കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയിലും പരീക്ഷാ രീതിയിലും ആര്‍ട്ടിക്കിള്‍ഷിപ് ഘടനയിലും സമഗ്ര പരിഷ്കരണം നടത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ദേശീയ പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍.
ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ബാബു ഏബ്രഹാം കള്ളിവയലിലിന്റെ മാര്‍ഗനിര്‍ദേശത്തില്‍ രൂപപ്പെടുത്തിയ നിര്‍ദിഷ്ട പരിഷ്കരണം വൈകാതെ നടപ്പാക്കുമെന്ന് ഐസിഎഐ പ്രസിഡന്റ് കൊച്ചിയില്‍ അറിയിച്ചു.
ഇതനുസരിച്ച് നിലവിലുള്ള രണ്ടു വര്‍ഷം നിര്‍ബന്ധിത ആര്‍ട്ടിക്കിള്‍ഷിപ്പ് പരിശീലന കാലയളവ് മൂന്നു വര്‍ഷമായി നീട്ടാനാണ് നിർദേശം. എറണാകുളത്ത് കള്ളിവയലില്‍ ടവറില്‍ ബാബു എ. കള്ളിവയലില്‍ ആന്‍ഡ് കമ്പനിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ഐസിഎഐ പ്രസിഡന്റ് പാഠ്യപദ്ധതിയിലെ സുപ്രധാന പരിഷ്കരണം പ്രഖ്യാപിച്ചത്.
സിഎ ഫൈനല്‍ വിദ്യാര്‍ഥികളുടെ പഠന, പരീക്ഷകളിലും മാറ്റമുണ്ടാകും. നിലവിലെ ഓണ്‍ലൈന്‍ മൊഡ്യൂളുകള്‍-സെറ്റ് എ (കോര്‍പ്പറേറ്റ് ആന്‍ഡ് ഇക്കണോമിക് ലോസ്), സെറ്റ് ബി (സ്ട്രാറ്റജിക് കോസ്റ്റ് & പെര്‍ഫോമന്‍സ് മാനേജ്മെന്റ്) - പുനഃക്രമീകരിക്കുകയും പ്രധാന സിഎ ഫൈനല്‍ പരീക്ഷയില്‍ വിവരണാത്മക പേപ്പറുകളായി സംയോജിപ്പിക്കുകയും ചെയ്യാൻ നിർദേശമുണ്ടെന്ന് ബാബു കള്ളിവയലില്‍ വിശദീകരിച്ചു.
ഇന്റഗ്രേറ്റഡ് ബിസിനസ് സൊല്യൂഷന്‍സ് (ഐബിഎസ്) പേപ്പറിന്റെ സിലബസ് ലളിതവും യുക്തിസഹവുമാക്കാനും പദ്ധതിയുണ്ട്. ഈ വർഷം മുതൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കാനാണ് ഐസിഎഐ തയാറെടുപ്പുകൾ നടത്തുന്നത്.