National
ന്യൂഡൽഹി: എണ്ണ ഉത്പാദക-കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള ബന്ധം യുഎഇ അവസാനിപ്പിച്ചത് ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് വിലയിരുത്തൽ.
ഒപെക്കുമായുള്ള ബന്ധം പിരിഞ്ഞതിലൂടെ എണ്ണ ഉത്പാദനത്തിൽ യുഎഇക്ക് ലഭിക്കുന്ന സ്വയംഭരണാധികാരവും ഭൗമശാസ്ത്രപരമായും നയതന്ത്രപരമായും യുഎഇയുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന രാജ്യമെന്നതുമാണ് ഇന്ത്യക്കു സഹായകമാകുന്നത്.
അളവിൽ കൂടുതൽ എണ്ണ വിപണിയിലേക്ക് എത്താതിരിക്കാനും അതുവഴി വിലയിൽ ഇടിവുണ്ടാതിരിക്കാനും ഒപെക് ഓരോ അംഗരാജ്യത്തിനും പരിധി വച്ചിരുന്നു. അതിനാൽത്തന്നെ യുഎഇക്ക് പ്രതിദിനം 34 ലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള അനുമതിയേ ഒപെക് നൽകിയിരുന്നുള്ളൂ. എന്നാൽ, ഒരു ദിവസം 50 ലക്ഷം ബാരൽ എണ്ണവരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യുഎഇക്ക് ഇനിമുതൽ ഒപെകിന്റെ നിയന്ത്രണങ്ങളില്ലാത്തതിനാൽ അവരുടെ ഇഷ്ടപ്രകാരം എണ്ണ ഉത്പാദനം നടത്താനും ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാനും കഴിയും.
ചുരുക്കത്തിൽ കൂടുതൽ വിതരണവും സ്ഥിരമായ ആവശ്യകതയും വിലയിൽ കുറവ് വരുത്തുമെന്ന സാന്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം ഇവിടെ പ്രയോഗിക്കുകയാണെങ്കിൽ യുഎഇയുടെ ഒപെക്കിൽനിന്നുള്ള പിന്മാറ്റം യുഎഇയിൽനിന്നു വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യപോലുള്ള രാജ്യങ്ങൾക്കാണ് ഗുണം ചെയ്യുന്നത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പത്തു ശതമാനവും യുഎഇയിൽനിന്നായതിനാൽ അവർ എണ്ണ ഉത്പാദനം വർധിപ്പിക്കുന്നത് ഇന്ത്യയിലെ എണ്ണവില കുറയാനും ഇടയാക്കിയേക്കും.
ഇതോടൊപ്പം ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഫുജൈറ പൈപ്പ് ലൈനിലൂടെ (അബുദാബി ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ) ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാമെന്നതും നേട്ടമാണ്.
മിക്ക ഗൾഫ് രാജ്യങ്ങളുടെയും ഇന്ധനനീക്കം നിലവിൽ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഹോർമുസ് മറികടക്കുന്ന ഈ തന്ത്രപ്രധാന പൈപ്പ് ലൈനാണ് ഹോർമുസിൽ പ്രതിസന്ധിയുണ്ടായപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഉപയോഗിച്ചത്. യുഎഇ മുതൽ ഇന്ത്യയുടെ സമുദ്രാതിർത്തി പങ്കിടുന്ന ഒമാൻ വരെ എണ്ണ കടത്തുന്ന ഫുജൈറ പൈപ്പ് ലൈനിലൂടെ യുഎഇ ഇനിമുതൽ കൂടുതൽ എണ്ണ കയറ്റുമതി ചെയ്തേക്കാം.
ഇന്ത്യയുടെ തൊട്ടരികെത്തന്നെയാണ് ഫുജൈറയുടെ ടെർമിനൽ സ്ഥിതിചെയ്യുന്നത് എന്നതിനാൽ അവിടെനിന്ന് എണ്ണ രാജ്യത്തേക്കെത്തിക്കുന്നതിന് ഇന്ത്യക്കു കുറഞ്ഞ ചെലവാണുണ്ടാകുന്നത്. ചുരുക്കത്തിൽ ഒപെക്കിൽനിന്നുള്ള യുഎഇയുടെ സ്വാതന്ത്ര്യം അവരുടെ എണ്ണ ഉത്പാദനം വർധിപ്പിക്കുകയും അവരുമായി ഉൗർജത്തിലും വ്യാപാരത്തിലും പങ്കാളികളായിരിക്കുന്ന ഇന്ത്യക്ക് അനുഗ്രഹമാകുകയും ചെയ്യും.
International
ദുബായ്: എണ്ണ ഉത്പാദക-കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള (ഓർഗനൈസേഷൻ ഓഫ് ഓയിൽ ഓഫ് പെട്രോളിയം എക്സ്പോർട്ട് കൺട്രീസ്) അഞ്ചു പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിച്ച് യുഎഇ. റഷ്യ ഉൾപ്പെടുന്ന ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് അംഗത്വവും യുഎഇ ഉപേക്ഷിക്കും. മേയ് ഒന്നിനാണ് തീരുമാനം പ്രാബല്യത്തിലാകുക.
എണ്ണ ഉത്പാദനത്തിലെ നിയന്ത്രണങ്ങളും അയൽരാജ്യമായ സൗദി അറേബ്യയുമായുള്ള ബന്ധം വഷളാകുന്നതുമാണ് ഒപെക് വിടാൻ യുഎഇയെ പ്രേരിപ്പിച്ചത്. സാന്പത്തിക വിഷയത്തിലും മേഖലയിലെ രാഷ്ട്രീയത്തിലും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
1967ൽ അബുദാബി എമിറേറ്റ്സ് ഒപെകിൽ അംഗമായി. തുടർന്ന് 1971ൽ യുഎഇ നിലവിൽ വന്നതോടെ ആ പേരിൽ അംഗത്വമെടുത്തു. സൗദി, ഇറാക്ക് എന്നിവ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് യുഎഇ. 2019ൽ ഖത്തറും ഒപെക്കിൽനിന്നു പിന്മാറിയിരുന്നു. ഒമാൻ, ബഹറിൻ എന്നീ രാജ്യങ്ങളും ഒപെക്കിൽ അംഗങ്ങളല്ല.
രാജ്യതാത്പര്യം മുൻനിർത്തി കൂടുതൽ സ്വതന്ത്രമായ ഉത്പാദനം ലക്ഷ്യമിട്ടാണു നിർണായകമായ തീരുമാനത്തിലെത്തിയതെന്നാണ് യുഎഇയുടെ ഔദ്യോഗിക വിശദീകരണം. എണ്ണവിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സ്വതന്ത്രമായ ഉത്പാദനവും വിതരണവും അനിവാര്യമാണെന്നാണ് യുഎഇയുടെ വിലയിരുത്തൽ.
ഹോർമുസിലും അറേബ്യൻ ഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുത്പാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എണ്ണയുത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച രാജ്യം എന്നനിലയിൽ കൂടുതൽ സ്വതന്ത്രമായ ഉത്പാദനവും കയറ്റുമതിയും ആവശ്യമാണെന്ന് യുഎഇ വിലയിരുത്തുന്നു.
ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മകൂടിയാണ് ഒപെക്. ഇറാക്ക്, സൗദി അറേബ്യ, കുവൈറ്റ്, വെനസ്വേല തുടങ്ങി 13 രാജ്യങ്ങളാണു കൂട്ടായ്മയിലുണ്ടായിരുന്നത്. എണ്ണയുത്പാദനത്തിന്റെ 80 ശതമാനം കൈയാളുന്ന കൂട്ടായ്മയിൽനിന്ന് രണ്ടു വർഷം മുമ്പ് അങ്കോള പുറത്തുപോയിരുന്നു.
യുഎഇകൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം 11 ആയി ചുരുങ്ങും. ആഗോളതലത്തിൽ എണ്ണവിലയെയും ഉത്പാദനത്തെയും നിയന്ത്രിക്കാനുള്ള ഒപെകിന്റെ നിർണായക സ്വാധീനത്തെ യുഎഇയുടെ പിന്മാറ്റം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഒപെകിൽനിന്ന് പുറത്തുപോയാലും എണ്ണയുത്പാദന മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സഹകരിക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
International
ജിദ്ദ: ആഗോള എണ്ണവിപണിയെയും ഗൾഫ് രാഷ്ട്രീയത്തെയും മുൾമുനയിൽ നിർത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിംഗ് എക്സ്പോർട്ടിംഗ് കൺട്രീസ്) കൂട്ടായ്മയിൽ നിന്ന് പിന്മാറുന്നു. 1967 മുതൽ സംഘടനയിൽ അംഗമായ യുഎഇ, മേയ് ഒന്ന് മുതൽ കൂട്ടായ്മയിൽ നിന്നും യുഎഇ ഔദ്യോഗികമായി പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
എണ്ണ ഉത്പാദന നിയന്ത്രണങ്ങളെച്ചൊല്ലി സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സ്വന്തം നിലയിൽ എണ്ണ ഉത്പാദനം വർധിപ്പിക്കാനും വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നത്.
യുഎഇയുടെ പിന്മാറ്റവും മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ലോകത്തെ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് സാധ്യത. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസപ്പെട്ടത് വിതരണ ശൃംഖലയെ പൂർണമായും താറുമാറാക്കി.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയെ ഈ സാഹചര്യം ഗുരുതരമായി ബാധിച്ചേക്കാം. ഇന്ധനവില വർധനവിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇത് കാരണമായേക്കും. ഗൾഫ് മേഖലയിലെ ഈ രാഷ്ട്രീയ നീക്കങ്ങൾ വരും ദിവസങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
International
ദുബായ്: ഹോർമുസ് കടലിടുക്ക് ഇറാന്റെ സ്വത്തല്ലെന്ന് യുഎഇ. ഗൾഫ് രാജ്യങ്ങൾ ഹോർമുസിനെ മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്കൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.
യുഎഇ പ്രസിഡന്റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ ആക്രമണങ്ങളെത്തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി.
അതേസമയം, മധ്യസ്ഥചർച്ചകളിൽ വിട്ടുവീഴ്ചാമനോഭാവത്തോടെ പങ്കെടുക്കണമെന്ന് ഖത്തർ ഇറാനോട് ആവശ്യപ്പെട്ടു. ചർച്ചകളിൽ സമുദ്രപാതകളെ വിലപേശൽ ഉപകരണമാക്കരുതെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായുള്ള ഫോൺ സംഭാഷണത്തിൽ അഭ്യർഥിച്ചു.
International
ഇസ്ലാമാബാദ്: ആഭ്യന്തര കലാപങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടിത്തറയിളക്കിയ പാക്കിസ്ഥാന് സഹായ ഹസ്തവുമായി സൗദി അറേബ്യയും ഖത്തറും. അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇരുരാജ്യങ്ങളും പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വിദേശ നാണയ ശേഖരത്തിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ് അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം. ഈ മാസം യുഎഇയ്ക്ക് നൽകാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്ക്കാനിരിക്കെ പാക്കിസ്ഥാന് സാമ്പത്തിക സഹായം വലിയ ആശ്വാസമാണ്.
പാക്കിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ഐഎംഎഫ് - ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടയിലാണ് നിർണായക നീക്കം.
അതേസമയം മൂന്ന് വർഷത്തെ സാമ്പത്തിക പാക്കേജ് പൂർത്തിയാകുന്നത് വരെ സൗദി അറേബ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ പാക്കിസ്ഥാനിൽ തുടരണമെന്ന് ഐഎംഎഫ് നേരത്തെ നിർദേശിച്ചിരുന്നു.
NRI
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം 39 ദിവസങ്ങൾ പിന്നിടുമ്പോൾ യുഎഇയിലെ സ്വദേശികളും വിദേശികളും ചേർന്ന് വീടുകളിലും ഓഫീസുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്താൻ ദുബായി ഭരണാധികാരിയുടെ ആഹ്വാനം.
യുഎഇയുടെ കരുത്തിന്റെയും പ്രതിരോധശേഷിയുടെയും ഒരുമയുടെയും നിദർശനമായാണ് ദേശീയ പതാക ഉയർത്തുന്നതിന് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം നിർദേശിച്ചത്.
രാജ്യത്തിന്റെ അചഞ്ചലതയും കരുത്തും ഐക്യവുമാണ് സംഘർഷങ്ങളുടെ ദിനങ്ങളിൽ പ്രകടമായതെന്നു ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനത്തിൽ യുഎഇയുടെ ആകാശത്തേക്ക് ഇറാനിൽ നിന്ന് ഡ്രോണുകളോ മിസൈലുകളോ എത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.
യുദ്ധം ആത്യന്തികമായി അവസാനിച്ചിട്ടില്ലെങ്കിലും യുഎഇയിലെ നിവാസികൾക്ക് പൂർണ സുരക്ഷിത്വത്തം ഉറപ്പുനൽകുകയാണ് യുഎഇയുടെ ഭരണാധികാരികൾ. ജനങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ സന്ദേശം നൽകി കൊണ്ട് ദുബായി ഭരണാധികാരി ദുബായി മാളിലൂടെ നടക്കുകയും മാളിലെ സന്ദർശകരുമായി ഇടപഴകുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.
International
അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി.
ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ.
നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
തങ്ങൾക്കുനേരേ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിൽ ഗൾഫ് രാജ്യങ്ങൾ അസ്വസ്ഥരാണ്. അതിനാൽത്തന്നെ ഇറാനെ സൈനികപരമായി നിർവീര്യമാക്കണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും കിട്ടിയ അവസരം ഉപയോഗിച്ച് ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
ഇറാൻ ഇതുവരെ നടത്തിയ ഏകദേശം 85 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വച്ചത് ഗൾഫ് രാജ്യങ്ങളെയാണെന്ന് കഴിഞ്ഞദിവസം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആരോപിച്ചിരുന്നു. ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
International
ടെഹ്റാന്: ഇറാനിലെ ഖോം നഗരത്തില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇറേനിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സ്ഫോടനങ്ങളില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മേഖലയില്‍ ആക്രമണം ശക്തമായെന്നാണു വിവരം.
ഇറാന്റെ മിസൈല്‍ ആക്രമണം
ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങള്‍ക്കും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്ക്കുംനേരേ കനത്ത മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹിറിന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദീര്‍ഘദൂര മിസൈലുകളും മാരകപ്രഹരശേഷിയുള്ള ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
എണ്ണവില കുറയുന്നു
ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സമയപരിധി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിയതോടെ ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുറവു രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം ഇടിഞ്ഞ് ബാരലിന് 106 ഡോളറില്‍ താഴെയെത്തി. വ്യാഴാഴ്ച ആറു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
International
അബുദാബി/റിയാദ്: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നേരിടുകയാണെന്നു യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമപ്രതിരോധസേന നിലവിൽ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, ഇറാന്റെ ഒരു മിസൈൽ തകർത്തതായും മറ്റൊന്ന് ആൾവാസമില്ലാത്ത മേഖലയിൽ പതിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഒരു ഡ്രോണും സൈന്യം വെടിവച്ചിട്ടു.
സൗദിക്കെതിരേയുണ്ടായ ഇറാൻ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ചു ഫ്രാൻസ് തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു. യുദ്ധം മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും രൂക്ഷമായി വ്യാപിക്കുകയാണ്. കുവൈറ്റിലും യുഎഇയിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധസേന തടഞ്ഞു. ബഹ്റിനിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് സഖ്യകക്ഷികൾക്ക് വൻതോതിൽ ആയുധങ്ങൾ കൈമാറാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് അനുമതി നൽകി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കായി ഏകദേശം 16.5 ബില്യൺ ഡോളറിന്റെ (ഏകദേശം 1.38 ലക്ഷം കോടി രൂപ) ആയുധ ഇടപാടുകൾക്കാണ് അംഗീകാരം ലഭിച്ചത്.
മൊത്തം തുകയിൽ വലിയൊരു ഭാഗവും യുഎഇയിലേക്കാണ് എത്തുന്നത്. ഏകദേശം 12 ബില്യൺ ഡോളറിന്റെ കരാറാണ് യുഎഇയുമായി ഉറപ്പിച്ചത്. ഇതിൽ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും, അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടുന്നു.
സൗദി അറേബ്യയ്ക്ക് ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള ടൗ മിസൈലുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് മേഖലയിലെ പ്രതിരോധം ശക്തമാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഗൾഫ് രാജ്യങ്ങളുടെ ആകാശ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മേഖലയിലെ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
National
ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് സംഘർഷഭരിതമായ പശ്ചിമേഷ്യയിൽനിന്ന് ഇതുവരെ 2.6 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 28-ന് ശേഷം മടങ്ങിയെത്തിയവരുടെ കണക്കാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധസ്ഥലങ്ങളിലേക്ക് ഇന്നലെ 70-ഓളം വിമാനങ്ങൾ സർവീസ് നടത്തിയെന്നു വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം നിലവിൽ ഇന്ത്യ സൂക്ഷ്മമായി നീരിക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ചചെയ്തു. സാധാരണക്കാർക്കുനേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുരണ്ടാം തവണയാണ് യുഎഇ പ്രസിഡന്റുമായി മോദി ആശയവിനിമയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അർമേനിയയിലേക്കും അസർബൈജാനിലേക്കും പോകുന്നതിന് ഇറാൻ അതിർത്തികടക്കാൻ കൂടുതൽ ഇന്ത്യക്കാർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
International
ദുബായ്: ഇന്നു പുലർച്ചെ, ദുബായ് ഉൾപ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് ശക്തമായ സ്ഫോടനങ്ങൾ. ഇസ്രയേലിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കുമെതിരേ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് യുഎഇ ലക്ഷ്യമിട്ടും മിസൈലുകളും ഡ്രോണുകളും എത്തിയത്. മിസൈൽ പ്രതിരോധിക്കാൻ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായതായും അധികൃതർ അറിയിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം ഏകദേശം 2,000-ലേറെ ആക്രമണങ്ങളാണ് യുഎഇ നേരിട്ടത്.
യുഎഇക്ക് പുറമെ മേഖലയിലെ മറ്റ് രാജ്യങ്ങളിലും ഇറാന്റെ ആക്രമണങ്ങൾ തുടർന്നു. സൗദി അറേബ്യയിലെ അൽ-ഖർജിനെതിരേ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സൈന്യം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ യുഎസ് സൈനികർ താമസിക്കുന്ന പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം വീണെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകുന്നേരം ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
International
ദുബായി: പശ്ചിമേഷ്യയിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലും ഖത്തറിലും ഇത്തവണ ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഈദ് പ്രാർഥനകൾ മോസ്കുകൾ കേന്ദ്രീകരിച്ചായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതിനിടെ ഇന്ന് പുലർച്ചെ ദുബായിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഏത് ആക്രമണം തടയാനും വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഹൊർമുസ് കടലിടുക്കിന്റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു.
പ്രസിഡന്റിന്റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഒരു ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോൾ ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു.
ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.
International
അബുദാബി: യുഎഇ ലക്ഷ്യമിട്ടുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെത്തുടർന്ന് 16 ഇന്ത്യക്കാരുൾപ്പെടെ 35 പേർ അറസ്റ്റിൽ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി ഉത്തരവിട്ടതനുസരിച്ചാണ് ഇവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇതിനു പുറമെ അബുദാബിയിൽ സമാന കുറ്റത്തിന് 45 പേരെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധനടപടികളെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും എഐ ഉപയോഗിച്ചു നിർമിച്ച വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് നടപടി.
പിടിയിലായവർക്കെതിരേ അതിവേഗ വിചാരണ നടപടികൾ ആരംഭിച്ചു.യുഎഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മിസൈലുകൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അറ്റോർണി ജനറൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം ദൃശ്യങ്ങൾ ശത്രുരാജ്യങ്ങൾക്ക് യുഎഇയുടെ പ്രതിരോധശേഷി മനസിലാക്കാൻ അവസരമൊരുക്കുമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
International
ദുബായി: ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് അടച്ച വ്യോമപാത യുഎഇ തുറന്നു. ഒരു മണിക്കൂറോളമാണ് യുഎഇ വ്യോമപാത അടച്ചിട്ടത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
അതേസമയം ഡ്രോൺ ആക്രമണത്തിൽ അബുദാബിയിലെ എണ്ണപ്പാടത്തിന് തീപിടിച്ചു. ഷാ എണ്ണപ്പാടത്തിനാണ് തീ പിടിച്ചതെന്ന് ദുബായി മീഡിയാ ഓഫീസ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇനിയും ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാൻ തയാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
International
ടെഹ്റാൻ: ഇസ്രയേൽ അടക്കമുള്ള ശത്രുരാജ്യങ്ങൾക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച് ഇറാനിൽ അഞ്ഞൂറിലേറെപ്പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 18 പേർക്ക് ഇസ്രയേൽ അനുകൂല ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇറാൻ ഇന്റർനാഷണൽ വാർത്താ ചാനലുമായി അടുപ്പമുള്ളവരാണെന്ന് ഇറാന്റെ രഹസ്യാന്വേഷണമന്ത്രാലയം അറിയിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ കർശന നടപടി തുടരുമെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു.
35 പേർ അറസ്റ്റിൽ
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ വീഡിയോയും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ യുഎഇ അറസ്റ്റ് ചെയ്തു.
ഇത്തരം നടപടികൾ രാജ്യത്തെ നിയമമനുസരിച്ചു ഗുരുതര നിയമലംഘനമാണെന്നും
കുറഞ്ഞത് ഒരു വർഷം തടവും 25 ലക്ഷം രൂപ പിഴയും ലഭിക്കാമെന്നും യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി മുന്നറിയിപ്പ് നൽകി.
International
ദുബായി: പശ്ചിമേഷ്യൻ മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ദുബായി വിമാനത്താവളത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടിത്തമുണ്ടായത്.
വിമാനത്താവളത്തിലെ എണ്ണടാങ്കിനാണ് തീപിടിച്ചത്. തീ കെടുത്താനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടി പുരോഗമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം സൗദി അറേബ്യയ്ക്ക് നേരെ കഴിഞ്ഞ രാത്രിയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കിഴക്കൻ പ്രവിശ്യക്ക് നേരെ വന്ന 37 ഡ്രോണുകൾ പ്രതിരോധ സേന തകർത്തതായാണ് പുറത്തുവരുന്ന വിവരം.
ഇറാൻ ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇയും സൗദി അറേബ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി.
International
കീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളെ ഇറാൻ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കാമെന്ന് അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ഇറാന്റെ ഷാഹെദ് ഡ്രോണുകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്നാണ് വാഗ്ദാനം.
യുക്രെയ്ൻ നഗരങ്ങളിൽ നാശം വിതയ്ക്കുന്ന അതേ ഷാഹെദ് ഡ്രോണുകൾ തന്നെയാണ് പശ്ചിമേഷ്യൻ രാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. യുക്രെയ്നെതിരെ റഷ്യ ഇത്തരത്തിലുള്ള ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.
എന്നാൽ യുക്രെയ്ൻ നൽകുന്ന സഹായത്തിന് പകരമായി സാങ്കേതികവിദ്യയും ധനസഹായവും നൽകണമെന്ന് സെലൻസ്കി ആവശ്യപ്പെട്ടു. ഷാഹെദ് ഡ്രോണുകളെ കുറിച്ച് പഠിക്കാനും വിലയിരുത്തുന്നതിനും നാല് രാജ്യങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും സെലൻസ്കി അറിയിച്ചു.
International
ദുബായി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ സോഷ്യൽ മീഡിയകളിലൂടെ വ്യാജ പ്രചരണം നടത്തിയ 35 പേർ യുഎഇയിൽ പിടിയിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 35 പേരാണ് സംഭവത്തിൽ പിടിയിലായത്.
ഇതിൽ 17 പേർ ഇന്ത്യക്കാരാണ്.
എഐ ഉൾപ്പടെ ഉപയോഗിച്ച് കൃത്രിമമായി തയാറാക്കിയ വീഡിയോകൾ വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇവരെ അതിവേഗ വിചാരണയ്ക്ക് വിധേയമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ശക്തമായ നിരീക്ഷണത്തിന് ശേഷമാണ് നടപടി. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി രാജ്യസുരക്ഷയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മറ്റു രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട വീഡിയോ യുഎഇയിലേതെന്ന പേരിൽ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
യുഎഇയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ തകർന്നതായി വീഡിയോ പ്രചരിപ്പിച്ചെന്നും കേസുണ്ട്. പ്രതികൾക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ലഭിച്ചേക്കും. ഒരു ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക.
International
അബുദാബി: ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണശാലയായ യുഎഇയിലെ റുവൈസിനെതിരേ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തം. അബുദാബി മീഡിയ ഓഫീസ് ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് റിഫൈനറി അടച്ചുപൂട്ടി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അടച്ചുപൂട്ടലെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. റിഫൈനറിയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
യുഎഇയുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഇറാന്റെ നടപടിക്കെതിരേ ആഗോളതലത്തിൽ ശക്തമായ നീക്കം വേണമെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎഇ പ്രതിനിധി ജമാൽ അൽ മുഷാറഖ് ആവശ്യപ്പെട്ടു.
യുഎഇക്കു പുറമെ ബഹ്റിൻ, ഖത്തർ എന്നിവിടങ്ങളിലേക്കും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതു മേഖലയിലെ എണ്ണ ഉത്പാദനത്തെയും വിതരണത്തെയും ഗൗരവമായി ബാധിച്ചെന്ന് സൗദി അരാംകോ മുന്നറിയിപ്പ് നൽകി.
വ്യോമ പ്രതിരോധം ശക്തം
യുഎഇക്കുനേരേയുള്ള മിസൈലുകളും ഡ്രോണുകളും തകർക്കുന്നതു തുടരുകയാണെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. ആകാശത്തുനിന്നു കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഷെയ്ബ എണ്ണപ്പാടത്തിനുനേരേ വന്ന അഞ്ച് ഡ്രോണുകൾ തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ആറു മാസത്തേക്കാവശ്യമായ അവശ്യസാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് യുഎഇ ധനമന്ത്രാലയം അറിയിച്ചു.
വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും കർശന നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അധികസാധനങ്ങൾ വിപണിയിൽ എത്തിക്കാനുള്ള നടപടികളും ഊർജിതമാണെന്നും മന്ത്രാലയവക്താവ് അറിയിച്ചു.
യുഎസ് കേന്ദ്രങ്ങൾ ആക്രമിച്ചു
ഇറാഖ് ബാഗ്ദാദിലുള്ള അമേരിക്കൻ നയതന്ത്രകേന്ദ്രത്തിനുനേരേയും ഡ്രോൺ ആക്രമണമുണ്ടായി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കുവൈത്തിലെ ക്യാമ്പ് അരിഫ്ജാനിലുള്ള അമേരിക്കൻ ആസ്ഥാനത്തിനുനേരേ നാല് മിസൈലുകൾ തൊടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലും തങ്ങളുടെ ഭൂപ്രദേശത്തു നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണെന്നാണ് ഇറാന്റെ നിലപാട്.
International
ദുബായി: പ്രവാസികൾക്കായി കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. മാർച്ച് 10-ന് യുഎഇയിലേയ്ക്ക് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു.
സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേയ്ക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും. ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാര്‍ച്ച് 10ന് ക്രമീകരിച്ചിരിക്കുന്നത്.
ദുബായിയിലേയ്ക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ഡൽഹിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ് ദുബായിയിലേയ്ക്ക് മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും.
എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, ഷാർജ (മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേയ്ക്ക് ആകെ 18 സർവീസുകൾ നടത്തും.
ജിദ്ദയിലേക്ക് ആകെ 14 സർവീസുകൾ ഉണ്ടാകും. ഡൽഹി. മുംബൈ, ഹൈദരാബാദ്, ബംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ സർവീസ് നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ് മസ്കറ്റിലേയ്ക്ക് 14 സർവീസുകൾ നടത്തും. ഡൽഹി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം ഒൻപതിന് ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.
മാർച്ച് ഒൻപത് മുതൽ 11 വരെ നടത്താനിരുന്ന സിബിഎസ്ഇ 12ാം ക്ലാസിന്റെ പരീക്ഷകളാണ് സംഘർഷ സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ചത്. ഇതേ തുടർന്ന് 12ന് യോഗം ചേർന്ന് തുടർ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.
മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മേഖലയിലെ 10ാം ക്ലാസ് പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.
International
ദുബായി: സ്കൂളുകൾക്കും സർവകലാശാലകൾക്കും സ്പ്രിംഗ് അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം.സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 23ന് ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും പുനരാരംഭിക്കും.
അതേസമയം പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിൽ തടസപ്പെട്ട ഭാഗികമായി സാധാരണ നിലയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.
ദുബായി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസൽഖൈമയിൽ നിന്ന് സർവീസുകൾ നടത്താൻ തീരുമാനിച്ചത്.
International
അബുദാബി: ഇറാൻ നടത്തിയ കനത്ത വ്യോമാക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുഎഇ. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും യുഎഇ ഭരണകൂടം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ യുഎഇ സുസജ്ജമാണെന്നും ഏത് സമയത്തും സുരക്ഷയൊരുക്കാൻ അത്യാധുനിക സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ ആകാശത്ത് വച്ച് തന്നെ പ്രതിരോധിച്ചതായാണ് യുഎഇ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ ഭാഗമായി ഇറാന്റെ 186 ബാലിസ്റ്റിക് മിസൈലുകളാണ് യുഎഇ ലക്ഷ്യമാക്കിയെത്തിയത്.
എന്നാൽ ഇതിൽ 172 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ ഭരണകൂടം അറിയിക്കുന്നു. 13 എണ്ണം കടലിൽ വീണു. ഒരു മിസൈൽ മാത്രമാണ് രാജ്യത്തിനകത്ത് പതിച്ചത്.
ഇറാൻ ആക്രമണത്തിന് അയച്ച 812 ഡ്രോണുകളിൽ 755 എണ്ണവും ലക്ഷ്യം കാണുന്നതിന് മുൻപായി യുഎഇ സൈന്യം തകർത്തു. 57 ഡ്രോണുകൾ മാത്രമാണ് രാജ്യത്തിനകത്ത് പ്രവേശിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ ഇതുവരെ മൂന്ന് മരണവും 68 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മിസൈലുകൾ നേരിട്ട് പതിച്ചല്ല ജനങ്ങൾക്ക് പരിക്കേറ്റതെന്നും തകർക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് ആളുകൾക്ക് പരിക്കേറ്റതെന്നും യുഎഇ അധികൃതർ കൂട്ടിച്ചേർത്തു.
International
ഫുജൈറ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങളും മുന്നറിയിപ്പും. യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണം നടന്നു.
ആക്രമണത്തെ തുടർന്ന് ഓയിൽ ഇൻഡസ്ട്രി സോണിൽ തീപിടിത്തമുണ്ടായി. പിന്നാലെ ഫുജൈറയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
പോർട്ട് ടണൽ മുതൽ വില്ലേജ് ബ്രിഡ്ജ് വരെ അടച്ചു. ആക്രമണത്തിൽ മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങളും വീണിട്ടുണ്ട്. അതേസമയം ബഹ്റൈനിൽ സുരക്ഷ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒമാനും സുരക്ഷ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ദേശീയ ആകാശപരിധിയിലാണ് നിലവിൽ കടുത്ത ജാഗ്രത നിർദേശമുള്ളത്. രാജ്യത്ത് ഡ്രോണുകൾ ഉൾപ്പെടെയുള്ള മനുഷ്യരഹിത വിമാനങ്ങളുടെയും വിവിധ വായുമാർഗ കായിക പ്രവർത്തനങ്ങളും താത്കാലികമായി നിരോധിച്ചിട്ടുണ്ട്.
NRI
അബുദാബി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുംപിരി കൊള്ളുകയും യുഎഇയ്ക്കു നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ യുഎഇ രാജ്യത്തിനായി പ്രാർഥനകളിലൂടെയും ഓൺലൈൻ പോസ്റ്റുകളിലൂടെയും പിന്തുണ അറിയിക്കുന്ന പ്രവാസികൾ ഇപ്പോൾ വ്യാപകമായി ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ് പുതിയൊരു ഇൻസ്റ്റ പോസ്റ്റ്.
"ഞങ്ങൾ ഈ രാജ്യത്തെ തെരഞ്ഞെടുത്തു. ഞങ്ങൾ ഈ രാജ്യത്തോടോപ്പോം നിലനിൽക്കും' എന്ന വാചകത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റാണ് നിമിഷങ്ങൾക്കുള്ളിൽ പ്രവാസികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വൈറലായി മാറിയിരിക്കുന്നത്.
വാട്സ്ആപ് സ്റ്റാറ്റസ് മുതൽ സ്റ്റോറികൾ വരെ ഇത് വ്യാപകമായി സ്ഥാനം പിടിച്ചിരിക്കുന്നു. പിറന്ന നാടിനൊപ്പോം, കരുതുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന രാജ്യത്തോട് കൂറ് പ്രഖ്യാപിക്കാൻ കാത്തിരിക്കുന്ന പ്രവാസികളുടെ മനസ്സറിഞ്ഞ ഒരു പോസ്റ്റ് ആയിരുന്നു ഇത്. അതുകൊണ്ടു തന്നെയാണ് പ്രവാസികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇത് ഇത്ര വേഗം ഏറ്റെടുത്തത്.
യുഎഇയ്ക്കു നേരെ ഇരുനൂറിലേറെ മിസൈലുകളും അറുനൂറോളം ഡ്രോണുകളും പറന്നെത്തിയിട്ടും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്ന് മാത്രമാണ്. ഈ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കരുത്തുള്ള ഭരണാധികാരികൾക്ക് നന്ദിയും അവരുടെ ക്ഷേമത്തിനായുള്ള പ്രാർഥനകളും കൊണ്ട് നിറയുകയാണ് യുഎഇയിലെ സമൂഹ മാധ്യമ അക്കൗണ്ടുകൾ.
International
ദുബായി: ജനവാസ മേഖലകളിൽ ഉൾപ്പെടെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കടുത്ത നടപടിയുമായി യുഎഇ. ഇറാനിലെ എംബസി യുഎഇ അടച്ചു. അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.
യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനവാസ മേഖലകളിലും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലുള്ളത്.
ഇറാന്റെ ആക്രമണം രൂക്ഷമായതിന് പിന്നാലെ യുഎഇ സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് രണ്ട് മുതൽ നാല് വരെ യുഎഇ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.
സ്വകാര്യ-സർക്കാർ മേഖലയിലെ ജീവനക്കാർക്ക് "വർക്ക് ഫ്രം ഹോം' അനുവദിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം വ്യക്തമാക്കി. ദുബായി ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ താത്കാലികമായി അടച്ചിട്ടുണ്ട്.
അതേസമയം യുഎഇക്കെതിരായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച നരേന്ദ്ര മോദി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ചു.
ഇറാൻ - ഇസ്രയേൽ - അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്. ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇയ്ക്കാണ്.
National
ന്യൂഡൽഹി: യുഎഇക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎഇയെ ഐക്യദാർഢ്യം അറിയിച്ചു. യുഎഇ പ്രസിഡന്റുമായി സംസാരിച്ച നരേന്ദ്ര മോദി യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരോടുള്ള കരുതലിന് നന്ദി അറിയിച്ചു. ഇറാൻ - ഇസ്രയേൽ - അമേരിക്ക സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യത്തെ പ്രതികരണമാണിത്.
ഇന്നലെ ഇറാൻ - ഇസ്രയേൽ- യുഎസ് സംഘർഷം രൂക്ഷമായെങ്കിലും പക്ഷം പിടിക്കാതെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ഈ സംഘർഷത്തിൽ രാജ്യം ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത് യുഎഇയ്ക്കാണ്.
മിസൈൽ ആക്രമണ ഭീഷണിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് രണ്ട്, മൂന്ന്, നാലി തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, 12-ാം ക്ലാസ് ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കം താത്ക്കാലികമായി അടച്ചിട്ടുണ്ട്.
ഇനിയും ആക്രമണം ഉണ്ടായാൽ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി മുന്നറിയിപ്പ് നൽകി. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി യുഎഇയുടെ കടുത്ത നിലപാട് വ്യക്തമാക്കിയത്. ഗൾഫ് മേഖലയിലെ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മുതൽ ഇറാൻ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ പ്രതികരണം.
International
അബുദാബി: ഇറാന്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. ദുബായി ഗ്ലോബൽ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്.
International
ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ യുഎഇ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ അന്വേഷണത്തിനായി 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്സാപ്പ് നമ്പറിലും ബന്ധപ്പെടാം. ഇ-മെയില്‍: [email protected], [email protected].
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ, ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്ക്കും ഇന്ത്യ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഇസ്രയേല്‍ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം. നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും താമസസ്ഥലത്തോ ജോലിസ്ഥലങ്ങള്‍ക്കോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
യുഎഇ ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 36 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 30 റൺസെടുത്ത റയാൻ റിക്കിൾടണിന്റെയും 28 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക അനായാസമായി ലക്ഷ്യം മറികടന്നത്.
യുഎഇയ്ക്ക് വേണ്ടി ഹൈദർ അലിയും മുഹമ്മദ് ജാവാദുള്ളയും മുഹമ്മദ് അർഫാനും മുഹമ്മദ് ഫാറൂഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി. പ്രാഥമിക ഘട്ടത്തിലെ നാല് മത്സരങ്ങളിലും ജയിച്ച ദക്ഷിണാഫ്രിക്ക എട്ട് പോയിന്റുമായി ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിൽ കടന്നത്.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 123 റൺസ് വിജയലക്ഷ്യം. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ യുഎഇക്ക് ബാറ്റിംഗ്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഫീൽഡീംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടു മാറ്റങ്ങളോടെയാണ് യുഎഇ ഇന്നിറങ്ങുന്നത്. ഹർഷിത് കൗശികിനും സിമ്രാൻജീത് സിംഗിനും പകരം ധ്രുവ് പരാശർ, മുഹമ്മദ് ഫറൂഖ് എന്നിവർ അന്തിമ ഇലവനിലെത്തി.
അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ നാലു മാറ്റങ്ങളുണ്ട്. ഡേവിഡ് മില്ലർ, കേശവ് മഹാരാജ്, മാർക്കോ യാൻസൻ, ലുംഗി എൻഗിഡി എന്നിവർ പുറത്തിരുന്നപ്പോൾ ജേസൺ സ്മിത്ത്, ജോർജ് ലിൻഡെ, ആന്റിച്ച് നോർക്യ, ക്വെന മഫാക എന്നിവർ ടീമിൽ ഇടംപിടിച്ചു.
യുഎഇ പ്ലേയിംഗ് ഇലവൻ: ആര്യാൻഷ് ശർമ, മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, സൊഹൈബ് ഖാൻ, ഹർഷിത് കൗശിക്, മുഹമ്മദ് അർഫാൻ, ധ്രുവ് പരാശർ, മുഹമ്മദ് ഫറൂഖ്, ഹൈദർ അലി, ജുനൈദ് സിദ്ദിഖ്, മുഹമ്മദ് ജവാദുള്ള.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൺ സ്റ്റബ്സ്, ജേസൺ സ്മിത്ത്, ജോർജ് ലിൻഡെ, കോർബിൻ ബോഷ്, കഗീസോ റബാഡ, ആന്റിച്ച് നോർക്യ, ക്വെന മഫാക.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ യുഎഇയ്ക്കെതിരെ അഫ്ഗാനിസ്ഥാന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു. ഇബ്രാഹിം സദ്രാന്റെ അർധ സെഞ്ചുറിയുടെയും അസമത്തുള്ള ഒമർസായിയുടെയും ദർവിഷ് റസൂലിയുടെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യം മറികടന്നത്.
സദ്രാൻ 53 റൺസാണെടുത്തത്. 41 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്. ഒമർസായ് 40 റൺസും റസൂലി 33 റൺസുമാണെടുത്തത്.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖിയും മുഹമ്മദ് അർഫാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ന്യൂഡൽഹി: ടി20 ലോകകപ്പിൽ കാനഡയ്ക്കെതിരെ യുഎഇയ്ക്ക് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സെടുത്തു. 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ അഞ്ചുവിക്കറ്റും രണ്ട് പന്തും കൈയിലിരിക്കെ ലക്ഷ്യം കണ്ടു.
സ്കോർ: കാനഡ 150/7 യുഎഇ 151/5 (19.4). ആര്യാൻഷ് ശർമ്മ (74), സൊഹൈബ് ഖാൻ (51) എന്നിവരുടെ അർധസെഞ്ചുറിയാണ് യുഎഇയെ തുണച്ചത്. കാനഡയ്ക്കായി സാദ് ബിൻ സഫർ മൂന്നു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്കായി ഹർഷ് താക്കർ (50) അർധസെഞ്ചുറി നേടി.
നവനീത് ധാലിവാൾ (34), ശ്രേയസ് മോവ്വ (21), ദിൽപ്രീത് ഖജ്വ (11) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുഎഇയുടെ ജുനൈദ് സിദ്ദിഖിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
യുഎഇ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയോട് തോൽവി ഏറ്റുവാങ്ങിയ കാനഡയ്ക്ക് ഇത് രണ്ടാം തോൽവിയാണ്.
Sports
ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കെതിരെ ന്യൂസിലന്‍ഡിന് തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ ഉയർത്തിയ 174 റൺസ് വിജയ ലക്ഷ്യം പത്തുവിക്കറ്റും 28 പന്തും കൈയിലിരിക്കെ കിവീസ് മറികടന്നു. സ്കോർ: യുഎഇ 173/6 ന്യൂസിലന്‍ഡ് 175/0(15.2).
174 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് ബാറ്റ്സ്മാൻമാരെ വെല്ലുവിളിക്കാൻ ഒരു ഘട്ടത്തിലും യുഎഇക്ക് കഴിഞ്ഞില്ല. ടിം സീഫെര്‍ട്ട് (89), ഫിന് അലന് (84) എന്നിവരാണ് ന്യൂസിലന്‍ഡിന് വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യുഎഇ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.
ക്യാപ്റ്റന്‍ മുഹമ്മദ് വസീം (66), മലയാളി താരം അലിഷാന്‍ ഷറഫു ( 55) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. 42 പന്തിൽ മൂന്ന് സിക്സും 12 ഫോറും ഉൾപ്പടെ 89 റൺസ് നേടിയ ടിം സീഫെര്‍ട്ടിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ലോകകപ്പില്‍ കിവീസിന്റെ രണ്ടാം ജയമാണിത്. ആദ്യം മത്സരത്തിൽ അവർ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ന്യൂസിലാന്‍ഡിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.
മലയാളി താരം അലിഷാന്‍ ഷറഫുവിന്റെയും (55) ക്യാപ്റ്റന്‍ മുഹമ്മദ് വസീമിന്റെയും (66) അര്‍ധ സെഞ്ചുറികളാണ് അവർക്ക് കരുത്തായത്. മായങ്ക് കുമാർ (21) റൺസ്നേടി. കിവീസിനായി മാറ്റ് ഹെൻറി രണ്ടുവിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. യുഎഇയുടെ ആദ്യ മത്സരമാണിത്.
NRI
ദുബായി: മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026. വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ.
128ലധികം രാജ്യങ്ങളിൽ നിന്നായി 36,000ത്തിലേറെ പേരുടെ റിക്കാർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്. മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം എസ്. ശ്രീശാന്ത് നിർവഹിച്ചു.
കായിക താരങ്ങളും സമൂഹമാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിക്കും ഫിറ്റ്നസിനും പ്രധാന്യം നൽകിയുള്ള ലുലു വാക്കത്തോണിലെ മികച്ച ജനപങ്കാളിത്വം ശ്രദ്ധേയകരമെന്ന് എസ്. ശ്രീശാന്ത് പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം കൂടിയാണ് ലുലു വാക്കത്തോൺ പങ്കുവയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
International
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് ചർച്ചയിൽ പങ്കെടുക്കാൻ പാക്കിസ്ഥാനും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഫെബ്രുവരി ആറിന് തുർക്കിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് ക്ഷണം. പാക്കിസ്ഥാനെ കൂടാതെ ഒമാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കെടുക്കും.
പാക്കിസ്ഥാന് ക്ഷണം ലഭിച്ചതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി ഇതോടകം അറിയിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആണവ നിരായുധീകരണത്തിൽ തങ്ങൾ പൂർണമായി യോജിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. എന്നാൽ പകരമായി ഇറാനെതിരെ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ യുഎസ് നീക്കണമെന്നാണ് ആവശ്യം.
അതേസമയം സമ്പുഷ്ടീകരിച്ച യുറേനിയം മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനിലെ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച 400 കിലോ യുറേനിയം മാറ്റണമെന്നാണ് അമേരിക്കയുടെ ആവശ്യം.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരി അയർലൻഡ്. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും തകർപ്പൻ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര അയർലൻഡ് തൂത്തുവാരിയത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിലും അയർലൻഡ് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ 30 റൺസിനാണ് അയർലൻഡ് വിജയിച്ചത്. അയർലൻഡ് ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുക്കാനെ സാധിച്ചുള്ളു. 54 റൺസെടുത്ത ഓപ്പണർ ആര്യാൻഷ് ശർമ മികച്ച പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മറ്റാർക്കും തിളങ്ങാനായില്ല. മുഹമ്മദ് അർഫാൻ 26 റൺസെടുത്തു.
അയർലൻഡിന് വേണ്ടി ബാരി മക്കാർത്തി, ഗരേത് ഡിലാനി, ജോർജ് ഡോക്ക്റെൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്ക് അഡയർ മാത്യു ഹംപ്രെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്. കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു. യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് എടുത്തത്.
കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
NRI
അൽ ഐൻ: അൽ ജിമ്മിയിലുള്ള അൽഐൻ കമ്യൂണിറ്റി സെന്ററിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. യുഎഇയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പർമാർക്കറ്റ്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്മെന്റ്സ് മാനേജിംഗ് ഡയറക്ടർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബി ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജിസിസിയിലെ 269-ാമത്തേതും യുഎഇയിലെ 117-ാമത്തേയും അൽ ഐനിലെ 19-ാമത്തേയും സ്റ്റോറാണ് അൽ ഐൻ അൽ ജിമ്മിയിലേത്. കമ്യൂണിറ്റി സെന്ററിക്ക് റീട്ടെയ്ൽ കൂടുതൽ വിപുലമാക്കുന്നതിന്റെ തുടർച്ചയാണ് പുതിയ ഹൈപ്പർമാർക്കറ്റ് എന്നും ഉപഭോക്താകൾക്ക് കൂടുതൽ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 19,000 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ലോകോത്തര ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം - ഇറച്ചി ലൈവ് കൗണ്ടറുകൾ അടക്കം ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിംഗ് കൂടുതൽ സുഗമമാക്കാൻ സെൽ ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിംഗ് സൗകര്യവും സജമാക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്റർനാഷ്ണൽ ഹോൾഡിംഗ്സ് ഡയറക്ടർ എ.വി. ആനന്ദ്, അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Kerala
ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ഇന്ത്യയില്‍. ഡല്‍ഹി പാലം വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു.
മണിക്കൂറുകള്‍ മാത്രം നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ന്യൂഡല്‍ഹിയില്‍ എത്തിയത്. ആലിംഗനം ചെയ്തുകൊണ്ടായിരുന്നു മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്തത്. ഇരു നേതാക്കളും ഒരു കാറില്‍ ആണ് വിമാനത്താവളത്തില്‍ നിന്ന് കുടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് എത്തിയത്.
എന്റെ സഹോദരന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്ന ഫോട്ടോയുള്‍പ്പെടെ മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
കൂടാത, യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. പ്രതിരോധ, നിക്ഷേപ, ഊർജ, ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്. പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇരു രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്തു. പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
International
അജ്മാൻ: യുഎഇയിൽ കണ്ണൂർ ആറളം സ്വദേശിനിയായ യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
യുഎഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും വ്ലോഗിംഗും നടത്തുന്ന കണ്ണൂർ യുവതിയുടെ ഫോട്ടോകൾ മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ദുരുപയോഗം ചെയ്യുകയായിരുന്നു.
യുവതിയെ ഫോട്ടോ മസാജ് സെന്ററുകളുടെ പ്ലാറ്റ്ഫോമിൽ അപകീർത്തികരമായ കമന്റോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ യുവതി നിയമനടപടികൾക്കായി പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭാരിച്ച ഫീസായിരുന്നു ആവശ്യപ്പെട്ടത്.
പാപ്പിനിശേരി സ്വദേശിയും യാബ് ലീഗൽ സർവീസ് സിഇഒയുമായ സലാം പാപ്പിനിശേരി സംഭവത്തെക്കുറിച്ചറിഞ്ഞ് സൗജന്യ നിയമസഹായം നൽകി. അജ്മാൻ പ്രോസിക്യൂഷൻ മുഖേന യുവാവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾ പുരോഗമിച്ചുവരികയാണ്.
NRI
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു കുട്ടികൾ ഉൾപ്പടെ നാലു മലയാളികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.
അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
NRI
ഷാർജ: കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം തോന്നിയ ഉടൻ തന്നെ ആയിഷയെ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നുണ്ട്.
ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ് സൈഫ്, മാതാവ്: റുബീന സൈഫ്.
NRI
ദുബായി: വിദേശത്ത് സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പൗരന്മാർക്കെതിരേ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും നടപടികൾ കർശനമാക്കി.
ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 24,000 പാക്കിസ്ഥാനികളെ നാടുകടത്തി. രാജ്യത്തു പ്രവേശിച്ചശേഷം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന കേസുകൾ ചൂണ്ടിക്കാട്ടി പാക് പൗരന്മാർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചെയ്തു.
അതേസമയം, സൗദിയുടെയും യുഎഇയുടെയും നടപടികൾ പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കുന്നതാണെന്ന് പാക് അധികൃതർ പറഞ്ഞു. 2025ൽ പാക്കിസ്ഥാനിൽനിന്നെത്തിയ 66,154 യാത്രക്കാരെ വിമാനത്താവളത്തിൽവച്ച് പിടികൂടുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി ഈ വർഷം 24000, ദുബായി 6000, അസർബൈജാൻ 2,500 പാക്കിസ്ഥാനികളെ നാടുകടത്തിയിരുന്നു. സൗദിയിലേക്കു കടക്കാൻ ഭിക്ഷാടകർ ഉംറ വീസകൾ ചൂഷണം ചെയ്യുന്നത് തടയാൻ റിയാദ് പാക്കിസ്ഥാനോട് കഴിഞ്ഞവർഷം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
നടപടിയുണ്ടായില്ലെങ്കിൽ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി മതകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഭിക്ഷാടനവ്യവസായം പാക് മാഫിയ സംഘടിതമായി ചെയ്യുന്നുവെന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും വിവിധ രാജ്യങ്ങൾ ആരോപിക്കുന്നു.
Sports
ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരേ യുഎഇക്ക് 242 റൺസ് വിജയലക്ഷ്യം. ദുബായിയിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ അഹമ്മദ് ഹുസൈൻ (65) ആണ് പാക് നിരയിലെ ടോപ് സ്കോറർ. സമീർ മിൻഹാസ് (44), ഹംസ സഹൂർ (42), ഹുസൈഫ അഹ്സാൻ (23), ഉസ്മാൻ ഖാൻ (21), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
യുഎഇക്കു വേണ്ടി യുഗ് ശർമ 52 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഖാൻ രണ്ടുവിക്കറ്റും മുഹമ്മദ് ബാസിൽ അസിം, ഉദ്ദിഷ് സുരി, സൈനുല്ല റെഹ്മാനി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ദുബായിയിൽ നടന്ന മത്സരത്തിൽ യുഎഇയെ 234 റൺസിന് തകർത്തു. ഇന്ത്യ ഉയർത്തിയ 434 റൺസ് റൺസ് പിന്തുടർന്ന യുഎഇയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
യുഎഇയ്ക്ക് വേണ്ടി ഉദ്ദിഷ് സുരിയും പൃഥ്വി മധുവും അർധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 78 റൺസെടുത്ത ഉദ്ദിഷ് ആണ് ടീമിന്റെ ടോപ്സ്കോറർ. പൃഥ്വി 50 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റ് എടുത്തു. കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 433 റൺസെടുത്തത്. വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും ആരോൺ ജോർജിന്റെയും വിഹാൻ മൽഹോത്രയുടെയും അർധ സെഞ്ചുറികളുടെയും മികവിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
വൈഭവ് സൂര്യവൻഷി 171 റൺസാണ് എടുത്തത്. 95 പന്തിൽ ഒമ്പത് ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആരോണും വിഹാനും 69 റൺസ് വീതം എടുത്തു.
യുഎഇയ്ക്ക് വേണ്ടി യുഗ് ശർമയും ഉദ്ദീഷ് സുരിയും രണ്ട് വിക്കറ്റ് വീതമെടുത്തു. ഷാലോം ഡിസൂസയും യായിൻ റായ്യും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
NRI
അബുദാബി: മൂന്നുദിനം നീണ്ടു നിൽക്കുന്ന ഇന്റർ യുഎഇ ശാസ്തകലാ സാഹിത്യ മത്സരങ്ങൾ എക്സ്പ്രെഷൻസ് വെള്ളിയാഴ്ച ആറിന് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ തുടക്കമാവും.
അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന പരിപാടിയുടെ പത്താം എഡിഷനിൽ 61 വിവിധ ഇനങ്ങളിലായി മുന്നൂറിലേറെ പ്രതിഭകളാണ് മാറ്റുരക്കുന്നത് .
ലളിതഗാനം, മാപ്പിളപ്പാട്ട്, കേട്ടെഴുത്ത്, പദ്യപാരായണം, സയൻസ് ടോക്ക്, റുബിക്സ് ക്യൂബ്, മോണോ ആക്ട് , സ്പെല്ലിംഗ് ബീ, രചന മത്സരങ്ങൾ, നൃത്ത മത്സരങ്ങൾ, ക്വിസ്, സയൻസ് എക്സിബിഷൻ, തുടങ്ങി നിരവധി വൈവിധ്യമാർന്ന മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
NRI
ഷാർജ: യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് 54 മീറ്റർ നീളമുള്ള ഭീമൻ പതാക നിർമിച്ച് ആഘോഷം സംഘടിപ്പിച്ചു.
സ്വദേശികളും വിദേശികളും ഒത്തൊരുമയോടെയുള്ള ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യാബ് ലീഗൽ സർവീസസ് ഈ സംരംഭം നടപ്പിലാക്കിയത്. സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.
യുഎഇയുടെ കൊടികളും സ്റ്റിക്കറുകളും പതിച്ച 54 കാറുകളുടെ അകമ്പടിയോടെ ഷാർജ റോളയിൽ നിന്ന് യാത്ര പുറപ്പെട്ട സംഘം മലീഹയിൽ എത്തിച്ചേർന്നു. അന്നം നൽകുന്ന നാടിനോടും അതിന്റെ നേതാക്കളോടുമുള്ള ആദര സൂചകമായാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് സലാം പാപ്പിനിശേരി പറഞ്ഞു.
ഭീമൻ പതാകയുടെ റിവീലിംഗിന് ശേഷം വൈകുന്നേരം നാല് മുതൽ ദുബായി ക്രീക്കിലെ യാട്ടില്‍ വച്ച് വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
റിയാദ്, അഡ്വ. ഇബ്റാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, അഡ്വ. ലുഅയ് അബൂ ഹംറ, മുൻദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ, യാബ് ലീഗൽ സർവീസസിലെ ജീവനക്കാർ തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.
NRI
അബുദാബി: യുഎഇ 54-ാമത് ദേശീയദിനാഘോഷങ്ങൾക്കായി തയാറെടുക്കുമ്പോൾ രാജ്യത്തിന് സംഗീതാദരവുമായി പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാനും മലയാളി ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിംഗ്സും.
റഹ്മാൻ സംഗീത സംവിധാനം ചെയ്ത് ബുർജീൽ രൂപം നൽകിയ ഗാനം "ജമാൽ അൽ ഇത്തിഹാദ്' രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ശനിയാഴ്ച അവതരിപ്പിക്കും.
വിവിധ സംസ്കാരങ്ങളെ സംഗീതത്തിലൂടെ സമന്വയിപ്പിക്കുന്നതിൽ പരിചയസമ്പന്നനായ രണ്ട് തവണ അക്കാഡമി അവാർഡും ഗ്രാമി അവാർഡും നേടിയ റഹ്മാൻ തന്റെ സംഘത്തോടൊപ്പം രാത്രി 9.30ന് ഗാനം അവതരിപ്പിക്കും.
ഐക്യം, സഹവർത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയിൽ ഒരുങ്ങിയ "ജമാൽ' ഗാനം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനത്തിന്റെ അവതരണവും അനുബന്ധ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരുമിപ്പിക്കുന്ന ഷെയ്ഖ് സയ്ദ് ഫെസ്റ്റിവലിന്റെ പ്രധാന പരിപാടികളിലൊന്നായി മാറും.
മ്യൂസിക് ബാൻഡ് പെർഫോമൻസും നൃത്താവതരണങ്ങൾക്കുമൊപ്പം രാത്രി പത്തിന് പ്രത്യേക വെടിക്കെട്ടും നടക്കും. രാജ്യത്തിന്റെ പൈതൃകവുമായി ശക്തമായ ബന്ധമുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ "ജമാൽ' അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
"യുഎഇയുടെ മൂല്യങ്ങളും ഐക്യബോധവുമാണ് ജമാൽ അൽ ഇത്തിഹാദിന്റെ ഉള്ളടക്കം. രാഷ്ട്രം ദേശീയ ദിനാഘോഷങ്ങൾക്കായി തയ്യാറെടുക്കുന്ന വേളയിൽ, പൊതുജനങ്ങളുമായി ഈ ഗാനം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല വേദിയാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ. കലാ-സാംസ്കാരിക ആവിഷ്കാരത്തിലൂടെ സമൂഹങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ ബുർജീൽ ഹോൾഡിങ്സിന് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്റെ ഡിജിറ്റൽ റിലീസ് എ.ആർ. റഹ്മാന്റെ പ്ലാറ്റ്ഫോമുകളിലൂടെ നടക്കും.
NRI
ദുബായി: യുഎഇയിലെ ആദ്യകാല അലുംമ്നികളിലൊന്നായ എസ്ബി കോളേജ് അലുംമ്നിക്കൊപ്പം
അസംപ്ഷൻ കോളജ് പൂർവ വിദ്യാർഥികളെ കൂട്ടിച്ചേർത്ത് എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി രൂപവത്കരിക്കുന്നു.
ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് അജ്മാനിൽ നടക്കുന്ന അംഗങ്ങളുടെ പൊതുയോഗത്തിൽ എസ്ബി കോളജ് പൂർവവിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പുമായമാർ തോമസ് തറയിൽ എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി 2. 0 രൂപവത്കരണ പ്രഖ്യാപനം നടത്തും.
അലുംമ്നി ലോഗോ ആർച്ച്ബിഷപ്പ് പ്രകാശനം ചെയ്യും. പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തും.
എസ്ബി കോളജ് മുൻ പ്രിൻസിപ്പാൾ ഫാ.ഡോ. ടോം കുന്നുംപുറം, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിക്കും. 1986ലാണ് യുഎഇയിൽ എസ്ബി കോളേജ് അലുംമ്നി രൂപവത്കരിച്ചത്.
അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്: ബെൻസി വർഗീസ്, ജനറൽ സെക്രട്ടറി: മാത്യു ജോൺസ് മാമ്മൂട്ടിൽ, ട്രഷറർ: ജോസഫ് കളത്തിൽ, വൈസ് പ്രസിഡന്റുമാർ: സജിത്ത് ഗോപി, മഞ്ജു തോംസൺ പൗവത്തിൽ, സെക്രട്ടറി: ലിജി മോൾ ബിനു, ജോയിന്റ് സെക്രട്ടറിമാർ: ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ എന്നിവരെ തെരഞ്ഞെടുത്തു.
ജോർജ് മീനത്തേക്കോണിൽ, ഗീതി സെബിൻ, ജൂലി പോൾ,തോമസ് ജോർജ് കറുകയിൽ, നിറ്റിൽ കോയിപ്പള്ളി, റോയ് റാഫേൽ, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന യുഎഇയിലുള്ള പൂർവ വിദ്യാർഥികൾ മാത്യു ജോൺസ് മാമ്മൂട്ടിൽ (+971 55 282 9389), മഞ്ജു തോംസൺ പൗവത്തിൽ (+971 50 549 2187) എന്നിവരുമായി ബന്ധപ്പെടുക.
International
അബുദാബി: കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ പുകഴ്ത്തി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക്. മുഖ്യമന്ത്രി പിണറായി വിജയൻ സദസിലിരിക്കെയാണ് യുഎഇ മന്ത്രിയുടെ പ്രശംസ. കേരളത്തിന്റേത് വലിയ നേട്ടാമെന്നും മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന മാതൃകയാണ്.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തെ കൈയടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.
കേരളത്തിൽ നിന്നുള്ളവരുടെ കഠിനാധ്വാനത്തിന് അഭിവാദ്യം അര്‍പ്പിച്ച മന്ത്രി നിങ്ങൾ സമൂഹത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണെന്നും വ്യക്തമാക്കി. ഹൃദയത്തിൽ നിന്നുള്ള വാക്കുകളെന്നാണ് യുഎഇ മന്ത്രിയുടെ പ്രശംസക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
International
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അദ്ദേഹം അബുദാബിയിലെത്തിയത്. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി തുടങ്ങിയവർ സ്വീകരിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും.
അബുദാബിയിലെ പരിപാടിക്കുശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. ദുബായിൽ ഡിസംബർ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും.
സൗദി അറേബ്യ കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
NRI
അബുദാബി: ഔദ്യോഗിക സന്ദർശനാർഥം യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ സ്വീകരണം ഒരുക്കുന്നു. ഞായറാഴ്ച വൈകുന്നേരം ആറിന് അബുദാബി സിറ്റി ഗോൾഫ് ക്ലബിലാണ് സ്വീകരണം.
കേരളപ്പിറവി വാർഷികവുമായി ബന്ധപ്പെട്ട് മലയാളോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ പ്രസംഗിക്കും.
ലോക കേരളസഭ, മലയാളം മിഷൻ, അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ അംഗീകൃത ഇന്ത്യൻ സംഘടനകൾ എന്നിവരടങ്ങിയ സമിതിയാണ് പരിപാടിക്കു നേതൃത്വം നൽകുക. പരിപാടിയിലേക്ക് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസ് സർവീസ് ഏർപ്പാടാക്കി.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ, രക്ഷാധികാരി റോയ് ഐ. വർഗീസ്, വൈസ് ചെയർമാൻ ഇ.കെ. സലാം, കോഓർഡിനേറ്റർ കെ. കൃഷ്ണകുമാർ, മലയാളം മിഷൻ ചെയർമാൻ എ.കെ. ബീരാൻകുട്ടി, കെഎസ്സി പ്രസിഡന്റ് ടി.കെ. മനോജ്, ഐഎസ്സി പ്രസിഡന്റ് ജയചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, പി.വി. പത്മനാഭൻ എന്നിവർ പങ്കെടുത്തു.
NRI
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂസനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ സെന്റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി - ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്ല.
NRI
അബുദാബി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ഇടം നേടി.
സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്തത്തിലും ഡിജിറ്റൽ പണമിടപാടുകളിലും രാജ്യാന്തരതലത്തിലുള്ള പണമിടപാട് രംഗത്തും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധ നേടി.
പത്തു രാജ്യങ്ങളിലായി കന്പനി ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻകൂടിയാണ് മലയാളിയായ അദീബ് അഹമ്മദ്.