ന്യൂഡൽഹി: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്ന കൗമാരക്കാരായ ഉപയോക്താക്കൾക്ക് കർശന നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താനൊരുങ്ങി മെറ്റാ. സോഷ്യൽ മീഡിയ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന അമിത ആസക്തിക്കെതിരെ യുഎസിലെ 47 സംസ്ഥാനങ്ങളും വിവിധ പ്രദേശങ്ങളും നൽകിയ കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായാണ് മെറ്റ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. അടുത്ത ആറുമാസത്തിനകം ഇവ ഘട്ടംഘട്ടമായി നടപ്പിലാക്കും.
ഇനിമുതൽ കൗമാരക്കാർക്ക് ദിവസം പരമാവധി രണ്ട് മണിക്കൂർ മാത്രമേ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കൂ. അർധരാത്രി 12 മുതൽ രാവിലെ 6 മണി വരെ ആപ്പുകളിലേക്കുള്ള പ്രവേശനം സ്വയം തടയപ്പെടും. സ്കൂൾ സമയമായ രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ നോട്ടിഫിക്കേഷനുകൾ നിശബ്ദമാക്കും.
വീഡിയോകളും മറ്റും സ്വയം പ്ലേ ആകുന്നത് തടയാൻ ഉപയോക്താക്കൾക്ക് ഓട്ടോപ്ലേ ഫീച്ചർ ഓഫാക്കാൻ സാധിക്കും. കൂടാതെ, ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനും പ്ലാസ്റ്റിക് സർജറിയെ അനുകരിക്കുന്ന തരം ഫിൽട്ടറുകൾ ഉപയോഗിക്കുന്നത് തടയാനും നിയന്ത്രണമുണ്ട്.
അപരിചിതരായ മുതിർന്ന ആളുകൾ കുട്ടികൾക്ക് സന്ദേശങ്ങൾ അയക്കുന്നതും അവരുടെ പ്രൊഫൈൽ കാണുന്നതും തടയാൻ ശക്തമായ സംവിധാനങ്ങൾ വരും. തങ്ങൾക്ക് നേരെയുണ്ടാകുന്ന മോശം അനുഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ 90 ശതമാനം കേസുകളിലും 6 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്ന് മെറ്റാ ഉറപ്പുനൽകുന്നു. 13 വയസിൽ താഴെയുള്ള കുട്ടികളുടെ വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള പ്രായപരിശോധന സാങ്കേതികവിദ്യകളും കമ്പനി കൂടുതൽ കാര്യക്ഷമമാക്കും.