Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Think

വേദനയെ തോൽപ്പിച്ച പെൺകുട്ടി!

 

ചിലർ ജീവിക്കുന്നത് വർഷങ്ങൾ കൊണ്ടല്ല, ചെയ്ത നന്മകൾ കൊണ്ടാണ്.അമേരിക്കയിലെ പെൻസിൽവാനിയയിൽ, അങ്ങനെ ഒരു പെൺകുട്ടിയുണ്ടായിരുന്നു. പേര് - മരിയ മിഡിൽട്ടൺ.പുറമെ നോക്കിയാൽ, നമ്മുടെ വീട്ടിലെ ഏതൊരു പെൺകുട്ടിയെയും പോലെ. ഐറിഷ് ഡാൻസ് ഇഷ്ടപ്പെടുന്ന, ടെയ്‌ലർ സ്വിഫ്റ്റിന്‍റെ പാട്ടുകൾ കേൾക്കുന്ന, പൂച്ചയെ ഓമനിക്കുന്ന, സ്കൂളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒരു സാധാരണ കൗമാരക്കാരി.പക്ഷേ അവളുടെ ഉള്ളിൽ അസാധാരണമായ ഒരു വെളിച്ചമുണ്ടായിരുന്നു.

ചെറുപ്പം മുതലേ അവൾ മറ്റുള്ളവർക്കായി ജീവിച്ചു. എലിമെന്‍ററി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ, തണുപ്പത്ത് വിറയ്ക്കുന്നവർക്കായി കോട്ടുകൾ ശേഖരിച്ച് കൊടുക്കാൻ തുടങ്ങി. താങ്ക്സ് ഗിവിങ്ങിന് ഹാർലെമിലെ വീടുകളിൽ പോയി കോട്ടുകൾ വിതരണം ചെയ്തു. ഹൈസ്കൂളിൽ എത്തിയപ്പോൾ, ക്യാൻസർ ബാധിച്ച കുട്ടികൾക്കായി സ്വന്തമായി ഒരു ഫണ്ട് റെയ്സർ തുടങ്ങി.അന്ന് അവൾക്ക് അറിയില്ലായിരുന്നു, ഒരു ദിവസം ആ ക്യാൻസർ അവളെ തേടി വരുമെന്ന്.

16 വയസ്സ്. ജീവിതം തുടങ്ങുന്ന പ്രായം. അപ്പോഴാണ് ഡോക്ടർമാർ പറഞ്ഞത് - "ബ്രെയിൻ സ്റ്റെമിൽ ഓപ്പറേഷൻ ചെയ്യാൻ പറ്റാത്ത ട്യൂമർ. ഇനി ഒമ്പത് മുതൽ 12 മാസം വരെ മാത്രം."എല്ലാവരും തകർന്നു പോകുന്ന വാർത്തയായിരുന്നു അത്. പക്ഷേ മരിയ തകർന്നില്ല.അവൾ കരഞ്ഞില്ല. അവൾ ചോദിച്ചില്ല - "എന്തുകൊണ്ട് എനിക്ക് മാത്രം?"പകരം അവൾ പറഞ്ഞു - "ദൈവത്തിന് എനിക്കായി ഒരു പ്ലാൻ ഉണ്ട്.

രോഗം മൂർച്ഛിച്ചപ്പോൾ, അവൾക്ക് നടക്കാൻ പറ്റാതായി. കൈകൾ അനങ്ങാതായി. കേൾക്കാൻ പറ്റാതായി. സംസാരിക്കാൻ പറ്റാതായി.പക്ഷേ അപ്പോഴും അവൾ മറ്റുള്ളവരെ കുറിച്ചാണ് ചിന്തിച്ചത്. രോഗം വന്നതിന് ഒമ്പമാസങ്ങൾക്ക് ശേഷം, അവൾ ഉഗാണ്ടയിലേക്ക് മിഷൻ യാത്ര പോയി. തനിക്ക് കിട്ടിയ Make-A-Wish അവസരം പോലും, മറ്റൊരു കുട്ടിക്ക് വേണ്ടി മാറ്റി വെച്ചു.കോവിഡ് കാലത്ത് പള്ളികൾ അടച്ചപ്പോൾ, അവൾ ആർച്ച് ബിഷപ്പിന് ഇമെയിൽ അയച്ചു - "എനിക്ക് ദിവ്യകാരുണ്യം വേണം." ആ കത്ത് കണ്ട് ആർച്ച് ബിഷപ്പ് തന്നെ അവളുടെ വീട്ടിൽ വന്ന് ദിവ്യകാരുണ്യം നൽകി.ഒടുവിൽ, പേന പിടിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ, അവൾ തന്‍റെ ഡയറിയിൽ കഷ്ടപ്പെട്ട് രണ്ട് വാക്കുകൾ എഴുതി. അതായിരുന്നു അവളുടെ അവസാന വാക്കുകൾ."THINK HOPE"പ്രതീക്ഷയെ കുറിച്ച് ചിന്തിക്കൂ.

2020 ഒക്ടോബർ എട്ടിന് 18-ാം വയസ്സിൽ അവൾ യാത്രയായി.ഇപ്പോൾ, 2026 നവംബർ 17 ന്, അമേരിക്കയിലെ മുഴുവൻ ബിഷപ്പുമാരും ഒരുമിച്ച് വോട്ട് ചെയ്തു - ഈ പെൺകുട്ടിയെ വിശുദ്ധപദവിയിലേക്ക് ഉയർത്തണം.കാരണം, മരിയ ഒരു പഴയ കാലത്തെ വിശുദ്ധയല്ല. നമ്മുടെ കാലത്ത്, നമ്മുടെ ഇടയിൽ ജീവിച്ച ഒരു പെൺകുട്ടിയാണ്. ഫോണും, പാട്ടും, ഡാൻസും ഇഷ്ടപ്പെട്ട, എന്നാൽ വേദനയെ പോലും പ്രാർത്ഥനയാക്കി മാറ്റിയ ഒരു കൗമാരക്കാരി.അവളുടെ അച്ഛൻ പറഞ്ഞത് പോലെ - "അവൾക്ക് ഒരു കാൽ സ്വർഗ്ഗത്തിലും, ഒരു കാൽ ഭൂമിയിലുമായിരുന്നു."ഇന്ന് നമ്മൾ ചെറിയ വേദന വന്നാൽ തളർന്ന് പോകുമ്പോൾ, മരിയ നമ്മോട് പറയുന്നു -വേദന വന്നാലും, പ്രതീക്ഷ കൈവിടരുത്. THINK HOPE.

Latest News

Corehub Up