ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്. മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ലാൻഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ലാൻഡിംഗിന് ശ്രമിക്കുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം ഉണ്ടായത്. ഗുവാഹത്തിയിൽനിന്ന് ബെംഗളൂരുവിലേക്ക് വന്ന വിമാനത്തിന്റെ പിൻഭാഗമാണ് റൺവേയിൽ തട്ടിയത്.
വിമാനത്തിലെ 225 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മോശം കാലാവസ്ഥ കാരണം ലാൻഡിംഗിനിടെ വിമാനത്തിന് അസാധാരണമായ റൺവേ കോണ്ടാക്റ്റ് ഉണ്ടായതായി ഇൻഡിഗോ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പാലിച്ചാണ് വിമാനം ഇറക്കിയതെന്നും അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി എയർബസ് A321 നിയോ വിമാനം താൽക്കാലികമായി മാറ്റിയിരിക്കുകയാണ്. ആവശ്യമായ എല്ലാ പരിശോധനകളും മറ്റ് അനുമതികളും ലഭിച്ചതിന് ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസുകൾക്കായി ഉപയോഗിക്കുകയുള്ളൂ എന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചു.
ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ വാല് ഭാഗം റണ്‍വേയിൽ തട്ടുന്നതിനെയാണ് ടെയിൽ സ്ട്രൈക്ക് എന്ന് പറയുന്നത്. കഴിഞ്ഞ മാസം ഡൽഹിയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോയ മറ്റൊരു ഇൻഡിഗോ വിമാനവും ലാൻഡിംഗിനിടയിൽ സമാനമായ ടെയിൽ സ്ട്രൈക്ക് നേരിട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ഡിജിസിഎ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു.