കൂരാച്ചുണ്ട്: ഭാരത പര്യടനം പൂർത്തിയാക്കി കൂരാച്ചുണ്ടിൽ മടങ്ങിയെത്തിയ ദമ്പതിമാർക്ക് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദമ്പതിമാരായ കല്ലാനോട് പന്തപ്ലാക്കൽ ജോസ് (71) ഭാര്യ റിട്ട. അധ്യാപിക സെലിൻ (67) റിട്ട. അധ്യാപകരായ തറപ്പേൽ ഓസ്റ്റിൻ (65) ഭാര്യ ലിസി (62) എന്നിവരടങ്ങുന്ന സംഘമാണ് സ്വന്തം കാറിൽ ഭാരത പര്യടനം നടത്തി അറുപത് ദിവസങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയത്. ഇവർ ഇരുപത്തെട്ട് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു. മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
പ്രവാസിയായ ജോസും സെലിനും ഇതിനു മുമ്പ് ഭാരത പര്യടനം നടത്തിയിട്ടുള്ളവരാണ്. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഷാൾ അണിയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ ബിജു കടലാശേരി അധ്യക്ഷത വഹിച്ചു. പെൻഷൻ യൂണിയൻ ബാലുശേരി ബ്ലോക്ക് പ്രസിഡന്റ് ദേവസ്യ.കെ.വർഗീസ്, പഞ്ചായത്തംഗങ്ങളായ എൻ.ജെ.ആൻസമ്മ, എൻ.കെ. കുഞ്ഞമ്മദ്, പെൻഷൻ യൂണിയൻ അംഗങ്ങളായ കെ.എ. ചാക്കോച്ചൻ, തമ്പാൻ തോമസ് എന്നിവർ പ്രസംഗിച്ചു.