കാസര്‍ഗോഡ്: കാടും പടലവും കയറി വാസയോഗ്യമല്ലാതായി ആര്‍ക്കും വേണ്ടാതെ കാസര്‍ഗോഡ് പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്സുകള്‍. കേന്ദ്രസര്‍ക്കാര്‍ പോസ്റ്റല്‍, ടെലികോം ജീവനക്കാര്‍ക്കായി വിദ്യാനഗറിലെ 96 സെന്റ് സ്ഥലത്ത് 1979ല്‍ നിര്‍മിച്ച പോസ്റ്റല്‍ ആന്‍ഡ് ടെലികോം ക്വാര്‍ട്ടേഴ്സാണ് കാടുകയറിയും ഇടിഞ്ഞുവീഴാറായും നില്‍ക്കുന്നത്.
യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ കാലപ്പഴക്കം വന്നുമാണ് കാടുകയറിയും നശിക്കുന്നത്. കാസര്‍ഗോട്ട് ഒരുകാലത്ത് ചുറ്റും പുന്തോട്ടങ്ങളും ചെറുപാര്ക്കുകളുമായി ഭംഗിയാര്‍ന്ന കാസര്‍ഗോട്ടെ പ്രധാന കെട്ടിടമായിരുന്നു പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്സുകള്‍. ഇന്നു കാടും പടലവും കയറി ഇഴജന്തുക്കളുടെ ശല്യമുള്ള പ്രേതാലയങ്ങളായി മാറിയിരിക്കുകയാണ് ഇവ. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ നശിക്കുന്ന പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്സുകളുടെ അവസ്ഥയാണിത്.
കാസര്‍ഗോഡ്-കണ്ണൂര്‍ ദേശീയപാതയോരത്ത് കാസര്‍ഗോഡ് ഗവ. കോളജിന് തൊട്ടടുത്തായുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്വാര്‍ട്ടേഴ്സും സ്ഥലവും കെട്ടിടങ്ങളുമാണ് പഴകിയും കാടുകയറിയും നശിക്കുന്നത്. പോസ്റ്റ് ആന്‍ഡ് ടെലികോം വിഭാഗം ജീവനക്കാര്‍ക്കായി ഫ്ലാറ്റ് മാതൃകയില്‍ നിര്‍മിച്ച 21 വീതം ഫ്ലാറ്റുകളാണുള്ളത്. ഇതില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ താമസം അവസാനിപ്പിച്ചിരുന്നു. പിന്നീടാണ് പോസ്റ്റല്‍ ജീവനക്കാരും ഒരു വര്‍ഷം മുമ്പ് ഇവിടം വിട്ടത്.
രണ്ടു തരത്തിലുള്ള ക്വാട്ടേഴ്സുകളാണ് ഇവിടെയുള്ളത്. ഗ്രേഡ് വണ്ണില്‍ രണ്ടു ബെഡ് റൂമുകളും ഹാളും അടുക്കളയും ഡൈനിംഗ് ഹാളും ഉള്‍പ്പെടുന്നത്. ഗ്രേഡ് ടുവില്‍ ഒരു ബെഡ് റൂമും ഒരു അടുക്കളയും ഹാളും ഡൈനിംഗ് ഹാളും ഉള്‍പ്പെടും. മൂന്നും നാലും ആറും ഫ്ലാറ്റുകളുള്ള പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളായിരുന്നു ഓരോന്നും. ഇതില്‍ എല്ലാ കെട്ടിടവും പൂര്‍ണമായും നശിച്ചു. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ റോഡരികിലുള്ള മതില് പൊളിച്ചുനീക്കിയിരുന്നു.
പിന്നീട് അതു പുനഃസ്ഥാപിച്ചില്ല. ആള്‍താമസമില്ലാത്തതിനാല്‍ അധികൃതര്‍ ഇതിനെ തിരിഞ്ഞുനോക്കുന്നതുമില്ല. അവസാന താമസക്കാരന് ഒഴിഞ്ഞുപോകുമ്പോഴേക്കും കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടുകീറിയും വയറിംഗും നശിച്ചു. വാതിലുകളും ജനാലകളും ദ്രവിച്ച് നശിച്ചുവാസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. 42 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇവിടെ ഇപ്പോള്‍ ഒരു പ്രേതാലയമാണ്. പരിസരം മുഴുവന്‍ കാടു നിറഞ്ഞതു കൂടാതെ കെട്ടിടങ്ങളിലും കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെയും സാമൂഹ്യദ്രോഹികളുടെയും ശല്യവും രൂക്ഷമാണ്.