വാഷിംഗ്ടൺ: കാഴ്ചപരിമിതിയുള്ളവർക്ക് കാഴ്ചശക്തി തിരികെ നൽകാനും ചിന്തകൾ കൊണ്ട് മാത്രം കമ്പ്യൂട്ടറുകളും മനുഷ്യരുമായി ആശയവിനിമയം നടത്താനും സഹായിക്കുന്ന രണ്ട് വിപ്ലവകരമായ ഉൽപ്പന്നങ്ങൾ പ്രഖ്യാപിച്ച് ഇലോൺ മസ്കിന്റെ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ ന്യൂറാലിങ്ക്.
കാഴ്ചശക്തി തിരികെ നൽകാൻ രൂപകൽപ്പന ചെയ്ത 'ബ്ലൈൻഡ്സൈറ്റ്' സാങ്കേതികമായി സജ്ജമാണെന്നും ഇനി ഔദ്യോഗിക അനുമതികൾ മാത്രമാണ് ലഭിക്കാനുള്ളതെന്നും മസ്ക് വ്യക്തമാക്കി. കമ്പനിയുടെ ആദ്യ ഉൽപ്പന്നമായ 'ടെലിപ്പതി' , രണ്ടാമത്തെ ഉൽപ്പന്നമായ 'ബ്ലൈൻഡ്സൈറ്റ്' എന്നിവയുടെ വിശദാംശങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മസ്ക് പങ്കുവെച്ചത്.
എന്താണ് 'ബ്ലൈൻഡ്സൈറ്റ്'? ഇത് എങ്ങനെ പ്രവർത്തിക്കും?
പൂർണമായി അന്ധത ബാധിച്ചവർക്കും ജനനം മുതൽ കാഴ്ചയില്ലാത്തവർക്കും കാഴ്ച നൽകാൻ ലക്ഷ്യമിട്ട് നിർമിച്ച പരീക്ഷണാത്മക ബ്രെയിൻ ഇംപ്ലാന്റാണ് ബ്ലൈൻഡ്സൈറ്റ്. കണ്ണുകളെയും കാഴ്ച നാഡികളെയും പൂർണമായി ഒഴിവാക്കി ദൃശ്യ വിവരങ്ങൾ നേരിട്ട് തലച്ചോറിലേക്ക് എത്തിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
ഒരു ക്യാമറ ഉപയോഗിച്ച് ചുറ്റുമുള്ള ദൃശ്യങ്ങൾ പകർത്തി, അത് വയർലെസ് സംവിധാനത്തിലൂടെ തലച്ചോറിലെ ഇംപ്ലാന്റിലേക്ക് അയക്കുന്നു. ഈ ഇംപ്ലാന്റ് തലച്ചോറിലെ ദൃശ്യങ്ങൾ പ്രോസസ്സ് ചെയ്യുന്ന ഭാഗത്തെ ഉത്തേജിപ്പിക്കുകയും വ്യക്തിക്ക് കാഴ്ച നൽകുകയും ചെയ്യുന്നു.
കണ്ണിനോ നാഡികൾക്കോ തകരാറ് സംഭവിച്ച് കാഴ്ച നഷ്ടപ്പെട്ടവർക്കും, തലച്ചോറിലെ കാഴ്ചശക്തി കൈകാര്യം ചെയ്യുന്ന ഭാഗം പ്രവർത്തനക്ഷമമാണെങ്കിൽ ജന്മനാ അന്ധതയുള്ളവർക്കും ഇത് പ്രയോജനപ്പെടും. യുഎസ് എഫ്ഡിഎ 2024 സെപ്റ്റംബറിൽ ഇതിന് 'ബ്രേക്ക്ത്രൂ ഡിവൈസ്' പദവി നൽകിയിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഇതിന്റെ പരീക്ഷണം വിജയകരമായി തെളിയിക്കേണ്ടതുണ്ട്.
എന്താണ് 'ടെലിപ്പതി'?
കമ്പ്യൂട്ടറുകളെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളെയും ചിന്തകൾ കൊണ്ട് മാത്രം നിയന്ത്രിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് 'ടെലിപ്പതി'.
തലച്ചോറിൽ ഘടിപ്പിക്കുന്ന ചെറിയ ഇംപ്ലാന്റിലെ ഇലക്ട്രോഡുകൾ നാഡീസന്ദേശങ്ങൾ ശേഖരിച്ച് ഡിജിറ്റൽ കമാൻഡുകളാക്കി മാറ്റുന്നു. കൈകൾ ചലിപ്പിക്കാതെയും കീബോർഡ് ഉപയോഗിക്കാതെയും കർസർ ചലിപ്പിക്കാനും ടൈപ്പ് ചെയ്യാനും ഗെയിമുകൾ കളിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.
സംസാരിക്കാനോ ചലിക്കാനോ പ്രയാസമുള്ള പക്ഷാഘാതം അല്ലെങ്കിൽ എഎൽഎസ് ബാധിതർക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക. ഭാവിയിൽ മനുഷ്യരുടെ സംസാര വേഗതയേക്കാൾ വേഗത്തിൽ ചിന്തകൾ വഴി ആശയവിനിമയം നടത്താൻ ഇതിലൂടെ സാധിക്കുമെന്ന് മസ്ക് അവകാശപ്പെടുന്നു.