ദാംബുള്ള: ത്രിരാഷ്ട്ര പരമ്പരയിലെ അഫ്ഗാനിസ്ഥാൻ എയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ എയ്ക്ക് ഗംഭീര ജയം. ദാംബുള്ളയിൽ നടന്ന മത്സരത്തിൽ 101 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഉയർത്തിയ 320 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ എ 36.5 ഓവറിൽ 218 റൺസിൽ ഓൾഔട്ടായി. 57 റൺസെടുത്ത ബാഹിർ ഷായും 46 റൺസെടുത്ത ഫൈസൽ ഷിനോസാദയും 32 റൺസെടുത്ത ക്യാപ്റ്റൻ ഇമ്രാം മിറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യ എയ്ക്ക് വേണ്ടി നിഷാന്ത് സന്ധു നാല് വിക്കറ്റെടുത്തു. യാഷ് താക്കൂർ രണ്ട് വിക്കറ്റും അൻഷുൽ കാംബോജും വിപ്രാജ് നിഗമും സൂര്യാൻഷ് ഷെഡ്ജെയും അനുകുൽ റോയ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 319 റൺസെടുത്തത്. 59 റൺസെടുത്ത ക്യാപ്റ്റൻ തിലക് വർമയുടെയും 58 റൺസ് വീതമെടുത്ത പ്രിയാൻഷ് ആര്യയുടെയും വിക്കറ്റ് കീപ്പർ കുമാർ കുശാഗ്രയുടെയും 38 റൺസ് എടുത്ത വൈഭവ് സൂര്യവൻഷിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്.
അഫ്ഗാനിസ്ഥാൻ എയ്ക്ക് വേണ്ടി ഫരീദൂൻ ദാവൂദ്സായ്യും അബ്ദുള്ള അഹ്മദ്സായ്യും ഫർമാനുള്ള സഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സാഹിർ ഖാൻ ഒരു വിക്കറ്റെടുത്തു.