള്‍ വൈദ്യുതി വിതരണ കമ്പനിക്കാര് 4.29 രൂപയ്ക്ക് നമുക്ക് നല്കുന്നതിനു പകരം കൂടിയ വിലയക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കും മറ്റു ഏജന്‍സികള്‍ക്കും കൊടുത്തു തുടങ്ങി.
അവര്‍ അതുകൊണ്ട് പിന്നോട്ടു പോകാന്‍ വേണ്ടി നോക്കുകയാണ് അവര്‍ക്കെതിരെ തന്നെ നമ്മള് സുപ്രീം കോടതിയില്‍ കേസ് ഫൈല്‍ ചെയ്തിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെയും ഡല്‍ഹയില്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന കേരള വൈദ്യുതി ബോര്‍ഡിന്റെ വക്കീലിനെയും വിളിച്ച് സംസാരിച്ച് വേഗത്തില്‍ ആ കേസ് എടുക്കുന്നതിനു വേണ്ടി കബില്‍ സിബിലിനെ തന്നെയാണ് കേരളത്തിന്റെ കേസ് ഏല്‍പ്പിച്ചിട്ടുള്ളത് വേഗത്തില്‍ ആക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതിസന്ധി സ്വിച്ചിട്ട് പരിഹരിക്കാനാവില്ല:
ഈ പ്രതിസന്ധി സ്വിച്ചിട്ട് നിര്‍ത്താന്‍ കഴിയുന്ന കാര്യമല്ല. അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു നിര്‍ത്താനും കഴിയുന്ന കാര്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയാണ്. ജനങ്ങളുടെ രാത്രികാലത്തെ പ്രയാസം കുട്ടികള്‍ക്കും രോഗികള്‍ക്കും എല്ലാം ഉണ്ടാകുന്ന പ്രയാസം പൂര്‍ണമായിട്ടും മനസിലാക്കുന്നു. ഞാന്‍ സാധാരണക്കാരനായി ജീവിക്കുന്ന പൊതുപ്രവര്ത്തകന് തന്നെയാണ്. അതിന്റെ പ്രയാസങ്ങള്‍ അറിയാം. നിരവധി ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. വാട്സാപ്പ് മെസേജുകളും നിര്‍ദേശങ്ങളും വരുന്നുണ്ട്.
സ്വീകരിക്കാന്‍ പറ്റുന്നതെല്ലാം സ്വീകരിച്ച് ഏറ്റവും അടിയന്തര നടപടികള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല വൈദ്യുതി എവിടെ നിന്ന് കി്ടുെങ്കിലും വാങ്ങാന്‍ നമ്മള് തയാറാണ്. നിശ്ചിത വിലയ്ക്ക് നമുക്ക് അനുവദനീയമായ വിലയ്ക്ക് എവിടെ നിന്ന് വൈദ്യുതി കിട്ടുമെങ്കിലും വാങ്ങാന്‍ വേണ്ടി തയാറാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാറുകൾ നഷ്ടമായത് ഏകോപനത്തിന്റെ കുറവായിരിക്കുമെന്നും ഏകോപനമില്ലെന്ന് പറഞ്ഞതിന് നന്ദിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്നായിരുന്നു കെ. കൃഷ്ണൻകുട്ടിയുടെ ആരോപണം. കെഎസ്ഇബിയിൽ മാനേജ്മെന്റും മന്ത്രിയുടെ ഓഫിസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഒരു ഏകോപനവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്.
എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.
ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി വരുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടതുണ്ടെങ്കിലും ആവശ്യാനുസരണം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.
അതിനാൽ പൊതുജനങ്ങൾ സർക്കാരിന്റെ ഈ പ്രതിസന്ധി മനസിലാക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമ്പോൾ അത് ഫീഡർ തലത്തിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധിയിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
സണ്ണി ജോസഫ് വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും ജനങ്ങളോട് അല്പമെങ്കിലും മര്യാദ കാണിക്കണെമന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗറിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിൽ ഇഡി സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ഇഡി നൽകിയ കത്ത് വളരെ ഗൗരവത്തില്‍ തന്നെയാണ് കോണ്‍ഗ്രസും ഭരണകക്ഷിയും കാണുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കത്ത് വന്നാല്‍ പൊലിസിന് നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വീണാ വിജയനെതിരെ ആക്ഷേപം വന്നപ്പോള്‍ അവര്‍ അതിനെ നിരാകരിക്കാനോ അതിനെതിരെ ഒരു നിയമനടപടിക്കോ ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തില്‍ സിപിഎം നേതൃത്വം പ്രതികരിക്കണമെന്നും അന്ധമായി ന്യായീകരിക്കുന്നതിനു പകരം വസ്തുതാപരമായ കാര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് അന്വേഷണത്തോട് സഹകരിക്കുമെന്ന് അവര്‍ പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
ഇരിട്ടി: മുഖ്യമന്ത്രിക്കെതിരേ സമസ്ത നടത്തിയ വിമർശനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേതെന്നും സ്ത്രീശക്തീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇരിട്ടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എല്ലാവരുടെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. വലിയ ഗൗരവത്തിലാണ് പാർട്ടി സംഭവത്തെ കാണുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണം.
സർക്കാരിന്റെ 100 ദിവസത്തെ പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നാണ് രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തൽ. ഓണാഘോഷം ഇത്ര സംതൃപ്തമായി കേരളത്തിൽ ആഘോഷിച്ച കാലഘട്ടമില്ല.
എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നത് വൈദ്യുതി വകുപ്പിൽ മാത്രമാണ്. ബാക്കി വകുപ്പുകൾ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുകയാണെന്നും ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.
Kerala
പേരാവൂർ: 2026 ജൂലൈ 26ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഏഴാമത് കരട് നോട്ടിഫിക്കേഷനിൽ മതിയായ ഭേദഗതികൾ വരുത്തി ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഒഴിവാക്കുന്നതിനുള്ള പ്രത്യേക ആവശ്യം സമയബന്ധിതമായി കേരളം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്.
ഇതുമായി ബന്ധപ്പെട്ട് 33 വില്ലേജുകളെ പൂർണമായും ഇഎസ്എയിൽനിന്ന് ഒഴിവാക്കിക്കൊണ്ട് വകുപ്പ് തലത്തിൽ തയാറാക്കിയ സമഗ്ര റിപ്പോർട്ട് പരിഗണിച്ചുകൊണ്ടുള്ള തുടർനടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കേന്ദ്ര സമിതിയെ ബോധ്യപ്പെടുത്തുന്നതിനും ആവശ്യമായ അനുകൂല തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ, പ്രത്യേകമായും കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.
കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലെ 123 വില്ലേജുകളെ പൂർണമായും ഇഎസ്എ പരിസ്ഥിതി പ്രാധാന്യ പ്രദേശമായി നിർദേശിക്കപ്പെട്ടതിനെ തുടർന്ന് ജനവികാരം കണക്കിലെടുത്ത് ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് രൂപീകൃതമായ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി 123 വില്ലേജുകളിൽ നടത്തിയ പഠനത്തിനു ശേഷം കേരളം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശങ്ങളും ആവശ്യങ്ങളും സമർപ്പിച്ചിരുന്നു.
2014 മാർച്ച് 10ന് 733 (ഇ) വകുപ്പ് പ്രകാരം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് നോട്ടിഫിക്കേഷനിൽ കേരളത്തിലെ ഇഎസ്എ 13,108 ചതുരശ്ര കിലോമീറ്ററിൽനിന്ന് കുറച്ച് 9,993.7 ചതുരശ്ര കിലോമീറ്ററായി പ്രസിദ്ധീകരിച്ചു. അതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമായും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശമായും ഉൾപ്പെടുത്തുന്നതിന് നിർനിർദേശിക്കുകയും ചെയ്തിരുന്നു.
ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഇഎസ്എയിൽനിന്ന് പൂർണമായും ഒഴിവാക്കുന്നതിന് കേരളം നടത്തിയ പഠനങ്ങളും നിർദേശങ്ങളും പ്രസ്തുത നോട്ടിഫിക്കേഷനിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുനഃപ്രസിദ്ധീകരിച്ച കരട് നോട്ടിഫിക്കേഷനുകളിലും അഞ്ച് നോട്ടിഫിക്കേഷനുകളിലും ഇതേ നിർദേശം തന്നെയാണ് കേന്ദ്രം ആവർത്തിച്ച് പ്രസിദ്ധീകരിച്ചിരുന്നത്.
ഇതിനിടയിൽ 123 വില്ലേജുകളിൽ ഉൾപ്പെട്ട ചില വില്ലേജുകൾ വിഭജിക്കപ്പെട്ടതിനെ തുടർന്ന് വില്ലേജുകളുടെ എണ്ണം 131 ആയി ഉയർന്നിരുന്നുവെങ്കിലും 9,993.7 ചതുരശ്ര കിലോമീറ്റർ എന്ന വിസ്തീർണത്തിൽ മാറ്റം വരുത്തിയിട്ടില്ല. കേരളത്തിലെ ഇഎസ്എ പരിധി 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂമിയായി നിജപ്പെടുത്തുന്നതിനുള്ള നിർദേശം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുകയും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ കേന്ദ്രം ആരാഞ്ഞതിനെ തുടർന്ന് സ്ഥല സംബന്ധിയായ ഫയലുകളും വിവരങ്ങളും നൽകുകയും ചെയ്തു.
എന്നാൽ പിന്നീട് 2026 ജൂലൈ 27ലെ ഏഴാമത് കരട് നോട്ടിഫിക്കേഷനിലും ആയത് പ്രകാരമുള്ള മാറ്റങ്ങൾ അംഗീകരിച്ചിട്ടില്ല. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്നതിനായി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് പ്രത്യേകം ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ പരിസ്ഥിതി, വനം, റവന്യു, കൃഷി വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ചർച്ചയിൽ കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിയമങ്ങളും ചട്ടങ്ങളും നിലവിലുള്ളതായി ബോധ്യപ്പെടുത്താനായി. ഈ സാഹചര്യത്തിൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഇഎസ്എയിൽനിന്ന് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Kerala
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ എപ്പോള്‍ പ്രഖ്യാപിക്കണമെന്നു തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമല്ലെന്നും അത് ഹൈക്കമാന്‍ഡ് സാവകാശം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്.
ഇന്നലെ ഇന്ദിരാഭവനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അധ്യക്ഷന്‍ വരുന്നതുവരെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ എല്ലാവരും ആവശ്യപ്പെട്ടതിനാലാണ് ഇന്നലെ രാഷ്ട്രീയകാര്യ സമിതി വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ നൂറുദിനം ഗംഭീര വിജയമായിരുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്. ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കി. ഭക്ഷ്യവസ്തുക്കള്‍ സുലഭമായിരുന്നു. കൃഷിവകുപ്പ് പച്ചക്കറി, ഓണംകിറ്റ് തുടങ്ങിയവ സുലഭമാക്കി. ടൂറിസം ഓണാഘോഷ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായി. ഓപ്പറേഷന് തുഫാന്‍ വന്‍ വിജയമായി. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.
വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ 4.29 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ഉണ്ടാക്കിയ കരാര്‍ ഇടതുസര്‍ക്കാര്‍ റദ്ദാക്കിയതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്നു മംഗലാപുരത്തെ അടര്‍ത്തി മൈസൂരുവിനോടു ചേര്‍ത്ത കേന്ദ്രത്തിന്റെ നടപടി കേരളത്തോടുള്ള അവഗണനയാണ്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍ വിജയകരമായിരുന്നു. കേന്ദ്രഭരണകക്ഷിയായ ബിജെപി കേരളത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം നില്കുന്നില്ല. എംപിമാരുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട റെയില്വേസ്റ്റഷനുകളുടെ മുന്നില്‍ ഇനിയും സമരം നടത്തും. ബോര്‍ഡ്, കോര്പറേഷന് വിഭജനം ഉടൻ പൂര്‍ത്തിയാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുമായുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐക്ക് ധാര്‍മിക പിന്തുണ
എല്‍ഡിഎഫിനുള്ളില്‍ നിന്നുള്ള പോരാട്ടത്തിന് സിപിഐക്ക് ധാര്‍മിക പിന്തുണ നല്കുന്നുവെന്നു സണ്ണി ജോസഫ് പറഞ്ഞു. എല്‍ഡിഎഫിനുള്ളില്‍ നിന്നു തന്നെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തമായ പാര്‍ട്ടിയാണ് സിപിഐ. അതില്‍ അവര്‍ വിജയിക്കുമെന്നു തന്നെയാണ് കരുതുന്നത്. തങ്ങളോടൊപ്പമുള്ള കാലം അവരുടെ നല്ലകാലമായിരുന്നു. അത് ഓര്മിപ്പിപ്പിക്കുന്നത് സിപിഎമ്മുകാരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന് നടത്തിയ പ്രസംഗം ജനാധിപത്യ വിരുദ്ധമാണ്. പഴയതുപോലെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം. ഇതിനെതിരേ സിപിഎമ്മില്‍നിന്നു തന്നെ പ്രതികരണം ഉണ്ടാകുന്നു. സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്റെ കാഴ്ചപ്പാടും പിണറായി വിജയന്റെ കാഴ്ചപ്പാടും തമ്മിലുള്ള അന്തരം സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശദീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മദ്യനയം ചര്‍ച്ച ചെയ്തു തീരുമാനിക്കും
മദ്യനയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്തിയും വര്ഗീതയക്കു കീഴടങ്ങാതെയും മാത്രമേ പിഎംശ്രീയുമായി മുന്നോട്ടുപോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എംപി കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഹൈക്കമാൻഡ് വൈകിപ്പിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ നിലവിലെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫ് താത്കാലികമായി സ്ഥാനത്ത് തുടരും. പാർട്ടിക്കുള്ളിലെ പുനഃസംഘടനയും വിവിധ വിഭാഗങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ച ശേഷമേ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കൂ എന്നാണ് ഹൈക്കമാൻഡ് നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പും സംഘടനാ പുനഃസംഘടനയും മുന്നിൽ കണ്ട് പാർട്ടിക്കുള്ളിലെ സമുദായ സമവാക്യങ്ങളും നേതാക്കളുടെ പിന്തുണയും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിനോടൊപ്പം ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ ഉൾപ്പെടെയുള്ള പാർട്ടിയിലെയും യുഡിഎഫിലെയും രാഷ്ട്രീയ നിയമനങ്ങൾക്കായി കർശനമായ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാനും കോൺഗ്രസ് നേതൃത്വം തയാറെടുക്കുകയാണ്.
മുതിർന്ന നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും കൂടിയാലോചനകൾ നടത്തിയ ശേഷമേ ഹൈക്കമാൻഡ് പുതിയ പ്രഖ്യാപനത്തിലേക്ക് കടക്കൂ. അതുവരെ സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ തന്നെ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള ഇഡിയുടെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സിപിഎമ്മിന്റെ ഇതുവരെയുള്ള മുടന്തൻ ന്യായങ്ങൾ വസ്തുതാപരമല്ലെന്ന് ഇതോടെ വ്യക്തമായി. ഈ വിഷയത്തിൽ വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മകളുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡിയുടെ കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മറുപടി പറയണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അതേസമയം വീണ വിജയനെതിരെ കോടികളുടെ ഇടപാട് വിവരങ്ങൾ കണ്ടെത്തിയതായാണ് ഇഡി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
ഇതുകൂടാതെ ഹവാല ഇടപാട് നടന്നെന്നും തുടർ നടപടികളിലേക്ക് കടക്കുമെന്നും ഇഡി അറിയിച്ചു. 20 കോടിയുടെ ഇടപാട് വിവരങ്ങളാണ് വീണയുടെ ഡയറിയിൽ ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തലുണ്ട്. വീണയ്ക്ക് വ്യാജ സിം ഉണ്ടായിരുന്നതായി ഇഡി പറയുന്നു.
Kerala
ഇരിട്ടി: കാട്ടുപന്നികളെ വെടിവച്ചുകൊന്നാൽ മണ്ണെണ്ണയല്ല, വെളിച്ചെണ്ണയാണ് ഒഴിക്കേണ്ടതെന്ന തന്റെ പരാമർശത്തിനു കേരളത്തിൽ സ്വീകാര്യത വർധിച്ചുവരികയാണെന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
പായം പഞ്ചായത്തിന്റെ കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അനുമതി നൽകിയതിൽ തന്റേതുൾപ്പെടെയുള്ള ഇടപെടലുണ്ടെന്നും തോക്കിന്റെ ലൈസൻസ് ലഭിക്കാൻ ബാക്കിയുള്ള കർഷകർക്ക് അത് ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ മന്ത്രിയല്ലാത്ത ആളായിരിക്കണമെന്ന് സണ്ണി ജോസഫ്. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റ് വരുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു സണ്ണി ജോസഫ്.
എംഎൽഎമാർക്കും എംപിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഘട്ടറുമായി സണ്ണി ജോസഫ് ചർച്ച നടത്തിയിരുന്നു.
കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണമെന്നും, കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: കാസർഗോഡ് ഇവിഎം കോഴ ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരേ കെപിസിസിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു പ്രസിഡന്റ് സണ്ണി ജോസഫ്.
ഇക്കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാൻഡ് തീരുമാനിക്കും.
ജന്തർ മന്തറിലെ സമരവേദിയിലാണ് നേതാക്കളെന്നും അതിനാലാണ് തീരുമാനം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിയും സിപിഎം നേതാവുമായ പി.കെ. ശ്രീമതിക്കെതിരേയുള്ള സോഷ്യൽ മീഡിയ വ്യാജ പ്രചാരണം ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയത് ഒഴിവാക്കാൻ കഴിയാത്ത അടിയന്തര സാഹചര്യത്തിലാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ജൂലൈയിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നെങ്കിൽ 2026 ജൂലൈയിൽ അത് 4600-4800 മെഗാവാട്ട് ആയി ഉയർന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ജലവൈദ്യുതി ഉത്പാദനം 45 ദശലക്ഷം യൂണിറ്റായിരുന്നെങ്കിൽ ഈ വർഷം ജൂലൈയിൽ അത് 14-17 ദശലക്ഷം യൂണിറ്റായി.അണക്കെട്ടുകളിലെ ജലനിരപ്പും കുറഞ്ഞു.
സംസ്ഥാനത്തെ ആകെ വൈദ്യുതി ലഭ്യത നിലവിൽ 4100 മെഗാവാട്ടാണ്. ലഭ്യതയിൽ 500-600 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്നും പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര മന്ത്രിതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഗുണകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധിയിൽ പ്രശ്നം പരിഹരിച്ച് വരുന്നുവെന്നും മന്ത്രി പറഞ്ഞു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി, കൂടുതൽ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മഴയുടെ ഭാഗമായി ചിലയിടങ്ങളിൽ പോസ്റ്റുകൾ വീണിട്ടുണ്ട്. തകരാർ ഉടൻ പരിഹരിക്കും. സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് പറയുന്നില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ദുരന്തബാധിതർക്ക് സഹായം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വീക്ഷണം പത്രത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുവന്ന മുഖപ്രസംഗം കോൺഗ്രസ് നിലപാടിന് എതിരാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.
പാര്‍ട്ടി മുഖപത്രത്തില്‍ വരാന്‍ പാടില്ലാത്ത കാര്യം തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വന്നിട്ടുള്ള മുഖപ്രസംഗം പാര്‍ട്ടിയുടെ നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാര്‍ട്ടി പത്രത്തില്‍ വരാന്‍ പാടില്ലാത്തതായിരുന്നു അത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തത് സണ്ണി ജോസഫോ വി.ഡി. സതീശനോ ഒറ്റയ്ക്കല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിലെ സമുന്നത നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണത്. ഒരാള്‍ക്കും ആ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന തലക്കെട്ടിൽ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നായിരുന്നു മുഖപ്രസംഗത്തിലുണ്ടായിരുന്നത്.
കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളികൊണ്ട് മൂക്കുപൊത്തുംപോലെയാണ് സിപിഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതെന്നും വീക്ഷണം വിമര്‍ശിച്ചു.
എതിരാളികള്‍ക്കെതിരേ വ്യാജമായ ലൈംഗീകാരോപണങ്ങള്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണെന്നും മുഖപ്രസംഗത്തിലുണ്ട്.
Leader Page
“നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു... ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു...”- കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
ജനങ്ങളുടെ മനോഭാവത്തിന്റെ ഒരു ചൂണ്ടുപലകയായിരുന്നു നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി.വി. അന്‍വറിനെക്കൂടി ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും അനവസരത്തില്‍ അദ്ദേഹം നടത്തിയ കുത്തുവാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്നലെ ദീപിക കോട്ടയം ഓഫീസിലെത്തിയ അദ്ദേഹം പത്രാധിപ സിമിതി അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് ലഭിക്കാത്തത് ജോയിക്ക് ഗോഡ്ഫാദറില്ലാത്തതിനാലാണെന്ന് അന്‍വര്‍ പറഞ്ഞത് അകല്ച്ചയിലേക്കാണു നയിച്ചത്. എല്‍ഡിഎഫ് അവര്‍ക്കു പറ്റിയ നല്ല സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍വസന്നാഹവുമായി ക്യാമ്പ് ചെയ്തു പ്രചാരണം നടത്തിയെങ്കിലും വന്‍ ഭൂരിപക്ഷത്തിലാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശുഭസൂചനയും ചൂണ്ടുപലകയുമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള നടപടികള്‍ കോണ്‍ഗ്രസും യുഡിഎഫും കൈക്കൊള്ളുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ പുതുപ്പള്ളിയിലും തൃക്കാക്കരയിലും മൂന്നിരട്ടിയായി ഭൂരിപക്ഷം വര്‍ധിച്ചു. പാലക്കാട്ടും നിലമ്പൂരും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാനായി. ചേലക്കരയില്‍ എല്‍ഡിഎഫിന്റെ 40,000 ഭൂരിപക്ഷം 12,000ലേക്ക് കുറച്ചു. കേരളത്തിലെ വിലക്കയറ്റവും വന്യമൃഗ ആക്രമണവും കാര്‍ഷിക പ്രശ്നങ്ങളും ഉയര്‍ത്തിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാല് അടിയന്തര പ്രമേയങ്ങള്‍ കൊണ്ടുവന്നെങ്കിലും ചര്‍ച്ചയ്ക്കു പോലും എടുത്തില്ല. വന്യമൃഗശല്യം ചര്‍ച്ച ചെയ്യാന്‍ ഒന്നരമണിക്കൂര്‍ പോലും നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്കു കത്ത് കൊടുത്തിട്ടും നടപടിയുണ്ടായില്ല. പാലായില്‍ നവകേരള സദസുമായി മുഖ്യമന്ത്രി എത്തിയപ്പോള്‍ സ്ഥലം എംപിയായിരുന്ന തോമസ് ചാഴികാടന് റബര്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും റബര്‍ കര്‍ഷകരോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നത്. മലയോര പ്രദേശം പോലെ തീരപ്രദേശവും പ്രതിസന്ധിയിലാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു
232 രൂപ വേതനമുള്ള ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണ്. ഇതു നിലനില്ക്കുമ്പോള് കാര്യമായ പണിയൊന്നുമില്ലാത്ത പിഎസ്സി ചെയര്‍മാന്റെ ശമ്പളം 4,10,000 രൂപയാക്കി. കൊട്ടിഘോഷിച്ച നാഷണല്‍ ഹൈവേ വികസനം പൊട്ടിപ്പൊളിഞ്ഞു. അദാനി ടെന്‍ഡര്‍ എടുത്തത് 1800 കോടിക്കാണ്. അദാനി അതു സബ് കോണ്‍ട്രാക്ട് കൊടുത്തത് 900 കോടിക്ക്; അതായത്, പകുതി ലാഭം.
തദ്ദേശ തെരഞ്ഞെടുപ്പ്
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു ബൂത്തില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം 1100 ആയി തെരഞ്ഞെടുപ്പു കമ്മീഷന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ സാധിക്കും. എന്നാല്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം 1300 ആക്കി. ത്രിതല തെരഞ്ഞെടുപ്പില്‍ മൂന്നു വോട്ടുകള്‍ ചെയ്യണം. അതിനാൽ സമയത്ത് വോട്ടെടുപ്പ് തീരില്ല എന്നു പറയുന്നത്. പലര്‍ക്കും വോട്ടു മുടങ്ങും.
കേരള കോണ്‍ഗ്രസ് -എം
പാര്‍ട്ടികള്‍ എന്ന നിലയില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അക്കാര്യം കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ന്യായവും സത്യവും എവിടെയാണെന്ന് കേരള കോണ്‍ഗ്രസ് -എം പരിശോധിക്കണം.
വനനിയമം
1972ല്‍ വനനിയമം വരുമ്പോള്‍ ഇക്കാലത്തേതുപോലെ വന്യമൃഗശല്യം ഇല്ല. ആ സമയം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് നിയമം ഉണ്ടാക്കിയത്. ഇപ്പോള്‍ വന്യമൃഗം പെരുകി മനുഷ്യര്‍ക്കാണ് ജീവിതം വഴിമുട്ടിയത്. ഓസ്ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരു പെറ്റുപെരുകുമ്പോള്‍ അവയെ വെടിവയ്ക്കുകയാണ്. ഇവിടെ കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുകയാണ് വെളിച്ചെണ്ണ ഒഴിച്ച് വേവിച്ച് ഭക്ഷിക്കുകയാണു വേണ്ടത്. 1972ലെ വകുപ്പിലെ 62-ാം വകുപ്പില്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേന്ദ്രസര്‍ക്കാരിനു പ്രഖ്യാപിക്കാം. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു പറയുന്നില്ല.
ഗവര്‍ണറും ഭാരതാംബ വിവാദവും
ഭരണഘടനയുടെ ആമുഖത്തില്‍നിന്നു സോഷ്യലിസവും മതേതരതവും മാറ്റണമെന്നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത്. ഇന്ത്യ മതരാഷ്ട്ര മല്ല, മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖം അതിന്റെ ഹൃദയമാണ്. ബിജെപി ഏതറ്റം വരെയും പോകും. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവായി ചുരുങ്ങുകയും രാജ്ഭവന് പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും ചെയ്യുന്നു.