Movies
രമേശ് പിഷാരടിയെ കോമാളി എന്ന് വിശേഷിപ്പിച്ച മുൻ മന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് നടൻ സലിം കുമാർ.
ഉയർന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു നേതാവിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചില്ലെന്നും കലാകാരന്മാരെ ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇത്തവണ ഉറപ്പായും ഭരണമാറ്റം ഉണ്ടാകുമെന്ന് സലിം കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘‘നിലപാടുകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ, നിലപാടുകളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന വി.എം. സുധീരനാൽ ഉദ്ഘാടനം ചെയ്തിട്ടുള്ളതാണ്. അതിനൊരു സാക്ഷിയായി ഇവിടെ നിൽക്കാൻ എനിക്ക് സാധിച്ചതിന് വളരെ കൃതാർഥനാണ്.
വിഎം പറഞ്ഞപോലെ അദ്ദേഹമാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ തുടർച്ചയായിട്ട് ഉദ്ഘാടനം ചെയ്യുന്നു എന്ന് പറഞ്ഞപോലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് വർഷങ്ങളായിട്ട് ഉദ്ഘാടനം ചെയ്യുന്നത് ഞാനാണ്. അപ്പോൾ ഭൂരിപക്ഷത്തിന്റെ ഒരു അംശം എനിക്കുണ്ട്. ഞാൻ ഒന്നും പറയുന്നില്ല, രണ്ട് കഥകൾ പറഞ്ഞിട്ട് ഞാൻ പോയിക്കോളാം.
അഞ്ചാറു മാസം മുമ്പ് ഒരു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടു. അദ്ദേഹത്തിന്റെ ബന്ധുവാണോ സുഹൃത്താണോ എന്ന് ഞാൻ മറന്നുപോയി, സുഹൃത്തിന്റെ മകൻ അമേരിക്കയിൽ നിന്ന് വന്നു.
അമേരിക്കയിൽ നിന്ന് വന്നിട്ട് പറഞ്ഞു കേരളം കണ്ടപ്പോൾ ആ പയ്യൻ പറഞ്ഞു, ‘കേരളം ഇത് എന്തൊരുമാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’. അപ്പോ എനിക്ക് സംശയം വന്നു, ഈ പയ്യൻ ആരായിരിക്കും, എവിടെ ഉണ്ടാവും ഇപ്പോ പയ്യൻ. അങ്ങനെ ഞാൻ ഈ പയ്യനെ അന്വേഷിച്ചു ചെന്നു.
എനിക്ക് പയ്യനെ കാണാൻ പറ്റി, നമ്മുടെ ഊളംപാറ മാനസിക ആശുപത്രിയിൽ ആയിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടെ കിടത്തിയത്. അല്ല സലീമിന് അറിയാമല്ലോ, രണ്ടുമൂന്ന് പ്രാവശ്യം സലീം അമേരിക്കയിൽ വന്നതല്ലേ. അപ്പോ ഈ കേരളം കണ്ട് അമേരിക്ക എന്ന് പറയുമ്പോൾ തന്നെ അവന് കുഴപ്പമുണ്ട് എന്ന് മനസിലായില്ലേ.
കറണ്ട് ഒക്കെ അടിപ്പിച്ച് ഇപ്പോൾ ആള് തിരിച്ചുപോയി. ഒരു മാസം ആയിട്ടുള്ളൂ, വേറെ ഒരു വാർത്ത. മുഖ്യമന്ത്രി തന്നെ പറഞ്ഞത്. പി. രാജീവ് അദ്ദേഹത്തോട് പറഞ്ഞു, ഒരു വ്യവസായി വരുന്നുണ്ട് കേരളത്തിൽ പണം മുടക്കാൻ.
മുഖ്യമന്ത്രി വിചാരിച്ചു വളരെ നിസാരമായിട്ടുള്ള പൈസ മുടക്കാൻ വേണ്ടി വന്നതാണെന്ന്. ഈ വ്യവസായിക്ക് പേരില്ല കേട്ടോ, പേര് പറയൂല പുള്ളിക്ക് പേരും അഡ്രസും ഒന്നുമില്ല. അപ്പോ ആ വ്യവസായി വന്നു, അപ്പോ എത്ര രൂപയാണ് മുടക്കാൻ ഉദ്ദേശിക്കുന്നത്. മൂന്ന് ലക്ഷം കോടിയാണെന്ന് പറഞ്ഞു.
മുഖ്യമന്ത്രി ഞെട്ടി, എന്തുകൊണ്ടാണ് കേരളത്തിൽ മൂന്ന് ലക്ഷം കോടി മുടക്കുന്നതെന്നു ചോദിച്ചു. അപ്പോ അദ്ദേഹം പറഞ്ഞു വ്യവസായ സൗഹൃദം ലോകത്ത് ഇത്രയുമുള്ള ഒരു സ്ഥലം ലോകത്ത് എങ്ങുമില്ല, ആന്തൂർ സാജനെ പോലുള്ളവരെയൊക്കെ എങ്ങനെയാണ് നിങ്ങൾ സഹായിച്ചത്.
അപ്പോ ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും ഇയാളെ അന്വേഷിച്ചു ചെന്നു. നമ്മുടെ അമേരിക്കൻ പയ്യന് കിടന്ന തൊട്ടപ്പുറത്തെ വാർഡിൽ അയാളും കിടപ്പുണ്ടായിരുന്നു.
അങ്ങനെ ഓരോ ദിവസവും ഓരോ തള്ള്, കായിക മന്ത്രിയുടെ പേരിൽ വേറൊരു തള്ള്. നിങ്ങൾ ഒക്കെ കാത്തിരിക്കുകയാണ് മെസി വരും കേട്ടോ. മെസി ഇവിടെ വരും, കലൂർ സ്റ്റേഡിയത്തിൽ വരും കലൂർ സ്റ്റേഡിയത്തിൽ വന്നിട്ട് ടിവിയിൽ കോമഡി ഷോ അവതരിപ്പിക്കും. അങ്ങനെ പല വാഗ്ദാനങ്ങൾ.
മെസി ഇവിടെ ഇന്ത്യയിൽ വരെ ചെയ്തു, ആന്ധ്രാപ്രദേശിൽ വന്നു ബോംബെയിൽ വന്നു, ഡൽഹിയിൽ വന്നു. അപ്പോ ഞാൻ മെസിയോട് ചോദിച്ചു, ‘മെസ്സി എന്താണ് കാരണം. താൻ ബോംബെയിൽ വന്നു, ഹൈദരാബാദിൽ വന്നു, ഡൽഹിയിൽ വന്നു, ഞങ്ങളുടെ കേരളത്തിൽ വരാത്തത് എന്തുകൊണ്ടാണ്. അപ്പോ അദ്ദേഹം എന്നോടു പറഞ്ഞു, ‘ ചേട്ടാ എന്നോടു വേറൊന്നും വിചാരിക്കരുത്, കേരളത്തിലുള്ളവരോട് ഒരു ദേഷ്യവുമില്ല, എനിക്ക് എട്ട് ബലോൻ ദ് ഓർ പുരസ്കാരം ഉണ്ട്. ബലോൻ ദ് ഓർ പുരസ്കാരം അറിയാമല്ലോ, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്ക് കൊടുക്കുന്ന പുരസ്കാരമാണത്. അത് എട്ടും സ്വർണ പന്തുകളാണ്, അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ ബലോൻ ദ് ഓർ വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോ. അങ്ങനെയൊക്കെ ചെയ്യാൻ ചേട്ടാ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ.
അപ്പോ മെസിയോട് നിങ്ങൾക്കൊന്നും തോന്നരുത് അദ്ദേഹം പാവമാണ്. പിന്നെ എന്റെ ശിഷ്യനായ രമേഷ് പിഷാരടി പാലക്കാട് ഇലക്ഷനിൽ നിൽക്കുന്നുണ്ട്. അവൻ ജയിക്കുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു, കാരണം ഞാൻ തന്നെ നിൽക്കുന്നതിന് തുല്യമാണത്. ഇപ്പോൾ എനിക്ക് ഉറപ്പായി അവൻ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കും. കാരണം തോമസ് ഐസക് ഡോക്ടർ ആണ്. അദ്ദേഹം പറഞ്ഞതെന്താ,
ഈ കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ ഏൽക്കുമ്പോൾ അമേരിക്കൻ സിഐഎ രഹസ്യ ചാരന്മാരെ കൊണ്ടു വന്ന് അന്വേഷിച്ചപ്പോൾ അവർ ഒരു നാടകമാണ്. ഈ നാടകമാണ് കമ്യുണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ കയറ്റിയത് എന്നാണ് ഈ ചാര സംഘടന അവരോട് ചെന്ന് റിപ്പോർട്ട് കൊടുത്തത്. ആ കലാകാരന്മാരെയാണ് കോമാളി എന്ന് വിളിച്ചത്. ഈ കലാകാരന്മാർ ഇപ്പോൾ അവർക്ക് കോമാളികളായി മാറി.
ഇങ്ങേർ ഒരു ഡോക്ടർ അല്ലേ, സഖാക്കൾ തള്ളുന്നതുപോലെ ധനതത്ത്വശാസ്ത്രത്തിൽ ഡോക്ടർ ആണ്. അങ്ങനെയൊരാൾ ഇങ്ങനെ പറയുമോ? അപ്പോള് ഞാൻ വീണ്ടും അന്വേഷിച്ചു ചെന്നു. എന്തിനാണ് ഡിഗ്രി, കയറുപിരിയിലെ തരികിടകൾ എന്നാണ് അദ്ദേഹത്തിന്റെ ഡിഗ്രി. പിന്നെ അതല്ലേ പറയൂ, എന്താണ് ചെയ്യുക.
അപ്പോൾ ഇത്രയും കാലം സതീഷ് ചേട്ടനെ നമ്മൾ വിട്ടത് ഒരു എംഎൽഎ ആയിട്ടായിരുന്നു. ഇനി കേരളം നയിക്കാൻ ആയിട്ടുള്ള ഒരാളായിട്ടാണ് പറയുന്നത്. അപ്പോൾ ശക്തമായ ഭൂരിപക്ഷം കൊടുത്ത് അദ്ദേഹത്തെ ജയിപ്പിക്കണം. മാത്രമല്ല യുഡിഎഫ് അധികാരത്തിൽ വരും എന്ന് എനിക്ക് 101 ശതമാനം ഉറപ്പുണ്ട്.’’ സലിംകുമാറിന്റെ വാക്കുകൾ.
Kerala
പാലക്കാട്: കോമാളി പ്രയോഗത്തിൽ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. തോമസ് ഐസക് തന്നോട് ക്ഷാമാപണം നടത്തേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ പരാമർശം തനിക്ക് മനോവിഷമം ഉണ്ടാക്കിയിട്ടില്ല.
പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിന്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. ചിലർ താൻ അര സംഘിയാണെന്നു പറഞ്ഞു. ഒരു സംഘിയെന്ന് പറഞ്ഞില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. മുകേഷിനുവേണ്ടിയും ഇന്നസെന്റിനുവേണ്ടിയും പ്രചാരണത്തിന് പോയിട്ടുണ്ട്.
അതെല്ലാം തപ്പി എടുക്കട്ടെ. ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണ്. തോമസ് ഐസകിനെ താൻ ഏറെ ബഹുമാനിക്കുന്നുണ്ട്. അതിനാൽ അദ്ദേഹം മാപ്പ് പറയേണ്ട കാര്യമില്ലെന്നും പിഷാരടി പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാർഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.
പാലക്കാട് യുഡിഎഫിനെ എല്ഡിഎഫ് പിന്താങ്ങണം എന്നാണോ പറയുന്നതെന്ന് ചോദിച്ച തോമസ് ഐസക്, യുഡിഎഫ് ജനങ്ങള് അംഗീകരിക്കുന്ന സ്ഥാനാര്ഥിയെ നിര്ത്തണമെന്നും അഭിപ്രായപ്പെട്ടു.
പാർട്ടി വിട്ട് അമ്പലപ്പുഴയിൽ സ്ഥാനാർഥിയായ മുൻ മന്ത്രി ജി. സുധാകരനെതിരെയും തോമസ് ഐസക് വിമർശനം ഉന്നയിച്ചു. 60 വര്ഷക്കാലത്തെ സ്വന്തം ചരിത്രം ജി. സുധാകരന് റദ്ദ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
തൊപ്പിയൊക്കെ വച്ച് നില്ക്കുന്നത് കണ്ടിട്ട് സഹതാപം തോന്നി. സിപിഎം നയത്തോട് അല്ലെന്നും സ്ഥാനം തന്നില്ല എന്നതിനോടാണ് അദ്ദേഹത്തിന് എതിര്പ്പെന്നും തോമസ് ഐസക് ആരോപിച്ചു. അമ്പലപ്പുഴയിലും തളിപ്പറമ്പിലും പാര്ട്ടി അംഗങ്ങള് ആരും കൂടെ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള് കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.
ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.
തുടർനടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.
Kerala
ആലപ്പുഴ: മുൻമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി. മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് നടപടി.
ആലപ്പുഴ കിടങ്ങാംപറമ്പ് വാർഡിലെ വോട്ടർ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്ക്. ഇന്ന് നടന്ന ഹിയറിംഗിൽ ആണ് വോട്ട് ഒഴിവാക്കിയത്. എംഎൽഎ ഓഫീസിന്റെ വിലാസത്തിലായിരുന്നുവോട്ട് ഉണ്ടായിരുന്നത്.
ഇതിനെതിരെ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് നീക്കുകയായിരുന്നു.
National
ന്യൂഡല്ഹി: മുന് ധനമന്ത്രി തോമസ് ഐസക്കിനെതിരെ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്ട്ടിന് ഫയല് ചെയ്ത മാനനഷ്ട കേസിലെ നടപടികള് സുപ്രീം കോടതി സ്റ്റേ ചെയ്തു. സിക്കിമിലെ ഗാംഗ്ടോക് വിചാരണാ കോടതിയിലുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
മാനനഷ്ട കേസ് റദ്ദാക്കണമെന്ന ഐസക്കിന്റെ ആവശ്യത്തില് സുപ്രീം കോടതി സാന്റിയാഗോ മാര്ട്ടിന് നോട്ടീസ് അയച്ചു. തോമസ് ഐസക്ക് ധനകാര്യമന്ത്രി ആയിരുന്ന കാലത്ത് ജിഎസ്ടി കൗണ്സില് യോഗത്തില് പങ്കെടുക്കവെ തനിക്കെതിരെ അപകീര്ത്തികരമായ പരാമര്ശം നടത്തിയെന്നാണ് സാന്റിയാഗോ മാര്ട്ടിന്റെ വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാര്ട്ടിന്, ഗാംഗ്ടോക് കോടതിയില് ഐസക്കിനെതിരെ മാനനഷ്ട കേസ് ഫയല് ചെയ്തത്. ഈ കേസ് കേരളത്തിലേക്ക് മാറ്റണമെന്ന ഐസക്കിന്റെ ആവശ്യം കോടതി നേരത്തെ നിരാകരിച്ചിരുന്നു.
തടസ ഹര്ജിയുമായി മാര്ട്ടിന്റെ അഭിഭാഷകനും കോടതിയില് ഹാജരായിരുന്നു. കേസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തില് രണ്ട് ആഴ്ചയ്ക്കുള്ളില് മറുപടി നല്കാന് മാര്ട്ടിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.