വൈക്കം: ജലാശയങ്ങളെ മലിനപ്പെടുത്താതെ തെളിനീരൊഴുക്കി ഭാവി തലമുറയ്ക്കായി കായലിനെയും പുഴയെയും കനാലുകളെയും സംരക്ഷിക്കാൻ ജനങ്ങൾക്ക് അവബോധം നൽകാൻ പുഴയിൽ നീന്തി കുരുന്നുകളും മുതിർന്നവരും.
ലോക പരിസ്ഥിതി നദീ സംരക്ഷണദിനത്തിൽ ഉദയനാപുരം-വാഴമന മുട്ടുങ്കൽ മുതൽ വിളയങ്ങാട് വരെ 1.5 കിലോമീറ്റർ ദൂരം മൂവാറുപുഴയാറിന്റെ കൈവഴിയിലൂടെ കുരുന്നുകളടക്കം 14 പേർ നീന്തിയാണ് ജലാശയങ്ങൾ മാലിന്യവിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പങ്കുവച്ചത്. കുരുന്നുകളും മുതിർന്നവരും പുഴയിലൂടെ ആവേശത്തോടെ നീന്തിയപ്പോൾ പുഴയോരത്ത് കൈയടിച്ച് ആരവം തീർത്ത് പ്രദേശവാസികൾ പ്രോത്സാഹനവുമായി ഒപ്പംകൂടി.
ഉദയനാപുരം പഞ്ചായത്ത് പടിഞ്ഞാറേക്കര പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രീമുരുകാ സ്വിമ്മിംഗ് ക്ലബ്ബ് പരിശീലകനും റിട്ട. ഫയർ സ്റ്റേഷൻ ഓഫീസറുമായിരുന്ന ടി. ഷാജികുമാറിന്റെ നേതൃത്വത്തിൽ മൂന്നര വയസുള്ള ഹരിദ്ര ഹരിയും അഞ്ച് വയസുള്ള ആരോഗ്യപ്രശ്നങ്ങളുള്ള എസ്. കേദാർ, 10 വയസിനുതാഴെ പ്രായമുള്ള അർഷിൻ അരുൺ, അർണവ് അരുൺ, ധ്രുവദ് ബിനോയ് എന്നിവരും വേമ്പനാട്ടുകായൽ നീന്തി ലോക റിക്കാർഡ് സ്ഥാപിച്ച ബദ്രി ആർ. നാഥ്, വൈശാലി എസ്. വിശാൽ, പി. ഹരിലാൽ, എം.എസ്. അരുൺകുമാർ, എസ്. ഷിനു. എം. അഖിൽമോൻ, വി.എൽ. അരുൺ, സി.വി. റിനോഷ് എന്നിവരാണ് പുഴ നീന്തിക്കയറിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജുമുട്ടുങ്കൽ കടവിൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. നീന്തിക്കയറിയവരെ വിളയങ്ങാട്ടിൽ കടവിൽ വടയാർ പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിയും ജനപ്രതിനിധികളും ചേർന്നു സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ പഞ്ചായത്ത് സെക്രട്ടറി പി.പി. വിനോദ് കുമാർ, പുഴ സംരക്ഷണ സമിതി ഭാരവാഹികളായ ഷാബിൻ പുരുഷൻ, ശ്രീകുമാർ, ഡി. ഷിനോദ്, സുലോചനാ പ്രഭാകരൻ, മധു പരുവച്ചോട്ടിൽ, കെ. ദിപേഷ്, വി. ബിൻസ് അജിതാമധുക്കുട്ടൻ, എം.ജി. രഞ്ജിത്ത്, രഞ്ജനാസുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതികരണം...
കുരുന്നുകളെ അനുമോദിക്കും
മൂന്നരവയസു മുതൽ ഒൻപത് വയസുവരെ പ്രായമുള്ള കുട്ടികൾ ആവേശത്തോടെ പഴ നീന്തിക്കയറിയപ്പോൾ ആഹ്ളാദത്താൽ മനസ് നിറഞ്ഞു. ഇവരെ അഭ്യസിപ്പിച്ച പരിശീലകരെയും കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താൻ അവസരമൊരുക്കിയ പഞ്ചായത്തിനും അഭിനന്ദനങ്ങൾ.
വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പിള്ളി
ഉണ്ണിമിശിഹാ പള്ളി, വടയാർ
ജലാശയങ്ങൾ ജനപങ്കാളിത്തത്തോടെ സംരക്ഷിക്കണം
പല ജലാശയങ്ങളും ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം ജലാശയങ്ങളിൽ വലിച്ചെറിയുന്ന പ്രവണത കൂടി വരുന്നു. വേണ്ടാത്ത വസ്തുക്കൾ നിക്ഷേപിക്കുന്ന ഇടമായി ജലാശയങ്ങളെ കാണുന്ന രീതിക്ക് മാറ്റം വരുത്തി തെളിനീർ ഒഴുകുന്ന പുഴയെയും കനാലുകളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് ലോക പരിസ്ഥിതി നദി സംരക്ഷണ ദിനത്തിൽ കുരുന്നുകളെയും മുതിർന്നവരെയും ഒരുമിച്ച് നീന്തിപ്പിച്ചത്.
കെ.ജി. രാജു, പ്രസിഡന്റ്, ഉദയനാപുരം പഞ്ചായത്ത്