National
ന്യൂഡൽഹി: വിദ്യാർഥികളുടെ ലഹരി ആസക്തിക്കും അമിതമായ ഡിജിറ്റൽ ഉപയോഗത്തിനുമെതിരേ ജാഗരൂകരായിരിക്കണമെന്ന് അധ്യാപകരോടു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദേശീയ അവാർഡ് ജേതാക്കളായ 82 അധ്യാപകരുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തവെയാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാഠപുസ്തക പഠനത്തിനപ്പുറത്തേക്ക് അധ്യാപകർ ചിന്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ അക്കാദമിക് പ്രകടനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ പെരുമാറ്റത്തിലും ദൈനംദിന ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കാൻ അധ്യാപകർ തയാറാകണം.
കുട്ടികളിലെ ലഹരി ഉപയോഗത്തിനുള്ള കാരണം തിരിച്ചറിഞ്ഞ്, അതിൽനിന്നു മോചനം നേടാൻ അവരെ സഹായിക്കണം. കുട്ടികൾ എത്രസമയം സ്ക്രീനുകളിൽ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈൽ ഉപയോഗിക്കുന്നുണ്ടോയെന്നും രക്ഷിതാക്കളുമായി സംസാരിച്ചു മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
പൂർവ അധ്യാപകരെ ആദരിച്ചു
മൈലപ്ര: വിരമിച്ച അധ്യാപകരുടെ വീടുകൾ സന്ദർശിച്ച് മൈലപ്ര സേക്രഡ് ഹാർട്ട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കുട്ടികൾ തയാറാക്കിയ ആശംസാകാർഡുകളും മധുരവും നൽകിയാണ് അധ്യാപകരെ ആദരിച്ചത്.
സ്കൂൾ ഹെഡ്മിസ്ട്രസ് എം. ലൂസി, ഷാനി തോമസ്, ഫാ.സിനു രാജൻ, റേച്ചൽ വർഗീസ്, റെജി മലയാലപ്പുഴ എന്നിവർ നേതൃത്വം നൽകി.
വെണ്ണിക്കുളം: സെൻറ് ബഹനാൻസ് ഹൈസ്കൂളിലെ പൂർവവിദ്യാർഥി സംഘടനയായ 1984 ബാച്ച് സഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് 42 വർഷങ്ങൾക്കു മുമ്പ് സ്കൂളിൽ പഠിപ്പിച്ച അധ്യാപകരായ കെ.സി. സ്കറിയ, ഉഷ മാത്യു എന്നിവരുടെ ഭവനത്തിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
ബാച്ച് പ്രസിഡൻറ് ബിജു ജേക്കബ് കൈതാരം, സെക്രട്ടറി തോമസ് ഏബ്രഹാം, നൗഷാദ് റാവുത്തർ, സണ്ണി മാത്യു, ജോൺസൺ, ഷീബ ബിജി, പുഷ്പ മധു, പ്രമീള ജയപ്രകാശ്എന്നിവർ നേതൃത്വം നൽകി.
മൈലപ്ര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മൈലപ്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ സീനിയർ അധ്യാപകരുടെ ഭവനങ്ങൾ സന്ദർശിച്ച് ആദരം അർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് പൂർവ അധ്യാപകർക്ക് ആദരം സമർപ്പിച്ചു. കെഎസ്എസ്പിഎ മൈലപ്ര മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷത വഹിച്ചു. ചിറ്റക്കാട്ട് സി.സി. മത്തായി, ഒട്ടമൂട്ടിൽ ഒ.എം. ശാമുവേൽ എന്നിവരെയാണ് ആദരിച്ചത്. എം.എം. തോമസ്, തോമസ് ഏബ്രഹാം, രാജൻ ജോർജ്, സെക്രട്ടറി എം.എം. ജോസഫ് എന്നിവർ നേതൃത്വം നൽകി.
വിദ്യാർഥികൾ അധ്യാപകരായി
പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് കൊമേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ക്ലാസുകളെടുത്തു. കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ 10 ക്ളാസുകളിലും ആദ്യത്തെ ഒരു മണിക്കൂർ വിദ്യാർഥികളാണ് ക്ലാസ് എടുത്തത്. അക്സ ജെ. സാം, അലോഷി ജോൺ, ലുബ്ന എം. ഖാൻ, ശ്രീലക്ഷ്മി ശരവണൻ, ലിയ സൂസൻ സാജു, ആൽവിനാ, ആൻഡ്രിയ സൂസൻ മാത്യു, സാനിയ സുരേഷ്, ഗൗരി സുരേഷ്, ഷെബി ബാബു എന്നിവർ നേതൃത്വം നൽകി.
ഡിഡിഇയെ ആദരിച്ച് കെപിഎസ്ടിഎ
പത്തനംതിട്ട: അധ്യാപക ദിനത്തിൽ ജില്ലാ വിദ്യാഭ്യാസ മേലധികാരിയെ ആദരിച്ച് കെപിഎസ്ടിഎ.
പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷീബ മുഹമ്മദിനെയാണ് ജില്ലാ കമ്മിറ്റിക്കു വേണ്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. പ്രേം ആദരിച്ചത്.
ജില്ലാ സെക്രട്ടറി വി.ജി. കിഷോർ, എസ്എസ്കെ ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ കെ.എസ്. ജയന്തി, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജോൺ ജോയി എന്നിവർ പ്രസംഗിച്ചു.
ഇടുക്കി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനം ചെയ്ത ശേഷം എഇഒ, ഡിഇഒ തസ്തികകളിൽ സേവനം ചെയ്ത ശേഷമാണ് പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർ ആയി ഷീബ മുഹമ്മദ് എത്തിയത്.
Kerala
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രീതിയിലാക്കി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കൊളജ് വിദ്യാർഥി അറസ്റ്റിൽ. തൃക്കാക്കരയിലെ സ്വകാര്യ കൊളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20) ആണ് അറസ്റ്റിലായത്.
ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ പൊലിസ് കണ്ടെത്തി. ഐടി നിയമത്തിലെ 67 എ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
കോളജ് അധികൃതരുടെ പരാതിയിലാണു വിദ്യാർഥിക്കെതിരെ കേസെടുത്തത്. കോളജിലെ ചടങ്ങുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ എടുക്കാറുണ്ട്. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണു പ്രതി മോർഫ് ചെയ്തു പ്രചരിപ്പിച്ചതെന്നാണു സംശയം.
അധ്യാപകരുടെയും സഹപാഠികളുടെയും ഇരിക്കുന്നതും നടക്കുന്നതും ഉൾപ്പെടെയുള്ള വിഡിയോകളാണു മോർഫ് ചെയ്തു പ്രചരിപ്പിച്ചത്. പ്രതിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിൽ സമരം നടത്തിയിരുന്നു.
Kerala
കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയില് വിദ്യാര്ഥിക്കെതിരെ കേസ് എടുത്തു. സ്വകാര്യ കോളജിൽ രണ്ടാം വര്ഷ ബിബിഎ വിദ്യാര്ഥിയായ എസ്. ശ്രീഹരിക്കെതിരെയാണ് കേസ് എടുത്തത്.
കോളജ് പ്രിന്സിപ്പല് നല്കിയ പരാതിയിലാണ് തൃക്കാക്കര പൊലിസ് കേസ് എടുത്തത്. കഴിഞ്ഞ വര്ഷം ഡിസംബര് മുതല് സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള് മോര്ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില് പ്രചരിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്ഥിയെ ഉടന് അറസ്റ്റ് ചെയ്യും.
Kerala
തൊടുപുഴ: വിദ്യാര്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള് തകര്ത്തു.
ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് കൊടുംക്രൂരതയ്ക്ക് കാരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്ന വിദ്യാര്ഥിയെ ഇന്നലെ ഡിസ്ചാര്ജ് ചെയ്തു.
തൊടുപുഴയിലെ ഗ്രാന്റിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില് പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്ഥിക്കാണ് പരിക്കേറ്റത്. മൊബൈല് ഫോണ് ആൻഡ് ലാപ്ടോപ്പ് സര്വീസ് കോഴ്സ് പഠിക്കാനാണ് വിദ്യാര്ഥി സ്ഥാപനത്തില് എത്തിയത്. വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്.
ഇതില് മൂന്നു പേര് സ്ഥിരമായി കഞ്ചാവ് ഉള്പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്ഥിയുടെ ശ്രദ്ധയില്പ്പെട്ടു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്. ഫോണില് ചിത്രീകരിച്ച ദൃശ്യങ്ങള് അധ്യാപകന് കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള് അസഭ്യം പറയുകയും ക്രൂരമായി മര്ദിച്ച് ജനനേന്ദ്രിയം തകര്ക്കുകയുമായിരുന്നു. സംഭവത്തില് ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്ത്തിയാകാത്തതിനാല് ജുവനൈല് ജസ്റ്റീസ് ബോര്ഡിന് മുന്പാകെ ഹാജരാക്കിയ ശേഷം വീട്ടുകാര്ക്കൊപ്പം വിട്ടയച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ എസ്എഫ്ഐയുടെ നേതൃത്വത്തില് വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പ്രതിഷേധമാര്ച്ച് നടത്തി. പ്രവര്ത്തകര് സ്ഥാപനത്തിലേക്ക് കയറിയത് തടസപ്പെടുത്തി ജീവനക്കാര് രംഗത്തെത്തിയത് നേരിയ സംഘര്ഷത്തിനിടയാക്കി. പോലീസെത്തി സ്ഥിതിഗതികള് ശാന്തമാക്കി. എന്നാല് ഓഫീസില് ചര്ച്ച നടക്കുന്നതിനിടെ പിന്നെയും ജീവനക്കാരും പ്രവര്ത്തകരും തമ്മില് സംഘര്ഷമുണ്ടായി. ജീവനക്കാരന് മര്ദനമേറ്റു.
വിദ്യാര്ഥിയെ മര്ദിച്ച വിവരം ആരും അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞപ്പോള്ത്തന്നെ നടപടി എടുത്തെന്നും അധികൃതര് പറഞ്ഞു. ഹോസ്റ്റല് പരിശോധിച്ചപ്പോള് ലഹരി ഉത്പ്പന്നങ്ങള് ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും വ്യക്തമാക്കി.
ലഹരി ഉപയോഗത്തിന്റെ വീഡിയോ അധ്യാപകനു ലഭിച്ച കാര്യം കുറ്റാരോപിതന് അറിഞ്ഞതെങ്ങനെയെന്നും അന്വേഷിക്കും. വിദ്യാര്ഥിക്ക് നീതി ലഭിക്കുന്നതിനു എല്ലാ സഹായവും നല്കുമെന്ന് ഗ്രാന്റിസ് ടെക്നോളജി അഡ്മിനിസ്ട്രേറ്റീവ് മാനേജര് മാഹിന് മഹമ്മദ് വ്യക്തമാക്കി. പ്രായപൂര്ത്തിയാകാത്ത പ്രതിക്കെതിരേ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മനഃപൂര്വമല്ലാത്ത നരഹത്യാശ്രമം, ക്രൂരമായ ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളും ചുമത്തി. പ്രതിയെ ഡിസ്മിസ് ചെയ്യാന് തീരുമാനിച്ചിട്ടുണ്ടെന്നും ആരോപണ വിധേയരായ മറ്റു രണ്ട് വിദ്യാര്ഥികളെ സസ്പെന്ഡ് ചെയ്തിട്ടുണ്ടെന്നും സ്ഥാപന അധികൃതര് വ്യക്തമാക്കി.
Kerala
തൊടുപുഴ: വിദ്യാര്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള് മര്ദിച്ച് തകര്ത്തു. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതാണ് ക്രൂരതയ്ക്ക് കാരണം.
ഇടുക്കി തൊടുപുഴയിലെ ഗ്രാന്ഡിസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില് പഠിക്കുന്ന അണക്കര സ്വദേശിയായ വിദ്യാര്ഥിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈല് ഫോണ് ആൻഡ് ലാപ്ടോപ് സര്വീസ് കോഴ്സിന് പഠിക്കാനാണ് വിദ്യാര്ഥി സ്ഥാപനത്തില് എത്തിയത്.
വീടാണ് ഹോസ്റ്റലായി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മറികളിലായി 11 പേരാണ് ഇവിടെയുള്ളത്. ഇതില് മൂന്നു പേര് സ്ഥിരമായി കഞ്ചാവ് ഉള്പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാര്ഥിയുടെ ശ്രദ്ധയില്പ്പെട്ടു. ഇക്കാര്യം അധ്യപകരെ അറിയിച്ചതിനാണ് ക്രൂരത അരങ്ങേറിയത്.
ദൃശ്യങ്ങള് കൈമാറിയെന്ന് മനസിലാക്കിയതോടെ സഹപാഠികള് അസഭ്യം പറയുകയും ക്രൂരമായി മര്ദിച്ച് ജനനേന്ദ്രിയം തകര്ക്കുകയുമായിരുന്നു. സംഭവത്തില് ഒരാളെ തൊടുപുഴ പോലീസ് അറസ്റ്റു
ചെയ്തു. പ്രായപൂര്ത്തിയാകാത്തതിനാല് ജുവനൈല് ജസ്റ്റീസ് ബോര്ഡിന് മുന്പാകെ ഹാജരാക്കിയ ശേഷം പ്രതിയെ വീട്ടുകാര്ക്കൊപ്പം വിട്ടയച്ചു. മറ്റ് രണ്ടുപേര്ക്കെതിരെ കേസെടുത്തില്ല.
Kerala
കൊച്ചി: കോതമംഗലം എംഎ എന്ജിനിയറിംഗ് കോളജില് വിദ്യാര്ഥികളുടെ പ്രതിഷേധം തുടരുന്നു. മിച്ചി മര്പ്പുവിന്റെ മരണത്തില് കോളജ് അധികൃതര് ഉത്തരവാദിത്തം ഏറ്റെടുക്കുക, ഉത്തരവാദികളായവര്ക്കെതിരെ നടപടികള് സ്വീകരിക്കുക, വിദ്യാര്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുക, തങ്ങള് ഉന്നയിക്കുന്ന വിഷയങ്ങള് ഗൗരവപൂര്വം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്ഥികള് ഉന്നയിക്കുന്നത്.
കോളജിന്റെ ഗേറ്റ് തള്ളിത്തുറന്ന് വിദ്യാര്ഥികള് അകത്തേക്ക് കടന്നു. പ്രിന്സിപ്പലിന്റെ റൂമിന് മുന്നിലിരുന്ന് വിദ്യാര്ഥികള് പ്രതിഷേധിക്കുകയാണ്. പ്രിന്സിപ്പല് നല്കിയ ഉറപ്പുകള് രേഖാമൂലം എഴുതി നല്കണമെന്നാണ് വിദ്യാര്ഥികളുടെ ആവശ്യം. കെഎസ്യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാര്ഥി സംഘടനകളും കോളജില് വിദ്യാര്ഥികള്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരള സാങ്കേതിക സര്വകലാശാല നിഷ്കര്ഷിക്കുന്ന ക്രെഡിറ്റ് മാര്ക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിര്ബന്ധമാക്കിയതാണ് വിദ്യാര്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികള് ആരോപിക്കുന്നു. ഇത് നേടാന് കഴിയാത്ത വിദ്യാര്ഥികള് ഇയര് ബാക്ക് ആകുകയും പഠനവും ഹോസ്റ്റല് സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
ഇന്ന് രാവിലെ കോളജിലേക്ക് ആരും പ്രവേശിക്കാതെ ഗേറ്റ് അടച്ച് വിദ്യാര്ഥികള് ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു. കോളജിലേക്കുള്ള അധ്യാപകരുടെ വാഹനങ്ങള് കവാടത്തില് തടഞ്ഞു. കോളജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്ഗീസ് വന്ന വാഹനം വിദ്യാര്ഥികള് തടഞ്ഞത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചു.
പോലീസിന്റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവില് സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്. നിലവില് സമരം ചെയ്ത കുട്ടികള്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പു നല്കിയിട്ടില്ല. ഇതിലും പ്രതിഷേധമുണ്ട്.
Kerala
കൊച്ചി: അരുണാചല്പ്രദേശ് സ്വദേശി മിച്ചി മര്പ്പുവിന്റെ മരണത്തില് പ്രതിഷേധിച്ച് കോതമംഗലം എംഎ എന്ജിനിയറിംഗ് കോളജിലെ വിദ്യാര്ഥികള്. മിച്ചി മര്പ്പുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരുടെ വാഹനങ്ങളടക്കം തടഞ്ഞാണ് വിദ്യാര്ഥികളുടെ പ്രതിഷേധം. ഇതിനിടെ വിദ്യാര്ഥികളും പോലീസും തമ്മില് സംഘര്ഷമുണ്ടായി.
ഉയര്ന്ന ക്രെഡിറ്റ് സ്കോര് ഇല്ലാത്തതിനാല് ഇയര്ഔട്ട് ആകുമെന്ന ഭയത്തെ തുടര്ന്നാണ് വിദ്യാര്ഥി ജീവനൊടുക്കിയത്. എന്നാല് വിദ്യാര്ഥിയുടെ മരണത്തില് ഔദ്യോഗിക പ്രതികരണത്തിനോ നഷ്ടപരിഹാരം നല്കാനോ കേസ് അന്വേഷണത്തിലോ കോളജ് മാനേജ്മെന്റ് ഇടപെട്ടില്ലെന്നും പരിഹാരം ഉണ്ടാകുന്നതു വരെ ക്ലാസ് ബഹിഷ്കരിച്ച് സമരം തുടരുമെന്ന് വിദ്യാര്ഥികള് വ്യക്തമാക്കി.
പ്രതിഷേധത്തിനൊടുവില് വിദ്യാര്ഥികളുടെ അഞ്ചു ആവശ്യങ്ങള് അംഗീകരിച്ച് കോളജ് മാനേജ്മെന്റ് ഉത്തരവിറക്കിയിരുന്നു. മിനിമം ക്രെഡിറ്റ് സ്കോര് സിസ്റ്റം നടപ്പാക്കുമെന്ന് കോളജ് സര്ക്കുലര് പുറത്തിറക്കി. എന്നാല് ഒഫീഷ്യല് ലെറ്റര് ഹെഡില് അല്ലാതെ കോളജിന്റെ സീല് ഇല്ലാത്തതിനാല് അത് അംഗീകരിക്കാന് സാധിക്കില്ലെന്നും വിദ്യാര്ഥികള് പറയുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടില് വിദ്യാര്ഥിയെ മരിച്ച നിലയില് കണ്ടത്. വിദ്യാര്ഥിയുടെ പിതാവ് മിച്ചി ഡുമ, ഭാര്യ സഹോദരന്, അയല്വാസി എന്നിവര് എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
Kerala
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് കണ്ണൂർ സർക്കിളിലേക്ക് മാറ്റിയത്.
തെരഞ്ഞെടുപ്പ് സമയത്താണ് എ.വി. ദിനേശ് വടകരയിൽ ചുമതലയേറ്റത്. മൂന്ന് അധ്യാപികമാർ പ്രതിയായ എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വിപുലമാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അധ്യാപികമാർ വിദ്യാർഥികളെ മയക്കുമരുന്ന് കൈമാറ്റത്തിനും പണമിടപാടുകൾക്കും ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
മയക്കുമരുന്ന് കൈമാറ്റത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി വിദ്യാർഥികളെ മറയാക്കിയോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. പണമിടപാടുകൾക്കായി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. കേസിലെ ഡിജിറ്റല് തെളിവുകള് പൂര്ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ അധ്യാപികമാരായ കീര്ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ് രേഖകളും എസ്ഐടി വിശദമായി പരിശോധിക്കുകയാണ്.
Kerala
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്ക്കാര് ജീവനക്കാര്ക്കും അധ്യാപകര്ക്കും 4500 രൂപ ബോണസ് അനുവദിച്ച് സംസ്ഥാന സര്ക്കാര്. ബോണസിന് അര്ഹത ഇല്ലാത്തവര്ക്ക് പ്രത്യേക ഉത്സവബത്ത 3000 രൂപ ലഭിക്കും.
സര്വീസ് പെന്ഷന്കാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പ്രകാരം വിരമിച്ച പെന്ഷന്കാര്ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.
ഓഗസ്റ്റ് 17 മുതല് ഇവയുടെ വിതരണം ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ സര്ക്കാര് ജീവനക്കാര്ക്കും ഓണം അഡ്വാന്സായി 20,000 രൂപ അനുവദിച്ചു. പാര്ട്ട് ടൈം, കണ്ടിന്ജന്റ് ഉള്പ്പെടെയുള്ള മറ്റു ജീവനക്കാര്ക്ക് അഡ്വാന്സ് 6000 രൂപയാണ്.
Kerala
കോഴിക്കോട്: വടകരയിൽ എംഡിഎംഎയുമായി അധ്യാപകർ പിടിയിലായ സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്കെ(സമഗ്ര ശിക്ഷാ കേരള) അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം.കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എസ്കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി.
പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം കേസിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള പ്രാരംഭ നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്.
അറസ്റ്റിലായ കീർത്തനയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് 9 ലക്ഷം രൂപയും എത്തിയിരുന്നു. ചെറിയ തുകയ്ക്ക് ജോലി ചെയ്യുന്ന ഇത്രയും ചെറിയ വേതനമുള്ള അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് ഇത്രയധികം പണം എത്തിയത് ലഹരി ഇടപാടുകൾ വഴിയാണെന്ന ഉറച്ച നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
Kerala
വടകര: മൂന്ന് അധ്യാപികമാരടക്കം അഞ്ചു പേര് പിടിയിലായ വടകര എംഡിഎംഎ കേസിലെ പ്രതികളുടെ സ്വത്തുകള് കണ്ടുകെട്ടുമെന്നും ഇടപാടുകളുടെ സ്രോതസ് കണ്ടെത്തുമെന്നും കണ്ണൂര് റേഞ്ച് ഡിഐജി കെ.കാര്ത്തിക് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
ജൂണ് 28നാണ് വടകരയില് ഓട്ടോ ഡ്രൈറായ സഫുവാന് രണ്ടര ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഈ പ്രതിയെ ചോദ്യം ചെയ്തതിലൂടെയാണ് അധ്യാപികമാരടക്കമുള്ള സംഘം അറസ്റ്റിലായത്. നിലവില് അഞ്ചു പ്രതികളാണ് പിടിയിലായത്. ഇരിട്ടിയിലെ ജിജിനും വടകരക്കാരന് സഫുവാനും പുറമേ അധ്യാപികമാരായ മരുതോങ്കര സ്വദേശിനി കീര്ത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, ആവള കുട്ടോത്ത് സ്വദേശിനി നീഷ്മ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള് വന്തുകയുടെ ഇടപാട് നടന്നതായാണു കണ്ടെത്തിയത്. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ആറു മാസത്തിനിടെ നടന്നത് ഒരു കോടി രൂപയുടെ ഇടപാടാണ്. ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് ഇയാള്. ഇത്രയേറെ പണം എങ്ങനെ അക്കൗണ്ടിലെത്തിയെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിവില്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള് എന്ഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുമെന്നും ഡിഐജി വ്യക്തമാക്കി.
മറ്റ് പ്രതികളുടെ അക്കൗണ്ട് വിവരങ്ങള് പരിശോധിച്ചപ്പോള് അതിലൂടെയും ലക്ഷക്കണക്കിനു രൂപയുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. ആരാണ് ഇവര്ക്ക് പൈസ കൊടുത്തത്, ഇത് പോകുന്നത് എവിടെയാണ്, ലഹരി ഇടപാടിലൂടെ എത്ര രൂപ ഇവര് സമ്പാദിച്ചു തുടങ്ങിയ കാര്യങ്ങള് അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി പറഞ്ഞു. അന്തര്സംസ്ഥാന ബന്ധമുള്ള ലഹരി സംഘങ്ങളുമായി പ്രതികള്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. പ്രതികള് ലഹരിപാര്ട്ടി നടത്തിയതായുള്ള ആരോപണവും അന്വേഷണ വിധേയമാക്കും.
അറസ്റ്റിലായ അഞ്ചു പ്രതികളുടെയും മൊബൈല് ഫോണ് വിവരങ്ങള് പരിശോധിച്ചതില്നിന്ന് ഇവര്ക്ക് പരസ്പരം ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. കൂടുതല് അക്കൗണ്ടുകള് തുടങ്ങിയതായും എടിഎം കാര്ഡ് ഉപയോഗിച്ച് ഇടപാടുകള് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാര് കാശിനു വേണ്ടി ഇടപാടില് പങ്കുചേര്ന്നിട്ടുണ്ട്.
12,000 രൂപ ശമ്പളമേ അധ്യാപികമാര്ക്ക് ലഭിക്കുന്നുള്ളൂ. പക്ഷേ അക്കൗണ്ടില് ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. കൂടുതല് പേര് കണ്ണികളായിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്നും അത്തരക്കാരെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുമെന്നും ഡിഐജി പറഞ്ഞു. വിദേശ ഫോണ് നമ്പര് ഉപയോഗിച്ചതും വിദേശയാത്ര നടത്തിയതിനെക്കുറിച്ചും പരിശോധിക്കും.
പിടിയിലായ അധ്യാപികമാരടക്കമുള്ളവരെ കസ്റ്റഡിയില് വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും അന്വേഷണം നല്ല രീതിയില് മുന്നോട്ടുപോവുന്നുണ്ടെന്നും ഡിഐജി അറിയിച്ചു.
Kerala
കോഴിക്കോട്: വടകര എംഡിഎംഎ കേസില് പിടിയിലായ മൂന്ന് അധ്യാപികമാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന് പ്രത്യേക അന്വേഷണ സംഘം. പേരാമ്പ്ര ബിആര്.സിയിലെ താത്കാലിക അധ്യാപികമാരാരായ കീര്ത്തന, കാവ്യ, നീഷ്മ എന്നിവരെയാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക.
മൂവരും ലഹരി ഉപയോഗിച്ചിരുന്നവരാണെന്ന് അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. ഇന്നു പ്രത്യേക അന്വേഷണസംഘം മാധ്യമങ്ങളെ കണ്ടു കൂടുതല് കാര്യങ്ങള് വ്യക്തമാക്കും.
പേരാന്പ്ര ബിആര്സിയിലെ അധ്യാപികമാരുടെ സംശയം ശരിവയ്ക്കുന്നതാണ് കീര്ത്തനയ്ക്കും കാവ്യക്കും പിന്നാലെ നീഷ്മയുടെയുടെയും അറസ്റ്റ്. മൂവരും പേരാന്പ്ര ബിആര്സിയിൽ ഒരുമിച്ച് പ്രവര്ത്തിച്ചവരും അടുത്ത സുഹൃത്തുക്കളുമാണ്. പിടിയിലായ അധ്യാപികമാർ ഇടനിലക്കാരായാണു ലഹരിക്കച്ചവടം നടന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. മൂവര് സംഘത്തിന്റെ അക്കൗണ്ടിൽ ലഹരി ആവശ്യമുള്ളവര് പണം അയച്ചു കൊടുക്കും. ഇവർ ലഹരിമരുന്നു ലഭ്യമാകുന്ന സ്ഥലം ഗൂഗിൾ മാപ്പ് വഴി അറിയിക്കുകയാണ് പതിവെന്നു പോലീസ് പറയുന്നു.
ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചാണ് അധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. മയക്ക് മരുന്ന് വിറ്റ് കിട്ടിയിരുന്ന പണം മൂവരും പങ്കിടും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര് സംസ്ഥാന സംഘവുമായും പ്രതികൾക്കു ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് അധ്യാപികമാരുമായും ബന്ധമുള്ള കണ്ണൂര് ഇരിട്ടി സ്വദേശിയായ ഡെലിവറി ഏജന്റ് ജിജിനും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
അധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ച പോലീസ്കോടികളുടെ സാന്പത്തിക ഇടപാടുകളാണ് കണ്ടെത്തിയത്. ലഹരി വിൽപനയുടെ പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയതാണ് അറസ്റ്റിലേക്കെത്തിയത്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച്മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്.
Kerala
കോട്ടയം: മൂന്ന് അധ്യാപികമാർ എംഡിഎംഎ കച്ചവടക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ കെ.എസ്. രതീഷിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പണം സന്പാദിക്കാനായി അധ്യാപികമാർ മയക്കുമരുന്നു മാഫിയകളുമായി ചേർന്നു എംഡിഎംഎ കച്ചവടവും വിതരണം നടത്തിവന്നതിന്റെ കഥകൾ പുറത്തുവരുമ്പോഴാണ് ബിഎഡ് ഡിഗ്രി നേടാൻ താൻ സഹിച്ച കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും അനുഭവങ്ങൾ കെ.എസ്. രതീഷ് പങ്കുവയ്ക്കുന്നത്.
കെ.എസ് രതീഷ് എം ഡി അല്ലാത്ത എം.എ ബിഎഡ് എന്ന തലക്കെട്ടിലാണ് കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മൂന്നു സ്പെഷൽ അധ്യാപകർ രാസലഹരിയുടെ ഇടപാടിൽ അറസ്റ്റിലായിരിക്കുന്നു. എന്റെ പങ്കാളി മുതൽ ക്ലാസ് മുറിയിലെ കുട്ടികൾ വരെ നിങ്ങളുടെ കൂട്ടത്തിൽ ‘ഇതാ ചിലർ’ എന്ന കളിയാക്കലുകൾ തുടരുന്നു. ചാനലുകളിൽ മസാല പുരട്ടിയ കഥകൾ കണക്കെ വിവരണങ്ങളും. സ്കൂളിലെ വിമുക്തി ക്ലബ്ബ് ചാർജുള്ള മാഷെന്ന നിലയിൽ തൂഫാൻ ഉൾപ്പെടെ ലഹരി വിമോചന ചിന്തകൾ ഈ വർഷം സ്കൂളിൽ പകരേണ്ടത് ഞാനാണ്. എനിക്കതിനു മതിയായ യോഗ്യതയുണ്ടോ....?
ബി.എഡ് പഠിക്കാൻ കൂട്ടിവച്ചിരുന്ന കാശിലെ 80%വും ഒരു ലോഡ്ജുടമയും പോലീസുകാരനും കൂടെ പിടിച്ചു വാങ്ങി. അതിന്റെ കാരണം ചോദിക്കരുത്. എന്റെ മാളം (ഡിസി ബുക്സ്)എന്ന പുസ്തകത്തിൽ പാലം എന്നൊരു കഥയുണ്ട് അതു വായിച്ചാൽ എന്റെ കുമ്പസാരം കിട്ടും...
ബാക്കിയുള്ള 16,700 രൂപയും കൊണ്ട് വന്ന എനിക്ക് 14,500 ഫീസായി അടക്കേണ്ടി വന്നു. അങ്ങനെ തിന്നാനും കുടിക്കാനും മുട്ടിയപ്പോൾ വൈകുന്നേരങ്ങളിൽ അടുത്ത മുറിയിലെ മണൽ വാരലുകാർക്കൊപ്പം പണിക്കിറങ്ങി. പോലീസുകാർ പൊക്കി. അടിവസ്ത്രം മാത്രമിട്ട് മൂന്നു നാലു മണിക്കൂർ സ്റ്റേഷനിലിരുന്നു. ചാടിപ്പോകാൻ ശ്രമിച്ച എനിക്കു കവിളിൽ കിട്ടിയ അടിയും അടിനഭിക്ക് കിട്ടിയ ഒരു കുത്തും ബോധോദയമുണ്ടാക്കി...
അങ്ങനെയാണ് ഞാൻ അന്നു താമസിച്ച വീടിന്റെ അടുത്ത കട്ടകമ്പനിയിൽ പണി ചോദിച്ചുചെന്നത്. അതും നമുക്ക് സെറ്റാവില്ല എന്നു കണ്ടപ്പോൾ എന്റെ ഹൗസ് ഓണർ ഒരു വഴി കാണിച്ചു. അടുത്ത കവലയിൽ ഒരു ത്രീ സ്റ്റാർ ബാർ അതിൽ പാർട്ട് ടൈം ജോലി...
ബിഎഡ് ക്ലാസ് കഴിഞ്ഞാൽ മിന്നൽ വേഗത്തിൽ ഇവൻ എങ്ങിട്ടാണ് മുങ്ങുന്നതെന്നു കൂടെ പഠിക്കുന്നവരോ അധ്യാപകരോ ആദ്യം അറിഞ്ഞില്ല. ബാറിന്റെ കൗണ്ടറിൽ ബില്ലുമായി ഒഴിക്കാൻ ഊഴം കാത്തുനിന്നവരും ഒപിആർ രണ്ടു തൊണ്ണൂറ് എന്നൊക്കെ ബിൽ കൗണ്ടറിൽ പറഞ്ഞവരും റിസ്പഷനിൽ വന്ന് ഇവിടെ ഫാമിലിക്കു റൂം കിട്ടുമോ? എന്നൊക്കെ ചോദിച്ചവരും ഇവൻ നമ്മളെ കൂടെ പഠിക്കുന്നതല്ലേ എന്നു തിരിച്ചറിഞ്ഞു...
ബാറിൽ ജോലിക്ക് പോകുന്നതിന്റെ അധാർമികതയ്ക്കു ക്ലാസ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്നു കിട്ടി. ഇന്നലത്തെ ഹാങ് മാറിയില്ലേ? ഇന്നലെ ഏതാ അടിച്ചത്? എന്നൊക്കെയുള്ള കളിയാക്കലും..എന്നാലും ബാറിൽ പോക്ക് നിർത്തിയില്ല. നിർത്താൻ കഴിഞ്ഞില്ല..
ഉള്ളതു പറയാല്ലോ കുടിച്ചു മുടിഞ്ഞ പൂർവികരും നാട്ടുകാരെ വാറ്റിക്കുടിപ്പിച്ച അപ്പനുമുള്ള എനിക്ക് ഒരു തുള്ളി കുടിക്കാൻ തോന്നിയിരുന്നില്ല..
എന്തു ചെയ്യാൻ വയറു നിറയെ ഭക്ഷണം മുറിയുടെ വാടക കൊടുക്കാനും പഠന ചെലവിനും എനിക്ക് തന്നു സഹായിക്കാൻ വേറാരുമില്ലല്ലോ..
അതുമല്ല ഒഴിച്ച് കൊടുക്കുന്ന കൗണ്ടറിലെ ഇടവേളയിൽ വിദ്യാഭ്യാസ മനഃശാസ്ത്ര പുസ്തകം ഒളിച്ചുവച്ചു പഠിക്കുന്ന എന്നെ കഴുത്തിനു പിടിച്ച് ഒരു പണിയുമില്ലാത്ത റിസപ്ഷനിൽ കൊണ്ടിരുത്തി ‘നീ ഇവിടിരുന്ന് പഠിച്ചോടാ’ എന്ന് പറഞ്ഞ ബാർ മുതലാളി സന്തോഷിന്റെ നല്ല മനസാണ് 1000ൽ 780 മാർക്ക് കിട്ടിയ എന്റെ ബി എഡ് സർട്ടിഫിക്കറ്റ്...
എല്ലാ വൈകിട്ടും സിഗ്നേച്ചർ വിസ്കി രണ്ട് പെഗ് ആസ്വദിച്ചു കഴിക്കുന്ന കഴുത്തിൽ ചങ്ങല പോലെ സ്വർണ മാലയും കൈകളിൽ നിറയെ മോതിരവുമുള്ള ഒരു എയ്ഡഡ് സ്കൂൾ മാഷിനോടു സഹ ബാർമാൻ “ഇവൻ നിങ്ങളെപ്പോലെ സാറാവാനുള്ള കോഴ്സ് പഠിക്കുന്നതാണ്..”എന്ന് പറഞ്ഞത് മുതൽ എനിക്കയാൾ ടിപ്സ് തരാൻ തുടങ്ങി ചാർട്ടും മാർക്കറും പേനയും ടീച്ചിംഗ് പ്രാക്ടീസിനുള്ള മറ്റു പലതും ആ കാശിലാണ്. എനിക്കവരെയൊന്നും തള്ളിപ്പറയാൻ കഴിയില്ല.വല്ലപ്പോഴും ബാർ മുതലാളി സ്റ്റാഫിന് കൊടുക്കുന്ന ഒരു പെഗ് അവിടെത്തന്നെ വിറ്റ് കാശാക്കിയിട്ടുമുണ്ട്…
വന്ന വഴിയൊന്നും നീതിയല്ലെന്ന് എനിക്കേറ്റവും ബോധമുണ്ട്. ഉപദേശിക്കാനോ നിർദേശിക്കാനോ ഒരു തുള്ളി യോഗ്യനുമല്ല. എന്നാലും പ്രിയപ്പെട്ട അധ്യാപകരെ നമ്മളിപ്പോൾ നിൽക്കുന്ന വഴി ഈ ലോകം ഏറ്റവും കാര്യമായി നോക്കുന്നുണ്ട്..
ചാറ്റ് ബോട്ടുകൾ നമ്മളെക്കാൾ ഭംഗിയായി വിജ്ഞാനം വിതരണം ചെയ്യാനൊരുങ്ങുന്ന കാലത്ത് നിലവിലുള്ള ചീത്തപ്പേരുകൾ നിന്നോട്ടെ ഇനിയും കൂടുതൽ പരിഹാസ്യ ബിരുദങ്ങൾ നേടാതിരിക്കുക..
Kerala
കോഴിക്കോട്: അധ്യാപകരുടെ നേതൃത്വത്തിലുള്ള ലഹരികച്ചവടത്തിലെ ഒരു കണ്ണി കൂടി പോലീസ് പിടിയില്. ചെങ്ങരോത്ത് ഓട്ടിസം സെന്ററിലെ സ്പെഷലിസ്റ്റ് അധ്യാപികയായ പേരാമ്പ്ര ആവള കുട്ടോത്ത് വലിയ പറമ്പില് നീഷ്മയാണു അറസ്റ്റിലായത്. ഇതോടെ കേസില് അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി.
പിടിയിലായ മൂവരും ലഹരി ഉപയോഗിച്ചിരുന്നെന്നും പോലീസ് കണ്ടെത്തി. കണ്ണൂര് ഇരിട്ടി സ്വദേശിയായ യുവാവും പോലീസിന്റെ വലയിലായി. മൂവരും പേരമ്പ്ര ബിആര്സിയിലെ താത്കാലിക അധ്യാപികമാരാണ്. കേസിൽ പിടിയിലായ മരുതോങ്കര സ്വദേശി കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അധ്യാപികയാണ്.
പേരാന്പ്ര ബിആര്സിയിലെ അധ്യാപികമാരുടെ സംശയം ശരിവയ്ക്കുന്നതാണ് കീര്ത്തനയ്ക്കും കാവ്യക്കും പിന്നാലെ നീഷ്മയുടെ അറസ്റ്റ്. മൂവരും പേരാന്പ്ര ബിആര്സിയിൽ തോളോട് തോൾ ചേര്ന്ന് പ്രവര്ത്തിച്ചവരാണ്. നീഷ്മ സ്പെഷൽ എജ്യുക്കേറ്ററാണ്. അറസ്റ്റിന് പിന്നാലെ കരാര് ജീവനക്കാരിയായ നീഷ്മയേയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു.
പിടിയിലായ അധ്യാപികമാർ ഇടനിലക്കാരായാണ് ലഹരിക്കച്ചവടം നടന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. മൂവര് സംഘത്തിന്റെ അക്കൗണ്ടിൽ ലഹരി ആവശ്യമുള്ളവര് പണം അയച്ചുകൊടുക്കും. ഇവർ എംഡിഎംഎയുടെ ഒളിത്താവളത്തിന്റെ സഞ്ചാരപാത ഗൂഗിൾ മാപ്പ് വഴി അയച്ചുകൊടുക്കുകയാണ് പതിവെന്ന് പോലീസ് പറയുന്നു.
ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചാണ് അധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. മയക്കുമരുന്ന് വിറ്റ് കിട്ടിയിരുന്ന പണം മൂവരും പങ്കിടും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര് സംസ്ഥാന സംഘവുമായും പ്രതികൾക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ച പോലീസ് കോടികളുടെ സാന്പത്തിക ഇടപാടുകളാണ് കണ്ടെത്തിയത്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച് മാസത്തിനിടെ ഒൻപത് ലക്ഷം രൂപയുമാണ് ലഹരി ഇടപാടിലൂടെ എത്തിയത്.
Kerala
വടകര: എംഡിഎംഎ വില്പനയ്ക്ക് ഇടനിലക്കാരായി പ്രവര്ത്തിച്ചതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശിനികളായ രണ്ട് അധ്യാപികമാരെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന് പോലീസ്.
ഇടപാടുകാരുടെ പണം അക്കൗണ്ടിലൂടെ കൈപ്പറ്റിയതിന് കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് കൊല്ലനാരി കാവ്യ (29), പേരാമ്പ്ര പൈതോത്ത് സ്വദേശിനി കെ.സി. കീര്ത്തന (30) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര ബിആര്സിയിലെ അധ്യാപികമാരാണ്ഇവര്.
മയക്കുമരുന്നിനായി ആളുകള് ഇവരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരുന്നത്. മയക്കുമരുന്ന് ഇടപാടില് അണിയറയില് പ്രവര്ത്തിച്ചുവരികയായിരുന്നു അധ്യാപികമാര്. ആസൂത്രിതമായ രീതിയിലാണ് അധ്യാപികമാര് ഉള്പ്പെട്ട സംഘം മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്.
പണം അക്കൗണ്ടില് എത്തിയെന്ന് ഉറപ്പുവരുത്തിയാല് ഇവര് ആവശ്യക്കാര്ക്ക് ലൊക്കേഷന് അയച്ചുനല്കും. തുടര്ന്ന് ഈ ലൊക്കേഷനില് മറ്റൊരു വ്യക്തി എത്തിയാണ് എംഡിഎംഎ കൈമാറിയിരുന്നത്. കസ്റ്റമറുമായി നേരിട്ട് അധ്യാപികമാര് സമ്പര്ക്കം പുലര്ത്തിയിരുന്നില്ല. ലക്ഷക്കണക്കിനു രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് ഇത്തരത്തില് വന്നുകൊണ്ടിരുന്നതെന്നു പോലീസ് പറഞ്ഞു.
ഈ മാസം ആദ്യം വടകര ആവിക്കല് സ്വദേശിയായ സഫുവാന് എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോണ് രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബര് സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
ഇവര്ക്ക് മയക്കുമരുന്ന് രംഗത്തെ വൻ മാഫിയകളുമായി ബന്ധമുണ്ടെന്ന സംശയം പോലീസിനുണ്ട്. ലഹരിക്കേസില് ആദ്യം അറസ്റ്റിലായ കീര്ത്തനയാണു കാവ്യയെക്കുറിച്ചുള്ള വിവരങ്ങള് പോലീസിനു കൈമാറിയത്.
ഈ മാസം 11ന് അറസ്റ്റിലായ കീര്ത്തനയെ സര്വീസില് നിന്ന് പിരിച്ചുവിട്ടു. പോലീസ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കാവ്യയെയും ഉടന് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കും.
പ്രധാനമായും കീര്ത്തനയുടെ അക്കൗണ്ടിലേക്കാണ് കൂടുതല് ആളുകള് പണം അയച്ചത്. കീര്ത്തനയുടെ അക്കൗണ്ടില്നിന്നു കാവ്യയുടെ അക്കൗണ്ടിലേക്കും പണം അയച്ചിട്ടുണ്ട്. ഇതിനു പുറമേ കാവ്യയുടെ അക്കൗണ്ടിലേക്ക് ഇടപാടുകാര് നേരിട്ട് പണം അയച്ചതായും അന്വേഷണത്തില് കണ്ടെത്തി.
ക്യൂആര് കോഡ് സ്കാന് ചെയ്താണു പണം അയച്ചത്. അധ്യാപികമാര് സ്കൂളുകള് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടിന് വിദ്യാര്ഥികളെ വലവീശിയിട്ടുണ്ടോയെന്ന് രക്ഷിതാക്കളില് ആശങ്കയുയര്ന്നിട്ടുണ്ട്.
Kerala
കോഴിക്കോട്: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാര്ക്കെതിരേ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. കേസിൽ റിമാൻഡിലായ മരുതോങ്കര സ്വദേശി കീര്ത്തനയെ സര്വശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഓഫീസര് പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ കെ.സി. കീര്ത്തന ഈമാസം 11നാണ് അറസ്റ്റിലായത്.
അതേസമയം, ശനിയാഴ്ച അറസ്റ്റിലായ ബിആര്സിയിലെ സ്പെഷൽ എജ്യുക്കേറ്റര് കൂരാച്ചുണ്ട് സ്വദേശി കാവ്യയ്ക്കെതിരായ നടപടി തിങ്കളാഴ്ചയുണ്ടാകും.
ഓപ്പറേഷൻ തൂഫാനിൽ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്വാനിൽ നിന്നാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്ണായക വിവരം പോലീസിന് ലഭിച്ചത്.
മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര് കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് അധ്യാപികമാര്ക്കെതിരെ കണ്ടെത്തിയത്.
District News
കോട്ടയം: ബൈക്ക് മറിഞ്ഞു പരിക്കേറ്റു രക്തം വാര്ന്നു റോഡരികില് കിടന്നിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് അധ്യാപികമാര്. പങ്ങട എസ്എച്ച് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് മെര്ലിന് ഫിലിപ്പ്, അധ്യാപിക മെര്ലിന് വി. സൗമ്യ എന്നിവര് ചേര്ന്നാണ് നെടുംകുന്നം സ്വദേശി സുജിത്തി(25)നെ കറുകച്ചാലിലെ മേഴ്സി ആശുപത്രിയില് എത്തിച്ചത്. കഴിഞ്ഞ 14നു വൈകുന്നേരം 4.30നു മൈലാടി -നെടുങ്കുന്നം റോഡിലെ കലവറപ്പടിയിലാണ് സംഭവം.
ഇവര് കാറില് വരുമ്പോഴാണ് ആള്ക്കൂട്ടം കണ്ടത്. ഈ സമയം ചങ്ങനാശേരി സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപിക സോണിയ ജോസഫിനെ കൂടി കണ്ടതോടെ ഇവര് കാർ നിര്ത്തുകയായിരുന്നു. ഇതോടെയാണ് യുവാവ് രക്തം വാര്ന്നു റോഡില് കിടക്കുന്നതു കണ്ടത്. ചുറ്റുപാടും നിരവധി പേര് കൂട്ടംകൂടി നിന്നിരുന്നുവെങ്കിലും യുവാവിനെ ആശുപത്രിയില് എത്തിക്കാന് ആരും തയാറായില്ല.
ഈ സമയത്ത് അധ്യാപികയായ സോണിയ ജോസഫ് പരിക്കേറ്റയാള്ക്കു വെള്ളം നല്കുകയായിരുന്നു. തുടര്ന്നു പ്രദേശവാസിയായ രഞ്ജിത്തിന്റെ സഹായത്തോടെ പരിക്കേറ്റയാളെ താങ്ങിപ്പിടിച്ചു കാറില് കയറ്റി സമീപത്തുള്ള മേഴ്സി ആശുപത്രിയില് എത്തിച്ചു. തുടര്ന്നു പ്രാഥമിക ശുശ്രൂഷ നല്കിയപ്പോഴേക്കും സുജിത്തിന്റെ സുഹൃത്തുക്കള് ഉള്പ്പെടെയുള്ളുവര് എത്തിച്ചേര്ന്നിരുന്നു.
തലയ്ക്കുള്പ്പെടെ പരിക്കേറ്റതിനാല് വിശദമായ പരിശോധനയ്ക്കായി യുവാവിനെ കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്കും പിന്നീട് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. അധ്യാപികമാര് വ്യാഴാഴ്ച പാമ്പാടി ആശുപത്രിയില് എത്തി സുജിത്തിനെ സന്ദര്ശിക്കുകയും ചെയ്തു. ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് സുജിത്ത്. സംഭവമറിഞ്ഞ പങ്ങട എസ്എച്ച് സ്കൂള് മാനേജര് ഫാ. സിറിള് കൈതക്കളം എംസിബിഎസ് അധ്യാപികമാരെ അഭിനന്ദിച്ചു.
International
അബുജ: നൈജീരിയയിലെ ഓയോ സംസ്ഥാനത്തുനിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ 39 വിദ്യാർഥികളെയും അഞ്ച് അധ്യാപകരെയും 56 ദിവസത്തിനുശേഷം സൈനികനീക്കത്തിലൂടെ മോചിപ്പിച്ചു.
ദൗത്യത്തിനിടെ ഏതാനും സൈനികർക്കു ജീവൻ നഷ്ടപ്പെട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഒറിയർ ലോക്കൽ ഗവൺമെന്റ് പരിധിയിൽനിന്ന് ‘അൻസാരു’ എന്ന തീവ്രവാദി ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ ഇവർ 56 ദിവസത്തോളമാണ് കൊടുംകാട്ടിൽ ഭീകരരുടെ തടവിൽ കഴിഞ്ഞത്. മോചിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നൽകിവരികയാണ്.
വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരായി തിരിച്ചെത്തിയതിൽ ഓയോ രൂപത ബിഷപ് ഇമ്മാനുവൽ ബഡേജോയും കുട്ടികളുടെ മാതാപിതാക്കളും ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചു. ജീവൻ ബലിനൽകിയ സൈനികരുടെ കുടുംബങ്ങളെ ബിഷപ് അനുശോചനം അറിയിക്കുകയും ചെയ്തു.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകള് ഇന്നു തുറക്കാനിരിക്കേ പാചകവാതക ക്ഷാമം മൂലം ഉച്ചഭക്ഷണവിതരണം മുടങ്ങുമെന്ന ആശങ്കയില് അധ്യാപകര്. പല സ്കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി ലഭിച്ചെങ്കിലും എല്പിജി സിലിണ്ടറുകള് ഇതുവരെ ലഭിച്ചിട്ടില്ല.
നിലവില് ഗ്യാസ് ഏജന്സിയില്നിന്ന് സ്കൂളുകളിലേക്ക് സിലിണ്ടര് എത്തിക്കും. സ്കൂള് അധികൃതര് ഏജന്സി ഓഫീസില് വിളിച്ച് ബുക്കിംഗ് നടത്തണം. ഓണ്ലൈന് ബുക്കിംഗ് ഇല്ല. നൂറു കുട്ടികള്ക്ക് ഒരു മാസം മിനിമം രണ്ട് വാണിജ്യ സിലിണ്ടറുകള് (വലുത്) വേണ്ടിവരും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല് സിലിണ്ടറുകള് വേണം.
വിറകടുപ്പുകള് പൊളിച്ചുമാറ്റാന് രണ്ടു വര്ഷം മുമ്പ് കര്ശന നിര്ദേശമുണ്ടായിരുന്നതിനാല് പല സ്ഥലത്തും താത്കാലിക അടുപ്പ് നിര്മിച്ചാണ് സ്കൂളുകളില് ആഹാരം പാകം ചെയ്യുന്നത്. മഴക്കാലത്ത് ഇത് കൂടുതല് പ്രയാസകരമാകും.
മെനു പ്രകാരമുള്ള ഉച്ചഭക്ഷണം മാത്രം പോരാ. ആഴ്ചയില് രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികള്ക്കു നല്കേണ്ടതുണ്ട്.
അതേസമയം, പാചകവാതകം ലഭിക്കാത്തതിനാല് പ്രധാനാധ്യാപകര്ക്കു ജോലിസമ്മര്ദം കൂടുകയാണ്.
District News
പാറശാല: പാറശാല രൂപതയിലെ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകരുടെ സംഗമം "റബ്ബോനി-2026' ചാരോട്ടുകോണം സെന്റ് ജോർജ് കത്തോലിക്ക തീർഥാടന പള്ളിയിൽ സംഘടിപ്പിച്ചു.
രൂപത വികാരി ജനറാൾ മോൺ. ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്തു. ബീന പ്രാർഥനാഗാനം ആലപിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സിജോ ബൈബിൾ വായനയ്ക്കും മണിവർണൻ പ്രാർഥനയ്ക്കും നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറി പി. വിൻസന്റ് അധ്യാപക പ്രതിജ്ഞചൊല്ലി കൊടുത്തു.
ഭദ്രാസനം ഡയറക്ടർ ഫാ. വർഗീസ് നടുതല സ്വാഗതം പറഞ്ഞു. പിഒസി ബൈബിൾ പരിഷ്കരണ കമ്മിറ്റി മുൻ ചെയർമാൻ ഫാ. ജോഷി മയ്യാറ്റിൽ അധ്യാപക സെമിനാറിനു നേതൃത്വം നൽകി. ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനത്തിൽ പാറശാല രൂപത ബിഷപ് ഡോ. തോമസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു.
2025 - 26 വർഷത്തിൽ ഭദ്രാസനത്തിൽ നടത്തപ്പെട്ട 10,12, ഡിഗ്രി മൂന്നാം വർഷം ക്ലാസുകളിലെ ഫൈനൽ പരീക്ഷകളിലെ ഫലപ്രഖ്യാപനവും ഇതോടൊന്നിച്ചു നടത്തി. സ്കോളർഷിപ്പ് പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായവരുടെ ഫലപ്രഖ്യാപനവും നടത്തി. സൺഡേ സ്കൂൾ അധ്യാപനത്തിൽ 25 വർഷം പൂർത്തിയാക്കിയ 29 അധ്യാപകരെ ആദരിച്ചു.സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ വർഗീസ് നടുതല സ്വാഗതവും ഭദ്രാസന സെക്രട്ടറി പി. വിൻസന്റ് നന്ദിയും പറഞ്ഞു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകരുടെ മുന്കൂര് ജാമ്യാപേക്ഷയില് 25ന് വിധി പറയും. കഴിഞ്ഞ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്.
തലശേരി ജില്ലാ സെഷന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കിയത്. നിതിന്റെ മരണത്തില് പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോണ് ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകരുടെ മുന്കൂര് ജാമ്യാപേക്ഷയില് പറയുന്നു. സംഭവ ദിവസം പ്രിന്സിപ്പലിന്റെ റൂമില് താന് ഇല്ലായിരുന്നുവെന്നും റാം വ്യക്തമാക്കി.
കഴിഞ്ഞ പത്തിനാണ് നിതിന് രാജ് കോളജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയത്. തുടർന്ന് അധ്യാപകർക്കെതിരെ ആരോപണം ഉയർന്നതോടെ ഡോ. റാമും സംഗീതയും ഒളിവില് പോകുകയായിരുന്നു.
Kerala
മലപ്പുറം (പാങ്ങ്): അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട അധ്യാപകർക്ക് നാടിന്റെ അന്ത്യാഞ്ജലി. വാൽപ്പാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്പതു പേരുടെ മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്മനാട്ടിൽ സംസ്കരിച്ചു.
പ്രിയപ്പെട്ട അധ്യാപകരെ അവസാനമായി ഒരുനോക്കു കാണാൻ വിദ്യാർഥികൾ അടക്കമുള്ള നിരവധി പേരാണ് എത്തിയത്. പാങ്ങ് അന്പലപ്പറന്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു പൊതുദർശനം.
പള്ളിപ്പറന്പ് എൽപി സ്കൂൾ അധ്യാപിക റംല, യുപി സ്കൂൾ അധ്യാപിക ഷക്കീല, സ്കൂൾ പാചകത്തൊഴിലാളി സാജിത എന്നിവരെ പാങ്ങ് വലിയ മഹല്ല് ജുമാ മസ്ജിദിലാണ് കബറടക്കിയത്. മാട്ടാത്ത് മഹല്ല് ജുമാ മസ്ജിദിൽ അധ്യാപകനായ മജീദ് മാസ്റ്ററെയും ഭാര്യ റുഖിയയെയും കബറടക്കി. സുഹ്റ ടീച്ചറുടെയും മകൻ ഹിഷാമിന്റെയും കബറടക്കം വടക്കൻ പാങ്ങ് മഹല്ല് ജുമാ മസ്ജിദിലായിരുന്നു.
പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശാ ടീച്ചറുടേത് കൊളത്തൂരിലുമുള്ള വീട്ടുവളപ്പിലും നടന്നു. ദുരന്തത്തിൽപ്പെട്ടവരെ അവസാനമായി കാണാനും പ്രാർഥിക്കാനുമായി പാങ്ങ് പ്രദേശത്തേക്കും മസ്ജിദുകളിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നിരവധി പേർ അപകടം നടന്ന സ്ഥലമായ പൊള്ളാച്ചിയിലേക്കും കോയന്പത്തൂരിലേക്കും പോയിരുന്നു.
തമിഴ്നാട്, കേരളം സംസ്ഥാന ഭരണകൂടങ്ങൾ ഏകോപനത്തോടെ പ്രവർത്തിച്ചത് മൃതദേഹങ്ങൾ വേഗത്തിൽ വിട്ടുകിട്ടാൻ സഹായകമായി. പോലീസ്, ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ വകുപ്പ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഒന്പത് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ പാങ്ങ് സ്കൂളിലെത്തിച്ചത്. പുലർച്ചെ അഞ്ചിനകം തന്നെ എല്ലാ മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയിരുന്നു.
രാവിലെ ഒന്പതോടെ പാങ്ങ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനം ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, എൻ. ഷംസുദ്ദീൻ എംഎൽഎ, കെ.പി.എ. മജീദ് തുടങ്ങി നിരവധി നേതാക്കൾ സ്ഥലത്ത് ക്യാന്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Kerala
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തത്. നിതിൻ രാജിന്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. എന്നാൽ റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പോലീസ്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ ഏഴംഗ സംഘത്തിനാണ് ചുമതല. കോളജിൽ അധ്യാപകരിൽ നിന്നടക്കം കടുത്ത ജാതി അധിക്ഷേപമടക്കം നിതിൻ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ശബ്ദ സന്ദേശമടക്കം പുറത്തുവന്നിട്ടുണ്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ സ്റ്റാഫ് റൂം പോലും നിതിനെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കൈയ്യും കാലും വെട്ടുമെന്നും പറയുന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
Kerala
കൊച്ചി: സംസ്ഥാനത്തെ എല്ലാ എയ്ഡഡ് സ്കൂളുകളിലെയും ഭിന്നശേഷി ഒഴിവുകളല്ലാത്ത നിയമനങ്ങള്ക്ക് അംഗീകാരം നല്കാന് തീരുമാനമെടുത്ത് സര്ക്കാര് ഉത്തരവിറക്കിയതോടെ ഇതുമായി ബന്ധപ്പെട്ട ഹര്ജികള് ഹൈക്കോടതി തീര്പ്പാക്കി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്എസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് മറ്റ് എയ്ഡഡ് സ്കൂളിലെ നിയമനങ്ങള്ക്കും ഇളവനുവദിച്ച് ഫെബ്രുവരി 18ന് സര്ക്കാര് പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് ജസ്റ്റീസ് എന്. നഗരേഷ് ഹര്ജികള് തീര്പ്പാക്കിയത്.
അധ്യാപക നിയമനങ്ങള്ക്ക് അംഗീകാരം നല്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക സ്കൂള് മാനേജ്മെന്റുകളും വിവിധ അധ്യാപകരുമടക്കം നല്കിയ ഹര്ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ടു ഇതുവരെ നൽകിയ ഇളവുകൾക്കു പുറമേ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ.
സുപ്രീംകോടതിയിൽ കെ-ടെറ്റുമായി ബന്ധപ്പെട്ട് സർക്കാർ ഫയൽ ചെയ്തിട്ടുള്ള പുനഃപരിശോധനാ ഹർജിയുടെ അന്തിമ വിധിന്യായത്തിനു വിധേയമായി അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്;
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർവീസിൽ തുടരുന്നതും, 2025 സെപ്റ്റംബർ ഒന്നിനു മുൻപ് പ്രൊമോഷൻ/ ബൈട്രാൻസ്ഫർ നിയമനത്തിന് അർഹതയുള്ള സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് അവർ അതത് കാറ്റഗറിയിലെ കെ-ടെറ്റ് യോഗ്യത 2025 സെപ്റ്റംബർ ഒന്നു മുതൽ രണ്ടുവർഷത്തിനകം നേടണമെന്ന നിബന്ധനയിൽ താൽകാലിക പ്രൊമോഷൻ/ബൈട്രാൻസ്ഫർ നിയമനം നൽകുന്നതാണ്.
അതാത് കാറ്റഗറിയിൽ കെ-ടെറ്റ് ഉള്ളവർക്ക് സ്ഥിരമായി പ്രൊമോഷൻ നൽകാവുന്നതാണ്. ഹയർസെക്കൻഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്/ലാബ് അസിസ്റ്റന്റ് എന്നിവർക്ക് നിശ്ചിത കെ-ടെറ്റ് യോഗ്യത ആവശ്യമില്ലാത്തതിനാൽ അവർക്ക് എച്ച്എസ്എസ്ടി/
എച്ച്എസ്എസ്ടി ജൂനിയർ യോഗ്യതയുള്ള പക്ഷം ബൈട്രാൻസ്ഫർ പ്രൊമോഷന് പരിഗണിക്കാവുന്നതാണ്.
യോഗ്യത സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിനും വളരെ മുൻപുതന്നെ സർവീസിലുള്ള അധ്യാപകർക്ക് യോഗ്യത നേടുന്നതിനായി സർക്കാർ 2024, 2025, 2026 വർഷങ്ങളിൽ പ്രത്യേക പരീക്ഷകൾ നടത്തിയിരുന്നു. ഇത് വർഷത്തിൽ രണ്ടു പരീക്ഷ എന്ന തോതിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർവീസിലുള്ള ഒരു അധ്യാപകനും ജോലി നഷ്ടപ്പെട്ടു പുറത്തുപോകരുത് എന്നാണ് സർക്കാർ നയമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (ഡിഎ) കുടിശികയും പെൻഷൻകാരുടെ ക്ഷാമാശ്വാസ (ഡിആർ) കുടിശികയും അനുവദിച്ചു കൊണ്ടു സർക്കാർ ഉത്തരവിറങ്ങി.
2026-27 സാന്പത്തിക വർഷം മുതൽ എട്ടു ഗഡുക്കളായി കുടിശിക വിതരണം ചെയ്യുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
കുടിശിക വിതരണം ചെയ്യുന്നതു സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നാലെ ഇറക്കുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
Kerala
കൊച്ചി: അങ്കമാലിയിലെ ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്.
അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്ലിയ പഠിച്ച മോർണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും അറിയിച്ചു.
അതേസമയം, പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.
ശനിയാഴ്ച വൈകിട്ട് ദേശീയ പാതയിൽ അങ്കമാലി ടെക് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മസ്തിഷ്കമരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.
Kerala
തിരുവനന്തപുരം: നിയമനം ലഭിച്ച് പത്തു വർഷമായിട്ടും സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിയമനം ലഭിച്ച അധ്യാപകർക്ക് നോഷണലായി നിയമനാംഗീകാരം തുടരുന്നതിനെതിരേ അധ്യാപകരുടെ ഡിജിഇ ഓഫീസ് ധർണ ഇന്ന് നടക്കും.
നിയമനാംഗീകാരം നോഷണലായതിനാൽ ഈ കാലയളവിൽ ജോലി ചെയ്ത അധ്യാപകർക്ക് ശന്പളം ലഭിച്ചിട്ടില്ല. 3000 ത്തോളം അധ്യാപകരാണ് ഇത്തരത്തിൽ ദുരിതത്തിലായിരിക്കുന്നത്. ചെയ്ത ജോലിക്കുള്ള വേതനം മൗലീകാവകാശമാണെന്നിരിക്കെ നിയമനാംഗീകാരം നേടി വർഷങ്ങൾ പിന്നിട്ടിട്ടും സർക്കാർ ശന്പളം നല്കാതിരിക്കുന്നത് അധ്യാപകർക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നതെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്നു രാവിലെ 10ന് നടക്കുന്ന ഡിജിഇ ഓഫീസ് ധർണ എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
National
കേന്ദ്രപാറ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിൽ 13 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അഞ്ച് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകിയത്. പിന്നീട് രാജ്കണിക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് മാലിക് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ യു.ഐ.ഡി രേഖപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടിനൽകിയതിലൂടെ 175 അധ്യാപകർക്ക് നഷ്ടപ്പെട്ട തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
2025-26 അധ്യയന വർഷത്തെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
2025 ജൂണ് 10-ലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പിൽ യുഐഡി ലഭ്യമാകാതിരുന്ന കുട്ടികൾക്ക് ജൂലൈ 14 വരെ ലഭിച്ച രേഖകൾ കൂടി പരിഗണിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
Kerala
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ നിയമനാംഗീകാരം തടയപ്പെട്ട എയ്ഡഡ് സ്കൂളുകളിലെ 20,000ത്തിലേറെയുള്ള അധ്യാപകർക്കു സ്ഥിരനിയമനം നൽകാൻ ഉത്തരവ്. ഭിന്നശേഷി സംവരണ നിയമന തസ്തികകൾ ഒഴിച്ചിട്ടു ബാക്കിയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാനാണ് നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള സർക്കാർ തീരുമാനം.
എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി ഇതര മാനേജ്മെന്റുകൾക്ക് കീഴിലുള്ള നിയമനങ്ങൾക്കുകൂടി ബാധകമാക്കാൻ തീരുമാനിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
20,000ത്തിലേറെ അധ്യാപകരുടെ നിയമനാംഗീകാരം വർഷങ്ങളായി തടഞ്ഞുവച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരേ വിവിധ ക്രൈസ്തവ സഭകളും മതമേലധ്യക്ഷന്മാരും രംഗത്തുവന്നതോടെയാണ് സർക്കാർ നടപടി. വിധി ഇതര മാനേജ്മെന്റുകൾക്ക് കൂടി ബാധകമാക്കാനായി സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചിരുന്നു. കേസ് ഏപ്രിൽ 14ലേക്ക് മാറ്റിയിരുന്നു.
കേസിലെ അന്തിമ വിധിക്ക് വിധേയമായി ഇതര മാനേജ്മെൻറുകൾക്ക് കീഴിലെ നിയമനങ്ങൾക്കും അംഗീകാരം നൽകാനാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ കോർപറേറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള 893 സ്കൂളുകളിലേയും 1171 സിംഗിൾ മാനേജ്മെന്റ് സ്കൂളുകളും അടക്കം 2064 സ്കൂളുകളിലെ അധ്യാപകർക്കാണ് നിയമനാംഗീകാരം.
നിയമന തീയതി മുതൽ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നിയമനാംഗീകാര പ്രൊപ്പോസലുകൾ മാർച്ച് നാലിനകം വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ചു തീർപ്പാക്കണം. ഇതിൽ തീർപ്പാകാത്തവ വിദ്യാഭ്യാസ ഉപഡയറക്ടർ അദാലത്ത് നടത്തി മാർച്ച് 12നകം തീർപ്പാക്കണം. തുടർന്നും അവശേഷിക്കുന്നവ പൊതുവിദ്യാഭ്യാസ ഡയറക്ടർ അദാലത്ത് നടത്തി ഒരാഴ്ചയ്ക്കകം തീർക്കണം.
ഇതിനുശേഷവും തീർപ്പുകൽപ്പിക്കാത്തവ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുകയും ഒരാഴ്ചക്കകം തീർപ്പാക്കുകയും ചെയ്യണം. നടപടികളുടെ പുരോഗതി റിപ്പോർട്ട് ആഴ്ചയിൽ ഒരു തവണ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിക്കണം. ഇതിനായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടർ പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു.
എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി ലഭിച്ച വിധി അവർക്ക് മാത്രം ബാധകമെന്നും മറ്റുള്ളവർക്കു നടപ്പാക്കാനാകില്ലെന്നും സർക്കാർ നേരത്തെ നിയമോപദേശം വാങ്ങിയിരുന്നു. ഈ വാദം ഉയർത്തിയാണ് ഒരു വർഷത്തോളമായി ആവശ്യം സർക്കാർ നിരാകരിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സമരവും വിമർശനവും കടുത്തതോടെയാണ് വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ തീരുമാനിച്ചത്.
സുപ്രീംകോടതിയിലുള്ള ഹർജിയുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റിവച്ചിട്ടുള്ള മറ്റ് മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂളുകളിലും താത്കാലിക ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് സീനിയർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി വിശദീകരിച്ചു.
ഭിന്നശേഷി നിയമന പ്രശ്നം കാരണം താത്കാലിക നിയമനാംഗീകാരത്തിലും ദിവസവേതനത്തിലുമായി തുടരുന്ന ഇരുപതിനായിരത്തിലേറെ അധ്യാപകർക്കാണ് ഇതുവഴി സ്ഥിരം നിയമനത്തിന് വഴിയൊരുങ്ങുന്നത്.
Kerala
പാലാ: 22,000ത്തിലധികം അധ്യാപകര്ക്ക് സ്ഥിര നിയമനാംഗീകാരം നിശ്ചിത സമയത്തിനുള്ളില് നല്കുവാനുളള സര്ക്കാര് തീരുമാനം സ്വാഗതാര്ഹമെന്ന് കേരള സ്കൂള് ടീച്ചേഴ്സ് ഫ്രണ്ട്.
സ്കൂളുകളിലെ അധ്യാപക നിയമനാംഗീകാരത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരുമാനമെടുത്ത കേരള സര്ക്കാരിനെയും ഈ തീരുമാനത്തിലേക്ക് നയിച്ച കേരള കോണ്ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എംപി യെയും കേരള സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ടോബിന് കെ. അലക്സ് അഭിനന്ദിച്ചു.
Kerala
കൊല്ലം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശേരി.
എൻഎസ്എസിനു ബാധകമായ വിധി മറ്റു മനേജുമെന്റുകൾക്കും ബാധകമാണെന്ന് വിദഗ്ധ നിയമോപദേശം ലഭിച്ചുവെന്നാണ് പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞിട്ടുള്ളത്. ഇത് കത്തോലിക്ക മാനേജുമെന്റുകൾ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.
സുപ്രീംകോടതിയുടെ വിധിയിൽതന്നെ സമാനമായ മാനേജുമെന്റുകൾക്കു ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത് സർക്കാരിനെ കത്തോലിക്ക മാനേജ്മെന്റുകൾ അറിയിച്ചിരുന്നതാണ്. ഈവിഷയം സമവായത്തിലൂടെ പരിഹരിക്കുവാൻ മാനേജുമെന്റുകൾ വിദ്യാഭ്യാസമന്ത്രിയെ കണ്ടപ്പോഴെല്ലാം പറഞ്ഞിരുന്നതാണ്.
തെരഞ്ഞെടുപ്പിന്റെ ഈ സാഹചര്യത്തിലുള്ള നിലപാടുമാറ്റം പലവിധത്തിലുള്ള സംശയങ്ങളും ജനിപ്പിക്കുന്നുണ്ട്. എങ്കിലും കാര്യങ്ങളെ പോസിറ്റീവായി സമീപിക്കാനാണ് കത്തോലിക്ക സഭയ്ക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ കോടതി വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ നടപടി തുടങ്ങി. ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാതെ മറ്റ് അധ്യാപകർക്കു നിയമനം കിട്ടില്ലെന്ന നിബന്ധനയിലാണ് എൻഎസ്എസിനു നേരത്തെ ഒഴിവ് കിട്ടിയിരുന്നത്.
ഭിന്നശേഷിക്കാർക്കുള്ള സീറ്റ് നീക്കിവച്ച ശേഷം നിയമനം നടത്താനുള്ള അനുവാദമാണ് എൻഎസ്എസിനു ലഭിച്ചത്. ഇതു സമാന മാനേജ്മെന്റുകൾക്കും അനുവദിക്കാമെന്നു സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നെങ്കിലും സർക്കാർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു നടപടിയെടുത്തിരുന്നില്ല. ക്രൈസ്തവ മാനേജ്മെന്റുകൾ അടക്കം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സർക്കാർ അനുകൂല നിലപാടിലേക്ക് ഇപ്പോൾ വന്നത്.
തുടർന്നു മറ്റു മാനേജ്മെന്റുകൾക്കും വിധി ബാധകമാക്കുന്നതിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. ഇതിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, അന്തിമ വിധിക്കു കാക്കാതെ അനുകൂലമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്. വിവിധ എയ്ഡഡ് മാനേജ്മെന്റുകൾക്ക് അധ്യാപക നിയമനം സ്ഥിരപ്പെടുത്തി കിട്ടാനുള്ള
പ്രതിസന്ധി ഇതോടെ നീങ്ങും.
എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ക്രൈസ്തവ സഭ മാനേജ്മെന്റുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക ണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങളും നടന്നിരുന്നു.
Kerala
കോട്ടയം: അടുത്ത അധ്യായന വര്ഷത്തേക്കുള്ള പാഠപുസ്തകങ്ങള് സ്കൂളുകളില് എത്തിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങൾ അധ്യാപകർക്ക് തിരിച്ചടിയാവുകയാണ്. 15 വര്ഷമായി സ്കൂളുകളില് കെട്ടിക്കിടക്കുന്ന പഴയ പുസ്തകങ്ങളുടെ വില പിഴപ്പലിശയുള്പ്പെടെ അടയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് ആയിരക്കണക്കിന് അധ്യാപകര്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
2010 മുതല് സ്കൂളുകളില് മിച്ചംവന്ന പുസ്തകങ്ങളുടെ വില 18 ശതമാനം പലിശയടക്കം ട്രഷറിയില് അടയ്ക്കാന് 2022ല് സര്ക്കാര് ഉത്തരവിട്ടിരുന്നു. അധ്യാപകരുടെ പരാതികള് പരിഗണിച്ചതിനുശേഷമേ വിഷയത്തില് തീരുമാനമെടുക്കാവൂ എന്ന ഹൈക്കോടതി നിര്ദ്ദേശം നിലനില്ക്കെയാണ് പിഴ അടയ്ക്കാന് ഡിഇഒമാര് സമ്മര്ദം ചെലുത്തുന്നത്. നിലവിലെ പ്രധാന അധ്യാപകര് മുന്കാലം മുതലുള്ള പുസ്തകവിലയും പലിശയും അടയ്ച്ചില്ലെങ്കില് വിരമിക്കുമ്പോള് പെന്ഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല.
മുന്കാല അധ്യാപകര് വരുത്തിവച്ച ബാധ്യതയും നിലവിലെ പ്രധാനാധ്യാപകര് ഒടുക്കേണ്ട ബാധ്യതയാണ്. ഇത്തരത്തില് രണ്ടും മൂന്നും ലക്ഷം രൂപ അടച്ച് അടുത്ത മാസം വിരമിക്കാനൊരുങ്ങുകയാണ് പലരും. സര്ക്കാരുകളുടെയും പ്രസുകളുടെയും പിടിപ്പുകേടു മൂലമാണ് സ്കൂളുകളില് പുസ്തകങ്ങള് മിച്ചം വരിക. വൈകി വിതരണത്തിന് വരുന്ന പുസ്തകങ്ങള് വിദ്യാർഥികൾ വാങ്ങാന് താല്പര്യപ്പെടില്ല. സിലബസ് മാറ്റം വന്നാല് പഴയ സ്റ്റോക്ക് അപ്പാടെ കെട്ടിക്കിടക്കും.
ഒന്നു മുതല് എട്ടു വരെ ക്ലാസുകളില് എയ്ഡഡ്, ഗവ. സ്കൂളുകളില് പുസ്തകം സൗജന്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്ക്കാണ് വില നല്കേണ്ടത്. അടുത്ത അധ്യായന വര്ഷത്തേക്കുള്ള പുസ്തകങ്ങളുടെ ഓര്ഡര് സ്കൂളുകള് തലേ വര്ഷം നവംബറില് വിദ്യാഭ്യാസ വകുപ്പില് അറിയിക്കണം. വിദ്യാർഥികളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും സ്കൂളുകൾക്കു ബാധ്യതയാണ്.
2010 മുതലാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിലേക്ക് നേരിട്ട് പുസ്തകം വിതരണം ചെയ്യാന് തുടങ്ങിയത്. കണക്കെടുപ്പും തലയെണ്ണലുമില്ലാതെ അടുത്ത അധ്യായന വര്ഷത്തേക്കുള്ള പുസ്തകങ്ങള് മുന്പേയെത്തിച്ചാല് സ്കൂളുകള്ക്ക് ബാധ്യത കൂടുകയേയുള്ളു. അടുത്ത വര്ഷം കുട്ടികളുടെ കുറവുണ്ടായാല് പുസ്തക ബാധ്യത അധ്യാപകരുടെ ചുമലില് വരും.
അതേ സമയം പാഠപുസ്തകങ്ങള് അച്ചടിക്കുന്ന സര്ക്കാര് പ്രസുകളിലും ഗോഡൗണുകളിലും സ്റ്റോറുകളും കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ പാഠപുസ്തകങ്ങള് പടക്കക്കമ്പനികള് കടലാസ് വിലയ്ക്ക് തൂക്കി വാങ്ങുകയാണ് പതിവ്. അവിടെനിന്നും പാഠപുസ്തകങ്ങള് ബീഡിപ്പടക്കമായി തിരികെ വരുമ്പോള് ഇവിടെ പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യത തീര്ക്കാന് നെട്ടോട്ടത്തിലാണ് അധ്യാപകര്.
Kerala
ചങ്ങനാശേരി: യുഡിഎഫ് സര്ക്കാര് അധികാരത്തില് എത്തിയാല് ഭിന്നശേഷി സംവരണ വിഷയം ഉള്പ്പെടെ അധ്യാപകരുടെ ന്യായമായ ആവശ്യങ്ങള്ക്കു പരിഹാരമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന സമ്മേളനം എസ്ബി കോളജിലെ മാര് കാവുകാട്ട് ഹാളില് ഓണ്ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഭിന്നശേഷി സംവരണ വിഷയത്തില് എന്എസ്എസ് സുപ്രീം കോടതിയില്നിന്നും ഉത്തരവ് സമ്പാദിച്ചു. ഏതെങ്കിലും പൊതുവായ വിഷയത്തില് ഒരുവിധിയുണ്ടായാല് ആ വിധി അതേ പ്രശ്നമുള്ള എല്ലാവര്ക്കും ബാധകമാണെന്ന് സുപ്രീം കോടതി ഉത്തരവില് പറയുന്നുണ്ട്. ഈ വിധി നിലനില്ക്കേ അഡ്വേക്കേറ്റ് ജനറലിന്റെയും നിയമ പണ്ഡിതരുടെയും ഉപദേശം വാങ്ങി കോടതിയില് സത്യവാംഗ്മൂലം നല്കി കാര്യങ്ങള് മനപൂര്വം വൈകിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്ന് സതീശന് കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി ദുര്വ്യാഖ്യാനം ചെയ്ത് അധ്യാപകനിയമനം നടത്താതിരിക്കാനാണ് സര്ക്കാര് ശ്രമം.
യുഡിഎഫ് അധികാരത്തില് വന്നാല് ഒരു നിയമ തടസവുമില്ലാതെ ഈ അധ്യാപക നിയമനങ്ങള് നടത്തുമെന്ന് ഉറപ്പു നല്കുന്നതായും സതീശന് കൂട്ടിച്ചേര്ത്തു. ഡിഎ അവകാശമല്ലെന്നു പറഞ്ഞ് കോടതിയില് പോയ സര്ക്കാര് ഇനി നാളെ എട്ടുമണിക്കൂര് ജോലി അവകാശമല്ലന്നും പറഞ്ഞ് കോടതിയില് പോകുമോ എന്നും സതീശൻ പരിഹസിച്ചു. അനാവശ്യമായ യോഗ്യതാ പരീക്ഷകള് നടത്തി മനപൂര്വമായി അധ്യാപകരെ ദ്രോഹിക്കുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്.
അടുത്തകാലത്തുണ്ടായ ചില ഉത്തരവുകള് ഇതാണ് സൂചിപ്പിക്കുന്നത്. എയ്ഡഡ് വിദ്യഭ്യാസ മേഖലയോട് സര്ക്കാരിനു ശത്രുതാ മനോഭാവമാണുള്ളത്. കേരളത്തിലെ വിദ്യാഭ്യസ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങള് ഉണ്ടാക്കാന് സര്ക്കാര് മേഖലയോടൊപ്പം എയ്ഡഡ് മേഖലയും വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. സര്ക്കാര് മേഖലയേയും എയ്ഡഡ് മേഖലയേയും രണ്ടായി കാണുന്ന സമീപനം യുഡിഎഫിനില്ല. എയ്ഡഡ് സ്കൂളുകള്ക്ക് എംഎല്എ ഫണ്ട് അനുവദിക്കുന്നതില് നിയന്ത്രണം ഏര്പ്പെടുത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി.
കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ആര്ച്ച് ബിഷപ് മാര് തോമസ് തറയില് ആമുഖ പ്രസംഗം നടത്തി. സഭയുടെ ഹൃദയത്തിലാണ് അധ്യാപകരുടെ കരുതലെന്ന് മാര് തോമസ് തറയിൽ പറഞ്ഞു.
നീതിക്കുവേണ്ടിയാണ് അധ്യാപകര് പ്രതികരിച്ചതെന്നും കത്തോലിക്ക വിദ്യാഭ്യാസ മേഖലയെ തകര്ക്കാന് ഗൂഡശ്രമം നടക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരി പറഞ്ഞു. പാലാ ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സര്ക്കാരിന്റെ ഏറ്റവും വലിയ അഭ്യൂദയകാംഷികളാണ് എയ്ഡഡ് മാനേജ്മെന്റ്. വിവിധ ഉത്തരവുകളിലൂടെ എയ്ഡഡ് മേഖലയെ തകര്ക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതായി മാര് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സംസ്ഥാന ഡയറക്ടര് ഫാ.ആന്റണി അറയ്ക്കല് അവാര്ഡു പ്രഖ്യാപനം നടത്തി. ചങ്ങനാശേരി അതിരൂപത വികാരി ജനറാള് ഫാ. സ്കറിയ കന്യാകോണില് അവാര്ഡുകള് സമ്മാനിച്ചു. ജോബ് മൈക്കിള് എംഎല്എ, ചങ്ങനാശേരി മുനിസിപ്പല് ചെയര്മാന് ജോമി ജോസഫ്, എസ്ബി കോളജ് പ്രിന്സിപ്പല് റവ. ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്, ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന സെക്രട്ടറി ഷൈനി കുര്യാക്കോസ്, ചങ്ങനാശേരി അതിരുപത പ്രസിഡന്റ് ഈശോ തോമസ് എന്നിവര് പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ജി.ബിജു വാര്ഷിക റിപ്പോര്ട്ട് അവതരിപ്പിച്ചു.
ചങ്ങനാശേരി അതിരൂപത കോര്പററ്റ് മാനേജര് ഫാ. ജബി ആന്റണി മൂലയില് സ്വാഗതവും സംസ്ഥാന ട്രഷറര് റോബിന് മാത്യു നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില് നിന്നും എസ്ബി കോളജിലേക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയും നടന്നു. റാലി കൊടിക്കുന്നില് സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. റാലിയിലും സമ്മേളനത്തിലും കേരളത്തിലെ വിവിധ രൂപതകളില് നിന്നുള്ള ആയിരക്കണക്കിന് അധ്യാപകര് പങ്കെടുത്തു.
Kerala
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില് അധ്യാപകര്ക്കുണ്ടായ പ്രശ്നങ്ങള് പരിഹരിക്കുവാന് സര്ക്കാര് ശ്രമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്കുട്ടി. എന്എസ്എസിനു അനുകൂലമായ വിധി എല്ലാവര്ക്കും ബാധകമാക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്. കോടതിവിധിയില് മാനേജ്മെന്റ് വേണ്ടവിധം കേസ് ശ്രദ്ധിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി അധ്യാപക സംഘടനകളുടെയും മാനേജുമെന്റിന്റെയും പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. കേസ് കോടതിയിലേക്ക് പോയ സാഹചര്യത്തില് എന്എസ്എസിനു അനുകൂലമായ വിധി എല്ലാവര്ക്കും ബാധകമാക്കാന് മാനേജ്മെന്റും അധ്യാപകരും കോടതിയില് കക്ഷിചേരുവാന് ആവശ്യപ്പെട്ടു. എന്നാല് വേണ്ടരീതിയില് ശ്രദ്ധചെലുത്തുവാന് മാനേജ്മെന്റുകള് ശ്രമിച്ചില്ല.
സംസ്ഥാനത്ത് ഹൈക്കോടതിയുടെ ഉത്തരവാണ് നാലുശതമാനം ഭിന്നശേഷിക്കാര്ക്കു നിയമനം നടത്തിയതിനുശേഷമേ എയ്ഡഡ് മാനേജ്മെന്റ് ഓപ്പണ് വേക്കന്സിയില് നടത്താവു എന്നുള്ളത്. കോടതി വിധിപറഞ്ഞ അവസരത്തില് ആര്ക്കൊക്കെയാണു മുന്ഗണ കൊടുക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഓരോ പരിമിധിയിലുള്ളവരെ സംബന്ധിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
കോടതി പറഞ്ഞതുപോലെയുള്ള സീനിയോരിറ്റിയുള്ള അധ്യാപകരെ ലഭിക്കുന്നില്ലെന്ന മാനേജ്മെന്റ് പറയുന്നതു ശരിയാണ്. ഭിന്നശേഷിക്കാരായ അധ്യാപകരെ കിട്ടാതെ വന്നാല് ഒരു വര്ഷക്കാലം കാത്തിരിക്കാനാണു കോടതി പറഞ്ഞിരിക്കുന്നത്. ഒരു വര്ഷം താല്കാലികമായി അധ്യാപകരെ നിയമിക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. ഈ അധ്യാപകര്ക്കു അനുകുല്യങ്ങള് നല്കും. ഇതു ഗവണ്മെന്റ് എടുത്ത തീരുമാനമല്ലെന്നും മന്ത്രി പറഞ്ഞു.
കോര്പറേറ്റ് മാനേജ്മെന്റും സിംഗിള് മാനേജ്മെന്റും ഈ കേസ് വേണ്ടവിധം ശ്രദ്ധിച്ചില്ല. കോടതിവിധി വന്നതോടെ ഭിന്നശേഷിക്കാര്ക്കു നിയമനം കൊടുക്കാതെ പറ്റില്ല. അതിനുശേഷമാണ് എന്എസ്എസ് സുപ്രീംകോടതിയില് കേസ് ഫയല് ചെയ്തത്. ഈ പരാതിയില് ഗവണ്മെന്റ് അനുകൂലമായ നിലപാട് സ്വീകരിച്ചു. അതിനുശേഷം സര്ക്കാര് നിയമോപദേശം തേടി. നിരവധി കേസുകള് ഉള്ളതിനാല് ഇതു എന്എസ്എസിനു മാത്രം ബാധതകമാണെന്ന് നിയമോപദേശം വന്നിരുന്നു.
അതിനുശേഷം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്ത്തു പറഞ്ഞു. എന്എസ്എസിന്റെ വിധി മറ്റു മാനേജ്മെന്റുകള്ക്കും ബാധകമാക്കാന് അഫഡവിറ്റ് നല്കാന് ആവശ്യപ്പെട്ടു. ഇതിനുസരിച്ചു അഫിയവിറ്റ് ഫയൽ ചെയ്തപ്പോള് 400 അധ്യാപകരും 10 താഴെയുള്ള മാനേജ്മെന്റും തങ്ങളുടെ ഭഗം കൂടി കേട്ടതിനുശേഷം അന്തിമതീരുമാനം എടുക്കാവുമെന്ന് പറഞ്ഞ് എസ്എല്പി ഫയല് ചെയ്തു. തുടര്ന്നു സുപ്രീം കോടതി രണ്ടു തവണ കേസ് മാറ്റിവച്ചിരിക്കുകയാണ്.
താമസിക്കാതെ തന്നെ വിഷയത്തിനു പരിഹാരം കാണണമെന്ന് സുപ്രീം കോടതിയില് വാദിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥനത്തെ അഡ്വക്കേറ്റ് ജനറലിനോടും നിയമപദേശം വാങ്ങിയിട്ടുണ്ട്. ഇവരെ എങ്ങനെ സഹായിക്കാന് കഴിയുമെന്ന കാര്യം സര്ക്കാരിന്റെ സജീവ പരിഗണനയിലാണ്. സര്ക്കാര് തുറന്ന മനസോടെയാണ് ഇക്കാര്യത്തെ കാണുന്നത്. എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിലും മാനേജ്മെന്റുകളുടെ ബുദ്ധിമുട്ട് കോടതിയെ ബോധ്യപ്പെടുത്താമായിരുന്നുവെന്നും ശിവന്കുട്ടി പറഞ്ഞു.
Kerala
ചങ്ങനാശേരി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് സംസ്ഥാന സമ്മേളനത്തെടനുബന്ധിച്ച് ചങ്ങനാശേരിയിൽ ഇന്ന് അധ്യാപക അവകാശ സംരക്ഷണ റാലി നടക്കും.
ഇന്നു രാവിലെ ഒമ്പതിന് ചങ്ങനാശേരി ആര്ച്ച്ബിഷപ്സ് ഹൗസില്നിന്ന് ആരംഭിക്കുന്ന റാലി സമ്മേളനനഗരിയായ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ സമാപിക്കും.
ആയിരക്കണക്കിന് അധ്യാപകര് റാലിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കൊടിക്കുന്നില് സുരേഷ് എംപി ഫ്ളാഗ് ഓഫ് ചെയ്യും. എസ്ബി കോളജ് കാവുകാട്ട് ഹാളില് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിക്കും. ആര്ച്ച്ബിഷപ് മാര് തോമസ് തറയില് ആമുഖ പ്രഭാഷണം നടത്തും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള് ആന്റണി മുല്ലശേരി മുഖ്യപ്രഭാഷണവും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും നടത്തും.
അതിരൂപത വികാരി ജനറാള്മാരായ മോണ്. ആന്റണി ഏത്തയ്ക്കാട്ട്, മോണ്. സ്കറിയ കന്യാകോണില്, നഗരസഭാ ചെയര്മാന് ജോമി ജോസഫ്, ജോബ് മൈക്കിള് എംഎല്എ, അതിരൂപത കോര്പറേറ്റ് മാനേജര് ഫാ. ആന്റണി മൂലയില്, സംസ്ഥാന ഭാരവാഹികളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുബാഷ് മാത്യു എന്നിവര് പ്രസംഗിക്കും.
Kerala
കൊച്ചി: വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല.
അധ്യാപകൻ നൽകുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികൾ പരിശോധിക്കണം.
വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. കുട്ടിയുടെ പിൻഭാഗത്ത് ചൂരൽ കൊണ്ട് അടിച്ചതിനെതിരെയാണ് അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാൽ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നും അധ്യാപകൻ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നും കോടതി കണ്ടെത്തി.
Kerala
കൊച്ചി: സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കു കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി, തസ്തിക നിർണയത്തിലൂടെ പുറത്തായവർക്കും താഴ്ന്ന തസ്തികകളിലേക്കു മാറ്റപ്പെട്ടവർക്കും തിരിച്ചടിയാവും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും കെ-ടെറ്റിന്റെ പേരിൽ ആയിരക്കണക്കിന് അധ്യാപകരെയാണ് ജോലി നഷ്ടമായേക്കുന്ന സ്ഥിതി കാത്തിരിക്കുന്നത്.
സ്കൂളുകളിൽ അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായ ശേഷം വിദ്യാർഥികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടമായ അധ്യാപകർ, പുനർനിയമനം തേടുന്പോൾ നിശ്ചിത കെ-ടെറ്റ് യോഗ്യത നേടേണ്ടി വരും.
കെടെറ്റ് 3 യോഗ്യതയോടെ ഹൈസ്കൂളിൽ നിയമനം നേടിയ അധ്യാപകർ, തുടർ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ എണ്ണക്കുറവിന്റെ പേരിൽ പ്രത്യേക ചട്ടങ്ങൾ പ്രകാരം യുപി വിഭാഗത്തിലേക്കു മാറേണ്ടിവന്നാലും നിയമനാംഗീകാരത്തിൽ പ്രതിസന്ധിയുണ്ടാകും. കെ-ടെറ്റ് 3 ഉണ്ടെങ്കിലും യുപിയിലെ യോഗ്യതാ മാനദണ്ഡമായ കെ-ടെറ്റ് 2 പാസായാലേ പുനർനിയമനം ലഭിക്കൂ.
നിലവിൽ സേവനത്തിലുള്ള അധ്യാപകർക്ക് കെ-ടെറ്റ് നേടുന്നതിനായി 2027 വരെ സമയം അനുവദിച്ച സാഹചര്യത്തിൽ, സമാന സാഹചര്യമുള്ള എല്ലാവർക്കും അതേ സംരക്ഷണം നൽകണമെന്ന ആവശ്യം ശക്തമാണ്. ഭിന്നശേഷി സംവരണ നിയമനം, തസ്തിക നിർണയം, ഫയൽ നടപടികളിലെ ദീർഘകാല താമസം തുടങ്ങിയവ മൂലം വർഷങ്ങളായി നിയമനാംഗീകാരം കാത്തിരിക്കുന്ന അധ്യാപകരുണ്ട്. ഇതിനു പുറമേയാണ് കെ-ടെറ്റ് യോഗ്യതാ നിർബന്ധമാക്കിയതിലൂടെയുണ്ടാകുന്ന പുതിയ സങ്കീർണതകൾ.
വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുള്ള സാഹചര്യത്തിൽ, അന്തിമ വിധി വരുന്നതുവരെ ഇടക്കാല സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ച് അധ്യാപക നിയമനങ്ങൾ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സുപ്രീംകോടതി വിധിക്കു മുമ്പ് നിയമിതരായവർക്കു പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത് അനീതിയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതിനകം നിയമനം ലഭിച്ചു ജോലിയിൽ തുടരുന്ന വലിയൊരു വിഭാഗം അധ്യാപകർ, സുപ്രീംകോടതി ഉത്തരവിലും തുടർന്നുള്ള സർക്കാർ ഉത്തരവുകളിലെ വ്യക്തതക്കുറവുകളിലും ആശങ്കയിലാണ്.
Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ പ്രതിസന്ധിയിലായ എയ്ഡഡ് അധ്യാപകര്ക്കു വേണ്ടത് നിയമസഭയിലെ വെറും പ്രസംഗങ്ങളല്ല, തടസങ്ങള് നീക്കി നിയമനാംഗീകാരം നല്കുന്ന വ്യക്തമായ സര്ക്കാര് ഉത്തരവാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്.
നിയമസഭയിലെ ചട്ടം 300 പ്രകാരമുള്ള പ്രഖ്യാപനം ഭിന്നശേഷി സംവരണത്തിന്റെ പേരില് ശമ്പളവും അംഗീകാരവും ഇല്ലാതെ വര്ഷങ്ങളായി പുറത്തുനില്ക്കുന്ന അധ്യാപകരെ വഞ്ചിക്കുന്ന വാഗ്ദാനങ്ങളുടെ പുകമറയാണ്.
സര്ക്കാര് നടത്തുന്ന പ്രസ്താവനകള് ഉദ്യോഗാര്ഥികളുടെ ജീവിതം വച്ച് കളിക്കുന്ന വെറും രാഷ്ട്രീയനാടകമാണ്. ചട്ടം 300 പ്രകാരം മന്ത്രിസഭയില് ഒരു കാര്യം പ്രഖ്യാപിച്ചാല് അതിനു നിയമപരമായ പിന്ബലമില്ല. അതു കേവലമൊരു നയപ്രഖ്യാപനം മാത്രമാണ്. സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും അതു നടപ്പിലാക്കാന് ഫണ്ട് അനുവദിക്കുകയും ചെയ്യാത്തിടത്തോളം ഈ പ്രസ്താവനകൊണ്ട് ഒരു അധ്യാപകന്റെയും നിയമനം പാസാകില്ല.
ഭിന്നശേഷി വിഭാഗത്തിന് അര്ഹമായ നിയമനം നല്കേണ്ടതു സര്ക്കാരിന്റെയും മാനേജ്മെന്റുകളുടെയും ഉത്തരവാദിത്വമാണ്. എന്നാല് ഇതിന്റെ പേരില് നിലവില് ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞുവയ്ക്കുന്ന സര്ക്കാര്, നിയമസഭയില് തങ്ങൾ പരിഹാരം കാണുമെന്നു പ്രസംഗിച്ച് കൈയടി നേടാന് ശ്രമിക്കുന്നു. പ്രായോഗികമായി ഈ പ്രശ്നം പരിഹരിക്കാനുള്ള ഇച്ഛാശക്തി സര്ക്കാര് കാണിക്കുന്നില്ല.
തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള തന്ത്രം മാത്രമാണു പ്രസ്താവന. വോട്ടുബാങ്ക് ലക്ഷ്യം വച്ച് ജനങ്ങളെയും ഉദ്യോഗാര്ഥികളെയും വിഡ്ഢികളാക്കാന് സഭയുടെ നടപടിക്രമങ്ങളെ സര്ക്കാര് ദുരുപയോഗം ചെയ്യുന്നു. സ്കൂളുകളില് ജോലി ചെയ്യുന്നുണ്ടെങ്കിലും ശമ്പളമില്ലാത്ത അവസ്ഥയാണ്. സംവരണ ക്രമീകരണം സംബന്ധിച്ച വ്യക്തമായ മാര്ഗരേഖ പുറത്തിറക്കാതെ സഭയില് പ്രസ്താവന നടത്തുന്നതുകൊണ്ട് ആര്ക്കും ഗുണമില്ല.
ഇനിയും അധ്യാപകസമൂഹത്തെ വഞ്ചിക്കുന്നത് സര്ക്കാര് നിര്ത്തണം. നിയമസഭയെയും ജനങ്ങളെയും ഒരുപോലെ പറ്റിക്കുന്ന തെരഞ്ഞെടുപ്പു തന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കല്, കണ്സോര്ഷ്യം ഓഫ് കാത്തലിക് എയ്ഡഡ് സ്കൂള്സ് പ്രസിഡന്റ് ഫാ. ഡൊമിനിക് അയലൂപറമ്പില് എന്നിവർ ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണ വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കെസിബിസി വിദ്യാഭ്യാസ കമ്മീഷന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും തുറന്ന കത്തെഴുതിയിരുന്നു.
District News
കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരുടെ സേവനത്തിനുള്ള അംഗീകാരമായി തപാൽ വകുപ്പ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി.
ഹയർ സെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപികയും നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറുമായ അനുജി ആന്റണി, സംസ്കൃതം അധ്യാപികയും ഗൈഡ് ക്യാപ്റ്റനും നാഷണൽ സർവീസ് സ്കീം പ്രോഗ്രം ഓഫീസർ എന്നീ ചുമതലകളും നിർവഹിച്ചിരുന്ന എ.ഡി. ലത,സാമൂഹ്യശാസ്ത്രം അധ്യാപകനും സ്കൗട്ട് മാസ്റ്ററുമായിരുന്ന ഇ.ഡി. പോളച്ചൻ, ഹിന്ദി അധ്യാപിക പി.വി. റെജീന എന്നിവർക്കാണ് വിരമിക്കൽ ആശംസകൾ പതിപ്പിച്ചുള്ള സ്റ്റാമ്പുകൾ സമർപ്പിച്ചത്.
മലയാറ്റൂർ മാർത്തോമാ ഹാളിൽ നടന്ന വിരമിക്കൽ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് സ്റ്റാന്പുകളുടെ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.എ. ബിജോയ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.പി. ലിസി , മുൻ പ്രിൻസിപ്പൽ ടി.പി. ജോയ് എന്നിവർ സ്റ്റാമ്പുകൾ ഏറ്റുവാങ്ങി അധ്യാപകർക്ക് സമ്മാനിച്ചു. മുൻ പ്രിൻസിപ്പൽ കെ. ജെ. പോൾ, മുൻ ഹെഡ്മാസ്റ്റർ കെ. എ. ജോസഫ്, മുൻ അധ്യാപകൻ കെ.ജെ. ജോളി, മലയാറ്റൂർ പള്ളി ട്രസ്റ്റി ടിനു തറയിൽ എന്നിവർ പ്രസംഗിച്ചു
Kerala
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരില് അധ്യാപകരോടു ക്രൂരത കാട്ടിയിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്കുട്ടി പ്രതികരിച്ചു.
യോഗ്യതയുള്ള ഭിന്നശേഷിക്കാര് ഇല്ലാത്തതാണ് പ്രശ്നം. അടുത്തയാഴ്ച കേസില് വിധി വരുമ്പോള് അതനുസരിച്ച് ഉത്തരവിറക്കും. ഇക്കാര്യത്തില് സര്ക്കാരിനു പിടിവാശിയില്ലെന്നും ശിവന്കുട്ടി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും മുമ്പ് എയ്ഡഡ് സ്കൂള് അധ്യാപകരുടെ പ്രശ്നങ്ങള്ക്കു പരിഹാരം കാണണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള എയ്ഡഡ് സ്കൂള് അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ സംയുക്ത സെക്രട്ടേറിയറ്റ് ധര്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില് തങ്ങളുടെ ആവശ്യങ്ങള്ക്കായി ഒരുമിച്ചു കൂടിയിരിക്കുകയാണ്. അവകാശങ്ങളും ആനുകൂല്യങ്ങളും വളരെയേറെ പ്രഖ്യാപിക്കുന്ന ദിനങ്ങളുടെ മധ്യേയാണ് നാം ഇപ്പോള് കടന്നു പോകുന്നത്.
എല്ലാ ദിവസവും ക്ലാസുകളിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആധ്യാപകരോട് കാണിക്കുന്ന ക്രൂരമായ ഈ സമീപനത്തിന് സര്ക്കാര് സമയബന്ധിതമായി ഒരു പരിഹാരം കണ്ടെത്തണം. ഇത് ഒരു അവകാശ പ്രക്ഷോഭം എന്നതിനപ്പുറത്ത് നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭമാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി സംവരണ വിഷയത്തില് സര്ക്കാര് വിവേചനം അവസാനിപ്പിക്കുക, 2022 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങള് അംഗീകരിക്കുക, കെ-ടെറ്റ് ഉത്തരവിലെ അപാകതകള് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് കേരള എയ്ഡഡ് സ്കൂള് അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ നേതൃത്വത്തില് സെക്രട്ടേറിയറ്റിനു മുന്നിൽ മാര്ച്ചും ധര്ണയും സംഘടിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില് നിന്നും ആരംഭിച്ച മാര്ച്ചില് ആയിരക്കണക്കിന് അധ്യാപകര് പങ്കെടുത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് കൊല്ലം ബിഷപ് പോള് ആന്റണി മുല്ലശേരി, പാറശാല രൂപതാധ്യക്ഷന് ബിഷപ് തോമസ് മാര് യൗസേബിയോസ്, എംഎസ്സി സ്കൂള്സ് കറസ്പോണ്ടന്റ് മോണ്.ഡോ. വര്ക്കി ആറ്റുപുറത്ത് കോറെപ്പിസ്കോപ്പ, ശിവഗിരി മഠം സ്കൂള് കോര്പറേറ്റ് മാനേജര് വിശാലനന്ദ സ്വാമികള്, എംഇഎസ് സ്കൂള് മാനേജ്മെന്റ് പ്രതിനിധി കെ.എ.ഹാഷിം തുടങ്ങിയവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അധ്യാപകരുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് മാർച്ച് ആരംഭിക്കുക.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന ധർണ ഉദ്ഘാടനം ചെയ്യും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, ശിവഗിരി മഠം സ്കൂൾ കോർപറേറ്റ് മാനേജർ വിശാലാനന്ദ സ്വാമികൾ, എംഇഎസ് സ്കൂൾ മാനേജ്മെന്റ് പ്രതിനിധി കെ.എ ഹാഷിം എന്നിവർ പങ്കെടുക്കും.
Kerala
തൃശൂർ: ഭിന്നശേഷിസംവരണവിഷയത്തിൽ നീതിനിഷേധം തുടർന്നാൽ സർക്കാരിനെതിരേ ശക്തമായ സമരം തുടങ്ങുമെന്നു തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്. ജോസ് കോനിക്കര.
സംസ്ഥാന സ്കൂൾ കലോത്സവവേദിക്കു സമീപം കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചതുർദിന പ്രതിഷേധസദസ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, കോർപറേറ്റ് മാനേജർ ഫാ. ജോയ് അടന്പുകുളം, ഫാ. ക്രിസ്റ്റോ, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോഷി വടക്കൻ, മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൊല്ലം മണി, സംസ്ഥാന ജനറൽ സെക്രട്ടറി ജി. ബിജു, അതിരൂപത പ്രസിഡന്റ് എ.ഡി. സാജു, ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികളായ ബിജു ഒളാട്ടുപുറം, റോബിൻ മാത്യു, ബിജു പി. ആന്റണി, എൻ.പി. ജാക്സൻ, ജോഫി സി. മഞ്ഞളി, കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് കണ്വീനർ ബിൻസിൻ എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷിസംവരണ വിഷയത്തിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്ന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നു കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആരോപിച്ചു. സുപ്രീംകോടതിയിൽനിന്ന് എൻഎസ്എസ് മാനേജ്മെന്റിനു ലഭിച്ച വിധി സമാനസ്വഭാവമുള്ള മാനേജ്മെന്റുകൾക്കും ബാധകമാണെന്നിരിക്കെ വീണ്ടും കോടതിവ്യവഹാരത്തിലൂടെ വിഷയം സങ്കീർണമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരേയുള്ള പ്രതിഷേധസമരത്തിന്റെ രണ്ടാംഘട്ടം സംസ്ഥാനകലോത്സവം നടക്കുന്ന തൃശൂരിൽ ആരംഭിച്ചു.
നാലുദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധസദസിന്റെ ഭാഗമായി ഇന്നു പട്ടിണിക്കഞ്ഞി സമരവും നാളെ ഭിക്ഷാടനസമരവും ശനിയാഴ്ച ഏകദിന ഉപവാസസമരവും സംഘടിപ്പിക്കും.
നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകർ തെരുവോര ക്ലാസും സംഘടിപ്പിച്ചു. ഇന്നത്തെ സമരം ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഉത്തരവിലെ വിവാദഭാഗങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്ന വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും.
കൂടാതെ, ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Kerala
ന്യൂഡല്ഹി: എയ്ഡഡ് സ്കൂളുകളില് ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില് കേരളത്തിന്റെ നിലപാട് സുപ്രീംകോടതിയില് ഫയല് ചെയ്തു.
ഭിന്നശേഷി അധ്യാപക നിയമനത്തിൽ എൻഎസ്എസ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്കൂളുകൾക്ക് നൽകിയ ആനുകൂല്യം മറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകൾക്ക് കൂടെ ബാധകമാക്കണമെന്നാണ് കേരളം പുതുതായി നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമപ്രകാരമുള്ള നിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നു എന്ന ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികൾ സ്വീകരിക്കുമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഈ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി തീർപ്പ് കല്പിക്കണമെന്ന ആവശ്യവും സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി മുഖാന്തരം സമർപ്പിച്ച അപേക്ഷയിൽ കേരളം ഉന്നയിച്ചിട്ടുണ്ട്.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എന്എസ്എസ് മാനേജ്മെന്റിന് നല്കിയ ആനുകൂല്യം മറ്റ് മാനേജ്മെന്റുകള്ക്കും നല്കണമെന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്ക്കാര് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകൾ ഈ വിഷയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു സർക്കാരിന്റെ നടപടി. ഭിന്നശേഷി സംവരണ തസ്തികകള് ഒഴിച്ചിട്ട ശേഷം മറ്റു അധ്യാപക നിയമനങ്ങള് അംഗീകരിക്കണമെന്ന് എന്എസ്എസ് മാനേജ്മെന്റിന്റെ ഹര്ജിയില് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ബാക്കി മാനേജ്മെന്റുകളില് ഈ തീരുമാനം നടപ്പാക്കുന്നതില് മറ്റ് പ്രശ്നങ്ങള് ഉണ്ടാകില്ല എന്ന നിലപാടാണ് കേരളമിപ്പോൾ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും സർക്കാർ വഞ്ചിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്കും കൊടുത്തത് പാലിക്കപ്പെടാത്ത ഉറപ്പ് മാത്രമെന്നു കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയമനാംഗീകാരം തടയപ്പെട്ട 16,000 ത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിനു നടന്ന പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എൻഎസ്എസിനു നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണു വേണ്ടത്.
ഇതിനു പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ്യശുദ്ധിയോടെ ആണെന്നു കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി, നിയമനത്തിനു കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിന്റെ തന്ത്രം, വിദ്യാഭ്യാസ, മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി കണക്കാക്കണം.
പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകരും മറ്റു സമാന സ്വഭാവമുള്ള സർക്കാരിന്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ ദുർബലപ്പെടുത്തുന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ നീതി നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കും.
നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അധ്യാപകർ കെൽപ്പുള്ളവരാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കൽ എന്നിവർ വ്യക്തമാക്കി.
Kerala
പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
സുപ്രീംകോടതിവിധിയുടെ മറപിടിച്ച് കേരളത്തിലെ ഇടതുസർക്കാർ അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉത്തരവാണു പുറപ്പെടുവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലി ഇല്ലാതാക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ കേരള സർക്കാർ ഇതുവരെ തയാറായിട്ടില്ല.
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി ദിവസങ്ങൾക്കകം അപ്പീൽ നൽകുകയും സിറ്റിംഗിനു ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെ നിയമിക്കുകയും ചെയ്യുന്ന സർക്കാരാണു പതിനായിരക്കണക്കിന് അധ്യാപകരുടെ ജീവിതംതന്നെ ഇരുട്ടിലാക്കുന്ന ഉത്തരവിനെതിരേ മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽപോലും സമർപ്പിക്കാതെ, അധ്യാപകരുടെ ആകെയുള്ള പ്രമോഷനായ ഹെഡ്മാസ്റ്റർതസ്തിക പോലും നിഷേധിച്ച് ഉത്തരവിറക്കിയത്.
കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് അധ്യാപകദ്രോഹ നടപടികൾമാത്രം നടത്തിവരുന്ന ഇടതുസർക്കാർ ഇനിയെങ്കിലും അധ്യാപകരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ്, ക്രിമിനലുകളോടു കാണിക്കുന്ന നീതിയെങ്കിലും അധ്യാപകരോടു കാണിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കരിനിയമത്തിനെതിരേ സമരരംഗത്തിറങ്ങുമെന്നും നീതിപീഠത്തെ സമീപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനി വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനൂജ എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വിവിധ വിഷയങ്ങളുടെ പേരില് നിയമനാംഗീകാരം നിഷേധിക്കപ്പെട്ട അധ്യാപകരുടെ സമരസമിതി രൂപീകരിച്ച് സമരത്തിനു ചങ്ങനാശേരിയില് തുടക്കമായി. സമരസമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ശമ്പളം കൊടുക്കാതെ അധ്യാപകരെ സര്ക്കാര് വഞ്ചിക്കുകയാണെന്നും അവരുടെ സമരത്തിനു ചങ്ങനാശേരിയില് തുടക്കംകുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലുവര്ഷമായി നിയമനാംഗീകാരം ലഭിക്കാതെ ശമ്പളം കിട്ടാത്തവരുടെയും ഗസ്റ്റ് അധ്യാപകരായി വര്ഷങ്ങളായി തുടരുന്നവരുടെയും സമരപ്രഖ്യാപന സമ്മേളനം ആര്ക്കാലിയ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.
സമരം ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില് അധ്യാപക കൂട്ടായ്മ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. ജനുവരി 10ന് വിപുലമായ അധ്യാപക കണ്വന്ഷന് ചങ്ങനാശേരിയില് നടത്തുന്നതിനും ജനുവരി അവസാന വാരം സെക്രട്ടേറിയറ്റ് നടയില് സമരമാരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
സമരസമിതി കണ്വീനര് ലയ മരിയ ജോസഫിന്റെ അധ്യക്ഷതയില് എബിന് ആന്റണി, സിസ്റ്റര് റോസ്ബല്ല, നീതു മരിയ ജേക്കബ്, ആഷ ആന്റണി, സബീഷ് നെടുമ്പറമ്പില്, മാതാപിതാക്കളുടെ പ്രതിനിധികളായ തോമസുകുട്ടി മണക്കുന്നേല്, സൂസമ്മ ജോസഫ് എന്നിവര് പ്രസംഗിച്ചു.
ഭിന്നശേഷി നിയമനത്തിന്റെ പേരില് പതിനാറായിരത്തോളം വരുന്ന അധ്യാപകരുടെ ശമ്പളമാണ് സര്ക്കാര് തടഞ്ഞുവച്ചിരിക്കുന്നതെന്നും ഭിന്നശേഷിക്കാരുടെ പോസ്റ്റ് ഒഴിച്ചിട്ടശേഷം നിയമനാംഗീകാരം നല്കണമെന്നും സമ്മേളനം ആവശ്യപ്പെട്ട
National
കോൽക്കത്ത: പശ്ചിമബംഗാളിലെ 32,000 പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തു.
പശ്ചിമബംഗാൾ പ്രാഥമികവിദ്യാഭ്യാസ ബോർഡ് 2016ൽ നടത്തിയ യോഗ്യതാ പരീക്ഷയിലൂടെ നിയമിതരായ അധ്യാപകർക്കാണ് ജസ്റ്റീസ് തപബ്രത ചക്രവർത്തിയും ജസ്റ്റീസ് റിതബ്രത കുമാർ മിത്രയും അടങ്ങുന്ന ബെഞ്ചിന്റെ തീരുമാനം ആശ്വാസമായത്.
പരീക്ഷയിൽ പരാജയപ്പെട്ട ഏതാനും ഉദ്യോഗാർഥികൾ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജിയിൽ അധ്യാപകരെ പിരിച്ചുവിടാൻ സിംഗിൾ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
നിയമനം ലഭിച്ച് ഒന്പതുവർഷത്തിനുശേഷം ജോലിയിൽനിന്ന് ഒഴിവാക്കുന്നത് അധ്യാപകർക്കും കുടുംബത്തിലും കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരു ക്രിമിനൽ നടപടിക്രമങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ നിയമനം റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ കോടതി വിധി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനും ആശ്വാസമാണ്. തൃണമൂൽ ഭരണത്തിൽ വലിയ തോതിലുള്ള അഴിമതി നടക്കുന്നുവെന്ന പ്രചാരണത്തിന് തടയിടാൻ ഇതുവഴി കഴിയും. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണു വിധിയെന്നു മുഖ്യമന്ത്രി പ്രതികരിച്ചു.
District News
പാലാ: പാലക്കാട് നടന്ന സംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തില് ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് യുപി വിഭാഗം മത്സരത്തില് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.വി. ജോസഫ്, ഹൈസ്കൂള് വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തില് എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ. ജോസ് എന്നീ അധ്യാപകരെ രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയില് ആദരിച്ചു.
രാമപുരം ഉപജില്ലയില്പ്പെട്ട വാകക്കാട് സെന്റ് അല്ഫോന്സ ഹൈസ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. തുടര്ച്ചയായി നാലാം വർഷമാണ് കെ.വി. ജോസഫ് സംസ്ഥാനതലത്തില് സമ്മാനാര്ഹനാകുന്നത്.
2016 മുതല് തുടര്ച്ചയായി പത്താം തവണയാണ് മനു കെ. ജോസ് ശാസ്ത്രോത്സവത്തില് സംസ്ഥാനതലത്തില് എ ഗ്രേഡ് കരസ്ഥമാക്കുന്നത്.വെളിയന്നൂര് വന്ദേമാതരം വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളില് നടന്ന ചടങ്ങില് ബാലസാഹിത്യകാരന് ഹരീഷ് ആര്. നമ്പൂതിരിപ്പാട്, സ്കൂള് മാനേജര് രാജേഷ് മറ്റപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തില് രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് ജോളിമോള് ഐസക് ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.
Leader Page
കേരളത്തിൽ ഗുണമേന്മയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസർക്കാർ ഭീമമായ ഫണ്ടുകൾ ചെലവഴിച്ചുവരുന്നു. പല മേഖലകളിലൂടെയാണ് ഈ ഫണ്ടുകൾ ചെലവാക്കുന്നത്. ശന്പളം, വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഹൈടെക് ക്ലാസ് മുറികളുടെ നിർമാണം, വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ ഉപയോഗ വ്യാപനം, നിരന്തരമായ അധ്യാപക പരിശീലനം, കലാ-കായിക മേളകൾ, കുട്ടികൾക്ക് പഠനോപകരണ വിതരണം, തുടങ്ങിയ നിരവധി മേഖലകൾ അക്കൂട്ടത്തിൽ വരും. ഇങ്ങനെ വലിയ ഫണ്ടുകൾ ചെലവഴിക്കുന്നതിന്റെ ഫലമായി നേടുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വിലയിരുത്തേണ്ടത് കുട്ടികൾ ആർജിക്കുന്ന പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
പഠനനേട്ടങ്ങൾ
പഠനനേട്ടങ്ങൾ എന്നതിൽ കുട്ടികൾ നേടുന്ന അറിവുകൾ ഉൾപ്പെടും. എന്നാൽ, അറിവുകൾകൊണ്ടുമാത്രം പഠനനേട്ടങ്ങളാകുകയില്ല. നേടിയ അറിവുകൾ വേണ്ട സമയത്തു പരമാവധി വേഗത്തിൽ വേണ്ടതുപോലെ പ്രയോഗിക്കാനുള്ള കഴിവുകൾകൂടി ഉണ്ടാകണം. ആ വിധത്തിൽ പ്രയോഗിക്കാനുള്ള കഴിവുകളെ നൈപുണ്യങ്ങൾ എന്നു പറയാം. നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ തന്റെയും തന്റെ കുടുംബത്തിനകത്തും പുറത്തുമുള്ള മറ്റുള്ളവരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാനുള്ള നല്ല മനോഭാവംകൂടി ഉണ്ടാകണം. ഇവ എല്ലാംകൂടി ചേർന്നുവരുന്പോൾ മാത്രമേ നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ പഠനനേട്ടങ്ങൾ എന്നനിലയിലും നിലവാരത്തിലും എത്തിയതായി പറയാൻ കഴിയുകയുള്ളൂ.
വിദ്യാഭ്യാസത്തിൽ പഠനനേട്ടങ്ങൾക്ക് ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാകണമെന്ന് 2020ലെ വിദ്യാഭ്യാസനയത്തിൽ അടിവരയിട്ടു പറയുന്നുമുണ്ട്.
പഠനനേട്ടങ്ങൾ കൈവരിക്കണമെങ്കിൽ
ഇവിടെ സൂചിപ്പിച്ച വിധത്തിലുള്ള പഠനനേട്ടങ്ങൾ കേവലം കാണാപ്പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളിലൂടെ കുട്ടികൾക്കു നേടാൻ കഴിയുകയില്ല. അറിവുകൾ ലഭിക്കുന്നതിനുവേണ്ടി നിരവധി കുട്ടികൾ ഇപ്പോൾ ഉപയോഗിക്കുന്ന നിർമിതബുദ്ധിയുടെ (എഐ) സഹായം ഏറെയുണ്ടായാലും കുട്ടികൾക്കു ലഭിക്കുന്ന അറിവുകൾ പഠനനേട്ടങ്ങളുടെ നിലയിലേക്ക് എത്തണമെന്നില്ല. അതിനു കഴിയണമെങ്കിൽ വിദ്യാലയങ്ങളിൽ യോജിച്ച രീതിയിലുള്ള അനുഭവാത്മക പഠനം നടക്കണം. അതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ക്ലാസ് മുറികൾ ഓരോന്നിലും ഓരോ ദിവസവും കുട്ടികൾ അധ്യാപകരാകുന്ന കപ്പിത്താന്മാരുടെ നേതൃത്വത്തിൽ പഠനനേട്ടങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള തീർഥയാത്ര നടത്തിക്കൊണ്ടിരിക്കണം. ആ തീർഥാടനത്തിൽ അധ്യാപകരുടെ പങ്കും സ്ഥാനവും വളരെ വലുതാണ്.
അത്തരത്തിൽ വിദ്യാർഥിസമൂഹത്തെ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള, പഠനനേട്ടങ്ങളിലേക്കു നയിക്കണമെങ്കിൽ അധ്യാപകരാകുന്ന കപ്പിത്താന്മാർ അതിനു യോജിച്ച മാനസിക, ശാരീരിക അവസ്ഥയിൽ ആയിരിക്കുകകൂടി വേണം. വളരെയേറെ അധ്യാപകർ അങ്ങനെയൊരു അവസ്ഥയിലല്ല എങ്കിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി ഭീമമായ തുകകൾ മുടക്കിക്കൊണ്ടിരിക്കാം എന്നല്ലാതെ അതിനു പൂർണമായ ഫലപ്രാപ്തിയുണ്ടാകുകയില്ല.
എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥയിലല്ല സംസ്ഥാനത്തെ നിരവധി അധ്യാപകർ ഇപ്പോഴുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. ശന്പളം ലഭിക്കാതിരിക്കാനുള്ള യാതൊരു തെറ്റും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സംസ്ഥാനത്ത് ഇപ്പോൾ കുറച്ചൊന്നുമല്ല, പതിനാറായിരത്തോളം അധ്യാപകർ അക്കൂട്ടത്തിൽ ഉണ്ടത്രേ! അവരുടെ സാന്പത്തികക്ലേശങ്ങളും മാനസിക സംഘർഷങ്ങളും തൊഴിൽ അസംതൃപ്തിയുമൊക്കെ ആർക്കാണ് ഊഹിക്കാൻ കഴിയാത്തത്?
മാസ്ലോയുടെ സിദ്ധാന്തം
ഒരു വ്യക്തിയിൽനിന്ന് ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകണമെങ്കിൽ അയാൾക്കു ചില അടിസ്ഥാന ആവശ്യങ്ങൾ നിശ്ചയമായും സാധിച്ചുകിട്ടിയിരിക്കണം. അങ്ങനെ കിട്ടേണ്ട ആവശ്യങ്ങളുടെ ഒരു ശ്രേണി അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്ന ഏബ്രഹാം മാസ്ലോ (1908-1970) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ വരുന്നത് വ്യക്തിയുടെ ശാരീരിക ആവശ്യങ്ങളാണ്. മുഖ്യമായും ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങളാണ് അതിൽ വരുന്നത്. അതിനു തൊട്ടുമുകളിലുള്ള ശ്രേണീഘട്ടത്തിൽ വരുന്ന ആവശ്യം സുരക്ഷയാണ്. ഈ അടിസ്ഥാന ആവശ്യത്തിൽ പ്രധാനമായും വരുന്നത് തൊഴിൽ സുരക്ഷയാണ്.
ഇത്തരത്തിലുള്ള അഞ്ച് ആവശ്യങ്ങൾ മാസ്ലോയുടെ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യങ്ങളെല്ലാം സാധിച്ചുകിട്ടുന്പോൾ മാത്രമായിരിക്കും ഒരാളിൽനിന്ന് അയാളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകുക.
സംസ്ഥാനത്തു വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്തുവരുന്ന പതിനാറായിരത്തോളം അധ്യാപകരുടെ കാര്യത്തിൽ മാസ്ലോ പറയുന്ന അടിസ്ഥാന ആവശ്യ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള ശാരീരികം, തൊട്ടടുത്ത പടിയിലുള്ള സുരക്ഷ എന്നീ ആവശ്യങ്ങൾപോലും സാധിച്ചുകിട്ടുന്നില്ല എന്നുള്ളതു സത്യമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള അധ്യാപകർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കും പഠനനേട്ടങ്ങളിലേക്കും കുട്ടികളെ നയിക്കാൻ പറ്റുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയുമോയെന്ന് ന്യായമായും ആരും സംശയിച്ചേക്കാം.
ഇപ്പറഞ്ഞ പതിനാറായിരത്തോളം അധ്യാപകർ ഓരോ ദിവസവും 30-35 കുട്ടികൾ വീതമുള്ള പല ക്ലാസുകളിൽ പഠിപ്പിക്കുന്നവരാണ്. അങ്ങനെ നോക്കുന്പോഴാണ് എത്രയോ ലക്ഷം കുട്ടികളെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കു നയിക്കാനുള്ള ഭാരിച്ച ചുമതലയാണു ശന്പളം കൊടുക്കാതെ ദ്രോഹിക്കുന്ന ഈ അധ്യാപകരെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുക! വളരെ ഉത്കണ്ഠയോടുകൂടി മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു കാര്യമാണിത്.
എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാം. ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥികളോടുള്ള സ്നേഹ, വാത്സല്യത്തെ പ്രതി സ്വന്തം ക്ലേശങ്ങൾ സഹിച്ചുകൊണ്ടും പക്ഷപാതപരമായി സർക്കാർ നടത്തുന്ന ദ്രോഹപ്രവർത്തനങ്ങൾ മറന്നുകൊണ്ടും ഇപ്പോഴും ആത്മാർഥമായ അധ്യാപനശുശ്രൂഷ ചെയ്യുന്നുണ്ടാകും. അത്തരത്തിൽ സേവനം ചെയ്യുന്ന അധ്യാപകർ അവരുടെ വ്യക്തിപരമായ സ്വഭാവ വൈശിഷ്ട്യം പ്രകടിപ്പിക്കുകയാണ്. എങ്കിലും അള മുട്ടിയാൽ പിന്നീട് എന്താണു സംഭവിക്കുകയെന്ന് പറയാൻ കഴിയുകയുമില്ല.
ആത്മാർഥതക്കുറവുണ്ട്
ഗുണമേന്മയുള്ള സ്കൂൾവിദ്യാഭ്യാസത്തെയും പഠനനേട്ടങ്ങളെയും കുറിച്ചൊക്കെ സംസ്ഥാനത്തു വലിയ സംവാദങ്ങളും വാർത്തകളും ഉണ്ടാകുന്നുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാനസർക്കാരും വിദ്യാഭ്യാസവകുപ്പും ഏറെ ആത്മാർഥതയോടെ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്. എങ്കിലും ഗുണമേന്മാവിദ്യാഭ്യാസത്തിനു നേതൃത്വം നൽകേണ്ട അധ്യാപകരിൽ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗമായ ശന്പളം യുക്തിരഹിതമായ തടസവാദങ്ങൾ ഉന്നയിച്ചുകൊണ്ട് നൽകാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കുന്നു! ഇക്കാര്യങ്ങളൊക്കെ കേൾക്കുകയും അറിയുകയും ചെയ്യുന്ന, സ്കൂൾവിദ്യാഭ്യാസത്തിൽ താത്പര്യമുള്ള നിരവധി ആളുകൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: ഒരു വശത്തുകൂടി സർക്കാർ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന പ്രചാരണം നടത്തുന്നു.
മറുവശത്തുകൂടി വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളായ അധ്യാപകരിൽ വളരെയേറെ പേരെ അകാരണമായി മാനസികമായും ശാരീരികമായും തളർത്തിക്കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ഗുണമേന്മാവിദ്യാഭ്യാസത്തിൽ സർക്കാരിനുള്ള ആത്മാർഥതയുടെ പൊള്ളത്തരം ഇതിൽനിന്നു തിരിച്ചറിയാൻ കഴിയുമെന്നും അവർ പറയുന്നു.
(സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്)
Editorial
‘പഠിച്ചു പഠിച്ച് പിന്നോട്ട്’ എന്നു പറയാറുണ്ട്. അതാണിപ്പോൾ കേരളത്തിലെ സ്കൂൾ കായികരംഗത്ത് നടക്കുന്നത്. സൂക്ഷ്മനിരീക്ഷണവും ശാസ്ത്രീയമായ പരിശീലനരീതികളുംവഴി ലോകരാജ്യങ്ങളെല്ലാം പുതിയ ഉയരവും വേഗവും ദൂരവും കണ്ടെത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുകുതിക്കുന്പോൾ ഇവിടെ ക്ലോക്കും കലണ്ടറുമെല്ലാം പിറകോട്ടു തിരിച്ചുവച്ചിരിക്കുകയാണ്. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്നത് ‘ചെറുപ്പത്തിലേ പടിയടയ്ക്കുക’ എന്നായി.
സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലം കായികകേരളത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്. മാത്രവുമല്ല, കുട്ടികളുടെ കായികക്ഷമതയിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തേണ്ട ഡിജിറ്റൽ കാലത്ത് ഭാവിതലമുറകളുടെ കായികക്ഷമതയുടെ കടയ്ക്കലാണ് നിരുത്തരവാദപരമായ നിലപാട് വഴി കത്തിവച്ചിരിക്കുന്നത്. കളികളിലും വിനോദങ്ങളിലും ഏർപ്പെടുക എന്നതു കുട്ടികളുടെ അവകാശമാണെന്ന് അർഥശങ്കയ്ക്കിടമില്ലാത്തവിധം ലോകമെങ്ങും അംഗീകരിച്ച കാര്യമാണ്. അതനുസരിച്ചുള്ള ആസൂത്രണവും പദ്ധതികളുമാണ് വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നത്. അപ്പോഴാണിവിടെ പഴയൊരു കെഇആറിന്റെ പേരിൽ സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാതെ കോപ്രായം കാട്ടുന്നത്.
സ്കൂൾ കായികമേളയുടെ സബ്ജില്ലാ തല മത്സരങ്ങൾ വിവിധ ജില്ലകളിൽ നടക്കുമ്പോൾ കായികാധ്യാപകർ നിസഹകരണ സമരത്തിലാണ്. അവരുടെ ആവശ്യങ്ങളാകട്ടെ തികച്ചും ന്യായവും. തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയവയാണ് സംയുക്ത കായികാധ്യാപക സംഘടനയുടെ ആവശ്യങ്ങൾ. തട്ടിക്കൂട്ട് ബദൽ സംവിധാനങ്ങളിലൂടെയാണ് മത്സരങ്ങൾ നടത്തുന്നത്. ‘കാച്ച് ദെം യംഗ്, വാച്ച് ദെം ഗ്രോ’ എന്നൊരു മുദ്രാവാക്യം മൈതാനത്തിന്റെ മൂലയിൽ അന്ത്യശ്വാസം വലിച്ചുകിടക്കുന്നത് ആരും കാണുന്നില്ല.
കേരളത്തിന്റെ കായികപാരമ്പര്യം ഉജ്വലമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ദേശീയ, ഏഷ്യൻ, ലോക വേദികളിൽ തിളങ്ങിയ കായികതാരങ്ങളൊന്നുംതന്നെ വിണ്ണിൽനിന്ന് പൊട്ടിവീണവരല്ല. ഗ്രാമങ്ങളിലെ സ്കൂളുകളിൽനിന്ന് കായികാധ്യാപകർ കണ്ടെടുത്ത് ഊതിക്കാച്ചി പൊന്നിൻകുടങ്ങളാക്കിയവരാണ്. തോമസ് മാഷിനെപ്പോലുള്ള അനേകം കായികാധ്യാപകരുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും ആത്മാർഥതയുടെയും ഫലങ്ങളാണ്.
യുപി, ഹൈസ്കൂൾ ക്ലാസുകളിൽനിന്ന് കായികപ്രതിഭകളെ തിരിച്ചറിഞ്ഞ് വളർത്തിക്കൊണ്ടുവരണമെങ്കിൽ എല്ലാ സ്കൂളിലും കായികാധ്യാപകർ വേണം. ആർക്കും മനസിലാകുന്ന ഈ ലളിതയുക്തി സർക്കാരിനുമാത്രം ബോധ്യപ്പെടുന്നില്ല. വിദ്യാഭ്യാസവകുപ്പ് ഇപ്പോഴും പഴയൊരു നിയമത്തിന്റെയും അനുപാതക്കണക്കുകളുടെയും വ്യാജയുക്തിയിലാണ് അഭിരമിക്കുന്നത്.
സംസ്ഥാനത്തെ എഴുപതു ശതമാനത്തോളം സ്കുളുകളിൽ കായികാധ്യാപകരില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 500 കുട്ടികൾക്ക് ഒന്ന് എന്ന കണക്കിലാണ് കെഇആർ അനുവദിക്കുന്ന നിയമനം. കായികാധ്യാപകർ സമരം തുടങ്ങിയപ്പോൾ അത് യുപി സ്കൂളുകളിൽ 300ന് ഒന്ന് എന്നാക്കി. ഇതുവഴി ഈ വർഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകർക്കു മാത്രമാണ് പ്രയോജനമെന്ന് സംഘടനകൾ പറയുന്നു. കണ്ണിൽ പൊടിയിടുന്ന മറ്റൊരു തന്ത്രം. അനുപാതം കുറച്ചതുവഴി അധികതസ്തിക പാടില്ലെന്ന കർശനനിർദേശവുമുണ്ട്.
സീനിയർ അണ്ടർ-19 വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾ ഹയർ സെക്കൻഡറിയിൽ നിന്നുള്ളവരാണ്. എന്നാൽ ആ സ്കൂളുകളിൽ കായികാധ്യാപകരില്ല. കായികാധ്യാപകരില്ലാത്ത അവസ്ഥയിലും കുറച്ചു കുട്ടികളെങ്കിലും മികവു കാട്ടുന്നുണ്ടെങ്കിൽ അതിനു കാരണം തികഞ്ഞ ആർജവത്തോടെ പ്രവർത്തിക്കുന്ന ചില അക്കാദമികളുള്ളതാണ്.
കായികമേളകളിൽ ഇനങ്ങൾ കൂടി. മത്സരങ്ങളും. കുട്ടികളെ പരിശീലിപ്പിക്കാനോ മത്സരങ്ങൾ ശാസ്ത്രീയമായി നടത്താനോ ആളില്ല. സ്പോർട്സിന്റെ സാങ്കേതിക വശങ്ങൾ അറിയാത്തവർ നടത്തുന്ന കായികമേളകൾ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുക. പുതിയ എത്രയോ ചെറുപ്പക്കാർ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സുകൾ പഠിച്ച് പുറത്തിറങ്ങുന്നു. അവരുടെ അറിവും കഴിവും സംസ്ഥാനത്തിന് പ്രയോജനപ്പെടാതെ പോവുകയാണ്.
രണ്ടായിരാമാണ്ടിൽ ‘സന്പൂർണ കായികക്ഷമതാ പരിപാടി’ നടപ്പാക്കിയിരുന്നു. അതുവഴി രാജ്യാന്തര മാനദണ്ഡം ഉപയോഗിച്ച് കുട്ടികളുടെ കായികക്ഷമത അളന്നു. സംസ്ഥാനത്തെ ഇരുപതു ശതമാനം കുട്ടികൾക്കേ പ്രായത്തിനനുസരിച്ച കായികക്ഷമതയുള്ളൂ എന്നായിരുന്നു കണ്ടെത്തൽ. അതവിടെ തീർന്നു. പിന്നെയാരും അതേക്കുറിച്ചു ചിന്തിച്ചില്ല. ഇങ്ങനെ തുടരുകയാണ് കായികഭരണം. മുന്പൊക്കെ കളി മൈതാനങ്ങളിലല്ലാതെ കുട്ടികൾക്ക് കായികക്ഷമതയ്ക്ക് അവസരമുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ ജീവിതസാഹചര്യം. ഇന്ന് കാലം മാറി. ജീവിതരീതി മാറി. ഭക്ഷണരീതി മാറി. മനോഭാവം മാറി. കൂടുതൽ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് നമ്മൾ ഉറക്കംതൂങ്ങുകയാണ്.
ഇനിയിപ്പോൾ സംസ്ഥാന സ്കൂൾ കായികമേളയെന്നൊരു മാമാങ്കം നടത്തും. കേരള ടീമുകളെ പ്രഖ്യാപിക്കും. ആ കുട്ടികൾ ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾ പുതിയ ദൂരവും ഉയരവും വേഗവും വെട്ടിപ്പിടിക്കുന്നത് കണ്ട് അന്തംവിട്ടു തിരിച്ചുപോരും. പഴയ പാണൻമാർ അപ്പോഴും പി.ടി. ഉഷയെന്നും ഷൈനി വിത്സനെന്നുമൊക്കെ പാടിനടക്കും.
കോടികൾ മുടക്കി നമ്മൾ ഫുട്ബോൾ ജീനിയസ് മെസിയെ കേരളത്തിൽ കൊണ്ടുവരുന്നു. നല്ലതുതന്നെ. യുവത്വത്തെ ഉണർത്താൻ കിട്ടുന്ന അവസരമൊന്നും നഷ്ടപ്പെടുത്താൻ പാടില്ല. അതേസമയം, ഇവിടത്തെ കായികരംഗത്തെ സമഗ്രപുരോഗതിയെക്കുറിച്ചും മേലാളൻമാർ ഇടയ്ക്കൊന്നു ചിന്തിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിക്കണം. അനുപാതം നോക്കാതെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണം.
നൂറു കുട്ടികൾ പഠിക്കുന്ന വിദ്യാലയമാകട്ടെ, കായികവിദ്യാഭ്യാസം ആ കുട്ടികളുടെയും അവകാശമാണ്. കെഇആർ തടസമാണെങ്കിൽ അത് പരിഷ്കരിക്കണം. തൊട്ടതിനും പിടിച്ചതിനും വിദേശത്തേക്കു പറക്കാൻ വെമ്പുന്ന ഭരണാധികാരികൾ അവിടങ്ങളിൽ നടക്കുന്നത് കണ്ണ് തുറന്നു കാണണം. കരുത്തരായി വളർന്ന് രാജ്യത്തെ നയിക്കേണ്ട തലമുറയെയാണ് നശിപ്പിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണം.
Leader Page
നൂറ്റാണ്ടുകളായി കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷ മേഖലകളില് വിലമതിക്കാനാവാത്ത സംഭാവനകള് നല്കിവരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങള് പാടേ അവഗണിക്കുകയും സഭാധ്യക്ഷന്മാരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
ക്രൈസ്തവരെ കൂടാതെതന്നെ മൂന്നാമതും അധികാരത്തില് എത്താം എന്ന അമിതമായ ആത്മവിശ്വാസമാണോ ഇതിനു പിന്നിൽ? ഭിന്നശേഷി സംവരണവും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവിനെ മറയാക്കി 16,000ലേറെ അധ്യാപകര് നിയമന അംഗീകാരമോ ശമ്പളമോ ലഭിക്കാതെ ദാരിദ്ര്യം അനുഭവിക്കുന്നത് ഭരണകൂടം കാണുന്നില്ലേ? ഇവരില് ബഹുഭൂരിപക്ഷവും നാലു മുതൽ ഏഴു വര്ഷംവരെയായി ഈ ദുരിതം അനുഭവിക്കുന്നവരാണ്. 16,000 അധ്യാപകരെ ആശ്രയിച്ച് കഴിയുന്ന 70,000 പേരുണ്ട് എന്ന് സര്ക്കാര് മനസിലാക്കണം.
എന്താണ് ക്രൈസ്തവ മാനേജ്മെന്റ് ചെയ്ത തെറ്റ്?
ഭിന്നശേഷിക്കാര്ക്കു വേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവിലേക്ക് സര്ക്കാര് നല്കുന്ന യോഗ്യരായവരിൽ ആരെയും മാനേജ്മെന്റ് നിയമിക്കാതിരുന്നിട്ടില്ല. അവര്ക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന ഒഴിവിലേക്ക് യോഗ്യരായവരെ ആവശ്യത്തിന് നല്കാന് സര്ക്കാരിന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഇനി ഏതെങ്കിലും മാനേജ്മെന്റ് സര്ക്കാര് നല്കുന്ന ഭിന്നശേഷിക്കാരെ നിയമിക്കാതിരുന്നാല് അവര്ക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടത്.
കോടതിവിധി എല്ലാവര്ക്കും ബാധകമാണ്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എന്എസ്എസ് കോടതിയില് പോയപ്പോള് ഉണ്ടായ വിധി എല്ലാ മാനേജ്മെന്റിനും ബാധകമാണ്. കോടതിതന്നെ ഈ കാര്യം വിധിയില് പറഞ്ഞിട്ടുള്ളതുമാണ്. ഈ വിധി മറ്റ് മാനേജ്മെന്റുകള്ക്ക് ബാധകമല്ല എന്ന് കോടതി പറഞ്ഞിട്ടില്ല. ക്രൈസ്തവ മാനേജ്മെന്റുകളോട് അനീതി പ്രവര്ത്തിച്ചിട്ട് കോടതിയെ പഴി പറയുന്നത് എന്തുതരം നീതിയാണ്?
ക്രൈസ്തവരുടെ വിവിധ പ്രശ്നങ്ങള് പഠിക്കുന്നതിനുവേണ്ടി കോശി കമ്മീഷനെ നിയമിച്ചിട്ട് ഇന്ന് 1,748 ദിവസമായി. കമ്മീഷന് സര്ക്കാരിന് റിപ്പോര്ട്ട് കൊടുത്തിട്ട് ഇന്ന് 870 ദിവസവും ആയി. ആറ് ലക്ഷത്തിലേറെ നിവേദനങ്ങള് സമര്പ്പിച്ച് ക്രൈസ്തവര് ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഈ റിപ്പോര്ട്ട് നാളിതുവരെ നടപ്പിലാക്കാനോ പൂര്ണമായി പ്രസിദ്ധീകരിക്കാനോ പോലും സര്ക്കാര് തയാറായിട്ടില്ല എന്നത് തികഞ്ഞ ക്രൈസ്തവ വിവേചനമായി മാത്രമേ കാണാന് സാധിക്കൂ.
പാലാ രൂപതയില്നിന്നുതന്നെ അറുപതിനായിരത്തിലേറെ നിവേദനങ്ങള് കമ്മീഷന് സമര്പ്പിച്ചിരുന്നു. മുന് മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ കാലത്ത് പാലോളി കമ്മീഷന് റിപ്പോര്ട്ട് ലഭിച്ച് അറുപത്തിയെട്ടാം ദിവസം നടപ്പിലാക്കാന് തീരുമാനിച്ച നല്ല പാരമ്പര്യം സര്ക്കാര് മറക്കരുത്.
ബിഷപ്പ്മാര്ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്
ക്രൈസ്തവ സമുദായത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും ആവലാതികളെക്കുറിച്ചും പൊതുസമൂഹത്തില് സംസാരിക്കാന് ബിഷപ്പുമാര്ക്ക് അവകാശമുണ്ട്. അവരും ഇന്ത്യന് പൗരന്മാര് തന്നെയാണ്. ബിഷപ്പുമാര് ചൂണ്ടിക്കാണിക്കുന്നതൊന്നും നിയമസഭയില് പറയേണ്ടതില്ല എന്നും ബിഷപ്പുമാര് സര്ക്കാരിനെ വിരട്ടാന് നോക്കേണ്ട എന്നും മറ്റുമുള്ള വിലകുറഞ്ഞ പരാമര്ശങ്ങള് അധികാരികളുടെ പക്കല്നിന്ന് ഉണ്ടാകുന്നത് ക്രൈസ്തവ സമൂഹത്തെ ഒന്നാകെ അവഹേളിക്കുന്നതിന് തുല്യമാണ്.
ക്രൈസ്തവരുടെ പ്രശ്നങ്ങള് ബന്ധപ്പെട്ട അധികാരികളുടെ പക്കല് ചൂണ്ടിക്കാണിച്ച് അനുകൂല നിലപാട് എടുപ്പിക്കാന് സര്ക്കാരില് സ്വാധീനമുണ്ട് എന്ന് ക്രൈസ്തവര് കരുതുന്നവരും ഉറക്കം നടിക്കുന്നത് ഏറെ ദുഃഖകരമാണ്. ക്രൈസ്തവരുടെ അര്ഹിക്കുന്ന അവകാശങ്ങള് അനുവദിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങള് പരിഹരിക്കാന് ഇനി ഒട്ടും വൈകരുത്.
Leader Page
പതിനാറായിരത്തോളം അധ്യാപകരെ മുഴുപട്ടിണിയിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും മാനസിക അസ്വാസ്ഥ്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ചില പച്ചയായ വസ്തുതകൾ പൊതു സമൂഹം അറിയേണ്ടതുണ്ട്.
സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ പിഡബ്ല്യുഡി ആക്ട് 1995 പ്രകാരം 7-2-1996 മുതൽ 18-4-2017 വരെ മൂന്നും ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം 19-4-2017 മുതൽ നാലും ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കായി നീക്കിവയ്ക്കേണ്ടതുണ്ട് എന്നതാണ് ഭിന്നശേഷി സംവരണ നിയമം.
ശാരീരിക ന്യൂനതകളാൽ അവശത അനുഭവിക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ നിലപാടാണ് ക്രൈസ്തവ മാനേജ്മെന്റുകൾക്ക് എന്നുമുള്ളത്.
എന്നാൽ, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. റോസ്റ്റർ തയാറാക്കി, സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം അപേക്ഷ നൽകി, ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും യോഗ്യരായവർ ഇല്ലാത്തതിനാൽ സ്കൂളുകളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഭിന്നശേഷി ഉദ്യോഗാർഥികൾ ലഭ്യമാകാത്തത് മാനേജ്മെന്റിന്റെയോ വ്യവസ്ഥാപിത തസ്തികകളിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാർ നിയമിക്കപ്പെട്ടില്ല എന്ന സാങ്കേതിക തൊടുന്യായം പറഞ്ഞ് അർഹരായ അധ്യാപകരുടെ നിയമനങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് മാനുഷികമൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
കോടതി ഉത്തരവനുസരിച്ച് നിയമപ്രകാരമുള്ള ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ മറ്റ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവിട്ടു. സമാനസ്ഥിതി നിലനിൽക്കുന്ന മറ്റ് സൊസൈറ്റികളിലും ഈ ഉത്തരവ് സർക്കാർ പരിഗണിക്കണമെന്നുകൂടി കോടതി നിരീക്ഷിച്ചെങ്കിലും മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിൽ ഈ ഉത്തരവ് നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല. ഓരോരുത്തരായി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി കാലങ്ങൾ കാത്തിരുന്ന് നിയമനാംഗീകാരം നേടട്ടെ എന്ന തൊഴിലാളി വിരുദ്ധ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
മതിയായ എണ്ണം തസ്തികകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് നീക്കിവച്ചിട്ടുള്ള വിദ്യാലയങ്ങളിലെ മറ്റുള്ള നിയമനങ്ങൾ അംഗീകരിച്ചു നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ ഈ പ്രതിസന്ധി നിസാരമായി പരിഹരിച്ച് ആയിരക്കണക്കിന് അധ്യാപകർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ കഴിയും.
എന്നാൽ, തികച്ചും നിഷേധാത്മക നിലപാടാണ് സർക്കാർ പുലർത്തുന്നത് എന്ന് പറയാതെ വയ്യാ. മാനേജ്മെന്റ് പ്രതിനിധികളുമായും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പലവട്ടം നേരിട്ട് ചർച്ച നടത്തിയപ്പോഴും എല്ലാ പ്രശ്നങ്ങളും ഉടൻ അനുഭാവപൂർവം പരിഗണിക്കും എന്ന് വാക്ക് നൽകിയെങ്കിലും നീതി മാത്രം ഇപ്പോഴും അകലെയാണ്.
ഒരുപടികൂടി കടന്ന്, ഇപ്പോൾ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനർഹമായതെന്തൊക്കെയോ കരസ്ഥമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുതന്നെ മന്ത്രി പറഞ്ഞുവയ്ക്കുന്നു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ നിർമിച്ച് കേരള സമൂഹത്തിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന സാമൂഹ്യപരിഷ്കരണത്തിലെ മുന്നണിപ്പോരാളികളെയാണ് ജാതി-മത പരാമർശങ്ങൾ നടത്തി നിശബ്ദരാക്കാൻ ഗൂഢശ്രമങ്ങൾ നടന്നുവരുന്നത്. ഇത്തരം ആസൂത്രിത നീക്കങ്ങൾ സർക്കാരിന് നേതൃത്വം നൽകുന്നവർ ഉപേക്ഷിക്കണം.
സർക്കാർ ഉത്തരവുകളെല്ലാം അക്ഷരംപ്രതി പാലിച്ചിട്ടും മാനേജ്മെന്റ് നിയമിച്ചിരിക്കുന്ന പൂർണ യോഗ്യതയുള്ള അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്ത, അധ്യാപകവിരുദ്ധ മനോഭാവം സർക്കാർ തിരുത്താൻ തയാറാവണം. ന്യായയുക്തമല്ലാത്ത സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മരവിപ്പിച്ചിരിക്കുന്ന അധ്യാപക നിയമന അംഗീകാരം ഇനിയെങ്കിലും അനുഭാവപൂർവം പരിഗണിച്ചു പൂർത്തീകരിച്ചു നൽകാനുള്ള സന്മനസും സർക്കാരിനുണ്ടാവണം.
ഞങ്ങൾക്ക് വേണ്ടത് നീതി മാത്രമാണ്. ആരുടെയും ഔദാര്യമല്ല.
Leader Page
വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കേരളത്തിലെ ഇടതു സർക്കാരിന്റെ നയസമീപനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ നിയമനം നൽകാനുള്ള തസ്തികകൾ നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 1:35ഉം ആക്കി ചുരുക്കിയപ്പോൾ 100 വിദ്യാർഥികളുള്ള യുപി സ്കൂളുകളിലും 150 വിദ്യാർഥികളുള്ള എൽപി വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ ഹെഡ്മാസ്റ്റർ തസ്തിക എച്ച്എമ്മിനു പകരമായിട്ടുള്ള അഡീഷണൽ തസ്തികയാണ്.
ഇത്തരം തസ്തികകൾ കേരളത്തിൽ ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നിലവിലുണ്ട്. സർക്കാരുകൾ പ്രൊട്ടക്ടഡ് ഹാൻഡിനെ നിയമിക്കാനാണ് ഈ തസ്തിക നീക്കിവച്ചിരുന്നത്. എന്നാൽ ഇന്ന് ആവശ്യത്തിനു പ്രൊട്ടക്ടഡ് അധ്യാപകരില്ല. ഈ സർക്കാർ വന്നതിനുശേഷം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഇന്ന് ജോലിസംരക്ഷണമില്ല.
കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരും ഇതേപോലെതന്നെ 1:1 ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത്. അത് പുനർനിയമനം നൽകിയത് ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതിനുശേഷമാണ്. നൂറുദിവസത്തിനകം ആയിരക്കണക്കിനു തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപനമെന്ന ഉന്നതമായ ജോലിയിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ.
എന്നാൽ, ഈ സർക്കാർ ഭിന്നശേഷിക്കാരുടെ പ്രശ്നം പറഞ്ഞുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി എൻഎസ്എസ് വാങ്ങിക്കൊണ്ടുവന്നപ്പോൾ ഇച്ഛാശക്തിയുള്ള സർക്കാരിന് അത് എല്ലാ വിദ്യാലയങ്ങൾക്കും ബാധകമാക്കാമായിരുന്നു. എന്നാൽ, എപ്പോഴും വിദ്യാലയ പ്രസ്ഥാനവുമായി വളരെയേറെ സൗഹൃദം പുലർത്തുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനെ വരെ പഴിചാരാനാണ് വകുപ്പുമന്ത്രി സമയം കണ്ടെത്തിയത്.
അധ്യാപക പാക്കേജ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവരുന്പോൾ അതിന് ഏറ്റവും കൂടുതൽ സഹകരിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റുകളാണ് എന്നു നാം ഓർക്കേണ്ടതാണ്.
ഭിന്നശേഷി അധ്യാപകർക്ക് ഈ ഹെഡ് ടീച്ചർ (എച്ച്ടി) വേക്കൻസി നിയമനം നൽകിയാൽ നിമിഷനേരംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള തസ്തികകൾ നമ്മുടെ നാട്ടിലുണ്ട്. അതിനുതന്നെ ആവശ്യമായ ഭിന്നശേഷിക്കാരെ നമുക്ക് ലഭിക്കാനുമില്ല. ഇങ്ങനെ ഒരു അധ്യാപകനെ എച്ച്ടി വേക്കൻസിയിൽ വയ്ക്കുന്നതുകൊണ്ട് സർക്കാരിനും അധികബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഇച്ഛാശക്തിയുള്ള സർക്കാരിന് എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി.
ഭിന്നശേഷിക്കാരായ അധ്യാപകർക്ക്, വിശിഷ്യാ പ്രൈമറി മേഖലയിൽ ക്ലാസിൽ പോയി അധ്യാപനം നടത്തുന്പോഴുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാകേണ്ടേ? ഭിന്നശേഷിക്കാരായ അധ്യാപകർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നപരിഹാരത്തിന് അവർക്കൊരു ജോലി നൽകുക. അതോടൊപ്പംതന്നെ അവരെക്കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന ജോലികൾ ആ വിദ്യാലയത്തിൽ ചെയ്യിക്കുക എന്നതായിരിക്കണമല്ലോ പ്രായോഗികമായി ചെയ്യേണ്ടത്. ഇത്തരത്തിലാണെങ്കിൽ എച്ച്ടി വേക്കൻസിയാണ് അതിന് ഏറ്റവും യോജ്യമായ തസ്തിക. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരുപക്ഷേ നമുക്ക് ക്ലാസുകളിൽ പോയി ഭിന്നശേഷിയുള്ള ചില വിഭാഗങ്ങൾക്ക് അധ്യാപനം നടത്താൻ പ്രയാസമുണ്ടാകില്ല. പക്ഷേ പ്രൈമറി ക്ലാസുകളിൽ അതേറെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപക ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ സർക്കാരുകളും മാനേജ്മെന്റുകളും കാണേണ്ടതാണ്. എല്ലാ മാനേജ്മെന്റുകളും അത്തരം അധ്യാപകരെ നിയമിക്കുന്നതിന് യാതൊരു തടസവും ഇന്നുവരെ ഉന്നയിച്ചിട്ടില്ല. പക്ഷേ ആ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പോസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീകോടതിയിൽ വേണ്ടത്ര രീതിയിലൊരു വാദം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.
ഇത്തരം പ്രായോഗികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർക്കു നിയമനം കൊടുക്കാനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അതു ചൂണ്ടിക്കാണിക്കാതെ സുപ്രീംകോടതിയിൽ വേണ്ടത്ര രൂപത്തിൽ വാദമുഖങ്ങൾ വയ്ക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം നടത്താനാണ് ഈ സർക്കാർ തുനിഞ്ഞത്.
അതിനെതിരേയാണു വലിയ ജനരോഷം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുകയല്ല, പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സംവരണവും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരവും ഉണ്ടാകണം. ഇതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ നിയമനനിരോധനം ഇല്ലാതാക്കണം. ഇതിനാവശ്യമായ നടപടികൾക്ക് ആരോഗ്യപരമായ ചർച്ചകൾ നമ്മുടെ നാട്ടിലുണ്ടാകണം. പ്രായോഗികമായ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതു പരിഹരിക്കാനാണ് ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കേണ്ടത്.
പണ്ട് ആറാം പ്രവൃത്തിദിന കണക്കുവച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ജൂലൈ 15നകം ഫിക്സേഷൻ നടക്കുകയും ആ ഓണത്തിനുതന്നെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും മുൻവർഷത്തെ തസ്തികനിർണയം പോലും നടക്കുന്നില്ല. അധികതസ്തിക ഉണ്ടായി എന്നു സർക്കാർ പറയുന്പോഴും അതിനേക്കാൾ തസ്തിക നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ കുറഞ്ഞുവരുന്നു. എന്നിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് തെറ്റായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യായീകരിക്കുകയാണ്.
ഇങ്ങനെ ന്യായീകരിക്കുന്നതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനും ഏകപക്ഷീയമായ നിലപാടുകളാണ് സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അധ്യാപകനെ കുട്ടികൾക്കു തല്ലാം എന്നുവരെ എത്തിനിൽക്കുകയാണിപ്പോൾ. ഈ നയങ്ങളും സമീപനങ്ങളും പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനല്ല സംഹരിക്കാനാണ് ഉപകരിക്കുകയെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്.
അധ്യാപകൻ ക്ലാസിലില്ലാതെ എങ്ങനെയാണ് കുട്ടിയുടെ പഠനം യാഥാർഥ്യമാകുക. അധ്യയനം യാഥാർഥ്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ഉറപ്പാക്കണമെങ്കിൽ സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. നിയമനാംഗീകാരം ലഭിച്ചവർക്കാകട്ടെ അതു നോഷണലിലാണുപോലും. എങ്ങനെയാണ് അധ്യാപനം സാങ്കല്പികമാകുക. അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിന് പിടിഎയും സർക്കാരും സ്കൂളും സാക്ഷികളാണ്. എന്നിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. വിരമിച്ച സ്ഥിരം ഒഴിവിൽ നിയമിച്ചവർക്കാണ് ഈ ഗതികേട്.
ഇവിടെ സർക്കാരാണു സാങ്കല്പികം എന്നു പറയാതെ വയ്യ. ഭിന്നശേഷി പ്രശ്നം മൂലം നിരവധി വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്നും ശരിയായ രീതിയിലുള്ള കരിക്കുലം ട്രാൻസാക്ഷൻ ലഭിക്കുന്നില്ല. കാരണം, അധ്യാപകർ ആശങ്കയിലാണ്. അധ്യാപകരുടെ ആശങ്കയകറ്റി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാക്കാൻ സംതൃപ്തമായ അധ്യാപകസമൂഹം സൃഷ്ടിക്കാൻ ഇനിയെങ്കിലും സർക്കാർ ശ്രമിക്കണം.
(പ്രൈമറി അധ്യാപക ഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ)
Leader Page
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകരാണ് കേരളത്തിലുള്ളത്.
റോസ്റ്റർ തയാറാക്കി സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം റിക്വസ്റ്റ് നൽകി ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഭിന്നശേഷിക്കാർ വരാത്തത് മാനേജർമാരുടെയോ വ്യവസ്ഥാപിതമായ തസ്തികയിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാരെ നിയമിച്ചില്ല എന്ന പേരിൽ അർഹരായ അധ്യാപകരുടെ നിയമനാംഗീകാരം നൽകാത്തത് ജനാധിപത്യബോധവും മാനുഷിക മൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
ഇത്തരം സർക്കാർ നിലപാടിനെതിരേ എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, സർക്കാർ ഉത്തരവിനനുസരിച്ച് വ്യവസ്ഥാപിതമായ ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉത്തരവിട്ടു. ഇതര മാനേജ്മെന്റുകളും ഈ പാത പിന്തുടരണമെന്നും അവരെക്കൂടി സർക്കാർ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ ഉത്തരവ് സമാനമായ രീതി പിന്തുടർന്ന മറ്റു മാനേജ്മെന്റുകൾക്ക് കൂടി നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മാനേജ്മെന്റുകൾ അടക്കം സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്രൈസ്തവ സഭ ഹൈക്കോടതിയെ സമീപിക്കുകയും നാലു മാസത്തിനകം ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ഈ നാല് മാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, എൻഎസ്എസ് നേടിയ ഉത്തരവിന്റെ വെളിച്ചത്തിൽ മറ്റൊരു മാനേജ്മെന്റിനും നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്ന ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്തത്. കോടതി നിർദേശിച്ചിട്ടും 110 ദിവസം തീരുമാനമെടുക്കാതെ ഫയലിൽ അടയിരുന്ന സർക്കാർ, ഒടുവിൽ അപേക്ഷ നിരസിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രമാണ് ബാധകം എന്നും ഇതര മാനേജ്മെന്റുകൾക്ക് ഈ ഉത്തരവ് ബാധകമല്ലാത്തതിനാൽ നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്നും സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റേത് ഗൂഢതന്ത്രം
കോടതിയിൽ കേസ് നൽകിയാലും പരമാവധി നടപടിക്രമങ്ങൾ വൈകിച്ച് ഈ സർക്കാരിന്റെ കാലത്ത് ആർക്കും നിയമനാംഗീകാരം നൽകാതെ, അല്ലെങ്കിൽ സർക്കാരിന്റെ അവസാനകാലത്ത് അംഗീകാരം നൽകുകയും സാമ്പത്തിക ഭാരം മുഴുവൻ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുമുള്ള ഗൂഢതന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാരെ എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിക്കുന്നതിന് സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിക്കുകയും നിയമനത്തിന് സമയക്രമം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻപ്രകാരം സെപ്റ്റംബർ 10നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 12നകം ലിസ്റ്റിലുൾപ്പെടുന്നവർക്ക് നിയമന ശിപാർശകൾ നൽകുകയും വേണമായിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും പൂർത്തിയായിട്ടില്ല. സർക്കാർ ഉത്തരവിന് യാതൊരു വിലയുമില്ലാത്ത സാഹചര്യമാണുള്ളത്.
മന്ത്രിയുടെ പ്രസ്താവന, മാനേജർമാർ ഏഴായിരത്തോളം തസ്തികകൾ മാറ്റിവയ്ക്കേണ്ട സ്ഥാനത്ത് 1500ൽപരം തസ്തികകൾ മാത്രമാണ് സർക്കാരിലേക്ക് നിയമനത്തിനായി നൽകിയിട്ടുള്ളതെന്നും അതിനാൽ ഇത്തരത്തിൽ നിയമനം നടത്താൻ കഴിയില്ലെന്നുമാണ്. യഥാർഥത്തിൽ ഇത് നിയമനം അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള മന്ത്രിയുടെ തന്ത്രം മാത്രമാണ്. നിലവിലുള്ള ഒഴിവിനനുസരിച്ച് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ല എന്ന സത്യം മറച്ചുവച്ചുകൊണ്ട് നിയമനാംഗീകാരം വൈകിക്കലാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
അതല്ലെങ്കിൽ മാനേജർമാർ വിട്ടുനൽകിയിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുകയും അത്തരം വിദ്യാലയങ്ങളിൽ നേരത്തേ ജോലി ചെയ്തുവരുന്ന അധ്യപകർക്ക് സ്ഥിരനിയമനാംഗീകാരം നൽകുകയും ചെയ്യുന്നതിന് തടസം നിൽക്കുന്നതെന്തിനാണ്? എൻഎസ്എസ് മാനേജ്മെന്റ് ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ മാറ്റിവച്ചപ്പോൾ അവർക്ക് അംഗീകാരം നൽകിയ അതേ രീതി മറ്റുള്ള മാനേജ്മെന്റുകൾക്ക് ബാധകമാക്കാത്തതെന്താണ്? ഒരു പന്തിയിൽ രണ്ട് തരം വിളമ്പ് എന്നു പറയുന്നതുപോലെ ഒരു സംസ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സർക്കാരിനെ രക്ഷിക്കുന്നതിന് വേണ്ടി ബോധപൂർവം ഭിന്നശേഷിയുടെ പേരിൽ അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുകയാണെന്ന് പറയേണ്ടിവരുന്നത്.
ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്നു
നിലവിലുള്ള അധ്യാപകരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക, അനുവദിച്ച ഡിഎയുടെ കവർന്നെടുത്ത മുൻകാലപ്രാബല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോഴാണ് സർവീസിൽ കയറി വർഷങ്ങളോളം ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകർ നരകയാതന അനുഭവിക്കുന്നത്. അഞ്ചുവർഷത്തോളം ജോലിചെയ്ത് സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന അലീന ബെന്നിയെ നമുക്ക് മറക്കാൻ കഴിയുമോ? കണ്ണുള്ളവർക്ക് കാണാനും കാതുള്ളവർക്ക് കേൾക്കാനും കഴിയുമെങ്കിലും ഇടതു സർക്കാരിന് ഇതൊന്നും കാണാനോ കേൾക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം.
2016ൽ സർവീസിൽ പ്രവേശിച്ച് ജോലി ചെയ്തവർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകുകയും അതുവരെയുള്ള അഞ്ചു വർഷക്കാലം നയാപൈസ നൽകാതെ വഞ്ചിക്കുകയും ചെയ്ത സർക്കാരിന്റെ രണ്ടാം പതിപ്പ്, ഭിന്നശേഷിയുടെ പേരിൽ നിയമനാംഗീകാരം നൽകാതെ വീണ്ടും അധ്യാപകരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ്.
ഇതിനെതിരേ അധ്യാപകരുടെ കൂട്ടായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണ്. കോടതി ഉത്തരവുകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരിക്കൽ പറഞ്ഞതെല്ലാം തിരുത്തിപ്പറയുന്ന സർക്കാർ, അധ്യാപനമെന്ന മഹനീയമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തെ മുഴുവൻ ദുരിതത്തിലാക്കുന്നതിനു പകരം കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുകയും ജോലി ചെയ്ത കാലത്തെ വേതനം കൃത്യമായി അനുവദിക്കുകയും ചെയ്യേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
(കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)