ഇരിട്ടി: രണ്ടുവർഷം മുന്പ് അയ്യൻകുന്ന് വില്ലേജ് ഓഫിസിന്റെ മുറ്റത്ത് കടപുഴകിയ മരം മുറിച്ചിട്ടെങ്കിലും മുറ്റത്തുതന്നെ അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. രണ്ട് വർഷം മുന്പ് കാലവർഷത്തിൽ ഓഫിസിന് സമീപം നിന്ന കൂറ്റൻ തേക്കുമരം മതിൽ ഉൾപ്പടെ തകർത്തുകൊണ്ട് കടപുഴകുകയായിരുന്നു. ചില്ലകളും മറ്റും മുറിച്ചുമാറ്റിയെങ്കിലും മരത്തിന്റെ തായ് തടി രണ്ടു കഷ്ണങ്ങളാക്കി മുറിച്ച് ഓഫിസ് മുറ്റത്ത് തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
പ്രായമായവർ മുതൽ ആയിരക്കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന വില്ലേജ് ഓഫിസിന് മുന്നിലെ തടിപോലും മാറ്റാൻ കഴിയാത്ത ഗതികേടിലാണ് വില്ലേജ് അധികൃതർ. സ്വന്തം മുറ്റത്ത് കിടക്കുന്ന മരം പോലും മാറ്റാൻ വഴിയില്ലാത്ത വില്ലേജ് അധികാരികളാണ് പ്രകൃതിക്ഷോഭം ഉൾപ്പടെ സംഭവിക്കുമ്പോൾ മുന്നിൽനിന്ന് പ്രവൃത്തിക്കുന്നത്.
ദിവസവും മരത്തിനെ വലംവെച്ചു കടന്നുപോകുന്ന ഓഫിസർക്കോ മറ്റ് അധികാരികൾക്കോ മരം ഇവിടെ നിന്നും മാറ്റണമെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. അംഗപരിമിതരായ ആളുകൾക്ക് ഓഫിസിലേക്ക് കയറൻ നിർമിച്ചിരിക്കുന്ന വഴി ഉൾപ്പടെ തടസപ്പെടുത്തിയാണ് മരം മുറിച്ചിട്ടിരിക്കുന്നത്.