Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tantrik

മകന്‍റെ അസുഖം മാറാൻ മകളെ ബലിനൽകി; അമ്മയും മന്ത്രവാദിയും അറസ്റ്റിൽ

ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ സ്വന്തം മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്.

നരബലിയാണ് നടന്നതെന്നു കണ്ടെത്തിയതായി ഹസാരിബാഗ് എസ്പി അഞ്ജനി അഞ്ജൻ, ഡിഐജി അഞ്ജനി ഝാ എന്നിവർ പറഞ്ഞു.

പ്രതിയായ രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. കുട്ടിയുടെ രോഗം മാറ്റുന്നതിനായി ഇവർ ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിച്ചിരുന്നു.

മകന്‍റെ രോഗം മാറാനായി ഒരു കന്യകയെ ബലിനൽകണം എന്നു മന്ത്രവാദിനി ഉപദേശിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. മാർച്ച് 24 അഷ്ടമി രാത്രിയാണ് കൊടുംക്രൂരതയ്ക്കു തെരഞ്ഞെടുത്തത്. മന്ത്രവാദിനിയായ ശാന്തി ദേവിയുടെ വീട്ടിൽവച്ച് പെൺകുട്ടിയെ അമ്മയും ഭീം റാമും ചേർന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

ബലികർമങ്ങൾക്കായി പെൺകുട്ടിയുടെ തലയിൽ ഭീം റാം മാരകമായി പരിക്കേൽപ്പിച്ചു. ക്രൂരമായ ആചാരങ്ങളുടെ ഭാഗമായി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മരത്തടി ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.

തുടക്കത്തിൽ തന്‍റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നായിരുന്നു രശ്മി ദേവി പോലീസിനോടു പറഞ്ഞിരുന്നത്. മാർച്ച് 25-നാണ് മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്നും പ്രതികൾ പ്രചരിപ്പിച്ചു.

എന്നാൽ, പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകളിൽ ബലാത്സംഗം നടന്നിട്ടില്ലെന്നു വ്യക്തമായതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം പുറത്തറിഞ്ഞത്.

Latest News

Corehub Up