കോട്ടയം: വ്യാജ മെയില്‍ ട്രാന്‍സ്ഫര്‍ ഫോമുകളും റേഷന്‍ കാര്‍ഡും ഉപയോഗിച്ചു കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖയില്‍നിന്ന് 4.50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം തടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം.സി. സനിതയാണ് ശിക്ഷ വിധിച്ചത്.
കോട്ടയം വെസ്റ്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് ഏറ്റെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. തൊടുപുഴ ഇടിവെട്ടി മലേപ്പറമ്പില്‍ ഇസ്മായില്‍ ഒന്നാം പ്രതിയും കോടിക്കുളം തങ്ങേല് രാമകൃഷ്ണന് രണ്ടാം പ്രതിയുമായ കേസിലാണ് ഇരുവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്.
കോട്ടയം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ഉപയോഗിച്ച് പണം തട്ടിയെടുക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
ഇസ്മത് എന്നയാളുടെ പേരില്‍ വ്യാജമായി തയാറാക്കിയ രണ്ട് മെയില്‍ ട്രാന്‍സ്ഫര്‍ ഫോമുകളും വ്യാജ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഉപയോഗിച്ച് പ്രതികള്‍ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചില്‍ പുതിയ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുകയായിരുന്നു.
2002 ഡിസംബര്‍ 24നു വ്യാജരേഖകള്‍ ഹാജരാക്കി ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടിലേക്ക് 3,75,000 രൂപ മാറ്റിയെടുത്തു. ഇതില്‍ 1,75,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുകയും ബാക്കി തുക ചെക്കുകള്‍ മുഖേന പിന്‍വലിക്കുകയും ചെയ്തു.
തുടര്‍ന്ന് 2003 ജനുവരി 20നു മറ്റൊരു വ്യാജ മെയില്‍ ട്രാന്‍സ്ഫര്‍ ഫോം ഹാജരാക്കി 2,50,000 രൂപ കൂടി ഇതേ അക്കൗണ്ടിലേക്കു മാറ്റി അന്നുതന്നെ ചെക്ക് മുഖേന പിന്‍വലിച്ചു. പിന്നീട് 2003 ഫെബ്രുവരി 15ന് ഫിക്സഡ് ഡെപ്പോസിറ്റ് അവസാനിപ്പിച്ച് ഒരു ലക്ഷം രൂപകൂടി പിന്‍വലിക്കാനും ശ്രമിച്ചു. ഇത്തരത്തില്‍ ആകെ 4,50,000 രൂപ ബാങ്കിന് നഷ്ടമുണ്ടാക്കിയതായാണ് കേസ്.
ഒന്നും രണ്ടും പ്രതികള്‍ക്ക് ഓരോ കുറ്റത്തിനും രണ്ടു വര്‍ഷം വീതം ലളിതതടവും യഥാക്രമം 2,25,000 രൂപയും 5,000 രൂപയും വീതം പിഴയുമാണ് വിധിച്ചത്. എല്ലാ തടവുശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ആകെ പിഴത്തുകയായ 4,50,000 രൂപ യഥാര്‍ഥ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി ഇതിനകം അനുഭവിച്ച 28 ദിവസത്തെയും രണ്ടാം പ്രതി അനുഭവിച്ച 41 ദിവസത്തെയും തടവുകാലം ശിക്ഷയില്‍ ഇളവായി അനുവദിച്ചിട്ടുണ്ട്.
കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരായ ഉല്ലാസ് കുമാര്‍, വി.ഐ. പൗലോസ്, സോണി ഉമ്മന്‍കോശി, കെ.എ. രമേശന്, വി.എസ്. അനില്‍കുമാര്‍, ഡിവൈഎസ്പി ടി.എന്‍. വിനോദ് കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി പി. വിനോദ്ജി ഹാജരായി.