പയ്യന്നൂര്‍: നാടക-സംഗീത സംവിധായകനും കഥാപ്രസംഗ പരിശീലകനുമായ പയ്യന്നൂര്‍ കാരയിലെ എം.പി. രാഘവന് (78) അന്തരിച്ചു.
തബലയിലൂടെയും ഹാര്മോണിയത്തിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് സംഗീത സംവിധായകനായും നാടകഗാന സംവിധായകനായും നാടക സംവിധായകനായും കഥാപ്രസംഗ പരിശീലകനായും പ്രശസ്തി നേടി.
ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഇദ്ദേഹം നിരവധി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. പ്രസിദ്ധ സംഗീത സംവിധായകന് കെ. രാഘവന് തുഞ്ചന്‍ നാടകോത്സവത്തില്‍ അവതരിപ്പിച്ച ജി. ശങ്കരപ്പിള്ളയുടെ ഭരതവാക്യം എന്ന നാടകത്തിന്റെ സംഗീത സംവിധാനത്തിന് നല്ല സംഗീത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.
ഈയിടെ മുന്‍ മന്ത്രി ജി. സുധാകരന് എഴുതിയ ഞാന്‍ എൻജിനിയര്‍, കണ്ണീര് ശില എന്നീ കവിതകള്‍ക്ക് സംഗീതം നല്‍കുകയും മന്ത്രിയുടെ ഗണ്മാനായ രാജേഷ് പാടുകയും ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തൃക്കരിപ്പൂര്‍ കുന്നച്ചേരി സ്വദേശിയായിരുന്ന എം.പി. രാഘവന് ആദ്യകാലത്ത് ബീഡി തൊഴിലാളിയും കല്പ്പണിക്കാരനുമായിരുന്നു. പിന്നീട് ഇടവേളകളിൽ സംഗീതം ഗുരുക്കന്മാരിൽനിന്ന് അഭ്യസിക്കുകയായിരുന്നു.
ഭാര്യ: പദ്മാവതി. മക്കള്‍: പുഷ്പ (കുഞ്ഞിമംഗലം), ദീപ (വടകര), രഞ്ജിത്ത്, ശ്രീജിത്ത്. സഹോദരങ്ങള്‍: നാരായണി (നടക്കാവ്), തമ്പായി (തങ്കയം).