നവംബർ 21 ലോക ടെലിവിഷൻ ദിനം
ടെലിവിഷൻ എന്നത് ഒരു മുറിയിലെ ഉപകരണം മാത്രമല്ല. അത് നമ്മുടെ കൈകളിലെ മൊബൈൽ ഫോണിലും, ലാപ്ടോപ്പിലും, എത്തിയിരിക്കുന്നു. എപ്പോൾ വേണമെങ്കിലും, എന്ത് വേണമെങ്കിലും കാണാൻ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നത്.എന്നാൽ ഒരു കാലമുണ്ടായിരുന്നു. ടെലിവിഷൻ കാണാൻ വേണ്ടി മാത്രം കുടുംബം മുഴുവൻ കാത്തിരുന്ന ഒരു കാലം.
ഒരു കുടുംബത്തിന്റെ ഒരുമയുടെ കേന്ദ്രം.
ഒരു കാലത്ത് ടെലിവിഷൻ ,വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമായിരുന്നു. വൈകുന്നേരം ആറ് മണിയാകുമ്പോൾ വീട്ടിലെ എല്ലാവരും ടെലിവിഷന് മുന്നിൽ എത്തും. അച്ഛൻ വാർത്തകൾക്കായി, അമ്മ സീരിയലുകൾക്കായി, കുട്ടികൾ കാർട്ടൂണുകൾക്കായി കാത്തിരിക്കും.അന്ന് ചാനലുകൾ ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സന്തോഷം അതിരില്ലാത്തതായിരുന്നു. ചിത്രം തെളിയാതെ വരുമ്പോൾ ആന്റിന തിരിക്കാൻ ഒരാൾ ടെറസിൽ കയറും, മറ്റൊരാൾ താഴെ നിന്ന് ചിത്രം തെളിഞ്ഞോ എന്ന് വിളിച്ചു ചോദിക്കും. മഴ പെയ്താൽ ചിത്രം മങ്ങും. വൈദ്യുതി നിലച്ചാൽ വീട് മുഴുവൻ നിശബ്ദമാകും. ഇതെല്ലാം അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
മാറിയ കാലം, മാറിയ കാഴ്ചകൾ
കറുപ്പും വെളുപ്പും ടെലിവിഷനിൽ നിന്ന് കളർ ടെലിവിഷനിലേക്കും, അവിടെ നിന്ന് ഫ്ലാറ്റ് ടിവിയിലേക്കും, സ്മാർട്ട് ടിവിയിലേക്കും എത്തി. ഇന്ന് ടെലിവിഷൻ നമ്മുടെ കൈപ്പത്തിയിൽ ഒതുങ്ങി. ആയിരക്കണക്കിന് ചാനലുകളുണ്ട്. എന്നാൽ ഒരുമിച്ച് ഇരുന്ന് കാണാൻ ആളുകളില്ല.
ടെലിവിഷൻ നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നിട്ടില്ല, മറിച്ച് അതിന്റെ രൂപം മാത്രമാണ് മാറിയത്. എന്നാൽ അന്ന് ടെലിവിഷന് മുന്നിൽ നമുക്ക് ലഭിച്ചിരുന്ന ഒരുമയും സ്നേഹവും ഇന്നും നമുക്ക് ആവശ്യമാണ്. സാങ്കേതികവിദ്യ എത്ര വളർന്നാലും, ഒരുമിച്ച് ഇരുന്ന് ഒരു സിനിമ കാണുന്നതിന്റെ സന്തോഷത്തിന് പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല.
ഈ ലോക ടെലിവിഷൻ ദിനം, നഷ്ടപ്പെട്ടുപോയ ആ ഒരുമയെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ.