തിരുവില്വാമല: പഴയന്നൂർ - ലക്കിടി സംസ്ഥാനപാതയിൽ കുത്താമ്പുള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അപകട പരമ്പരകൾ ഉണ്ടായിട്ടും നടപടി അപര്യാപ്തം. വാഹന യാത്രികർ കടന്നു പോകുന്നതും കാൽനടയാത്രക്കാർ നടന്നു പോകുന്നതും ഭീതിയോടെ.
ഇന്നലെ ഇവിടെ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം ആക്കപ്പറമ്പ് ഭാഗത്തുനിന്നും വന്ന കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ഒരാഴ്ച മുൻപ് സ്ത്രീകൾ ഓടിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ജീവൻ നഷ്ടപ്പെടുന്നതിനു മുൻപെങ്കിലും നടപടിയുണ്ടാവണമെന്ന് സമീപവാസികളും യാത്രക്കാരും പറയുന്നു.
കുത്താമ്പുള്ളി പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ഈ റോഡിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ഈ ഭാഗത്ത് സ്പീഡ് ബാരിയറോ, അപകട മുന്നറിയിപ്പുകളോ ഒന്നും തന്നെയില്ല.
തിരുവില്വാമല - കുത്താമ്പുള്ളി റോഡും അപകട ഭീഷണിയിലാണ് പുതിയ പാലം തുറന്നതോടെ നെയ്ത്ത് ഗ്രാമത്തിലേക്കും ഒറ്റപ്പാലത്തേക്കും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിലെ വളവുകളും വാഹനങ്ങളുടെ അമിത വേഗതയുമെല്ലാം അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. ഇത്തരത്തിൽ അപകടങ്ങൾ പതിവായിട്ടും റോഡിലെ അപാകതകൾ അധികൃതർ കണ്ടതായി നടിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.