ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. പുഷ്പ് വിഹാർ സ്വദേശി അക്രിതി സുതാറിന്റെ (28) മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തെച്ചൊല്ലി യുവതിയെ പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ശനിയാഴ്ച ലോധി കോളനിയിലെ പാലിക കുഞ്ചിലുള്ള പാർപ്പിട സമുച്ചയമായ എൻഡിഎംസി ഫ്ലാറ്റിന്റെ ബി ബ്ലോക്കിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ അക്രിതിയെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലത്ത് വീണുകിടന്ന യുവതിയെ കണ്ട മറ്റ് താമസക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
യുവതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടി അക്രിതിയുടെ മരണം ആത്മഹത്യയാക്കാൻ ശ്രമം നടക്കുന്നതായി അനുജൻ പറഞ്ഞു. സഹോദരി വളരെ ഉത്തരവാദിത്തവും മാനസികമായി കരുത്തുമുള്ള ആളായിരുന്നുവെന്ന് അനുജൻ കൂട്ടിച്ചേർത്തു.