പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച തുറക്കും. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി കെ. മുരളീധരനും ശനിയാഴ്ച ദർശനത്തിനെത്തും. രാവിലെ 11ന് പമ്പയിൽ നടക്കുന്ന അവലോകന യോഗത്തിനു ശേഷമായിരിക്കും ഇരുവരുടെയും ദർശനം. രാത്രിയിൽ സന്നിധാനത്ത് തങ്ങിയ ശേഷം 18ന് ഇരുവരും മലയിറങ്ങും.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ക്ഷേത്രനട തുറക്കും. പതിറ്റാണ്ടുകൾക്കു ശേഷമാണ് മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുലാമാസ പൂജകൾ നടക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 22 വരെ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടായിരിക്കും.
18ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷമാണ് മേൽശാന്തി നറുക്കെടുപ്പ് നടക്കുക. പ്രാഥമിക പട്ടികയിൽ ശബരിമലയിലേക്ക് ഏഴ് പേരും മാളികപ്പുറത്തേക്ക് അഞ്ച് പേരുമാണുള്ളത്. ആദ്യം സന്നിധാനത്തേക്കും തുടർന്ന് മാളികപ്പുറത്തേക്കുമുള്ള നറുക്കെടുപ്പ് നടത്തും.