തുറവൂർ: തുറവൂരിലും പരിസരപ്രദേശങ്ങളിലൂം കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്പോഴും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. ഇടക്ക് വല്ലപ്പോഴും പാതിരാത്രി സമയത്ത് അൽപം വെള്ളമെത്തുന്നതല്ലാതെ സ്ഥിരമായി ശുദ്ധജലം ലഭിക്കുന്നില്ല. ഇടയ്ക്കു വരുന്നത് കലങ്ങി മറിഞ്ഞ വെള്ളവും. കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിലാണ്. തീരദേശമേഖലയിലെ ജനങ്ങളാണ് ഒരിറ്റ് വെള്ളത്തിനായി പരക്കംപായുന്നത്. പള്ളിത്തോട്, ചാപ്പകടവ്, ഇല്ലിക്കൽ, പുത്തൻകാട്, പടിഞ്ഞാറേ മനക്കോടം, അന്ധകാരനഴി മേഖലയിൽ കുടിവെള്ളം എത്തിയിട്ട് മാസങ്ങളായി.
തുറവൂർ, തൈക്കാട്ടുശേരി, കാവിൽ മേഖലയിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്.
കായലിനോടും കടലിനോടുo ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കാത്തത് സാധാരണജനങ്ങളെ വൻ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പള്ളിത്തോട് കടലോര മേഖലയിലെ ജനങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. മത്സ്യത്തൊഴിലാളികളും മറ്റും തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ വൻ തുക കൊടുത്ത് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
തീരദേശത്തെ ജനത നിരവധി നിവേദനങ്ങൾ നൽകുകയും പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിട്ടും കുടിവെള്ള ക്ഷാമത്തിനു മാത്രം പരിഹാരം ഉണ്ടാകാത്ത അവസ്ഥയാണ്.
തുറവൂരിൽ നിന്ന് പള്ളിത്തോട്ടിലേക്ക് നേരിട്ട് പൈപ്പ് സ്ഥാപിക്കുമെന്നും ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായും പ്രഖ്യാപനം വന്നെങ്കിലും ഇതിന് ആറുമാസമെടുക്കുമെന്നുള്ളത് ജനങ്ങളെ ആശങ്കയിലാക്കുന്നു. കുത്തിയതോട്, തുറവൂർ പഞ്ചായത്തുകൾ ടാങ്കറിൽ ഈ വെള്ളം എത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുരണ്ട് ദിവസങ്ങളിൽ വെള്ളം എത്തി.
പിന്നീട് ഇതും അവസാനിക്കുകയായിരുന്നു. തുറവൂരിലെ പ്രധാന പൈപ്പി്ന്റെഅറ്റകുറ്റപ്പണികൾക്ക് ശേഷം ഈ മേഖലയിൽ വെള്ളമെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും തിരദേശ മേഖലയിൽ വെള്ളമെത്തിയിട്ടില്ല.
തുറവൂർ, കുത്തിയതോട് പഞ്ചായത്തുകൾക്കായി ഒരു വാട്ടർ ടാങ്കാണുള്ളത്. മുൻപ് ഇവിടെ നിന്ന് ഇടവിട്ട ദിവസങ്ങളിലാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. ഈ സമയങ്ങളിൽ നേരിയ രീതിയിലെങ്കിലും തീരദേശമേഖലയിൽ വെള്ളം കിട്ടിയിരുന്നു. എന്നാൽ വീണ്ടും രണ്ട് പഞ്ചായത്തുകളിലേക്ക് ഒരേസമയം വെള്ള വിതരണം ആരംഭിച്ചതോടെ ഉൾപ്രദേശങ്ങളിലും തീരദേശ മേഖലയിലും ഒരിറ്റു വെള്ളം പോലും കിട്ടാത്ത അവസ്ഥയായി. ഇതേ തുടർന്ന് വീണ്ടും ഇടവിട്ട ദിവസങ്ങളിൽ തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലേക്ക് വെള്ളം പമ്പ് ചെയ്യുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ആഴ്ചകൾ പിന്നിടുമ്പോഴും ഇതുവരെയും തീരദേശമേഖലയിൽ വെള്ളമെത്തിയിട്ടില്ല.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഈ മേയിൽ വെള്ളമെത്താതിനു പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഈ മേഖലയിൽ വന്നു പരിശോധന നടത്തുകയും അറ്റകുറ്റപ്പണി നടത്തി, നല്ല രീതിയിൽ ഇവിടത്തെ കുടിവെള്ള സംവിധാനം നേരെയാക്കുകയും ചെയ്തപ്പോൾ ചാപ്പകടവിൽ ഉൾപ്പടെ വെള്ളം ലഭിച്ചിരുന്നു.
എന്നാൽ ഇത് രണ്ടുമൂന്നു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളിൽ തുടർച്ചയായി ഈ പ്രദേശങ്ങളിൽ വെള്ളം ലഭിച്ചിരുന്നെന്ന് നാട്ടുകാർ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി വെള്ളലഭ്യത അവസാനിക്കുകയും ചെയ്തു.