ന്യൂഡൽഹി: ജലന്തറിലും അമൃത്സറിലുമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. സ്ഫോടന സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കി.
സ്ഫോടനം നടന്ന അമൃത്സറിൽ ഫോറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ജലന്ധറിലെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പഞ്ചാബ് പോലീസ് വ്യക്തമാക്കി. ജലന്ധറിലെ സ്ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ജലന്ധറിലും അമൃത്സറിലും സ്ഫോടനമുണ്ടായത്. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപത്തുവച്ച് ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. അമൃത്സറിൽ ഖാസ കരസേന ക്യാമ്പിന് സമീപത്തായിരുന്നു സ്ഫോടനം.