National
തൃശൂർ: അക്ഷരാർത്ഥത്തിൽ റാമ്പിൽ അവൾ അദ്ഭുതമായി. മിസിസ്, മിസ്, ടീൻ എന്നീ മൂന്നു കാറ്റഗറികളിലുംകൂടി അവൾ ബെസ്റ്റ് കാറ്റ് വാക്കറായി. കൂടാതെ, ടീൻ വിഭാഗത്തിൽ ചാമ്പ്യൻ പട്ടവും. ഉത്തർപ്രദേശിലെ നോയിഡ ഫിലിം സിറ്റിയിൽ നടന്ന ഫ്ലയിംഗ് ഫെം ദേശീയ സൗന്ദര്യമത്സരത്തിന്റെ സീസൺ മൂന്നിലാണ് തന്നെക്കാൾ മുതിർന്ന മത്സരാർഥികളെയെല്ലാം പിന്നിലാക്കി ക്യാരൻ എന്ന മാലാഖക്കുട്ടി ഈ അതുല്യനേട്ടം കരസ്ഥമാക്കിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 60 പേരിൽനിന്ന് കടുത്ത മത്സരത്തിനുള്ളിലാണ് ഈ 12 കാരി വിജയപീഠത്തിലെത്തിയത് എന്നറിയുമ്പോഴാണ് ഇതിന്റെ മഹത്വം തിരിച്ചറിയുന്നത്.
തുടർച്ചയായ 12 ദിവസങ്ങളിലായി വിവിധ കാറ്റഗറികളിൽ നടന്ന പ്രകടന പരീക്ഷണങ്ങൾ, വ്യക്തിത്വ വിലയിരുത്തലുകൾ, ടാലന്റ് റൗണ്ടുകൾ, ആത്മവിശ്വാസം അളക്കുന്ന ടെസ്റ്റുകൾ എന്നിവയിൽ മികവ് പ്രകടിപ്പിച്ചാണ് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതനിലെ ഈ ആറാം ക്ലാസുകാരി വിജയം കരഗതമാക്കിയത്. 'സ്വപ്നങ്ങൾക്കു പ്രായപരിധിയില്ലെന്ന് തൃശൂരിന്റെ കൗമാരതാരം വീണ്ടും തെളിയിച്ചു.
കൊച്ചിയിലെ കുട്ടികളുടെ സൗന്ദര്യമത്സരമായ സുന്ദരിക്കുട്ടി മത്സരത്തിൽ വളരെ ആകസ്മികമായാണ് തലോർ പുളിയനത്തു പറമ്പിൽ ഡോ. ഏണസ്റ്റ് ഡഗ്ലസ് റോഡ്രിഗസിന്റെയും രമ്യയുടെയും മകൾ എട്ടു വയസുകാരി ക്യാരൻ എത്തിപ്പെട്ടത്. ആദ്യ മത്സരത്തിൽതന്നെ ഫൈനലിസ്റ്റ് ആയതോടെ അവളുടെ ആത്മവിശ്വാസം വർധിച്ചു.
പിന്നെ കേട്ടറിഞ്ഞ മത്സരങ്ങളിലൊക്കെ പങ്കെടുത്തു. അങ്ങനെ അതൊരു പാഷനായി. 12 വയസിനകം ഫ്രാൻസ്, ദുബായ്, തായ്ലൻഡ് തുടങ്ങി അന്താരാഷ്ട്ര വേദികളിൽ ഉൾപ്പെടെ ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത് 21 വിവിധങ്ങളായ കിരീടങ്ങളാണ്.
ദുബായ് എഎഫ് ഇ, കേരള പ്രിൻസസ് സീസൺ - 2, ഐക്കൺ ഓഫ് കേരള തുടങ്ങി നിരവധി ഇടങ്ങളിൽ ടൈറ്റിൽ വിന്നറായിരുന്നു. തായ്ലൻഡിൽ നടന്ന ജൂണിയർ ഇന്റർനാഷണലിൽ ബെസ്റ്റ് കാറ്റ് വാക് പുരസ്കാരം നേടി. മിസ് ഇന്ത്യ ജൂണിയർ കിരീടമാണ് അടുത്ത ലക്ഷ്യം.
രണ്ടര വയസു മുതൽ പാട്ടുപാടാനും അധികം വൈകാതെ ഡാൻസ് കളിക്കാനും തുടങ്ങിയ ഈ കുഞ്ഞിനെ മാതാപിതാക്കൾ അവളുടെ കാരിസമനുസരിച്ച് ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിപ്പിക്കാൻ തുടങ്ങി. കൂടാതെ കരാട്ടെ ജിംനാസ്റ്റിലും പരിശീലനം നേടുന്നുണ്ട്.
ധാരാളം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനും പ്രോഗ്രാം അവതരിപ്പിക്കാനും അവസരം ലഭിച്ചത് മകളുടെ വ്യക്തിത്വ പ്രകാശനത്തിന് ഏറെ സഹായിച്ചെന്നു മാതാപിതാക്കൾ പറയുന്നു. അനുജൻ അഞ്ചു വയസുകാരൻ ഇലോണും ചേച്ചിയുടെ പാത പിൻതുടരാനുള്ള പരിശ്രമത്തിലാണ്.
Kerala
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ ക്രൂരമർദനമേറ്റ കൗമാരക്കാരൻ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ. കൊല്ലം മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
ഹരികൃഷ്ണൻ(18) എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്. ഹരികൃഷ്ണനും സഹോദരനും ബന്ധുവുമാണ് ഉത്സവത്തിനെത്തിയത്. ഇതിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ക്രൂരമർദനത്തിനിടെ മരത്തടി ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണന് ബോധം പോയി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് ഹരികൃഷ്ണൻ.
സംഭവത്തിൽ സുനിൽ, രതീഷ് എന്നിവരെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. നാലുപേർ കൂടി അറസ്റ്റിലാകാനുണ്ട്.
NRI
ബർമിംഗ്ഹാം: 12 വയസുകാരനെ കൊലപ്പെടുത്തുകയും വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത 15 വയസുകാരന് 13 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി.
നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിധി കേൾക്കുമ്പോൾ പ്രതി യാതൊരു ഭാവവ്യത്യാസവും പ്രകടിപ്പിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2025 ജനുവരി 21നായിരുന്നു 12 വയസുകാരൻ ലിയോ റോസിനെ പ്രതി കൊലപ്പെടുത്തിയത്. യാർഡ്ലി വുഡിലെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ലിയോയെ പ്രതി വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കുത്തിവീഴ്ത്തിയതിന് ശേഷം പ്രതി അവിടെത്തന്നെ നിന്ന് ലിയോ ജീവനുവേണ്ടി പിടയുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ലിയോയുമായി പ്രതിക്ക് യാതൊരു മുന്പരിചയമില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, 82 വയസുള്ള വൃദ്ധയെ മുക്കിക്കൊല്ലാനും പ്രതി ശ്രമിച്ചിരുന്നു. മറ്റ് രണ്ട് വയോധികരെയും പ്രതി ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഇയാൾ കൊടും കുറ്റവാളിയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
International
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ഹാർബറിൽ വച്ച് സ്രാവിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരൻ മരിച്ചു. നിക്കോ ആന്റിക്ക് എന്ന 12 വയസുകാരനാണ് മരിച്ചത്.
ഞായറാഴ്ച സിഡ്നി ഹാർബറിൽ വച്ച് പാറകളിൽ നിന്ന് ചാടുന്നതിനിടെയാണ് നിക്കോയെ സ്രവ് ആക്രമിച്ചത്. രണ്ട് കാലുകൾക്കും പരിക്കേറ്റ കുട്ടിയെ കുടെയുണ്ടായിരുന്ന സുഹൃത്തുകൾ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് നിക്കോ മരിച്ചത്
സ്രാവ് ആക്രമണങ്ങളെ തുടർന്ന് സിഡ്നിയിലെ ബീച്ചുകളിലെയ്ക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തിനിടെയുണ്ടായ നാല് ആക്രമണങ്ങളെ തുടർന്നാണ് ബീച്ചുകൾ അടച്ചിട്ടത്.
Kerala
തൃശൂർ: മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മൽ(17) ആണ് മരിച്ചത്.
തിപ്പിലിക്കയം വെള്ളക്കെട്ടിൽ ആണ് അക്മൽ മുങ്ങി മരിച്ചത്. ഇന്ന് കാലത്ത് ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ് തൃശൂർ ഭാഗത്തുനിന്നുള്ള അഞ്ചംഗസംഘം. ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിൽ കയറിയപ്പോൾ തെന്നിവീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടെ നടത്തിയ തെരച്ചിലിൽ പത്തരയോടെ ആണ് മൃതദേഹം പുറത്തെടുത്തത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് കൗമാരക്കാരനെ പീഡിപ്പിച്ച കേസിൽ വയോധികനെ അറസ്റ്റ് ചെയ്തു. 13 വയസുകാരനെ പീഡിപ്പിച്ച പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീൻ (60) ആണ് അറസ്റ്റിലായത്.
നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ പതിവായി സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർഥിയെ നിരീക്ഷിച്ച ഇയാൾ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. പരിചയപ്പെട്ട ശേഷം പ്രതി 13 കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൈക്കിൾ ചവിട്ടാനെത്തുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ കിടക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇയാൾ കാര്യങ്ങൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
അമരാവതി: ആന്ധ പ്രദേശിലെ വിജയവാഡയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ മധ്യവയസ്കനെ കുത്തിക്കൊന്നു. പത്ത് രൂപ ചോദിച്ചിട്ട് കൊടുക്കാത്തത് കാരണമാണ് പതിനേഴുകാരൻ 49 കാരനായ ടാറ്റാജി എന്നയാളെ കൊന്നത്.
മദ്യ വിൽപനശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. മദ്യം വാങ്ങാൻ പതിനേഴുകാരൻ ടാറ്റാജിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരസിച്ച ടാറ്റാജി പതിനേഴുകാരനോട് ദേശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പതിനേഴുകാരൻ ടാറ്റാജിയെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തി. ഗുരുതരമായി പരിക്കേറ്റ ടാറ്റാജി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിനേഴുകാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഇരുവരും പരിചയക്കാരല്ലെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: മലയാറ്റൂരില് മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന നിഗമനത്തിൽ പോലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതിനാൽ തന്നെ ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
അതേസമയം സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്.
മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി നാല് ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അലനെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അലനടക്കം കൂടുതൽ ആളുകളെ കാലടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പത്തുമണിക്ക് കളമശേരിയിൽ നടക്കും. മരണ കാരണം ഉറപ്പിച്ച ശേഷം സമഗ്രാന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാജിറാവു റോഡിലുള്ള മഹാറാണ പ്രതാപ് ഗാർഡന് സമീപമാണ് സംഭവം നടന്നത്. "സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന ഒരു കൗമാരക്കാരനെ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കുത്തിക്കൊന്നു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു, അവരെ കസ്റ്റഡിയിലെടുത്തു'. ഖഡക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളും കൊല്ലപ്പെട്ടയാളും ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്നും മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.