ഇടുക്കി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി സംവദിക്കാന്‍ കേരളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രണ്ട് ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ ഇടുക്കിയുടെ അഭിമാനമായി. പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ എം. മിഥുന്, അലീന ജോസ് എന്നിവരാണ് ജന്‍ജാതീയ ഗൗരവ് ദിവസത്തോടനുബന്ധിച്ച് ഇന്നലെ രാഷ്ട്രപതിഭവനില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തത്.
സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ മിഥുന് നിലവില്‍ എറണാകുളം മഹാരാജാസ് കോളജില്‍ ഒന്നാം വര്‍ഷം പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥിയാണ്.ജില്ലയിലെ മന്നാക്കുടി സ്വദേശികളായ മുരുകന്-രേഷ്മ ദമ്പതികളുടെ മകനാണ്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും സ്കൂള്‍തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അലീന ജോസ് നിലവില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. ഉടുമ്പന്നൂര്‍ പേരകത്ത് എം.എ. ജോസ് രാജു-സുജമോള്‍ ദമ്പതികളുടെ മകളാണ്. എസ്പിസി അംഗമായ അലീനയ്ക്ക് 2025ല്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പില്‍ മികച്ച കേഡറ്റിനുള്ള ബാഡ്ജ് ലഭിച്ചിട്ടുണ്ട്. സ്കൂള്‍ ബാന്‍ഡ് സംഘത്തിലും പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ടീമിലും അംഗമായിരുന്നു അലീന.
നാഷണല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയമാണ് ഇരുവരെയും പരിപാടിയിലേക്കു തെരഞ്ഞെടുത്തത്. സ്കൂളിലെ ഹിന്ദി അധ്യാപിക വി.എം. സുബൈദയാണ് വിദ്യാര്‍ഥികളുമായി ഡല്‍ഹിയിലെത്തിയത്.