മാലോം: നായാട്ടുസംഘം കാട്ടുപന്നിയെ വീഴ്ത്താനായി സ്ഥാപിച്ച കെണിയിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് കർഷകന് ഗുരുതരമായി പരിക്കേറ്റു. പറമ്പ ആശാരിത്തട്ടിലെ പന്തല്ലൂർ റെജി (56) ക്കാണ് സ്വന്തം പറമ്പിൽ സ്ഥാപിച്ചിരുന്ന കെണിയിലെ തോക്കിൽനിന്നു വെടിയേറ്റത്.
ഇടതുകാലിനു ഗുരുതരമായി പരിക്കേറ്റ റെജിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പറമ്പിലെ കമുകിൻതോട്ടത്തിൽ വളമിട്ടതിനു ശേഷം വീട്ടിലേക്കു മടങ്ങിവരുന്പോഴാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന തോക്കിൽനിന്ന് റെജിക്ക് വെടിയേറ്റത്.
റെജിയുടെ അറിവില്ലാതെയാണ് നായാട്ടുകാർ ഇവിടെ അനധികൃതമായി കെണി സ്ഥാപിച്ചിരുന്നത്. തോക്കിന്റെ കാഞ്ചിയിലേക്ക് ബന്ധിപ്പിച്ച കയറിൽ ആരെങ്കിലും തട്ടിയാലുടൻ വെടിപൊട്ടുന്ന തരത്തിലാണ് കെണിയൊരുക്കിയിരുന്നത്.
സംഭവത്തിൽ ചിറ്റാരിക്കൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തോക്കും അനുബന്ധ സാമഗ്രികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിന് ലൈസൻസുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.