തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും കരാർ ലംഘനമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി പോർട്ട് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന തിൽ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിംഗ് കന്പനിക്ക് (എംഎസ്സി) കൈമാറുന്നതിനുള്ള നടപടികളാണ് നടന്നത്. അവരുടെ ഓഹരിയിൽ 49 ശതമാനം മറ്റൊരു കന്പനിയുടെ സബ്സിഡിയറി കന്പനിയ്ക്ക് കൊടുക്കുന്നതു സർക്കാരിനെ ബാധിക്കില്ല.
ഓഹരികൈമാറ്റം നടക്കണമെങ്കിൽ കേന്ദ്ര ആഭ്യന്തര, ഷിപ്പിംഗ് മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. ഇതെല്ലാം ലഭിച്ചിട്ടു മാത്രമേ ഓഹരികൈമാറ്റം നടത്താനാകൂ. സർക്കാർ താത്പര്യം പൂർണമായി സംരക്ഷിക്കപ്പെടണം. മറ്റെന്തെങ്കിലും കാര്യം കരാറിലുണ്ടോയെന്നു പരിശോധിക്കണം. ഓഹരികൈമാറ്റം സംബന്ധിച്ച നിയമപരമായ എല്ലാ കാര്യങ്ങളും പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ താത്പര്യം ബലികഴിച്ച് ഒരുതീരുമാനവും എടുക്കില്ലെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. 49% ഓഹരികൾ എംഎസ്സിക്ക് കൈമാറുന്നതിന് മുൻകൂർ അനുമതി തേടിയുള്ള കത്ത് മന്ത്രിസഭായോഗം ചർച്ച ചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്സെഷൻ എഗ്രിമെന്റും കേരളത്തിന്റെ താത്പര്യങ്ങളും മുൻനിർത്തി നിയമപരമായ കാര്യങ്ങൾ പരിശോധിക്കാനാണ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
കണ്സെഷൻ എഗ്രിമെന്റ് പ്രകാരം ഉടമയായ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം പാടില്ലെന്ന് കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പോർട്ടിന്റെ യഥാർഥ ഉടമസ്ഥർ സംസ്ഥാന സർക്കാരാണ്. അദാനി പോർട്ട് നിർമാണവും നടത്തിപ്പും കൈകാര്യം ചെയ്യുന്ന ഒരു കക്ഷി മാത്രമാണ്. ഓഹരി കൈമാറ്റം നടന്നാലേ കരാർ ലംഘനമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
""ചർച്ച തുടങ്ങിയത് പിണറായി സർക്കാർ''
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യന്തര തുറമുഖത്തിന്റെ അദാനി പോർട്ടിന്റെ ഓഹരി കൈമാറ്റ ചർച്ചകൾ നടന്നത് കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. അദാനി പോർട്ട് ലിമിറ്റഡും ഷിപ്പിംഗ് കന്പനിയായ എംഎസ്സിയും തമ്മിൽ ഓഹരികൈമാറ്റം സംബന്ധിച്ച് ഒരു വർഷം മുൻപു ചർച്ചകൾ തുടങ്ങിയിരുന്നു.
വിഴിഞ്ഞത്ത് ഈ സർക്കാർ പുതിയ എംഡിയെ നിയമിച്ചത് ജൂണ്‍ 13നാണ്. എന്നാൽ, സിപിഎമ്മിന്റെ മുഖപത്രത്തിൽ ജൂണ്‍ അഞ്ചിനു ഇതു സംബന്ധിച്ചു വാർത്തകൾ വന്നിരുന്നു. വിഴിഞ്ഞത്തു വരും എംഎസ്സി ടെർമിനൽ എന്ന വാർത്തയായിരുന്നു വന്നത്. എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണ് ഷെയർ വിൽപനയെന്നായിരുന്നു പാർട്ടി പത്രത്തിന്റെ വാർത്ത.
2025ൽ എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവിലും എംഎസ്സി കന്പനിയുടെ പ്രമുഖർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിഴിഞ്ഞം ഓഹരികൈമാറ്റ വാർത്തകൾ വായിച്ചും കണ്ടും താൻ ആസ്വദിക്കുകയായിരുന്നു.
കണ്‍സഷണൽ കരാർ വായിച്ചു പോലും നോക്കാതെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശനം ഉന്നയിക്കുന്നത്. വിഴിഞ്ഞത്ത് കോമണ്‍ യൂസർ ഫെസിലിറ്റി ഇല്ലാതാക്കാൻ കഴിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും അന്നത്തെ തുറമുഖമന്ത്രി കെ. ബാബുവിന്റെയും ഇടപെടലിലാണ് ഇത് എഴുതിവച്ചത്. സർക്കാരാണ് തുറമുഖത്തിന്റെ അധികാരി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഒരു ഷെയറും കൈമാറാൻ സാധിക്കില്ല.
ഐടി വകുപ്പ് കൈവശംവച്ചത് ആരുടെ താത്പര്യം സംരക്ഷിക്കാൻ?
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ ആരുടെ താത്പര്യം സംരക്ഷിക്കാനാണ് മറ്റൊരു മന്ത്രിയുടെ കൈവശമുണ്ടായിരുന്ന ഐടി വകുപ്പ് മുഖ്യമന്ത്രി കൈവശം വച്ചതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയൻ ഐടി വകുപ്പടക്കം 29 വകുപ്പുകൾ കൈവശം വച്ചിരുന്നു.
എല്ലാ വകുപ്പും മുഖ്യമന്ത്രി കൈവശം വയ്ക്കുന്നതിനെതരേ പിണറായി വിജയൻ നടത്തിയ വിമർശനത്തിനു മറുപടി പറയുകയായിരുന്നു വി.ഡി. സതീശൻ. താൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നുവെന്ന പരാതി പാർട്ടിക്കില്ല. പാർട്ടിയിൽ ആരും ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നുവെന്നു പരാതി പറഞ്ഞിട്ടില്ല. ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടുമില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം സമയം ആകുന്പോൾ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മംഗളൂരു യാത്രാസമയത്ത് ""മുഖ്യമന്ത്രിയാകുമെന്ന് എനിക്കുപോലും അറിയില്ലായിരുന്നു ''
തിരുവനന്തപുരം: മംഗളൂരു യാത്രയുമായി ബന്ധപ്പെട്ടു നേരത്തേ മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആകുന്നതിനു മുൻപായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി. ഞാൻ മുഖ്യമന്ത്രിയാകുമെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? ഞാൻ മുഖ്യമന്ത്രിയാകുമെന്ന് അന്ന് എനിക്കു പോലും അറിയില്ലായിരുന്നു. സതീശനും അദാനിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നാണ് ആരോപണം.
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കന്പനിയാണ് എംഎസ്സി.
ഇവരുടെ ഡംപിംഗ് യാർഡ് ആണ് വിഴിഞ്ഞം എന്നു പറയാൻ കഴിയില്ല. എംഎസ്സി കന്പനിയുടെ കപ്പലുകൾ ഇവിടെ അടുക്കരുതെന്നു പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.