ചെന്നൈ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് നാളെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
‘ആക്വാൻ’ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 19ഓടെ ആന്ധ്രപ്രദേശ് തീരത്തേക്കു നീങ്ങുമെന്നാണ് പ്രവചനം. ഇതിന്റെ ഫലമായി തമിഴ്നാട്ടിലെ വടക്കൻ തീരദേശ ജില്ലകൾ, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴ ലഭിക്കും.
ഇന്നലെ രാവിലെ 8.30ലെ കണക്കുപ്രകാരം ‘ആക്വാൻ’ ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽനിന്ന് ഏകദേശം 630 കിലോമീറ്റർ കിഴക്കായി മണിക്കൂറിൽ പത്തു കിലോമീറ്റർ വേഗത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മധ്യബംഗാൾ ഉൾക്കടലിൽവച്ച് ചുഴലിക്കാറ്റായും നാളെയോടെ പടിഞ്ഞാറൻ മധ്യബംഗാൾ ഉൾക്കടലിൽവച്ച് അതിതീവ്ര ചുഴലിക്കാറ്റായും ഇതു ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ.
തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കും.