നടി സിന്ധു കൃഷ്ണയുടെ അമ്മയെക്കുറിച്ച് സഹോദരിയുടെ മകൾ നടത്തിയ വെളിപ്പെടുത്തൽ വിവാദത്തിലേയ്ക്ക്. സിന്ധുവിന്റെ അമ്മയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ കാനഡയിലെ ജോലി ഉപേക്ഷിച്ച് താൻ തിരുവനന്തപുരത്തിന് വന്നെന്നുമാണ് സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി പറഞ്ഞത്.
തൻവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിന്ധുവിന്റെ മകൾ അഹാനയും കൂടി എത്തിയതോടെ ഈ കുടുംബപ്രശ്നം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
തൻവി യുട്യൂബിൽ പങ്കുവച്ച വീഡിയോയിൽ അമ്മൂമ്മ പറയുന്ന ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നാട്ടിലേക്ക് വരാൻ ഒരുങ്ങിയ തൻവിയോട് സിന്ധു കൃഷ്ണകുമാറിന്റെ അമ്മ പറയുന്നത് ഇങ്ങനെ: ‘‘ഞാൻ എന്തായാലും ഇങ്ങനെ ദിവസങ്ങൾ എണ്ണി ഇരിക്കുകയാണ് മക്കളെ, എന്റെകുട്ടികളെ കാണാൻ. കാരണം എനിക്ക് ആരുമില്ല. ഞാൻ ഒറ്റയ്ക്കായി. എന്റെ അപ്പൂപ്പൻ അങ്ങ് പോയി. ഞാൻ ഒറ്റയ്ക്കായി. എനിക്ക് ആരൊരുത്തരും ഇല്ല. ആത്മാർത്ഥതയുള്ള ഒരു ജോലിക്കാരനും ഇല്ല. ആരും ഒരു ഫോൺ കോൾ പോലും ചെയ്യുന്നില്ല. അതുകാരണം കൊണ്ട് ഇപ്പൊ എനിക്ക് ഇത്രയും ബിപി കൂടി ഹൈ ബിപി ആണ്. അത്രയ്ക്ക് വയ്യാതെയാണ് മോനെ ഇരിക്കുന്നത്. നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപക്ഷേ എന്റെ ബിപി കൂടെ കുറഞ്ഞു കിട്ടുമെന്ന് വിചാരിക്കുന്നു. കാണാൻ കൊതിയായി.’’
സിന്ധു കൃഷ്ണയുടെ അച്ഛൻ മരിക്കുന്ന സമയത്ത് തൻവി ഗർഭിണി ആയിരുന്നു. ആ സമയത്ത് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ ആയതിനാൽ അപ്പൂപ്പന്റെ ചടങ്ങുകളിൽ തൻവിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു വർഷമായി തന്നെ നിരന്തരം നാട്ടിലേക്ക് അപ്പൂപ്പനും അമ്മൂമ്മയും വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തൻവി വെളിപ്പെടുത്തി.
എന്നാൽ, അപ്പൂപ്പൻ മരിച്ചതോടെ അമ്മൂമ്മ ഒറ്റപ്പെട്ടുവെന്നും ആ സങ്കടം സഹിക്കാൻ കഴിയുന്നില്ലെന്നും തൻവി പറയുന്നു.
തൻവിയുടെ വാക്കുകൾ
എന്നെ കുഞ്ഞിലെ മുതലേ എന്റെ അപ്പൂപ്പനും അമ്മൂമ്മയും ആണ് വളർത്തിയത്. അപ്പോൾ കഴിഞ്ഞ ഒന്നോ രണ്ടോ വർഷമായിട്ട് അപ്പൂപ്പനും അമ്മൂമ്മയും എന്നോട് ‘മക്കളെ വാ നമുക്ക് വയ്യ’ എന്നൊക്കെ പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു, ഓക്കേ അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ ഉണ്ട്, അപ്പൂപ്പന് അമ്മൂമ്മ ഉണ്ട്.
പിന്നെ കഴിഞ്ഞ ഒരു വർഷം അപ്പൂപ്പന് ഹോം നേഴ്സ് ഉണ്ടായിരുന്നു. പിന്നെ അവർക്ക് വീട് തൂത്തു തുടക്കാൻ ആളുണ്ടായിരുന്നു. ഞാൻ മാസം അങ്ങോട്ട് പൈസ അയച്ചുകൊടുക്കുമായിരുന്നു. അവർക്ക് അവരുണ്ടല്ലോ എന്നുള്ള ധൈര്യത്തിൽ ഞാൻ പിന്നെ അവരെ വിളിക്കുമ്പോൾ ‘വരാം വരാം... ആലോചിക്കാം’ എന്നൊക്കെ പറഞ്ഞ് ഇരിക്കുവായിരുന്നു.
അവസാനം ഞാൻ ഗർഭിണി ആയ സമയത്ത് അപ്പൂപ്പൻ ‘മക്കളെ നീ വരുന്നില്ലേ മക്കളെ... നീ എപ്പോൾ വരും’ എന്ന് പറഞ്ഞു. ഞാൻ എന്തായാലും ഇനി കൊച്ച് ജനിച്ചു കുറച്ച് മാസം കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് വരാം. നിങ്ങൾക്ക് രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും നിങ്ങളുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. അതു മാത്രമല്ല ഈ ജോലിക്ക് വരുന്ന ആൾക്കാരും സ്ഥിരം നിൽക്കുന്നില്ലായിരുന്നു.
നമ്മുടേത് ഇച്ചിരി വലിയ വീടാണ്. ഒരു അഞ്ചു ബെഡ്റൂം ഉള്ള വീടാണ്. അതെല്ലാം മൊത്തവും ദിവസവും വൃത്തിയാക്കുന്നത് ഇച്ചിരി ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സ്ഥിരം ആൾക്കാർ നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാലും ഞാൻ പറയും, ‘അഡ്ജസ്റ്റ് ചെയ്യ്... എന്തെങ്കിലും ആകട്ടെ’ എന്ന്. അവസാനം എന്റെ വളകാപ്പിന്റെ തലേദിവസം വരെ അപ്പൂപ്പൻ പറഞ്ഞു, ‘മക്കളെ നീ എന്ന് വരും’ എന്ന്. അപ്പോഴും ഞാൻ പറഞ്ഞു, ‘ഞാൻ വരാം അപ്പൂപ്പാ... ഇനി സമയമുണ്ടല്ലോ. എന്തിനാ നിങ്ങൾ കിടന്ന് എന്നെ ചുമ്മാ ഇപ്പോഴേ വിളിക്കുന്നത്’ എന്ന് പറഞ്ഞ് ഞാൻ വഴക്ക് വരെ പറഞ്ഞു. അതിന്റെ പിറ്റേദിവസം രാവിലെയാണ് ഞാൻ അറിയുന്നത് അപ്പൂപ്പൻ ഇങ്ങനെ മരിച്ചുപോയെന്ന്.
അതും കൂടെ അറിഞ്ഞപ്പോൾ എനിക്ക് റിഗ്രറ്റ് ആയിരുന്നു. കാരണം എന്നെ അവരാണ് വളർത്തിയത്. അവസാനം ‘നീ വാ വാ’ എന്ന് വിളിച്ചിട്ട് ഞാൻ വന്നില്ല. കാരണം ഞാൻ കുറച്ച് പൈസ ഉണ്ടാക്കുകയായിരുന്നു. എനിക്ക് കാനഡയിൽ ഒരു വീട് വയ്ക്കണം എന്നതായിരുന്നു എന്റെ പരിപാടിയും പ്ലാനും. ഞാൻ നിൽക്കുന്നത് ചെറിയൊരു അപ്പാർട്ട്മെന്റ് ഹൗസിലാണ്. ഞാൻ പണ്ട് പഠിച്ചോണ്ടിരുന്ന സമയത്ത് കേറിയ ബിൽഡിങ്ങാണ്. അവരെ കൊണ്ടുവരണമെങ്കിൽ സൂപ്പർ ആയി കൊണ്ടുവരണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു. അതിനായി പൈസ് സേവ് ചെയ്യുകയായിരുന്നു.
എന്നെ നോക്കി വളർത്തിയവർക്ക് അവസാനം ഇങ്ങനെ പ്രായം ആയതിനുശേഷം അവരെ നോക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ എന്തിനാ പിന്നെ ഇത്രയും ഞാൻ പൈസ ഉണ്ടാക്കി അവർക്കയച്ചത്? ഇവർക്ക് വല്ലവർക്കും പൈസ കൊടുത്തിട്ട് എന്നെ നോക്കിയാ പോരായിരുന്നോ? അതുകൊണ്ട് ഞാൻ ഇപ്പോൾ മെറ്റേണിറ്റി ലീവ് ടൈം നോക്കി ഇങ്ങോട്ടേക്ക് വന്നേക്കുവാ. എന്നെക്കൊണ്ട് ഇവർക്ക് പറ്റുന്ന ഒരു ഹോം നേഴ്സും അല്ലെങ്കിൽ പറ്റുന്ന ഒരു സ്ഥിരം നിൽക്കാൻ പറ്റിയ ഒരു ജോലിക്ക് നിൽക്കുന്ന ഒരാളെ ഏർപ്പാട് ചെയ്തു.’’
തിരിച്ചെത്തിയപ്പോൾ വീട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നുവെന്നും തൻവി വെളിപ്പെടുത്തി. ‘ഞാൻ വന്നപ്പോൾ ഈ വീട് എന്റെ പൊന്നേ മൊത്തവും കുളമായിരുന്നു. കുളം എന്ന് വെച്ചാൽ എനിക്ക് വീട് കണ്ടപ്പോൾ തല കറങ്ങുവാ. അമ്മാതിരി സാധനങ്ങളാ കൂട്ടി കൂട്ടി കൂട്ടി കൂട്ടി വെച്ചേക്കുന്നത്. ഇതൊന്നും നമുക്ക് ഒറ്റ ഒരു ദിവസത്തിൽ വൃത്തിയാക്കി തീർക്കാൻ പറ്റത്തില്ല. ഞാൻ അതേപോലെ മാനേജ്മെന്റ് ലെവൽ ജോലിയാണ് വിട്ടിട്ട് വന്നത്. അമ്മൂമ്മ കരയുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണ്.
ഞാൻ ഇരുന്ന് കരയും. എന്റെയും കരച്ചിൽ കണ്ടിട്ട് യോജി പറഞ്ഞു, ഓക്കേ തൽക്കാലത്തേക്ക് നമുക്ക് ഇന്ത്യയിലേക്ക് മാറാം. ഇന്ത്യയിലേക്ക് മാറി അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം ഓക്കേ ആക്കാം. അഥവാ അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം നോക്കാൻ ആരെങ്കിലും കിട്ടിയില്ലെങ്കിൽ ഞാൻ തന്നെ ഇവിടെ നിൽക്കും. അതാണ് പ്ലാൻ,’ തൻവി പറഞ്ഞു.
തൻവിയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. സംഗതി വിവാദമായതോടെ തൻവി കമന്റ് ബോക്സ് പൂട്ടി. അപ്പൂപ്പന്റെ മരണ ശേഷം വളരെ വൈകാരികമായി സംസാരിച്ച് അഹാന ഒരു വ്ലോഗ് പങ്കുവച്ചിരുന്നു. ഇതിന് നേരെയും ഇപ്പോൾ വിമർശനം ഉയരുകയാണ്. അതിനിടെ തനിക്കെതിരെ വന്ന കമന്റുകളിലൊന്നിന് അഹാന മറുപടി നൽകി. സത്യമറിയാതെ ആളുകൾ പെട്ടെന്ന് ജഡ്ജ് ചെയ്യുന്നത് നിരാശജനകമാണെന്നാണ് അഹാന പറയുന്നത്.