ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസുകാരനെ അയൽവാസികളായ രണ്ട് പെൺകുട്ടികൾ ചേർന്ന് മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. യുഎഇയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനി സ്വദേശി സജ്ജാദ് ഹുസൈന്റെ മകൻ അർഷ്മാനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് സംഭവം.
സംഭവം നടക്കുന്ന ദിവസം പ്രതികളായ പെൺകുട്ടികൾ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രം ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിച്ചു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടച്ചു.
തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവർ എടുത്തെറിയുകയായിരുന്നു. കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെൺകുട്ടി ഭയന്നോടിപ്പോവുകയും മറ്റേയാൾ ശാന്തമായി അവിടെ നിന്നു നടന്നുനീങ്ങുകയും ചെയ്തു.
കുഞ്ഞിന്റെ അമ്മയുടെ നിലവിളി ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തന്നെ ഓടിയെത്തി പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഷാർജ പോലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികളായ പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.