ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതും വിവിധ രാജ്യങ്ങൾ ആകാശപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണക്കിലെടുത്ത് എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകളിൽ വൻ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹി-ചിക്കാഗോ ഉൾപ്പെടെയുള്ള ആറ് പ്രമുഖ വിദേശ റൂട്ടുകളിലെ സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്കാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി-ചിക്കാഗോ റൂട്ടിനു പുറമെ മുംബൈ-ന്യൂയോർക്ക്, ഡൽഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പുർ, മുംബൈ-ധാക്ക, ഡൽഹി-മാലിദ്വീപ് എന്നീ റൂട്ടുകളിലെ വിമാനങ്ങളാണ് ഓഗസ്റ്റ് വരെ റദ്ദാക്കിയത്.
ഇന്ധനവില റിക്കാർഡ് നിലവാരത്തിലെത്തിയതും പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ചില വ്യോമപാതകൾ ഒഴിവാക്കി യാത്ര ചെയ്യേണ്ടി വരുന്നതും സർവീസുകളുടെ സാമ്പത്തിക ലാഭക്ഷമതയെ ബാധിച്ചതായി കമ്പനി അറിയിച്ചു.
നിലവിൽ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും പ്രതിമാസം 1,200-ലധികം അന്താരാഷ്ട്ര വിമാനങ്ങൾ എയർ ഇന്ത്യ തുടർന്നും ഓപ്പറേറ്റ് ചെയ്യും.
വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 സർവീസുകളും യൂറോപ്പിലേക്ക് 47 സർവീസുകളും ബ്രിട്ടനിലേക്ക് 57 സർവീസുകളും നിലനിർത്തും. ഇതിനുപുറമെ ഓസ്ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടരും.
സർവീസുകൾ റദ്ദാക്കുന്നതു മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകാനോ അല്ലെങ്കിൽ സൗജന്യമായി മറ്റൊരു തീയതിയിലേക്കു മാറ്റാനോ ഉള്ള സൗകര്യം ലഭ്യമാണെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.