കൊച്ചി: ഭൂമിക്കു പട്ടയം അനുവദിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരേ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സനീഷ് കുമാര്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തംഗമായിരുന്ന 2010-11 കാലയളവില്‍ ഭൂമിക്കു പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ താണിക്കുടം സ്വദേശി ദേവേന്ദ്രന് നല്കിയ പരാതിയിലെ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യംചെയ്തു എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തനിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കു അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവേന്ദ്രന് നേരത്തേ നല്കിയ പരാതിയില്‍ അന്വേഷണം നടത്തി തള്ളിയതാണെന്നും വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹര്‍ജി വീണ്ടും 26ന് പരിഗണിക്കും.