ചെന്നൈ: വ്യാസർപാടി മാർക്കറ്റ് ജംഗ്ഷനിൽ ട്രാഫിക് നിയമലംഘനം തടഞ്ഞ വനിതാ ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ച 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാസർപാടി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ കോൺസ്റ്റബിളായ പൂമ ശ്രീ ആണ് മർദനത്തിനിരയായത്.
നമ്പർ പ്ലേറ്റില്ലാതെ തെറ്റായ ദിശയിൽ വന്ന സ്കൂട്ടർ പൂമ തടഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൗമാരക്കാരൻ മർദിക്കുകയായിരുന്നു. ആക്രമത്തിനിടെ തള്ളിവിഴ്ത്തിയതിനെത്തുടർന്ന് പൂമയുടെ കൈയ്ക്ക് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സക്കായി പോവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കല്യാൺപുരം സ്വദേശിയായ കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മുമ്പും പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.