നെല്ലിയാമ്പതി: അപകടമരണത്തിനു കാരണമായതു സെൽഫിയെടുക്കുന്നതിനായി സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് പാലത്തിനു മുകളിൽ കയറിയത്. കൊല്ലങ്കോട് പയ്യല്ലൂര്‍ കൊമ്പന്‍കാട് സിജിൻ (42) ആണ് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ മരിച്ചത്.
സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ശ്രമങ്ങളും അപകടകരമായ ഫോട്ടോകളും വീഡിയോകളും പകർത്താനുള്ള പ്രവണതയും നിരവധി ജീവനുകളാണ് അപഹരിച്ചിട്ടുള്ളത്. നെല്ലിയാമ്പതി ചുരം കയറിവരുന്നവർക്കും ഇറങ്ങിപ്പോകുന്നവർക്കും വിവിധ സ്ഥലങ്ങളിൽ വനപാലകരും മറ്റുദ്യോഗസ്ഥരും സുരക്ഷാ നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും പലരും അവഗണിക്കുന്നതായി ആരോപണമുണ്ട്.
പ്രത്യേകിച്ച് മഴക്കാലമായതിനാൽ റോഡുകളിലും പാലങ്ങളിലുമുള്ള വഴുക്കലും കാഴ്ചപരിമിതിയും അപകടസാധ്യത വർധിപ്പിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നെല്ലിയാമ്പതിയിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് പോത്തുണ്ടി ചെക്ക്പോസ്റ്റിൽ നിന്നുതന്നെ സുരക്ഷാ മുന്നറിയിപ്പ് കുറിപ്പുകൾ വിതരണം ചെയ്യണമെന്നും നെല്ലിയാന്പതിക്കാർ ആവശ്യപ്പെടുന്നു.
വ്യൂ പോയിന്റുകൾ, പാലങ്ങൾ, വെള്ളച്ചാട്ട പ്രദേശങ്ങൾ തുടങ്ങിയ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളിൽ വനം വാച്ചർമാരെ നിയമിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.