തിരുവനന്തപുരം: പാൽ സംഭരണത്തിലും വിപണനത്തിലും മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മിൽമ കഴിഞ്ഞ സാന്പത്തിക വർഷം ആകെ 4,624.21 കോടി രൂപ വിറ്റുവരവു നേടി. 2024-25 ൽ ഇത് 4,344.60 കോടി രൂപയായിരുന്നു. 6.44 ശതമാനത്തിന്റെ വർധനയാണു രേഖപ്പെടുത്തിയത്.
പാൽ സംഭരണത്തിൽ 12.89 ശതമാനത്തിന്റെയും പാൽ വിപണനത്തിൽ 4.30 ശതമാനത്തിന്റെയും വർധനയുണ്ടാക്കാൻ മിൽമയ്ക്കായി. 2025-26 സാന്പത്തിക വർഷത്തിൽ പ്രതിദിനം 12,56,892 ലിറ്റർ പാലാണ് മിൽമ സംഭരിച്ചത്. 2024-25 ൽ ഇത് 11,13,413 ലിറ്റർ ആയിരുന്നു. 1,43,479 ലിറ്ററിന്റെ വർധന.
കഴിഞ്ഞ സാന്പത്തിക വർഷം പ്രതിദിനം 17,06,350 ലിറ്റർ പാലാണ് മിൽമ വിറ്റത്. 2024-25 ൽ 16,36,047 ലിറ്റർ ആയിരുന്നു വിപണനം. 70,303 ലിറ്റർ പാലാണ് അധികമായി വിൽക്കാനായത്.
മൂല്യവർധിത ഉത്പന്നങ്ങളുടെ വിൽപനയിലും മികച്ച വിറ്റുവരവു നേടാൻ മിൽമയ്ക്കായി. 1097.36 കോടി രൂപയാണ് കഴിഞ്ഞ സാന്പത്തിക വർഷത്തെ ആകെ വിറ്റുവരവ്. 2024-25 ൽ ഇത് 946.47 കോടിയായിരുന്നു. 15.94 ശതമാനത്തിന്റെ വർധനയാണുള്ളത്.
2030ഓടെ 10000 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ ലക്ഷ്യമിടുന്നതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. 2025-26 സാന്പത്തിക വർഷത്തിൽ തിരുവനന്തപുരം മേഖല യൂണിയന്റെ (ടിആർസിഎംപിയു) ആകെ വിറ്റുവരവിൽ 6.87 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്.
എറണാകുളം മേഖല (ഇആർസിഎംപിയു) 5.91 ശതമാനവും മലബാർ മേഖല (എംആർസിഎംപിയു) 8.88 ശതമാനവും വർധന നേടി.