കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് നാല് തൊഴിലാളികള്‍ മരിച്ചതിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ സമരം സംഘര്‍ഷഭരിതമായി. കോര്പറേഷന് ഓഫീസിനു മുമ്പില്‍ പോലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയില്‍ നിന്നു ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും മലബാറിലെ വിവിധ ജില്ലകളിലേക്കുമുള്ള ചരക്കു നീക്കം തടസപ്പെട്ടു.
നാലര പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോര്പറേഷന് ഭരണം നടത്തുന്ന ഇടതുപക്ഷത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. തകര്‍ന്നത് 1977ല്‍ പണിത കെട്ടിടത്തിന്റെ ഭാഗമാണെന്നും കെട്ടിടത്തിന് 50 വര്‍ഷത്തെ പഴക്കമുണ്ടെന്നും കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ പറഞ്ഞു. 1980 മുതല്‍ ഈ കെട്ടിടത്തില്‍ പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. മരിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്നും അബൂബക്കര്‍ ആവശ്യപ്പെട്ടു. 2024ല്‍ പുതിയ കെട്ടിടത്തിനു ഡിപിആര്‍ തയാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാന്‍ നിര്‍ദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര്‍ ചോദിച്ചു. ഇതേ കെട്ടിടത്തില്‍ മാസങ്ങള്‍ക്കു മുമ്പ് പുതിയ സ്ഥാപനത്തിനു ലൈസന്‍സ് നല്‍കിയെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
അപകടത്തില്‍ പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയത് ബിജെപിയാണ്. മേയര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചകഴിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ കോര്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രകാശ് ബാബു, കൗണ്‍സിലറും മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഗേറ്റ് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് വലിച്ചിഴച്ച് പുറത്താക്കി. ഒടുവില്‍ ബിജെപി കൗണ്‍സിലര്‍മാരെ മാത്രം മേയറുടെ ചേംബറില്‍ പോകാന്‍ പോലീസ് അനുവദിച്ചു.
കൗണ്‍സിലര്‍മാര്‍ മേയറുടെ മുറിയില്‍ എത്തിയെങ്കിലും മേയര്‍ ഇല്ലാത്തതിനാല്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മേയറുടെ മേശപ്പുറത്ത് കറുത്ത തുണി വിരിച്ചു. ഇതേസമയം കോര്‍പറേഷനു പുറത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു.
യൂത്ത്കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കോര്‍പറേഷനില്‍ ഉപരോധ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കോര്പറേഷന് സെക്രട്ടറിയെ ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍, സംസ്ഥാന ഭാരവാഹികളായ വൈശാല്‍ കല്ലാട്ട്, വി.ടി. നിഹാല്‍, ബവിത്ത് മലോല്‍, ജില്ലാ ഭാരവാഹികളായ എം. ഷിബു, പി.എം. ആഷിക്, എം.കെ. സയീഷ് എന്നിവര്‍ നേതൃത്വം നല്കി.