കല്‍പ്പറ്റ: വയനാട്ടിലെ അവിവാഹിത ആദിവാസി അമ്മമാരുടെ കുട്ടികളുടെ പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ. വയനാട്, മറ്റു ഭാരവാഹികളായ എം. കമല, കെ. ദേവകി, പി.എം. സന്ധ്യ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട നിരവധി യുവതികളാണ് കപടപ്രണയത്തിലകപ്പെട്ട് ഭര്‍ത്താവില്ലാതെ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്കു പിറക്കുന്ന കുട്ടികള്‍ നിയമാനുസൃതമുള്ള പിതാവ് ഇല്ലാതെയാണ് വളരുന്നതും ജീവിക്കുന്നതും.
കോളിയാടിയില്‍ ഒരു ആവാസി സ്ത്രീ 15 വര്‍ഷം മുമ്പ് കപടപ്രണയത്തില്‍ കുടുങ്ങി. ഈ സ്ത്രീക്ക് 11 വര്‍ഷം മുമ്പ് പിറന്ന ആണ്‍കുട്ടിയുടെ പിതൃത്വം ബന്ധപ്പെട്ട വ്യക്തി അംഗീകരിച്ചില്ല. യഥാര്‍ഥ പിതാവ് ചിലരുമായി ഗൂഢാലോചന നടത്തിയതിന്റെ ഫലമായി കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റേതായി മറ്റൊരു പേരാണ് ചേര്‍ത്തത്. ജനന സര്‍ട്ടിഫിക്കറ്റിലുള്ള പിതാവിന്റെ പേര് ആധാര്‍ കാര്‍ഡിലും രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഫയല്‍ ചെയ്ത കേസില്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ഥ പിതാവിന്റെ പേര് ചേര്‍ക്കാന്‍ കഴിഞ്ഞ മാര്‍ച്ച് 23ന് ഹൈക്കോടതി ഉത്തരവായി. കുട്ടിയുടെ പിതൃത്വം 2018ല്‍ ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചതിന്റെ രേഖ സഹിതമാണ് കേസ് ഫയല്‍ ചെയ്തത്.
ജില്ലയില്‍ അനേകം അവിവാഹിത ആദിവാസി അമ്മമാരുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ 1,000 രൂപ വീതം പ്രതിമാസ പെന്ഷന് അനുവദിക്കുന്നുണ്ട്. എന്നാല്‍, അവിവാഹിതരായ യുവതികളെ അമ്മമാരാക്കിയവര്ക്കെതിരേ നടപടി ഉണ്ടാകുന്നില്ല. നിയമസഹായം തേടാനുള്ള സാമ്പത്തികശേഷിയോ അറിവോ ആദിവാസികള്‍ക്ക് ഇല്ലാത്തത് ചൂഷകര്‍ സൗകര്യമാക്കി. അവിവാഹിതരായ ആദിവാസി അമ്മമാരുടെ കുട്ടികളുടെ ജനന സര്‍ട്ടിക്കറ്റില്‍ യഥാര്‍ഥ പിതാവിന്റെ പേര് ചേര്‍ക്കാന്‍ സഹായകമാകുന്നതാണ് ഹൈക്കോടതി ഉത്തരവ്. ഇതിന് ശാസ്ത്രീയ പരിശോധനകള്‍ സാധ്യമാക്കണം. കുഞ്ഞിന്റെ പിതാവ് ആരെന്ന് അറിയാത്തവരല്ല അവിവാഹിത ആദിവാസി അമ്മമാര്‍.
മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക എസ്സി-എസ്ടി കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമനം ലഭിക്കുന്നത് ആദിവാസികളോട് പ്രതിബദ്ധതയുള്ളവരാണെന്ന് ഉറപ്പുവരുത്തണം. എസ്സി-എസ്ടി പ്രത്യേക കോടതിയില്‍ കഴിഞ്ഞ 10 വര്‍ഷം നടന്ന മുഴുവന്‍ കേസുകളും റിട്ട.ജഡ്ജിയെ കമ്മീഷനാക്കി വീണ്ടും അന്വേഷിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.