കായംകുളം: ടൂറിസ്റ്റ് ഹോമിൽ റൂം വാടകയ്ക്കെടുത്ത് ലഹരിക്കച്ചവടം നടത്തിവന്നിരുന്ന യുവാവ് പിടിയിൽ. കായംകുളം മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസി(31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലീസും ചേർന്ന് പിടികൂടിയത്.
കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു ലഹരിവസ്തുക്കളെന്ന് പോലീസ് പറഞ്ഞു.
നാലു ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പിടികൂടി. ഇയാൾ കുറച്ചുനാളായി ജില്ലയ്ക്കു പുറത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവിടെനിന്നു 2000 രൂപയ്ക്ക് എംഡിഎംഎ വാങ്ങി ഇവിടെ നാട്ടിൽ 5000 രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്.
കഞ്ചാവ് ചെറുപൊതികളായി 500 രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ നോബിൾ, എസ്ഐമാരായ ശ്രീകുമാരക്കുറുപ്പ്, ബിജേഷ് നെൽസൺ, സീനിയർ സിപിഒ സുരേഷ്, സിപിഒമാരായ ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ വർഷങ്ങളായി വിദേശത്തായിരുന്നു. നാട്ടിൽ വന്നതിനു ശേഷമാണ് ലഹരി ഉപയോഗത്തിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞതെന്നും പോലീസ് കണ്ടെത്തി