District News
കായംകുളം: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കായംകുളം പട്ടണത്തിൽ ആവിഷ്കരിച്ച ഗതാഗത പരിഷ്കാരങ്ങൾ ഫലം കാണാതെ പേരിൽ ഒതുങ്ങി. കാര്ത്തികപ്പള്ളി തഹസില്ദാര് കണ്വീനറായുള്ള കമ്മിറ്റിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് പട്ടണത്തിൽ ഗതാഗത പരിഷ്കാരം നടപ്പിലാക്കിയത്, എന്നാൽ ഇത് ഫലം കണ്ടില്ലെന്നുമാത്രമല്ല കുരുക്ക് അഴിയാതെ പട്ടണം ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുകയാണ്. ഓണത്തിന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതും കാര്യക്ഷമമായി നടപ്പാക്കാൻ അധികൃതർക്ക് കഴിയാതെ വരികയാണ്. ലിങ്ക് റോഡിലാണ് ഗതാഗതക്കുരുക്ക് കൂടുതലുള്ളത്. കായംകുളം കെഎസ്ആര്ടിസി ബസ് സ്റ്റേഷന് ജംഗ്ഷൻ മുതല് കോടതി റോഡ്- പ്രൈവറ്റ് ബസ് സ്റ്റാന്ഡ് ഉള്പ്പെടെ മെയിൻ റോഡുവരെയും ലിങ്ക് റോഡ്, പാര്ക്ക് ജംഗ്ഷൻ മുതല് വടക്കോട്ട് മേടമുക്കുവരെയും വണ്വേ സംവിധാനം ആയിരുന്നു പ്രധാന പരിഷ്കാരം.
ലിങ്ക് റോഡിന്റെ പടിഞ്ഞാറുഭാഗം, ലിങ്ക് റോഡില്നിന്ന് കിഴക്കോട്ടുള്ള റോഡിന്റെ വലതുവശം, മെയിൻ റോഡിന്റെ പടിഞ്ഞാറുഭാഗം, പാര്ക്ക് ജംഗ്ഷനിൽനിന്ന് മേടമുക്കുവരെയുള്ള റോഡിന്റെ ഇടതുവശം, മുക്കവല വരെയുള്ള റോഡിന്റെ കിഴക്കുവശം എന്നിവിടങ്ങളില് മാത്രം പാർക്കിംഗ് അനുവദിക്കാനും പോലീസ് സ്റ്റേഷന് മുതല് വടക്കോട്ടുള്ള റോഡില് പാർക്കിംഗ് നിരോധിക്കാനുമായിരുന്നു തീരുമാനം.
തീരുമാനം നടപ്പാക്കുന്നതിനു പോലീസ് തുടക്കത്തില് നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് കാര്യക്ഷമമായി നടപടി സ്വീകരിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഓരോ റോഡിലും കൃത്യമായി പാർക്കിംഗ് ഏരിയ നിശ്ചയിച്ചു നല്കാതെ അനധികൃത പാർക്കിംഗിന് പിഴ ഈടാക്കി തടിതപ്പുന്ന സമീപനമാണ് പോലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ടീം ചാരിറ്റി ഡിവൈഎസ്പിക്കു നിവേദനം നൽകി
കായംകുളം: നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ടീം ചാരിറ്റി ഭാരവാഹികൾ കായംകുളം ഡിവൈഎസ്പിക്കു നിവേദനം നൽകി.
കായംകുളം മുനിസിപ്പൽ റോഡ്, റെയിൽവേ ഓവർബ്രിഡ്ജ് റോഡ്, മാർക്കറ്റ് റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ ദിവസേന ഉണ്ടാകുന്ന ഗതാഗത തടസം യാത്രക്കാരേയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ടീം ചാരിറ്റി പ്രസിഡന്റ് ഷഫീഖ്, സെക്രട്ടറി അബു ജനത കോ-ഓർഡിനേറ്റർ എ.എച്ച്.എം. ഹുസൈൻ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.
കായംകുളം നഗരത്തിലെ വഴിയോരക്കച്ചവടം ഒഴിവാക്കും: നഗരസഭാ ചെയർമാൻ
കായംകുളം: നഗരത്തിലെ ടിബി റോഡ്, ലിങ്ക് റോഡ്, മെയിൻ റോഡ്, കോടതി റോഡ് ഭാഗങ്ങളിൽ ഗതാഗത തടസം സൃഷ്ടിച്ച് നടത്തിവരുന്ന വഴിയോര കച്ചവടക്കാരെ ഒഴിവാക്കുവാൻ നഗരസഭാ ഉദ്യോഗസ്ഥർക്കും പോലീസിനും നിർദേശം നൽകിയതായി ചെയർമാർ ശരത് ലാൽ അറിയിച്ചു.
ഈ റോഡുകളിൽ വാഹന പാർക്കിംഗ് നടത്തുന്നവർക്കെതിരേയും പോലീസ് കേസെടുക്കും. ഓണത്തിരക്കിൽ ഗുരുതരമായ ഗതാഗതക്കുരുക്കാണ് ടൗണിലെ പ്രധാന റോഡുകളിൽ ഉണ്ടായിട്ടുള്ളതെന്നും ചെയർമാൻ പറഞ്ഞു.
District News
അങ്കമാലി : തുറവൂർ-ആനപ്പാറ റൂട്ടിൽ ഗതാഗതകുരുക്ക് പതിവാകുന്നു. തുറവൂർ ജംഗ്ഷൻ മുതൽ സർവീസ് സഹകരണ ബാങ്ക് വരെയുള്ള പ്രദേശത്താണ് ഗതാഗതകുരുക്ക് രൂക്ഷമാകുന്നത്. പഞ്ചായത്ത് ഓഫീസ്, അക്ഷയകേന്ദ്രം, സർവീസ് സഹകരണ ബാങ്ക്, സെന്റ് അഗസ്റ്റിൻ പള്ളി, പാരിഷ് ഹാൾ, റൈസ് മില്ലുകൾ, മൂക്കന്നൂർ, ദേവഗിരി എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്.
അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരമാണ് ഗതാഗത കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. രാവിലെ 5.30 മുതൽ രാത്രി വരെ ലോറികൾ സർവീസ് നടത്തുന്നുണ്ട്. കാൽനട യാത്രക്കാർക്കും ഇത് ദുരിതം തീർക്കുന്നു.
സ്കൂൾ സമയങ്ങളിലും നിയമം തെറ്റിച്ച് ചില ലോറികൾ ഇതുവഴി ഓടുന്നുണ്ട്. കണ്ടെയ്നർ ലോറി ഉൾപ്പെടെ അരി മില്ലുകളിലേക്കുള്ള വലിയ ലോറികളും കടന്നു പോകുന്ന റോഡാണിത്. കാന ഇല്ലാത്തതിനാൽ കാൽനട യാത്രക്കാർക്ക് നടക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്.
മഞ്ഞപ്ര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഈ റൂട്ടിലേക്ക് തിരിയുന്നതിനും ഈ റൂട്ടിൽ നിന്നും മഞ്ഞപ്ര റോഡിലേക്ക് കടക്കുന്നതിനും എറെ പ്രയാസപ്പെടുന്നു. ഈ റൂട്ടിൽ തന്നെ പഞ്ചായത്ത് ഓഫീസിന് സമീപം ഭാരം കയറുന്ന ഓട്ടോകളുടെ സ്റ്റാൻഡും ഉണ്ട്.
District News
കാട്ടാക്കട: ഓണമെത്തിയതോടെ കാട്ടാക്കടയെ വലച്ച് ഗതാഗതക്കുരുക്ക്. തലങ്ങും വിലങ്ങും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണം കാറ്റിൽപ്പറത്തിയുള്ള പാർക്കിംഗാണ് വില്ലനാകുന്നത്.
കാട്ടാക്കട പട്ടണത്തിലൂടെയുള്ള യാത്ര ഇപ്പോൾ ഒച്ചിഴയും വേഗത്തിലാണ്. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനും ആളില്ല. വീതി കുറഞ്ഞ റോഡുകളാണ് കാട്ടാക്കടയിലുള്ളത്. ആ റോഡിലാണ് അനധികൃത നിർമാണവും കൈയേറ്റവുമുള്ളത്.
പലപ്പോഴും ഗതാഗതക്കുരുക്ക് ചർച്ചചെയ്യാൻ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളും പോലീസും സംയുക്തമായി യോഗങ്ങൾ ചേരാറുണ്ടെങ്കിലും തീരുമാനങ്ങൾ നടപ്പാകാറില്ല. ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങൾ മേഖലയിൽ നടപ്പാക്കിയെങ്കിലും അതെല്ലാം പ്രഖ്യാപിച്ചതിനേക്കാൾ വേഗത്തിൽ വിസ്മൃതിയിലായി.
ജംഗ്ഷൻ വികസനത്തിനായി ഏതാണ്ട് 50 കോടി രൂപ വരെ അനുവദിച്ചതാണ്. പദ്ധതിയുടെ പാളിച്ചമൂലം ആ പണ വും വെള്ളത്തിലായി. യുഡിഎഫ് ഭരണ കാലത്ത് എം.കെ. മുനീറാണ് പദ്ധതിക്കായി തറക്കല്ലിട്ടതും പണി തുടങ്ങിയതും. എന്നാൽ പണികൾ എങ്ങുമെ ത്തിയില്ല. റോഡുകൾ വീതി കൂട്ടുക, പാർക്കിംഗ്, ട്രാഫിക്ക് സംവിധാനങ്ങളൊരുക്കുക തുടങ്ങി നിരവധി പദ്ധതികളാണ് വിഭാ വനം ചെയ്തിരുന്നതെങ്കിലും ഒന്നും നടന്നില്ല. അടുത്തകാലത്ത് പോലീസും വ്യാപാരികളും വിവിധ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ച് നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. മാർക്കറ്റ് റോഡിൽ മുത്താരമ്മൻ ക്ഷേത്രം മുതൽ ഗുരുമന്ദിരം വരെ ഇടതുവശത്ത് നോ പാർക്കിംഗും വലതുവശത്ത് പാർക്കിംഗുമാണ് ഒരുക്കിയത്. ആദ്യ ഒരാഴ്ച സംവിധാനത്തോട് സഹകരിക്കാത്തവരിൽ നിന്ന് പോലീസ് പിഴയും ഈടാക്കി. എന്നാൽ ഇപ്പോൾ അതും നിലച്ചു. ഓണത്തിരക്കായതോടെ മേഖലയിൽ ഗതാഗത തടസം രൂക്ഷവുമായി.
District News
കൊച്ചി: മെട്രോ നിർമാണത്തിന്റെ ഭാഗമായി റോഡ് അടച്ചുകെട്ടിയതു കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായെന്ന പരാതി അടിയന്തരമായി പരിഹരിക്കുന്നതിന് ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ നിയോഗിച്ച് സ്ഥലപരിശോധനയും അന്വേഷണവും നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരിശോധനയ്ക്ക് മുമ്പ് കെഎംആർഎൽ എംഡി ക്ക് നോട്ടീസ് നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വിവിധ ഏജൻസികളുമായി കൂടിയാലോചന നടത്തി ഗതാഗതക്കുരുക്ക് പരിഹിക്കാനുള്ള നടപടികൾ സ്വീകരിക്കണം. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പു സഹിതം ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനുള്ളിൽ കമ്മീഷൻ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കണം.
പാലാരിവട്ടം മേഖലയിലെ ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ കെ.എം.ആർ.എൽ എം.ഡിയും സമർപ്പിക്കണം. മെട്രോ ജോലികളുടെ പുരോഗതി സംബന്ധിച്ച വിശദീകരണവും സമർപ്പിക്കണമെന്നും നിർദേശത്തിൽ പറഞ്ഞു.
District News
കാഞ്ഞങ്ങാട്: ഓണത്തിരക്ക് തുടങ്ങുന്നതിനു മുമ്പുതന്നെ നഗരത്തിൽ ഗതാഗതക്കുരുക്കേറുന്നു. നോർത്ത് കോട്ടച്ചേരി മുതൽ പുതിയകോട്ട വരെയുള്ള നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇപ്പോൾ ഉച്ചസമയത്തുപോലും വാഹനങ്ങളുടെ നീണ്ട നിരയാണ്. രാവിലെയും വൈകിട്ടും സ്കൂൾ-കോളജ് സമയങ്ങളിൽ ഇത് ഇരട്ടിയാകുന്നു.
മഴ ചെറുതായൊന്നു മാറിനിന്നതോടെ ആളുകളും വാഹനങ്ങളും നഗരത്തിൽ കൂടുതലായി ഇറങ്ങാൻ തുടങ്ങിയതാണ് ആഴ്ചയുടെ തുടക്കത്തിൽത്തന്നെ ഗതാഗതക്കുരുക്കിന് കാരണമായത്. വരുംദിവസങ്ങളിൽ ഓണത്തിരക്കേറുന്നതോടെ ഇത് അധികരിക്കാനാണ് സാധ്യത. നേരത്തേ ടാറിംഗ് ഇളകിക്കിടക്കുകയായിരുന്ന നഗരപാതകളിൽ മഴയെത്തുടർന്ന് അങ്ങിങ്ങായി ആഴമുള്ള കുഴികൾ രൂപപ്പെട്ടതും വാഹനയാത്രക്കാരെ വലയ്ക്കുന്നു. ഓണക്കാലത്ത് തിരക്കൊഴിവാക്കുന്നതിനായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വെള്ളായിപ്പാലം-നോർത്ത് കോട്ടച്ചേരി റോഡിലൂടെയും ടൗൺ ബസ്സ്റ്റാൻഡിൽനിന്ന് ശ്രീകൃഷ്ണമന്ദിരം വഴി പുതിയകോട്ടയിലേക്കുള്ള റോഡിലൂടെയും ചെറിയ വാഹനങ്ങളെ തിരിച്ചുവിടണമെന്നാണ് ആവശ്യം.
District News
കളമശേരി: കളമശേരി ദേശീയപാതയിൽ മുട്ടം മുതൽ ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പുതിയ നിർദേശങ്ങൾ മുന്നോട്ടു വെച്ച് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ. ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഗതാഗതക്കുരുക്കഴിക്കാൻ മന്ത്രി പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ ദേശീയപാതയിലെ റെയിൽവേ മേൽപ്പാലത്തിന് മുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി അടച്ച് ഗതാഗത യോഗ്യമാക്കാനും കാലാവസ്ഥ അനുകൂലമായാൽ ഉടനെ ഉന്നത നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി,
ആലുവ ഭാഗത്തുനിന്നും ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ ആര്യാസ് ജംഗ്ഷനിൽ നിന്നും പഴയ ദേശീയപാത വഴി തിരിച്ചു വിടുന്നതും എൻഎഡി, എച്ച്എംടി റോഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ പഴയ ദേശീയപാതയിൽ പ്രവേശിക്കുന്നതോടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ ദേശീയപാതയിലെ ആര്യാസ് ജംഗ്ഷനിലെയും ടിവിഎസ് ജംഗ്ഷനിലെയും സിഗ്നലുകൾ പ്രവർത്തിപ്പിച്ച് ആലുവയിൽ നിന്നും വരുന്ന വാഹനങ്ങൾ എറണാകുളം ഭാഗത്തേക്ക് ഹൈവേ വഴി പോകുന്നതിനും ആലുവയിൽ നിന്ന് വരുന്ന ബസുകൾ ഈ രണ്ട് സിഗ്നലുകളിലും ഫ്രീ ലെഫ്റ്റ് പോകാനുള്ള നടപടി സ്വീകരിക്കാനും ട്രാഫിക് വിഭാഗത്തിന് മന്ത്രി നിർദേശം നൽകി.
കൂടാതെ എറണാകുളത്തുനിന്ന് വരുന്ന ബസുകളും മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങളും ആര്യാസ് ജംഗ്ഷനിലെ സിഗ്നലിൽ എത്തി സിഗ്നൽ കട്ട് ചെയ്ത് പഴയ ദേശീയപാതയിലൂടെ എച്ച്എംടി ജംഗ്ഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.
District News
തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നഗരസഭയില് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗം ചേര്ന്നു. ചെയര്പേഴ്സണ് സാബിറ ജലീല് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോണ് ജോസഫ് യോഗത്തില് പങ്കെടുത്തു. പോലീസ്, മോട്ടോര് വെഹിക്കിള്, റവന്യൂ, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്ക്കു പുറമേ നഗരസഭാ ജീവനക്കാരും, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും കൗണ്സിലര്മാരും യോഗത്തില് പങ്കെടുത്തു.
ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങള് സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന് വിമര്ശനം ഉയരുന്നതിനിടെയാണ് ചീഫ് വിപ്പിന്റെ സാന്നിധ്യത്തില് യോഗം ചേര്ന്നത്. പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ട കാര്യങ്ങളില് നടപടികള് പുരോഗമിക്കുകയാണെന്നും എന്നാല്, ഫണ്ടില്ലാത്തത് പ്രതിസന്ധിയാണെന്നും ഉദ്യോഗസ്ഥന് യോഗത്തില് അറിയിച്ചു.
ഗതാഗതകുരുക്ക് രൂക്ഷമായ ഇടുക്കി റോഡില് സെന്റ് മേരീസ് ആശുപത്രിക്കു സമീപത്തെ കമാനം മാറ്റാന് പൊതുമരാമത്തു വകുപ്പ് അധികൃതര് നടപടിയെടുത്തിട്ടില്ല. ഇതിനായി ക്വട്ടേഷന് നല്കിയെങ്കിലും ആരും ഏറ്റെടുക്കുന്നില്ലാത്തതിനാല് റണ്ണിംഗ് കോണ്ട്രാക്ടില് ഉള്പ്പെടുത്തി പൊളിക്കണമെന്നും ഇതിനായി എക്സിക്യൂട്ടീവ് എന്ജിനിയര്ക്ക് പ്രൊപ്പോസല് നല്കിയതായും ഇവര് പറഞ്ഞു.
മോര് ജംഗ്ഷനിലെ അപകടാവസ്ഥയിലായ സ്ലാബ് മാറ്റിയിടാന്പോലും വൈകിയത് പണമില്ലാത്തതിനാലാണെന്നാണ് പിഡബ്ല്യുഡി പറയുന്നത്. നഗരത്തില് ഗതാഗതപരിഷ്കരണം നടപ്പാകണമെങ്കില് 35 ലക്ഷംരൂപ ചെലവാകുമെന്നാണ് വകുപ്പിന്റെ വാദം. ഓട ശുചീകരിക്കുന്നതിന്റെ ഭാഗമായി നീക്കിയസ്ലാബുകള് പുനഃസ്ഥാപിക്കാന് പൊതുമരാമത്ത് വകുപ്പ് സഹകരിക്കുന്നില്ലെന്ന പരാതിയും നഗരസഭാ ജീവനക്കാര് യോഗത്തില് ഉന്നയിച്ചു.
വൈദ്യുതി വകുപ്പാകട്ടെ യോഗത്തില് പ്രതിനിധിയെ അയച്ചില്ല. റോഡരികിലുള്ള അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റുകള് മാറ്റണമെന്നത് അടക്കമുള്ള കാര്യങ്ങള് കഴിഞ്ഞമാസം 11ന് നടന്ന യോഗത്തില് ചര്ച്ചചെയ്തതാണെങ്കിലും ഇതിന്റെ തുടര്നടപടി വിശദീകരിക്കാന് പോലും ആരും എത്തിയില്ല. നഗരത്തിലെ ഗതാഗതപ്രശ്നങ്ങള് കുറയ്ക്കുന്നതിനായി വിവിധ നിര്ദേശങ്ങളും യോഗത്തില് ഉയര്ന്നുവന്നു.
തൊടുപുഴ മുട്ടം റോഡില് സിറ്റി സര്വീസ് പരിഗണിക്കും. വെങ്ങല്ലൂരില് ട്രാഫിക് സിഗ്നലിന്റെ സമയദൈര്ഘ്യം കുറഞ്ഞത് പരിശോധിക്കും. ന്യൂമാന് കോളജ് ജംഗ്ഷനിലും വെങ്ങല്ലൂര് ബ്രാഹ്മിണ്സ് ജംഗ്ഷനിലും വേഗനിയന്ത്രണത്തിനായി റംബിള് സ്ട്രിപ്പ് സ്ഥാപിക്കും, നഗരത്തിലെ സീബ്രാലൈനുകള് തെളിക്കും, ഇടുക്കി റോഡിലെ ബസ് സ്റ്റോപ്പ് നിലവിലുള്ള സ്ഥലത്തുനിന്നു മുന്നോട്ടു മാറ്റിസ്ഥാപിക്കും എന്നിവയാണ് യോഗത്തിലെടുത്ത തീരുമാനങ്ങള്.
District News
ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡ് നിര്മാണത്തിന്റെ ഭാഗമായി കലുങ്കുകളുടെ നിര്മാണം പൂര്ത്തിയായിട്ടും കെഎസ്ആര്ടിസി ബസ് സര്വീസ് പുനരാരംഭിച്ചില്ല. പ്രദേശത്ത് യാത്രാക്ലേശം അതിരൂക്ഷം. വാലടി ഒന്നാംകലുങ്കിന്റെ നിര്മാണവുമായി ബന്ധപ്പെട്ടാണ് ഈ റൂട്ടിലെ ഗതാഗതം കെഎസ്ടിപി രണ്ടുമാസംമുമ്പ് നിരോധിച്ചത്. കലുങ്ക് നിര്മാണം പൂര്ത്തിയാക്കി റോഡ് തുറന്ന് മറ്റെല്ലാ വാഹനങ്ങളും ഓടുന്നുണ്ടെങ്കിലും കെഎസ്ആര്ടിസി ബസുകള് ഓടാന് തുടങ്ങിയിട്ടില്ല.
\കെഎസ്ആര്ടിസി ബസുകളെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന തോട്ടുങ്കൽ, സെന്റ് ജൂഡ് പള്ളി, സെന്റ് ജൂഡ് ആശുപത്രി, ശാസ്താങ്കല് ക്ഷേത്രം, മുളയ്ക്കാംതുരുത്തി, കടമ്പാടം ബണ്ട്, അമ്പലത്തിനാടിചിറ ഭാഗങ്ങളിലുള്ള വിദ്യാര്ഥികൾ, വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജോലിക്കുപോകുന്ന ഉദ്യോഗസ്ഥർ, കര്ഷക തൊഴിലാളികള് തുടങ്ങിയ നൂറുകണക്കിനു യാത്രക്കാരാണ് ബസ് സര്വീസ് ഇല്ലാത്തതുമൂലം ദുരിതപ്പെടുന്നത്.
ടിപ്പറുകൾ, സ്കൂള് ബസുകള്, ഓട്ടോകൾ, ടൂറിസ്റ്റ്ബസുകള് തുടങ്ങിയ വാഹനങ്ങളൊക്കെ ഈ റൂട്ടില് സഞ്ചരിക്കുന്നുണ്ട്. എന്നാല് കെഎസ്ആര്ടിസി ബസ് സര്വീസുകള് ആരംഭിക്കാന് എന്തു തടസമാണെന്ന ചോദ്യമാണ് നാട്ടുകാര് ഉയര്ത്തുന്നത്.
തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിന്റെ ഡിജിബിഎം ടാറിംഗ് നേരത്തേപൂര്ത്തിയായിരുന്നു. ഇത്രയും ഭാഗത്ത് വൈദ്യുതി പോസ്റ്റുകള് മാറ്റുന്ന ജോലികളും നടന്നുവരികയാണ്. മുളയ്ക്കാംതുരുത്തി മുതല് വാലടി- കിടങ്ങറവരെ റോഡ് നിര്മാണ ജോലികള് പുരോഗമിക്കുകയാണ്.
ബസുകള് ഓടുന്നത് പറാൽ-കുമരങ്കരി- വാലടിവഴി
വാലടി ഒന്നാംകലുങ്ക് അടച്ചതിനെ തുടര്ന്ന് ചങ്ങനാശേരിയില് നിന്നുള്ള നാല് ബസുകള് എട്ട് ട്രിപ്പ് വീതം ചങ്ങനാശേരി മാര്ക്കറ്റ്, പറാൽ, കുമരങ്കരി, വാലടിവഴി കൃഷ്ണപുരം കാവാലം റൂട്ടിലാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി സര്വീസ് നടത്തുന്നത്. വാഹനത്തിരക്കുള്ള ചങ്ങനാശേരി മാര്ക്കറ്റിലൂടെ ബസുകള് സഞ്ചരിക്കുന്നത് ഗതാഗതക്കുരുക്കിനും സമയനഷ്ടത്തിനുമിടയാക്കുന്നുണ്ട്. മുളയ്ക്കാംതുരുത്തി-തുരുത്തിവഴി ബസ് സര്വീസ് ഇല്ലാത്തതുമൂലം കാവാലം, വാലടി ഭാഗങ്ങളില്നിന്നും കോട്ടയത്തേക്കു പോകേണ്ട യാത്രക്കാര് ചങ്ങനാശേരിയില് എത്തിയശേഷമാണ് കോട്ടയത്തേക്കു പോകുന്നത്.
ചങ്ങനാശേരിയില്നിന്നു രാവിലെയും വൈകുന്നേരങ്ങളിലും ഓരോ ട്രിപ്പ് ബസ് മുളയ്ക്കാംതുരുത്തിവരെ സര്വീസ് നടത്തുന്നുണ്ട്. ഈ സര്വീസുകള് യാത്രാദുരിതത്തിനു പരിഹാരമാകുന്നില്ല.
കോട്ടയം ഡിപ്പോയില് നിന്നും രാവിലെയും വൈകുന്നേരങ്ങളിലും തുരുത്തി-മുളയ്ക്കാംതുരുത്തിവഴി കാവാലത്തേക്ക് ബസ് സര്വീസ് നടത്തിയിരുന്നു. റോഡ് നിര്മാണത്തെ തുടര്ന്ന് നിര്ത്തിവച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരമാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിവച്ചത്. പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയാൽ ഉടൻ ബസ് സർവീസ് ആരംഭിക്കും എന്നാണ് കെഎസ് ആർടി സിയുടെ വിശദീകരണം.
ചങ്ങനാശേരിയിലനിന്നും രാത്രി 9.30ന് കാവാലത്തേക്ക് സര്വീസ് നടത്തിയിരുന്ന സ്റ്റേബസും കോവിഡിനുശേഷം ഓടുന്നില്ല. ഈ സര്വീസുകളും പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാര് രംഗത്തെത്തിയിട്ടുണ്ട്.
District News
കോട്ടയം: എംസി റോഡില് കലുങ്ക് നിര്മാണം പൂര്ത്തിയായെങ്കിലും റോഡ് ടാര് ചെയ്യാത്തതിനാല് രൂക്ഷമായ ഗതാഗതക്കുരുക്ക്. എംസി റോഡില് ചൂട്ടുവേലി ഭാഗത്ത് കലുങ്ക് നന്നാക്കുന്നതിനായിട്ടാണ് റോഡ് കുറുകെ വെട്ടിപ്പൊളിച്ചത്.
കലുങ്ക് നിര്മാണം പൂര്ത്തിയായെങ്കിലും വെട്ടിപൊളിച്ച ഭാഗം ടാര് ചെയ്തില്ല. ഇതോടെയാണു തിരക്കേറിയ എംസി റോഡില് വന്ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു തുടങ്ങിയത്. ഇന്നലെ രാവിലെ വെട്ടിപൊളിച്ച ഭാഗത്ത് കോണ്ക്രീറ്റ് ചെയ്തെങ്കിലും ശക്തമായ മഴയത്ത് കോണ്ക്രീറ്റ് ഒലിച്ചു പോയി, വീണ്ടും കുഴികള് രൂപപ്പെട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയ കലുങ്കിന്റെ ഭാഗമാകട്ടെ റോഡിനേക്കാള് താഴ്ന്ന നിലയിലുമാണ്. റോഡിനു കുറുകെയുള്ള കലുങ്കിലാണ് അറ്റകുറ്റപ്പണി നടത്തിയത്.
റോഡിന്റെ ഭാഗങ്ങള് പൊളിച്ചതിനെത്തുടര്ന്നു ചെറിയ കല്ലുകളും മറ്റും അവിടെ ചിതറിക്കിടക്കുകയാണ്. ഗതാക്കുരുക്കിനൊപ്പം ഇതും ഇരുചക്ര വാഹനയാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ശക്തമായ മഴയുള്ളപ്പോള് റോഡിലെ കുരുക്ക് ഇങ്ങ് നാഗമ്പടം വരെയും അങ്ങേയറ്റത്ത് കുമാരനല്ലൂര് വരെയും നീളാറുണ്ട്. ഇരുചക്രവാഹനങ്ങള് അപകടത്തില്പെടാറുമുണ്ട്. മെഡിക്കല് കോളജ് ഉള്പ്പെടെയുള്ള ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്സുകള് ഉള്പ്പെടെ കടന്നുപോകുന്ന ഈ വഴിയില് രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.
രാവിലെ ജോലിക്കും മറ്റുമായി പോകുന്നവരും വൈകുന്നേരം തിരികെ മടങ്ങുന്നവരും സമയത്ത് എത്താനാകാതെ ബുദ്ധിമുട്ടുകയാണ്. ദീര്ഘദൂര കെഎസ്ആര്ടിസി ഉള്പ്പെടെയുള്ള ബസുകളും സ്വകാര്യബസുകളും കുരുക്കിലകപ്പെട്ട് കിടക്കുന്നതിനാല് കൃത്യസമയത്ത് യഥാസ്ഥലത്ത് എത്താനും ബുദ്ധിമുട്ടുകയാണ്.
വെട്ടിപൊളിച്ച റോഡ് ഭാഗം അടിയന്തരമായി ടാര് ചെയ്ത് ഗതാഗതക്കുരുക്കും അപകടസാധ്യതയും ഒഴിവാക്കാന് അധികൃതര് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
District News
ചാലക്കുടി: അടിപ്പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾക്ക് ദേശീയ പാത അധികൃതർ ബന്ധപ്പെട്ട കരാർ കമ്പനിക്ക് നിർദേശം നൽകി.
കഴിഞ്ഞദിവസം നഗരസഭയിൽ നടന്ന സർവകക്ഷിയോഗത്തിലെ നിർദേശങ്ങളുടെ ഭാഗമായി അടിപ്പാതയിൽ അടിയന്തരമായി ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് നഗരസഭ ചെയർപേഴ്സൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അടിപ്പാതയിലെ ഫുട്പ്പാത്ത് വീതി കുറയ്ക്കുക, നാല് കോർണറിലും സ്ലാബ് കട്ട് ചെയ്ത് ബെൽമൗത്ത് ഉണ്ടാക്കുക, സർവീസ് റോഡിലെ ഡ്രെയിനേജിന് മുകളിലെ സ്ലാബുകൾ താഴ്ത്തി സർവീസ് റോഡിന് ലെവലിൽ ആക്കി ബെൽ മൗത്ത് സൗകര്യപ്പെടുത്തുക തുടങ്ങി അടയന്തരമായി നടത്തേണ്ട പ്രവൃത്തികൾ സംബന്ധിച്ച് അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞദിവസം തൃശൂരിൽ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ അടിയന്തരമായി പ്രവൃത്തികൾ ചെയ്യണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎയും നഗരസഭ അധികൃതരും ദേശീയപാത അധികൃതരോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നേരത്തേ അടിപ്പാത നിർമാണം നടത്തിയ കരാർ കമ്പനിയെ തന്നെയാണ് ഇപ്പോഴത്തെ അടിയന്തര പ്രവൃത്തികൾ ചെയ്യാൻ എൻഎച്ച്എഐ അധികൃതർ ചുമതലപ്പെടുത്തിയിട്ടുള്ളത്.
അടുത്തദിവസം തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാമെന്ന് സ്ഥലത്തെത്തിയ കരാർകമ്പനി പ്രതിനിധികൾ അറിയിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആനി പോൾ, ഒ.എസ്. ചന്ദ്രൻ, ജിയോ കിഴക്കുംതല, ഷിഫ സന്തോഷ്, ലിജി ജോജി, പാർലിമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, ജിൽ ആന്റണി, കൗൺസിലർമാരായ വിൻസെന്റ് പാണാട്ട്പറമ്പിൽ, റീന ഡേവീസ്, ജെസി റാഫേൽ, വിനീത ഷാന്റോ, റെയ്സൻ ആലുക്ക, കെ.ബി. ഉണ്ണികൃഷ്ണൻ, നിതിൻ പുല്ലൻ, വി.ജെ. ജോജി, കെ.ബി. ഉണ്ണികൃഷ്ണൻ എന്നിവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം അടിപ്പാത സന്ദർശിച്ചു പ്രവർത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തി.
District News
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര് ചേതന്കുമാര് മീണയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധന പൂര്ത്തീകരിച്ചു. എംസി റോഡില് കാരിത്താസ് ജംഗ്ഷന്, സംക്രാന്തി, കുമാരനല്ലൂര്, ചൂട്ടുവേലി, എസ്എച്ച് മൗണ്ട്, നാഗമ്പടം എന്നിവിടങ്ങളിലാണ് സമിതി ഇന്നലെ സന്ദര്ശനം നടത്തിയത്.
തിരുവാതുക്കൽ, ഈരയില്ക്കടവ് എന്നിവിടങ്ങളിലും സന്ദര്ശനം നടത്തി.
ചിങ്ങവനം മുതല് പുളിമൂട് ജംഗ്ഷന് വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും കഴിഞ്ഞ നാലിനു പരിശോധന നടത്തിയിരുന്നു.
സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല് ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉള്പ്പെട്ട സംഘത്തെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളില് അടിയന്തരമായി ഏര്പ്പെടുത്താവുന്ന പുനഃക്രമീകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നതിനായി നിയോഗിച്ചത്.
നഗരസഭാധ്യക്ഷന് എം.പി. സന്തോഷ് കുമാർ, കോട്ടയം ആര്ടിഒ ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എന്എച്ച് വിഭാഗം എക്സിക്യൂട്ടീവ് എന്ജിനിയര് ജോണ് കെന്നത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്ജിനിയര് ടി.എസ്. ജയരാജ്, മെയിന്റനന്സ് വിഭാഗം എക്സിക്യൂട്ടീവ് എന്ജിനിയര് ടി.ആര്. ജീജ, അസി.എക്സിക്യൂട്ടീവ് എന്ജിനിയര്മായ കെ. നായർ, വാട്ടര് അഥോറിറ്റി എക്സിക്യൂട്ടീവ് എന്ജിനിയര് അനില് രാജ്, ദേശീയപാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്ജിനിയര് എ.എസ്. സുര എന്നിവരും പരിശോധനാ സമിതിയില് ഉണ്ടായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോര്ട്ട് ഉടന് തയാറാക്കുമെന്ന് ജില്ലാ കളക്ടര് അറിയിച്ചു.
District News
ഇടുക്കി: കൊക്കയാര് പഞ്ചായത്തിലെ ബോയ്സ് എസ്റ്റേറ്റ് പരിസരത്തുള്ള റോഡില് മണ്ണ് കെട്ടിക്കിടന്ന് ഗതാഗത തടസമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്പേഴ്സണ് ജസ്റ്റീസ് അലക്സാണ്ടര് തോമസ്. റോഡില് മണ്ണ് ഒഴുകിയിറങ്ങുന്നത് കാരണം മേലോരം, അഴങ്ങാട് നിവാസികള്ക്ക് യാത്ര ദുഃസഹമാണെന്ന് ആരോപിച്ച് സമര്പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊക്കയാര് പഞ്ചായത്ത് സെക്രട്ടറിയില്നിന്നു കമ്മീഷന് റിപ്പോര്ട്ട് വാങ്ങി. എസ്റ്റേറ്റില്നിന്ന് ഒഴുകിയെത്തുന്ന മണ്ണ് റോഡില് കൂടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബോയ്സ് എസ്റ്റേറ്റ് മാനേജര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്ന് റിപ്പോര്ട്ടില് പറഞ്ഞു. തുടര്ന്ന് റോഡ് പരിശോധിച്ചപ്പോള് മണ്ണൊലിച്ചു കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്ട്ടില് പറഞ്ഞു.
പരാതി ആവര്ത്തിച്ചാല് കൊക്കയാര് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കണമെന്ന് കമ്മീഷന് പരാതിക്കാരന് നിര്ദേശം നല്കി. പരാതിക്കാരനെയും എസ്റ്റേറ്റ് മാനേജരെയും കേട്ടും സ്ഥലപരിശോധന നടത്തിയും പഞ്ചായത്ത് സെക്രട്ടറി നിയമാനുസൃതം നടപടിയെടുക്കണമെന്ന് കമ്മീഷന് നിര്ദേശിച്ചു. മേലോരം ആൻഡ് അഴങ്ങാട് റെസിഡന്റ്സ് അസോസിയേഷനുവേണ്ടി സേലസ് ചെറിയാന് സമര്പ്പിച്ച പരാതിയിലാണ് നടപടി.
District News
കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലെടുത്ത തീരുമാനങ്ങള് 18 മുതൽ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും പോലീസും പത്രസമ്മേളനത്തില് അറിയിച്ചു.
ബസ് സ്റ്റോപ്പുകളിലെ മാറ്റങ്ങളടക്കമുള്ള ഗതാഗത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ദേശീയപാതയിലും കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിലും പാര്ക്കിംഗ് നിയന്ത്രണങ്ങളും ഏര്പ്പെടുത്തും. ടിവിഎസ് റോഡില് വണ്വേ സംവിധാനം കൊണ്ടുവരും. ഗതാഗത പരിഷ്കാരങ്ങള് നടത്തുന്നതിനു മുന്പായി ബോര്ഡുകളും മറ്റ് സിഗ്നല് സംവിധാനങ്ങളും സ്ഥാപിക്കുമെന്ന് ഭരണസമിതിയംഗങ്ങള് അറിയിച്ചു.
പുതിയ പരിഷ്കാരങ്ങൾ
കാഞ്ഞിരപ്പള്ളി ടൗണിലെ റോഡിന് ഇരുവശത്തെയും അനധികൃത പാര്ക്കിംഗ് നിരോധിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ കോട്ടയം, ചങ്ങനാശേരി ഭാഗത്തേക്ക് പോകുന്ന ബസുകള് കൃത്യമായി വെയ്റ്റിംഗ് ഷെഡിന് മുന്പിൽ നിര്ത്തുക. ബസ് ബേ, ബസ് സ്റ്റോപ്പ് ബോര്ഡുകള് സ്ഥാപിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ മുണ്ടക്കയം ഭാഗത്തേക്കുള്ള ബസുകള് കുരിശുകവല പോസ്റ്റ്ഓഫീസിന് മുന്ഭാഗത്തെ ബസ് സ്റ്റോപ്പില്നിന്നു 30 മീറ്റര് മുന്നോട്ടു മാറ്റിനിര്ത്തണം. ഈ ഭാഗത്ത് ബസ് സ്റ്റോപ്പ് ബോര്ഡ് സ്ഥാപിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കും.
കുരിശുങ്കൽ ജംഗ്ഷനിൽ മണിമല, ചേനപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകള് വഴിയിടം കെട്ടിടത്തിന് മുന്പിലായി നിര്ത്തും. ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് ബോര്ഡ് സ്ഥാപിക്കും.
ബസ് സ്റ്റാന്ഡിനുള്ളില് ബസുകള് കൂടാതെ പ്രൈവറ്റ് വാഹനങ്ങള് സഞ്ചരിക്കുന്നതും പാര്ക്ക് ചെയ്യുന്നതും നിരോധിക്കും.
രാവിലെ എട്ടുമുതല് 10.30 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല് 5.30 വരെയും കാഞ്ഞിരപ്പള്ളി ടൗണ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില് കയറ്റിറക്ക് ജോലികള് ഒഴിവാക്കണം.
ബസ് സ്റ്റാന്ഡിനു സമീപം ടിവിഎസ് റോഡിലേക്ക് കെകെ റോഡില്നിന്നു വരുന്ന വാഹനങ്ങള് വണ്വേ ആയി മാത്രം പ്രവേശിപ്പിക്കും.
ടിവിഎസ് റോഡില്നിന്നു കെകെ റോഡിലേക്ക് വാഹനങ്ങള് പ്രവേശിക്കാൻ പാടില്ല.
പേട്ടക്കവലയില് മുണ്ടക്കയം ഭാഗത്തേക്കുള്ള ബസുകള് നിലവിലുള്ള വെയ്റ്റിംഗ് ഷെഡിന്റെ മുന്പില് നിന്ന് അമീന് ബേക്കറിയുടെ മുന്പിലായി മാറ്റി നിര്ത്തണം. ഈ ഭാഗത്ത് ബസ് സ്റ്റോപ്പ് ബോര്ഡ് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില് കോട്ടയം ഭാഗത്തേക്കുള്ള ബസുകള് അലീന ഗിഫ്റ്റ് ഹൗസിന് മുന്ഭാഗത്തായി നിര്ത്തണം. ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് ബോര്ഡ് സ്ഥാപിക്കും.
നിലവിലുള്ള ബസ് സ്റ്റോപ്പില് പുതിയ ബസ് സ്റ്റോപ്പ് 80 മീറ്റര് പിന്നിലേക്ക് മാറ്റിയിരിക്കുന്നുവെന്ന ബോര്ഡ് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി പേട്ടക്കവല മുതല് പൂതക്കുഴി വരെയുള്ള റോഡിലെ ആക്രി, വഴിയോര കച്ചവടം മൂലമുള്ള തടസങ്ങള് ഒഴിവാക്കും.
ഈരാറ്റുപേട്ട ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളിക്ക് വരുന്ന ബസുകള് മുത്തൂറ്റ് ബാങ്കിന് മുന്ഭാഗത്തായി നിര്ത്തണം. ഈ ഭാഗത്ത് ബസ് സ്റ്റോപ്പ് ബോര്ഡ് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിന്റെ വലതുവശത്ത് മാത്രമേ പാര്ക്ക് ചെയ്യാൻ പാടുള്ളൂ.
കാഞ്ഞിരപ്പള്ളിയില്നിന്നു തമ്പലക്കാട്ടേക്ക് പോകുന്ന ബസുകള് പുത്തനങ്ങാടി ഭാഗത്ത് ജനത ഡിപ്പാര്ട്ട്മെന്റ് സ്റ്റോറിന്റെ എതിര്വശത്തായി നിര്ത്തണം. ഇവിടെ ബസ് സ്റ്റോപ്പ് ബോര്ഡ് സ്ഥാപിക്കും.
ഇരുപത്താറാംമൈല്, പേട്ടക്കവല, പുത്തനങ്ങാടി, കുരിശുകവല എന്നിവിടങ്ങളില് സിസി കാമറകള് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയുടെപാര്ക്കിംഗ് ഗ്രൗണ്ടില്നിന്നുള്ള വാഹനങ്ങള് റോഡിന്റെ ഇടതുവശം കൂടി മാത്രം കെകെ റോഡിലേക്ക് പ്രവേശിക്കണം. വലതുവശത്തേക്ക് പോകേണ്ട വാഹനങ്ങള് ഇടത്തേക്ക് ഇറങ്ങി പേട്ടക്കവലയില് യു ടേണ് എടുത്തു പോകേണ്ടതാണ്.
കിഴക്കു ഭാഗത്തുനിന്നും ഈരാറ്റുപേട്ട ഭാഗത്തുനിന്നും അക്കരപ്പള്ളിയിലേക്ക് പോകേണ്ട വാഹനങ്ങള് ഈരാറ്റുപേട്ട റോഡ് വഴി അക്കരപ്പള്ളിയിലേക്ക് കയറുക.
പുല്പ്പേല് ടെക്സ്റ്റൈല്സിന്റെ മുന്വശം മുതല് ടിവിഎസ് റോഡ് വരെയുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങള് 10 മിനിറ്റില് കൂടുതല് പാര്ക്ക് ചെയ്യുന്നത് ശിക്ഷാര്ഹമായിരിക്കും.
കാഞ്ഞിരപ്പള്ളി ടൗണിലെ ട്രാഫിക്കില് വരുത്തുന്ന മാറ്റങ്ങള് വലിയ ബോര്ഡില് നിര്ദേശങ്ങളായി ഡ്രൈവര്മാര്ക്ക് ശ്രദ്ധ കിട്ടുന്ന രീതിയില് പ്രദര്ശിപ്പിക്കും.
എല്ലാ ബസ് സ്റ്റോപ്പുകളിലും അനധികൃത പാര്ക്കിംഗ് ശിക്ഷാര്ഹം എന്ന ബോര്ഡുകള് സ്ഥാപിക്കും. ടൗണില് പാര്ക്കിംഗ് ആന്ഡ് നോ പാര്ക്കിംഗ് ബോര്ഡുകള് സ്ഥാപിക്കും.
കാഞ്ഞിരപ്പള്ളി വഴി കടന്നുപോകുന്ന എല്ലാ പ്രൈവറ്റ് ബസ് ജീവനക്കാര്ക്കും ഐഡി കാര്ഡ് നിര്ബന്ധമാക്കും.
പത്രസമ്മേളനത്തില് പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് സുനില് തേനംമാക്കല്, എസ്എച്ച്ഒ സി.കെ. മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ കൊച്ചുറാണി തോമസ്, മനോജ് മാത്യു, വാര്ഡംഗം ജോയി മുണ്ടാമ്പള്ളി എന്നിവര് പങ്കെടുത്തു.
District News
പാലാ: നഗരത്തിലെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ദുരിതമാകുന്നു. പാലായിലെ വാഹനത്തിരക്ക് കുറയ്ക്കാൻ നിര്മിച്ച ബൈപാസിലൂടെ ഇടതടവില്ലാതെ വാഹനങ്ങള് പായുമ്പോഴാണ് സിവില് സ്റ്റേഷന് ജംഗ്ഷനില് കുരുക്ക് പതിവാകുന്നത്.
നഗരത്തിലെ തിരക്കേറിയ നാല്ക്കവലയില് ഗതാഗതം നിയന്ത്രിക്കാന് പോലീസും പാടുപെടുകയാണ്. ബൈപാസും പാലാ-കൂത്താട്ടുകുളം റോഡും സിവില് സ്റ്റേഷന് ജംഗ്ഷനില് സംഗമിക്കുന്നിടത്താണ് ഗതാഗതക്കുരുക്ക് പതിവായിരിക്കുന്നത്. രാമപുരം, വൈക്കം, തൊടുപുഴ റോഡുകളിൽനിന്നും ഇവിടേക്ക് വാഹനങ്ങള് എത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തിരക്കുള്ള രാവിലെയും വൈകുന്നേരവും ഇവിടം കടന്നുപോകാന് വളരെ ബുദ്ധിമുട്ടാണ്.
ബൈപാസില്കൂടി കടന്നുപോകുന്ന വാഹനങ്ങള് അമിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും പരാതിയുണ്ട്. ഇത് അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. ഇവിടെ പോലീസിന്റെ സാന്നിധ്യം ഇല്ലെങ്കില് ഗതാഗതം നിലയ്ക്കുന്ന അവസ്ഥയാണ്. സ്കൂള് തുറക്കുന്നതോടെ സ്ഥിതി കൂടുതല് രൂക്ഷമാകാനാണ് സാധ്യതയെന്നും പ്രശ്നപരിഹാരത്തിന് അധികൃതര് ഇടപെടണമെന്ന ആവശ്യവുമുയരുന്നുണ്ട്.
District News
പുൽപ്പള്ളി: കുടിയേറ്റ മേഖലയായ പുൽപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്ന് ആവശ്യം.
ടൗണിലെത്തുന്ന വാഹനങ്ങൾ നടപ്പാതയിൽ പോലും പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ടൗണിലെത്തുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ടൗണിലെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതായതോടെയാണ് പലരും വാഹനങ്ങൾ നടപ്പാതയിൽ കയറ്റിയിടുന്നത്.
പ്രധാന പാതയിൽ ഇരു ഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ബസുകളും വലിയ വാഹനങ്ങളും എത്തുന്പോൾ ഇടം നൽകാൻ കഴിയാതെ വരുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നത് പതിവായിരിക്കുകയാണ്.സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവർക്ക് അവ നിർത്തിയിടാൻ സ്ഥലമില്ലാത്ത പ്രശ്നവും രൂക്ഷമാണ്. രാവിലെ വാഹനം നിർത്തി മറ്റ് സ്ഥലങ്ങളിൽ പോയി വരുന്നവരും ഏറെയാണ്.
ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പുൽപ്പള്ളിയിൽ ഉടനടി ട്രാഫിക് ഉപദേശക സമിതി യോഗം ചേർന്ന് ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും ആനപ്പാറ റോഡ്, ചെറ്റപ്പാലം റോഡ്, മെയിൻ റോഡ് എന്നീ റൂട്ടുകളിലാണ് പലപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്നത്.
ഓട്ടോകളുടെയും ടാക്സികളുടെയും ചരക്ക് വാഹനങ്ങളുടെയും എണ്ണവും കൂടി ഇവയ്ക്കും നിർത്തിയിടാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഓട്ടോ, ടാക്സി വാഹനങ്ങൾ സ്റ്റാൻഡുകളിൽ നിശ്ചിത എണ്ണം മാത്രം പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സഹായിക്കും.
പുൽപ്പള്ളി ടൗണിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
District News
പ്രസിദ്ധമായ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ഭക്തിനിർഭരമായി പുരോഗമിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദർശനത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നത്. രോഹിണി ആരാധന പോലുള്ള പ്രധാന പൂജകൾ നടന്നതോടെ തീർത്ഥാടകരുടെ എണ്ണം കുത്തനെ ഉയർന്നു.
വൻ ഭക്തജനത്തിരക്ക് കാരണം കൊട്ടിയൂർ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടന്നു. പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും റോഡുകളുടെ വീതിക്കുറവും ഗതാഗത പ്രശ്നങ്ങൾ വർദ്ധിപ്പിച്ചു. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അധികൃതർ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഭക്തർ ആവശ്യപ്പെടുന്നുണ്ട്.
പോലീസ്, വോളണ്ടിയർമാർ എന്നിവർ ഗതാഗതം നിയന്ത്രിക്കാനും ഭക്തർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും രംഗത്തുണ്ട്. അടുത്ത ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികളും പോലീസ് അധികൃതരും അറിയിച്ചു.