ഭോപ്പാൽ: കഴിഞ്ഞ ഞായറാഴ്ച ഡൽഹി രാംലീല മൈതാനത്തു നടന്ന ഇന്ത്യ മുന്നണി റാലിയിൽ പങ്കെടുക്കാത്ത മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരേയുണ്ടായ സസ്പെൻഷൻ നടപടിയിൽ അതൃപ്തി ശക്തം. നടപടി ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഒട്ടേറെ നേതാക്കൾ പരാതിപ്പെട്ടു.
വ്യക്തമായ കാരണംകൊണ്ടാണ് റാലിയിൽ പങ്കെടുക്കാത്തതെന്നു നേതാക്കൾ പറയുന്നു. കുടുംബാംഗങ്ങളുടെ രോഗം, ബന്ധുക്കളുടെ മരണാന്തരച്ചടങ്ങ് തുടങ്ങിയ കാരണങ്ങളാണ് നടപടി നേരിട്ടവർ പറയുന്നത്. നടപടിക്കു മുന്പ് കാരണംകാണിക്കൽ നോട്ടീസ് നൽകിയില്ലെന്ന് ഇവർ പറയുന്നു. അഞ്ചു വൈസ് പ്രസിഡന്റുമാരും 14 ജനറൽ സെക്രട്ടറിമാരും അടക്കം 60 ഭാരവാഹികളെയാണു യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തത്.
സംഘടനാപരമായ അച്ചടക്കരാഹിത്യം എന്നാണ് റാലിയിൽനിന്നു വിട്ടുനിന്നതിനെ നേതൃത്വം വിശേഷിപ്പിച്ചത്. തന്റെ ഉറ്റ ബന്ധുവിനു ഗുരുതര രോഗമുണ്ടായതിനെത്തുടർന്നാണു റാലിയിൽ പങ്കെടുക്കാത്തതെന്ന് യൂത്ത് കോൺഗ്രസ് സെക്രട്ടറി ദിവ്യാൻഷു മിശ്ര പറഞ്ഞു.രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ താൻ കാഷ്മീരിൽ പോയിട്ടുണ്ടെന്ന് മിശ്ര കൂട്ടിച്ചേർത്തു.