പരവൂർ: രാജ്യത്ത് ഏഴ് മാസത്തിനിടെ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ 17.61 കോടിയുടെ വർധന. റെയിൽ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതിന്റെ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം കൂടിയപ്പോൾ വരുമാനവും 94,927 കോടി രൂപയായി ഉയർന്നു. 2025 ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലാണ് ട്രെയിൻ യാത്രക്കാരുടെ എണ്ണം ഇത്രയും കൂടിയത്.
ഇന്ത്യൻ റെയിൽവേ രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 12,617 ആണ്. കഴിഞ്ഞ വർഷം ഏപ്രിൽ ആദ്യം മുതൽ ഒക്ടോബർ അവസാനം വരെ 425.41 കോടി പേർ യാത്ര ചെയ്തതായാണ് കണക്കുകളിൽ പറയുന്നത്.
അതേസമയം ഈ വർഷം ഇതേ കാലയളവിൽ 443.02 കോടി ആൾക്കാരാണ് യാത്ര ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ഒക്ടോബർ 31 വരെ യാത്രാക്കൂലി ഇനത്തിൽ മാത്രം ലഭിച്ചത് 70,693 കോടി രൂപയായിരുന്നു. ഈ വർഷം ഇതേ കാലയളവിലുള്ള ടിക്കറ്റ് വരുമാനം 94,927 കോടി രൂപയായാണ് ഉയർന്നിട്ടുള്ളത്.
വിവിധ ഉത്സവ സീസണുകൾ മുൻകൂട്ടി കണ്ട് കൂടുതൽ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തിയതും കൂടാതെ പ്രതിദിന ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം പരമാവധി കൂട്ടിയതുമാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കാൻ കാരണമായത്.
ട്രെയിൻസ് ഓൺ ഡിമാൻഡ് എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് സ്പെഷൽ ട്രെയിനുകൾ രാജ്യത്താകമാനം ഓടിച്ചത്. ഇതിൽ തന്നെ നല്ലൊരു പങ്കും സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകൾ ആയിരുന്നു. ഇതിലൂടെ പ്രതീക്ഷിച്ചതിലധികം വരുമാനം നേടാൻ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
2025 ജനുവരി മുതൽ ഒക്ടോബർ വരെ 35,000 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകളും സ്ഥാപിച്ചു. ഇതുവഴി പാസഞ്ചർ ട്രെയിനുകളടക്കം നിരവധി ട്രെയിനുകളുടെ സർവീസ് ദീർഘിപ്പിക്കുകയുമുണ്ടായി. ഇങ്ങനെയും യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.
ഇക്കാലയളവിൽ വിവിധ ഫാക്ടറികളിൽ നിർമിച്ച കോച്ചുകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം കോച്ചുകൾ കൂടി ഉപയോഗിച്ചാണ് കൂടുതൽ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേയ്ക്ക് സാധിച്ചത്.