തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് അഖിൽ ഓമനക്കുട്ടനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കുറച്ചുനാളുകളായി അഖിൽ കോൺഗ്രസുമായി അകൽച്ചയിലായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അടക്കം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
അഖിൽ ഓമനക്കുട്ടൻ മൂന്ന് ദിവസങ്ങൾക്ക് മുൻപ് "എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
ബിജെപിയില്‍ ചേരുന്നതിന് ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ അഖില്‍ ഓമനക്കുട്ടന്റെ ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്.
ഞായറാഴ്ചയാണ് "എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ അഖില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കുന്നന്താനം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനു എ.എമ്മിനൊപ്പമുള്ള ഭവന സന്ദര്‍ശനത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കകമാണ് അഖില്‍ ബിജെപിയില്‍ ചേര്‍ന്നത്.