മഞ്ചേരി: മഞ്ചേരി നഗരത്തിന്റെയും പോലീസിന്റെയും ഒരുപോലെ ഉറക്കം കെടുത്തിയ തുടർ മോഷണ പരമ്പരകൾക്ക് ഒടുവിൽ തിരശീല വീണു. ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തിയിരുന്ന തേഞ്ഞിപ്പലം സ്വദേശി സൈനുദീനെയാണ് മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂറോളം മോഷണക്കേസുകളിൽ പ്രതിയെന്ന് പോലീസ് പറഞ്ഞു.
അയൽവാസികളെയും നാട്ടുകാരെയും വസ്ത്രവ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് ആഡംബര കാറുകളിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ സൈനുദ്ദീൻ കൃത്യമായി നിരീക്ഷിക്കും. തുടർന്ന് അർധരാത്രിയിൽ ഇരുചക്രവാഹനത്തിലെത്തി മുഖം മറച്ച് കൈകളിൽ ഗ്ലൗസ് ധരിച്ച് വീടിന്റെ മുൻവാതിൽ തകർത്താണ് ഇയാൾ അകത്തുകടന്നിരുന്നത്. മോഷണശേഷം തെളിവുകൾ നശിപ്പിക്കാനായി വീടുകളിലെ സിസിടിവി ഹാർഡ് ഡിസ്കുകൾ കൂടി കവർന്നാണ് ഇയാൾ സ്ഥലം വിട്ടിരുന്നത്.
ഇയാൾ പതിനെട്ടാം വയസിലാണ് മോഷണം തുടങ്ങിയതെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറോളം കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നും പോലീസ് പറയുന്നു. 2024ൽ പാലക്കാട്ടെ മോഷണക്കേസുകളിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ കോഴിക്കോട് പോക്സോ കേസിലും പ്രതിയായി.ഇയാൾ മോഷണമുതൽ ഉപയോഗിച്ച് കാവനൂർ വടക്കമല റോഡിൽ കോടികൾ വിലമതിക്കുന്ന ആഡംബര വീട് നിർമിക്കുകയായിരുന്നു. ഓരോ ജില്ലയിലും മോഷണം നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് മാറി ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ പതിവ്.
മഞ്ചേരി, കാവനൂർ, രാമൻകുളം എന്നിവിടങ്ങളിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പം വാടകയ്ക്ക് താമസിച്ചുകൊണ്ടായിരുന്നു ഇയാൾ നഗരത്തിൽ മോഷണം ആസൂത്രണം ചെയ്തിരുന്നത്. മോഷണം വ്യാപകമായതോടെ മലപ്പുറം ജില്ലാ പൊലിസ് മേധാവിയുടെ നിർദേശപ്രകാരം മഞ്ചേരി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.