ദുബായി: ദുബായിയിൽ ഇനി മുതൽ സ്വയം നിയന്ത്രിത ടാക്സികൾ നിരത്തിലറങ്ങും. സ്മാർട്ട് മൊബിലിറ്റി ഇക്കോസിസ്റ്റത്തിന്റെ ഭാഗമായി ബൈഡു അപ്പോളോ ഗോ വികസിപ്പിച്ചെടുത്ത പുർണ നിയന്ത്രിത ആർടി6 ടാക്സി വാഹനങ്ങൾ ദുബായി പുറത്തിറക്കി.
ദുബായി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മദീനത്ത് ജുമൈറയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റ് വേദിയിലേക്ക് ഈ വാഹനത്തിൽ യാത്ര ചെയ്തു.
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഈ സേവനം പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിംഗ് വിദ്യകൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.
ഈ വാഹനങ്ങൾ സാധാരണ ഗതാഗതമുളള റോഡുകളിൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു. സ്വയം നിയന്ത്രിത ടാക്സികളുടെ ആറാം തലമുറയിൽപ്പെട്ട ഈ വാഹനം വലിയ തോതിലുള്ള യാത്രാ സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
ഉയർന്ന കൃത്യതയുള്ള ലിഡാർ സിസ്റ്റങ്ങൾ, മൾട്ടി-ബാൻഡ് റഡാറുകൾ, അത്യാധുനിക കാമറകൾ എന്നിവയുൾപ്പെടെ നാല്പതിലധികം സെൻസറുകൾ ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.